ശ്രീ ശാരദ ദേവി














ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയായിരുന്നു ശാരദാദേവി. പൂര്‍വ്വാശ്രമത്തില്‍ ഇവരുടെ പേര് ശാരദാമണി മുഖോപാദ്ധ്യായ എന്നായിരുന്നു. അദ്ദേഹത്തിനാകട്ടെ അവര്‍ കാളീ മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യര്‍ക്കും അവര്‍ മാതാ ആയിരുന്നു. രാമകൃഷ്ണ മിഷന്റെ വളര്‍ച്ചക്ക് ഇവര്‍ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്.

ബംഗാളില്‍ ജയറാംബാടി എന്ന സ്ഥലത്ത് 1853-ല്‍ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ല്‍ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച് 22 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക് മടങ്ങി. പിന്നീട് പ്രായപൂര്‍ത്തിയായപ്പോള്‍ 1871-ല്‍ ശാരദ ബന്ധുക്കളുമൊത്ത് പരമഹംസന്റെ അടുത്ത് എത്തി, ഈ യാത്രയിലെ ദുരിതങ്ങളില്‍ നിന്ന് അവരെ രക്ഷിച്ചത് കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക് ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവര്‍ ഭംഗിയായ് നടത്തി. 1920-ല്‍ കടുത്ത ജ്വരം ബാധിച്ചതിനേ തുടര്‍ന്ന് ഏതാനം നാള്‍ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം ജുലൈ 20-ന് അന്തരിച്ചു.

ജീവചരിത്രം


1853 ഡിസംബര്‍ 22 ന് പശ്ചിമബംഗാളിലുള്ള ഒരു ബ്രാഹ്മീണ കുടുംബത്തിലാണ് ശാരദാമണി ജനിച്ചത്. പിതാവ് രാമചന്ദ്ര മുഖോപാദ്ധ്യായ ഒരു കര്‍ഷകനായിരുന്നു, കൂടാതെ പുരോഹിത ജോലികളും ചെയ്തിരുന്നു. അമ്മ ശ്യാമസുന്ദരീ ദേവി. ദിവ്യത്വമുള്ള ഒരു മകള്‍ തങ്ങള്‍ക്ക് ജനിക്കുമെന്ന് നേരത്തേ തന്നെ ചില പ്രകൃത്യതീതശക്തികള്‍ ഈ ദമ്പതികള്‍ക്ക് സൂചന നല്‍കിയിരുന്നുവെന്ന് പറയപ്പെടുന്നു. നാടോടിക്കഥകളും, ഹിന്ദു പുരാണങ്ങളും കേട്ടാണ് ശാരദാമണി വളര്‍ന്നത്. ശാരദാമണിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലായിരുന്നു. വീട്ടുജോലികളില്‍ അമ്മയെ സഹായിച്ചും, സഹോദരങ്ങളെ കരുതലോടെ നോക്കി വളര്‍ത്തിയുമാണ് ശാരദാമണി തന്റെ ബാല്യം പിന്നിട്ടത്. 1864 ലെ ക്ഷാമകാലത്ത് വിശന്നുവലഞ്ഞവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ ശാരദാമണി സദാ ശ്രദ്ധാലുവായിരുന്നു. കാളിയേയും, ലക്ഷ്മിയേയും ശാരദാമണി നിരന്തരം ആരാധിച്ചിരുന്നു.



ആത്മജ്ഞാന സ്വരൂപിണിയായ ശ്രീ ശാരദ ദേവി ഒരിക്കല്‍ പറയുകയുണ്ടായി  ' ഈശ്വരന്‌ടെ  മാതൃഭാവം  എന്താണെന്നു വെളിപ്പെടുത്തുന്നത്തിനാണ്  ഗുരുദേവന്‍ എന്നെ ഇവിടെ വിട്ടിട്ടു പോയത്'  എന്ന്.  നമുക്ക് ഈ സാരവത്തായ വാക്കുകളുടെ ആന്തരാര്‍ത്ഥത്തെക്കുറിച്ചു  ചിന്തിക്കാം.

മാതൃ പ്രേമമാകുന്ന സുധ നമുക്കു പകര്‍ന്നു തന്ന ശ്രീ ശാരദാ ദേവി ഈശ്വരീയമായ മാതൃഭാവം സ്വരൂപം ധരിച്ചു വന്നതാണെന്ന് തന്നെ പറയാം. സാക്ഷാല്‍ ബ്രഹ്മത്തിന്‌ടെ ക്രിയാത്മകമായ, സൃഷ്ടി സ്ഥിതി സംഹാര കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവസ്ഥയെയാണ് ശക്തി എന്ന് പറയുന്നത്. ബ്രഹ്മത്തിനു സ്ത്രീ ഭാവമല്ല, ബ്രഹ്മതിന്‌ടെ സാകാരമായ ഭാവമാണ് 'ശക്തി'.  ശ്രീ രാമകൃഷ്ണന്‍ ബ്രഹ്മത്തെ ജഗദംബയായി, സര്‍വ ജീവരാശിയുടെയും  അമ്മയായി ആരാധിച്ചു. 'അമ്മ' എന്ന പദത്തിന് 'സ്ത്രീ' ഭാവം ഇവിടെ ഇല്ല. തന്നെ  ശരണം പ്രാപിക്കുന്നവരില്‍ അഹൈതുകമായ  പ്രേമം വര്‍ഷിക്കുന്ന ഈശ്വര ഭാവമാണ്  'അമ്മ' എന്ന പദത്താല്‍ ഉദ്ദേശിക്കുന്നതെന്നു പറയാം.

ദേവി ദോഷ ദൃഷ്ടി കൂടാതെ എല്ലാവരെയും സ്‌നേഹിച്ചിരുന്നു.  അര്‍ഹനോ അനര്‍ഹനോ  എന്ന്  ചിന്തിക്കാതെ, തന്നെ ശരണം പ്രാപിച്ചവരില്‍ മാതൃപ്രേമം   വര്‍ഷിച്ചു, അവരുടെ പാപഭാരം സ്വയം ഏറ്റെടുത്തു അവരെ മന്ത്രദീക്ഷ നല്‍കി  അനുഗ്രഹിച്ചു.  ശ്രീ രാമകൃഷ്ണന്‍ ഒരിക്കല്‍ ദേവിയെ ഇപ്രകാരം ഉപദേശിച്ചു. ' അമ്പിളിയമ്മാവന്‍  എങ്ങനെയാണോ എല്ലാവരുടെയും അമ്മാമനായിരിക്കുന്നത്   അതേപോലെ ഈശ്വരനും  എല്ലാവരുടെയും പൊതുസ്വത്തായ അമ്മാമാനാണ്.  വ്യാകുലതയോടെ ആര്‍ വിളിച്ചു കേഴുന്നുവോ,  അവര്‍ക്ക് മാത്രം  ആ  ദര്‍ശനം ലഭിക്കുന്നതാണ്.  ഭവതിയും ഹൃദയം നൊന്തു അദേഹത്തിന് വേണ്ടി കരയുക.  എന്നാല്‍ തീര്‍ച്ചയായും ദര്‍ശനം ലഭിക്കും.   ഈശ്വര സാക്ഷാല്‍ക്കാരം  മാത്രമാണ് ജീവിതത്തിന്‌ടെ  പരമ ലക്ഷ്യം'.  ഒരിക്കല്‍ ദേവി ഭഗവാനു ആഹാരം തട്ടത്തില്‍ കൊണ്ട് പോകുമ്പോള്‍, അവിടെ നിന്ന ഒരു സ്ത്രീ ആ തട്ടം കൊണ്ട് പോകാന്‍  തന്നെ അനുവദിക്കണമെന്ന്  അപേക്ഷിച്ചു.  ദേവി സസന്തോഷം  അനുവാദം നല്‍കി.  പക്ഷെ ആ സ്ത്രീയുടെ ജീവിതം  പരിശുദ്ധമല്ലാത്തതിനാല്‍   ഠാക്കൂറിനു   ആ ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല.   ഭാവിയില്‍ ഇങ്ങനെ മറ്റുള്ളവരുടെ കൈയ്യില്‍  ഭക്ഷണം കൊടുത്തയക്കരുത്  എന്ന് അമ്മയോട് ഭഗവാന്‍  പറഞ്ഞപ്പോള്‍, അമ്മ എഴുനേറ്റു നിന്ന്  കൈ കൂപ്പിക്കൊണ്ട്  കണ്ണുനീരോട്  കൂടി പറഞ്ഞു  '  ഠാക്കൂര്‍ ! ക്ഷമിക്കണേ.  എന്നെ അമ്മേ  എന്ന് വിളിച്ചു ആരെങ്കിലും  എന്തെങ്കിലും  അപേക്ഷിച്ചാല്‍, എനിക്ക് അത് നിരസിക്കാന്‍ സാധിക്കുകയില്ല.  മാത്രമല്ല;  ഠാക്കൂര്‍ എന്‌ടെത്  മാത്രമല്ല.  എല്ലാവരുടെയും ഭാഗവാനല്ലേ?'  എത്ര നൈസര്‍ഗ്ഗികമായ  മഹത്വമുള്ള  കാരുണ്യവും  വാത്സല്യവും  മാതൃത്വവും  നിറഞ്ഞ വാക്കുകള്‍ !

ദേവിയുടെ സാര്‍വത്രികമായ  സമഭാവം  അത്യത്ഭുതം  തന്നെ.   അംജദ് എന്ന കള്ളനെയും  ശ്രീ രാമകൃഷ്ണ ശിഷ്യനായ   ശ്രീശാരദാനന്ദ സ്വാമികളായ ശരത്തിനെയും   രണ്ടു പേരും തനിക്കു ഒരു പോലെ പ്രിയപ്പെട്ട  മക്കളാണെന്നു  പറഞ്ഞതും,  വിദേശ വസ്ത്രം  ബഹിഷ്‌ക്കരിക്കണമെന്നു  ഒരു ശിഷ്യന്‍ പറഞ്ഞപ്പോള്‍  ' സങ്കുചിതമാണ്  ആ അഭിപ്രായം - അവരും എന്റെ സന്താനങ്ങളല്ലേ'  എന്ന് പറഞ്ഞതും-  ദുര്‍വൃത്തയായ  ഒരു സ്ത്രീ  ദേവിയെ സമീപിച്ചു, താന്‍ ചെയ്ത തെറ്റുകള്‍  യാതൊന്നും  മറച്ചു വയ്ക്കാതെ തുറന്നു  പറഞ്ഞു, ആത്മാര്‍ഥമായി പാശ്ചാത്താപം പ്രകടിപ്പിച്ചു.  ഇതെല്ലാം കേട്ട ദേവി സസന്തോഷം  ആ സ്ത്രീയെ  ആലിംഗനം  ചെയ്തു, സാന്ത്വനപ്പെടുത്തി  മന്ത്രദീക്ഷ നല്കിയതും, കൊടും കാട്ടില്‍  ഏകയായി നടന്നു പോകുമ്പോള്‍  കൊള്ളക്കാരനെക്കണ്ടിട്ടു   മനസ്സാന്നിദ്ധ്യം  വെടിയാതെ  'അച്ഛാ, അച്ഛന്‌ടെ മകള്‍  ശാരദയാണ്  ' എന്നുള്ള  ആ മൃദുവാണി     ആ കഠോര  ഹൃദയത്തെപ്പോലും  അലിയിച്ചു.   പുറകെ വന്ന അയാളുടെ ഭാര്യ, ദേവിയുടെ ' അമ്മേ ' എന്ന  സംബോധനയില്‍ മുഗ്ദ്ധയായി , അവരില്‍ പോലും മാതൃത്വഭാവം  ഉണര്‍ന്നു.  ഒടുവില്‍ അവര്‍ ദേവിയെ ഭക്ഷണവും  കിടക്കയും കൊടുത്ത് ശുശ്രൂഷിച്ചു.   പിറ്റേ ദിവസം അനുയാത്ര ചെയ്തു സഹയാത്രികരുടെ  അടുത്തെത്തിച്ചു.  പിരിഞ്ഞപ്പോള്‍ ഏങ്ങിയേങ്ങിക്കരഞ്ഞു.  കുറെ  ദിവസങ്ങള്‍ക്കു ശേഷം  മധുര പലഹാരങ്ങളുമായി  ശ്രീ രാമകൃഷ്ണനെന്ന  ജാമാതാവിനെ  സന്ദര്‍ശിക്കാന്‍  ആ 'അച്ഛനമ്മമാര്‍'  ദക്ഷിണേശ്വരത്തു  എത്തി - ഇങ്ങനെ ആ ധന്യജീവിതത്തിലെ  എത്രെയെത്ര   സംഭവങ്ങള്‍  അന്യത്ഭുതമായ  ആ മാതൃത്വത്തിനടെ    മഹാനീയതയ്ക്ക്  സാക്ഷ്യം വഹിക്കുന്നു!

സീത, സാവിത്രി  മുതലായ പുരാതന കഥാനായികമാരെപ്പോലെ  തന്നെ ദേവി  ഒരു  പതിവ്രതാ രത്‌നവും  ഉത്തമ കുടുംബിനിയുമായി ശോഭിച്ചു.  മൈത്രേയി, ഗാര്‍ഗി എന്ന ബ്രഹ്മവാദിനിമാരെ പ്പോലെ  തന്നെ  ദേവിക്കും അദ്ധ്യാത്മ    വിദ്യയില്‍  ശ്രദ്ധയും  ജ്ഞാനവും  ഉണ്ടായിരുന്നു.  ബ്രഹ്മചര്യ നിഷ്ഠനായ  ശ്രീ  രാമകൃഷ്ണന്‌ടെ  പത്‌നിയായ ദേവി സ്വന്തം ജീവിതത്തിലും ബ്രഹ്മചര്യത്തെത്തന്നെ  ധര്‍മ്മമായി  സ്വീകരിച്ചു.   എന്നാല്‍ അസംഖ്യം  ഭക്തന്മാരും  ആരാധകന്മാരും  ദേവിയെ മാതൃതുല്യം സ്‌നേഹിച്ചു - ദേവിയാകട്ടെ   കാരുണ്യാമൃതം  ചൊരിഞ്ഞു. .  മനുഷ്യരെ മാത്രമല്ല  സമസ്ത  ജീവ രാശികളെയും  മാതൃഭാവത്തോട്  കൂടി വീക്ഷിച്ചു.    ശ്രീ  രാമകൃഷ്ണന്‌ടെ  സമാധിക്കു ശേഷം  സംഘവും  ധര്‍മ്മവും  സ്ഥാപിക്കുന്നതിനും  അക്ഷീണം യത്‌നിച്ചു.   സംഘത്തിന്‌ടെ  ഭരണ കാര്യങ്ങളിലും  സംഘടനാപരമായ കാര്യങ്ങളിലും  - പല പ്രതിസന്ധികള്‍  നേരിട്ട  സന്ദര്‍ഭങ്ങളിലും - ഒരിക്കലും  പതറാതെ   തളരാതെ  ശ്രീ രാമകൃഷ്ണ  ശിഷ്യന്മാര്‍ക്ക്  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍   നല്‍കി സ്വന്തം  ശിശുക്കളെ എന്ന പോലെ  കാരുണ്യവും  വാത്സല്യവും  ചൊരിഞ്ഞു  അനുഗ്രഹിച്ചു.

ബാല്യത്തില്‍ അമ്മ നഷ്ടപ്പെട്ടു പോയ  ചിലര്‍ ദേവിയില്‍  സ്വന്തം അമ്മയെയാണ്   കണ്ടത്.   ഭക്തന്മാര്‍ക്ക്  ആഹാരം  തയ്യാറാക്കി, സ്‌നേഹപൂര്‍വ്വം  വിളമ്പി,  അടുത്തിരുന്നു കഴിപ്പിച്ചു, എച്ചിലും എടുത്തു മാറ്റി  ഉപചരിക്കുന്ന ആ അമ്മ,  ശിഷ്യന്മാര്‍  'അമ്മ എന്തിനു ഇങ്ങനെ ബുദ്ധിമുട്ടുന്നു?'  എന്ന് ചോദിച്ചാല്‍  'ഞാന്‍ നിങ്ങളുടെ  അമ്മയല്ലേ? ' എന്ന് മറുപടിയും പറയും.

ശ്രീ രാമകൃഷ്ണന്‌ടെ   ത്യാഗം, ഉച്ചമായ  ആദ്ധ്യാത്മിക അനുഭൂതികള്‍, മഹാഭാവം മുതലായവ സാധാരണക്കാര്‍ക്കു  മനസ്സിലാക്കാന്‍  വളരെ പ്രയാസമാണ്.  പക്ഷെ സരളവും   ലളിതവുമായ  ദേവിയുടെ  ജീവിതം   എല്ലാ  തരത്തില്‍  പെട്ടവര്‍ക്കും  അനുകരിക്കാന്‍  ശ്രമിക്കാം .  ദേവി  അദ്വൈതജ്ഞാനത്തെ  വസ്ത്രാഞ്ചലത്തില്‍  കെട്ടി   സംസാരത്തില്‍  ജീവിച്ചു.  ' മനുഷ്യരുടെ  മാത്രമല്ല , മൃഗങ്ങള്‍, പക്ഷികള്‍, പുഴുക്കള്‍   എന്നീ   സര്‍വ  ജീവ ജാലങ്ങളുടെയും   അമ്മയാണ്  ഞാന്‍'  എന്ന് ദേവി  പറഞ്ഞു.  തള്ളയെ  പിരിഞ്ഞ  കന്നുക്കുട്ടിയെ തൃക്കൈ  കൊണ്ട് തലോടി കഞ്ഞിയും പാലും കൊടുത്തതും  പൂച്ചയെ തല്ലിയ  ഒരു ഭക്തനോട്  'അരുത്, അതിനെ ഉപദ്രവിച്ചാല്‍ നീ എന്നെത്തന്നെയാണ്  ഉപദ്രവിക്കുന്നത്, അതില്‍ വസിക്കുന്നതും ഞാന്‍ തന്നെ'  എന്ന് പറഞ്ഞതും  സ്മരണീയമാണ്.

ഒരു മാതാവിന് കൊടുക്കാനേ  അറിയൂ.  അങ്ങോട്ട് യാതൊന്നും  പ്രതീക്ഷിക്കുന്നില്ല.   അവിടെ സകല തെറ്റുകളും  പൊറുക്കപ്പെടുന്നു.  എല്ലാ പാപ പ്രവൃത്തികളും   വിസ്മരിക്കപ്പെടുന്നു.  മാതൃ ത്വത്തിനടെ  മുന്‍പില്‍  ലിങ്ങ ഭേദമില്ല, മാതാ ഭേദമില്ല, ഭാഷ ഭേദമില്ല, ജാതി ഭേദമില്ല.  അതിര് വരമ്പുകള്‍  യാതൊന്നും  ഇല്ല.  അവതാര വരിഷ്ട്ടനായ  ഗുരുദേവനെയും  ശ്രീ ശാരദ ദേവി  ' ഞാന്‍ അദ്ദേഹത്തെ എന്റെ ശിശുവായിക്കാണുന്നു ' എന്ന് പ്രസ്താവിച്ചു.

'സ്‌നേഹേന ബധ്‌നാസി  മനോസ്മദീയം
ദോഷാന്‍ അശേഷാന്‍ സഗുണീകരോഷി
ആഹേതു നാനോ യേസേ സദോഷാന്‍
സ്വാങ്കേ  ഗൃഹീത്വാ  യദിദം  വിചിത്രം '

എന്ന് ശ്രീ അഭേദാനന്ദ സ്വാമികള്‍  എഴുതിയ വരികള്‍ ശ്രദ്ധിക്കാം.  ' ഞങ്ങളുടെ മനസ്സുകളെ  അമ്മ സ്‌നേഹമാകും കയറു കൊണ്ട് കെട്ടിയിട്ടു മനസ്സിലെ  അഴുക്കുകളെ  സദ്ഗുണങ്ങളായി  മാറ്റുന്നു.  അതിരില്ലാത്ത  കൃപ കൊണ്ട്  ദോഷികളെയും  അമ്മ മടിയില്‍ താങ്ങുന്നു.  എത്ര  അത്ഭുതമാണിത്!'



No comments:

Post a Comment