Wednesday, May 31, 2017

സർവാലയകമീയീശ്വരൻ

ഒരു ഗ്ലാസ് ജാറിൽ വെള്ളം നിറച്ചു കുറച്ചു ഐസ് കഷ്ണങ്ങൾ ഇട്ടു. ജലം ഐസ് കഷ്ണങ്ങളോട് പറഞ്ഞു. നിങ്ങൾ എല്ലാം എന്നിലാണ് പൊന്തി കിടക്കുന്നത്.

ഐസ് കട്ടകൾ ഒരുമിച്ചു പറഞ്ഞു : സത്യം തന്നെ

ജലം വീണ്ടും പറഞ്ഞു : നിങ്ങളിൽ ഉള്ളത് ഞാൻ തന്നെ യാണ് .

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവരതു സമ്മതിച്ചു. ശരിയാണ്.


അപ്പോൾ സന്തോഷത്തോടെ ജലം പറഞ്ഞു :  ഞാനും നിങ്ങളും ഒന്ന് തന്നെയാണ്.

ഐസ് കട്ടകൾ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു : അതെങ്ങനെ ശരിയാകും?.

ജലം തിരക്കി : അതെന്താ?

ഐസ് കട്ടകൾ പറഞ്ഞു : ഞങ്ങൾക്ക് ആകൃതിയുണ്ടല്ലോ.

ജലം ഗൂഢസ്മിതത്തോടെ ചോദിച്ചു. : എത്ര നേരത്തേക്ക്?

നാം ഐസ് കട്ടകൾ. ഭഗവാൻ ജലം. ആ ജലത്തിൽ നമ്മുടെ "ഞാൻ " എന്ന ഭാവം എത്ര കാലം???

ഐസ് കട്ടകൾ ഉരുകി ജലവുമായി ഒന്നാകും പോലെ നാം ഭഗവാനുമായി ഒന്നാകും. ഓർക്കുക ഭഗവാൻ കടലാണ്.നാം അതിലെ തിരകളും. തിരകൾ ഉണ്ടാകണമെങ്കിൽ കടൽ വേണം. തിര ഇല്ലെങ്കിലും കടൽ നിലനിൽക്കും. തിര ഉദിച്ചതും നില നിന്നതും ഒടുവിൽ ലയിച്ചതും കടലിൽ തന്നെ.
നാം ഉണ്ടായത് ഭഗവാനിൽ നിന്നും. നാം നില നിൽക്കുന്നത് ഭഗവാനിൽ തന്നെ. ഇനി നാം ലയിച്ചു ചേരാൻ പോകുന്നതും ഭഗവാനിൽ തന്നെ. ഇനി എന്തിനു ഭയം. ഹരേ രാമ ഹരേ കൃഷ്ണ


Tuesday, May 30, 2017

വിവാഹം

വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ്

കന്യായഃ പുരുഷസ്യ ച പ്രഥമതോ നിർണ്ണീയ ചായുഃ പുനഃ

സന്താനാദി തഥേതരച്ച സകലം ദൈവജ്ഞവര്യസ്തതഃ

ഭാവിപ്രശ്നവിലഗ്നതോപി നിഖിലം പാണിഗ്രഹം കാരയേ -

ത്സന്താനായ യതഃ പ്രയാതി നിതരാം പ്രീതിം പിതൃണാം ഗണഃ.


സാരം :-

വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ്. രണ്ടുപേർക്കും ദീർഘായുസ്സ് ഉണ്ടെന്നു കണ്ടാൽ പിന്നീടു ഭാവിയിൽ അവർ അനുഭവിക്കാൻ പോകുന്ന ശുഭാശുഭങ്ങളെപ്പറ്റിയും സന്താന സൌഭാഗ്യത്തെക്കുറിച്ചും ജാതകം കൊണ്ടുതന്നെ ചിന്തിക്കണം. മേൽ പറഞ്ഞ ആയുശ്ചിന്തയും സന്താന സൌഭാഗ്യാദി വിചാരവും പ്രശ്നം കൊണ്ടും ചിന്തിച്ചറിയേണ്ടതാണ്. ഇങ്ങനെ ജാതകംകൊണ്ടും പ്രശ്നംകൊണ്ടും ദമ്പതികൾ ദീർഘായുസ്സുകളാണെന്നും പുത്ര സൗഭാഗ്യാദി ശുഭാശുഭങ്ങൾക്ക് ആനുകൂല്യമുണ്ടെന്നും ബോദ്ധ്യം വന്നാൽ വിവാഹം ചെയ്യിക്കയാണ് ബുദ്ധിമാനായ ജ്യോതിഷക്കാരന്റെ ധർമ്മം.

ആയുർവ്വിഷയമായോ, സന്താനസംബന്ധമായോ, മറ്റു ഭാഗ്യാനുഭവങ്ങളെക്കുറിച്ചോ, പ്രതികൂലാഭിപ്രായം തോന്നിയാൽ വിവാഹത്തിനു അനുവദിക്കരുതെന്ന് " ദൈവജ്ഞവര്യഃ പാണീഗ്രഹം കാരയേൽ " എന്ന ഭാഗംകൊണ്ടു സൂചിപ്പിച്ചിരിക്കുന്നു. വിവാഹത്തിന്റെ പ്രധാന ഉദ്ദേശം സന്തത്യർത്ഥമാകുന്നു. പിതൃക്കൾ സന്തോഷിക്കണമെങ്കിൽ സന്തതി ഉണ്ടായിരിക്കണം. തിലഹവനം, ക്ഷേത്രപിണ്ഡം മുതലായ കർമ്മങ്ങൾ പിതൃ പ്രീതികരങ്ങളാണെങ്കിലും അതിനുള്ള കർത്തൃത്വവും അവകാശവും സന്താനങ്ങളിലാണിരിക്കുന്നത്. അതിനാൽ വിവാഹം പിതൃപ്രീതികരമായ ഒരു കർമ്മമാണ്.

ഈ പദ്യംകൊണ്ടു പറയപ്പെട്ട സംഗതികൾ പ്രശ്ന സംഗ്രഹത്തിൽ പറയപ്പെട്ടവയാണ്.



വിവാഹവിഷയപ്രശ്നസ്യാസ്ത്യേവാവശ്യകാര്യതാ

ബൃഹസ്പതിസ്തഥാ ചാഹ മാധവീയേ ച മാധവഃ

സാരം :-

വധൂവരന്മാരെക്കൊണ്ടു വിവാഹക്രിയചെയ്യിക്കുന്നത് പ്രശ്നം നോക്കി ശുഭാശുഭചിന്ത ചെയ്തതിനുശേഷമാണ് വേണ്ടത്. അല്ലാതെ നിശ്ചയമായും ചെയ്യിക്കരുത്. ഇങ്ങിനെ ബൃഹസ്പതിയും സ്വഗ്രന്ഥത്തിൽ മാധവാചാര്യനും സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. അതിനാൽ വിവാഹപ്രശ്നം അവശ്യകമെന്നു സിദ്ധിക്കുന്നു.

Monday, May 29, 2017

ജീവനകല

സ്നാനം ദേഹം ശുദ്ധീകരിക്കുന്നു.
ധ്യാനം ബുദ്ധിയെ ശുദ്ധീകരിക്കുന്നു
പ്രാർത്ഥന ആത്മാവിനെ ശുദ്ധീകരിക്കുന്നു
ദാനം സമ്പാദ്യത്തെ ശുദ്ധീകരിക്കുന്നു
ഉപവാസം ആരോഗ്യത്തെ ശുദ്ധീകരിക്കുന്നു
ക്ഷമാപണം ബന്ധങ്ങളെ ശുദ്ധീകരിക്കുന്നു

Sunday, May 28, 2017

“സർവം ഖല്വിദം ബ്രഹ്മ”

"ബഹു ദേവത ആരാധന, ബഹുദൈവം " എന്ന സംജ്ഞ തന്നെ   വിഡ്ഢിത്തം ആണ്‌..

ഹിന്ദുക്കളുടെ അടിസഥാന ഗ്രന്ഥം വേദങ്ങളാണ്.
വേദത്തില്‍ ഒരു ഈശ്വരനെ കുറിച്ചാണ് പറയുന്നത്

എകം സത് വിപ്രാ: ബഹുതാ വദന്തി - സത്യം എന്നത് ഒന്ന് മാത്രമാണ്,രണ്ടല്ല.

ഏക ഏവഹി ഭൂതാത്മ ഭൂതേ ഭൂത വ്യവസ്ഥിത
ഏകതാ ബഹുതാ ചൈവ ദ്യശ്യതേ ജല ചന്ദ്രവത്

സര്‍വ്വ ചരാചരങ്ങളിലും നിലനില്‍ക്കുന്ന ഈശ്വരന്‍ ഒന്നാണ്. ഈശ്വരന്‍ സര്‍വ്വചരാചരങ്ങളിലും നിലനില്‍ക്കുന്നു, ചിലര്‍ക്ക് അത് ഒന്നായി തോന്നാം
മറ്റുള്ളവര്‍ക്ക് പലതായി തോന്നാം ആകാശത്തുള്ള ചന്ദ്രന്‍ ഒന്നേ ഉള്ളൂ  ആ ചന്ദ്രനെ കടലിലും,അരുവിയിലും, ആറിലും, കൈയിലുള്ള ഗ്ലസിലെ വെള്ളത്തിലും ചന്ദ്രപ്രതിബിംബം കാണാം. അതായത് ആ ഈശ്വരന്‍െ്റ സ്വഭാവം അനുസരിച്ച് പേരും പലരൂപങ്ങളും നല്‍കാറുണ്ട്.

ഉദാഃ- ഞാന്‍ എന്നത് ഒരാള്‍ ആണ്, ഞാന്‍ എന്‍െ്റ മക്കള്‍ക്ക് അച്ഛനാണ്,
ഭാര്യക്ക് ഭര്‍ത്താവാണ്, സഹോദരിക്ക് സഹോദരനാണ്, അച്ഛനമ്മമാര്‍ക്ക് മകന്‍ ആണ്, അദ്ധ്യാപകനു ഒരു വിദ്യാര്‍ത്ഥി ആണ്, പക്ഷേ ഞാന്‍ ഒരാള്‍ ആണ്, എന്‍െ്റ സ്വഭാവം അനുസരിച്ച് വ്യത്യസ്ത പേരില്‍ അറിയപെടുന്നു. അതുപേലെ ആണ് ഈശ്വരന്‍ ഒന്നാണെങ്കിലും സ്വഭാവം അനുസരിച്ച് വ്യത്യസത രൂപത്തില്‍ ആരാധിക്കുന്നു എന്നു മാത്രം നിന്നിലെ ഗുണ ആധിക്യം ഏതാണോ അതിന്റെ ബലത്തിൽ മാത്രമേ, നിനക്കു ഈശ്വരന്റെ പൂർണ ഗുണം, പ്രാപ്തം ആക്കാൻ കഴിയൂ..  സത്വ രജോ തമോ"ഗുണങ്ങളിൽ നിന്നിൽ എതിനാണോ  ആധിക്യം അതനുസരിച്ചു നിനക്കു ഈശ്വര സാമിപ്യം സാദ്ധ്യം ആണ്.. ഇതിനെ "സഗുണ ഉപാസന എന്നു പറയുന്നു.. ഇത് ഈശ്വര ഉപസനായിലെ ആദ്യ പടി മാത്രം ആണ്. ഈശ്വരൻ എന്ന പരമാർത്ഥിക സത്ത അറിയാൻ ഇത്തരം ഉപസനകൾ അനിവാര്യം ആണ്. കാരണം  ഈശ്വരൻ എന്നത്.. നേടേണ്ടതുള്ള ഒരു ഭൗതിക വസ്തു അല്ല, അതൊരു ആത്മീയ തലം ആണ്.. ഭൗതീക ഉപസനകൾ അതിലേക്കുള്ള.. വഴി മാത്രം ആണ്.. അത് ഏത് ആരാധന ആയാലും.. അതെല്ലാം എത്തിച്ചേരുന്നത്... ഈശ്വരൻ എന്ന "മഹാ സാഗരത്തെ ലക്ഷ്യം വെക്കുന്ന, "ഗംഗ യമുന, സിന്ധു കാവേരി ബ്രഹ്മപുത്ര സരസ്വതി. കാവേരി നദികളെ പോലെയാണ്. ഉപാസനാ തലത്തില്  ശിവലിംഗത്തിന്റെ പ്രാധാന്യം

ഈശ്വരനു പ്രതിമയില്ല. 'നതസ്യ പ്രതിമാ അസ്തി', അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്, 'അശബ്ദ അ സ്പർശ  അരൂപമവ്യയം'. ശബ്ദമില്ല, സ്പർശമില്ല, രൂപമില്ല, രസമില്ല. അപ്പോൾ  ശബ്ദ സ്പർശ രൂപ രസ ഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കിൽ വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാൻ കഴിഞ്ഞേക്കാം. പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങൾക്ക് , ആ ഒരു നിർഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാൻ  കഴിയില്ല.

അപ്പോൾ  അപാര കൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാർ  എല്ലാവർക്കും  ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ് നാമ സഹായം, രൂപ സഹായം എന്നിവ. അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു. 'വിഗ്രഹം' എന്ന് പറഞ്ഞാല് 'വിശേഷേണ ഗ്രാഹയതി'. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ് വിഗ്രഹം.
കൊച്ചു കുട്ടിയായിരിക്കുമ്പോൾ  അദ്ധ്യാപകൻ  നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകൾ  ഉപയോഗിക്കുവാൻ  ഉപദേശിച്ചു. അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും എളുപ്പം മനസ്സിലായി. വിരലുകളുടെ സഹായത്തോടെ നമ്മൾ  സംഖ്യകളെ കൂട്ടുകയും കുറക്കുകയും ചെയ്തു. കൈ വിരലുകൾ  ഉപയോഗിച്ച് പത്ത് വരെയും പിന്നെ കാൽ  വിരലുകളെ കൂട്ടി ഇരുപത് വരെയും കുട്ടികള് ചെറിയ ക്ലാസ്സുകളിൽ  എണ്ണം പഠിച്ചു. എന്നാൽ  അതെ കുട്ടികൾ  വലിയ ക്ലാസുകളിൽ  എത്തുമ്പോൾ  വിരലുകളുടെ സഹായമില്ലാതെ തന്നെ വലിയ സംഖ്യകൾ  കൂട്ടാനും, കുറക്കാനും ഗുണിക്കാനും ആയാസരഹിതമായി ചെയ്യുവാൻ  പഠിച്ചു. ഇവിടെ അമൂർത്തമായ സംഖ്യ എന്ന സങ്കലപ്പത്തിനു എപ്രകാരം മൂർത്തമായ വിരലുകളുടെ സഹായം ഒരു കുട്ടി സ്വീകരിച്ചുവോ അതുപോലെ അമൂർത്തമായി ഇരിക്കുന്ന ഈശ്വര തത്വത്തെ ഉപാസന ചെയ്യുന്നതിന് മൂർത്തമായ വിഗ്രഹങ്ങളെ, നാമ, രൂപ വിഗ്രഹങ്ങളെ നാം സ്വീകരിക്കുന്നു. അത് വ്യത്യസ്തങ്ങളായ സത്വ, രജ, തമോ ഗുണഭേദമനുസരിച്ചിട്ടുള്ള ദേവതകൾക്ക് അതിനനുസരിചിട്ടുള്ള വിഗ്രഹഭേദങ്ങളുണ്ട്.

ഋഷീശ്വരന്മാർ  ദർശിച്ചു നിർദേശിച്ചിട്ടുള്ള ധ്യാനശ്ലോകങ്ങൾക്കനുസരിച്ചാണ് അത്തരം ഓരോ വിഗ്രഹങ്ങളും രൂപകല്പന ചെയ്യുന്നത്. വ്യത്യസ്തമായ ദേവതാരൂപങ്ങളെല്ലാം തന്നെ ഈ ധ്യാനശ്ലോകങ്ങങ്ങൾക്കനുസരിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.  അവയെല്ലാം സഗുണമാണ്, സകാരമാണ് ഒന്നു കൂടെ സ്പഷ്ടമായി പറഞ്ഞാൽ  സകലീകൃതമാണ്, അംഗപ്രത്യംഗങ്ങളോട് കൂടിയതാണ്. അങ്ങനെയുള്ള വിഗ്രഹങ്ങളിലൂടെ ഞാൻ  ദേവതകളെ ഉപാസിക്കുന്നു. ആ ദേവതകളിലൂടെ ഈശ്വരൻ  ലക്ഷീകരിക്കപ്പെടുന്നു. ഇങ്ങനെ സഗുണ സകാരമായ, സകലീകൃതമായ ഉപാസനാപദ്ധതികളാണ് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രചരിക്കുന്നത്. അതിലൂടെ മനുഷ്യന് ഏകാഗ്രതയെ,ശുദ്ധിയെ നേടുന്നു. ഇതാണ് ക്ഷേത്രോപാസനയുട അടിസ്ഥാനം

ക്ഷേത്രങ്ങളില് വിഗ്രഹങ്ങള് മാത്രമല്ല വിശിഷ്ഠങ്ങളായ മന്ത്രങ്ങള്, അത്യന്ത സൂക്ഷ്മ ഉപാസനാ ശക്തിയോടുകൂടിയ ആചാര്യന്റെ അഥവാ തന്ത്രിയുടെ സങ്കല്പ്പങ്ങള്, അനേകം ഉപാസകന്മാരുടെ സങ്കല്പ്പങ്ങള്‍ ഇവയെല്ലാം സമ്മേളിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള് ക്ഷേത്രം ഒരു പ്രതീകമാണ്, വിഗ്രഹമാണ്. എന്നാല് കേവലം അതൊരു വിഗ്രഹമല്ലതാനും. അവിടെ മന്ത്ര ചൈതന്യം പറയേണ്ടതുണ്ട്, ഉപാസനാനിഷ്ഠനായതന്ത്രിയുടെ സങ്കല്പം പറയേണ്ടതുണ്ട്, അനേകായിരം ഉപാസകന്മാരുടെ സങ്കല്പങ്ങള് പറയേണ്ടതുണ്ട്. ഇവയിലെല്ലാം വച്ച് ഏറ്റവും പ്രധാനം മന്ത്രമാണ്. ക്ഷേത്രം ഒരു പ്രതീകമാണെന്ന് ആദ്യമേ പറയുന്നുവെങ്കിലും അത് വെറുമൊരു പ്രതീകമല്ല. ഇങ്ങനെയുള്ള ഉപാസനാ പദ്ധതി, അംഗ പ്രത്യംഗങ്ങളോടു കൂടിയ,തികച്ചും മാനുഷികഭാവത്തോടു കൂടിയ വിഗ്രഹങ്ങള് എന്നിവയില് നിന്നും ആരംഭിച്ച് ക്രമികമായി ഉയര്ന്ന്, സര്വ്വ വിഗ്രഹങ്ങള്ക്കും ഉപരിയുള്ള പരമമായ സത്യാനുസന്ധാനത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്. ക്ഷേത്രോപാസനയിലൂടെ തന്നെ സകല ഉപാസനകളെയും അതിക്രമിക്കുവാന് ഒരാള്ക്ക് സാധിക്കും.
     നിർഗുണ ഉപാസനയിലേക്ക്, "മനസ്സിനെ നയിക്കുക യാണ്... സഗുണ ഉപാസന ലക്ഷ്യം, അതു തെറ്റ് അല്ല..


ബ്രഹ്മം എന്ന ചൈതന്യം.. ഭൂമിയിലെ സര്‍വ ചരാചരങ്ങളിലും ഉണ്ട് .മനുഷ്യനിലെ ദിവ്യത ആണ് ഋഗ്വേദത്തിലെ ഒരു പ്രധാന വിഷയം

പ്രഭാത്രുത്വം സുദാനവോ /ധ ദ്വിതാ 
സാമാന്യ മാതുര്‍ഗര്‍ഭേ ഭരാ മഹേ

ഋഗ്വേദം

ഈ ചൈതന്യം മാതാവിന്റെ ഗര്‍ഭത്തില്‍ വച്ച് തന്നെ മനുഷ്യനില്‍ പ്രവേശിക്കുന്നു ,നിറയുന്നു .മനുഷ്യനും ഈശ്വരനും ആയുള്ള ബന്ധം ഗര്‍ഭത്തില്‍ വച്ച് തുടങ്ങുന്നു .

അഹം രാഷ്ട്രീ സംഗമനീ വസുനാം 
ചികിതുഷീ പ്രഥമാ യജ്നിയാനാം
താം മാ ദേവാ വൃദധു:പുരുത്രാ 
ഭൂരി സ്താത്രാം ഭൂര്‍യ്യാ വേഷയന്തീം 
-ഋഗ്വേദം..X-125

'ഞാന്‍ രാജ്യങ്ങളുടെ അധിപന്‍ ,ധന ദാതാവ് ,സര്‍വജ്ഞന്‍,സര്‍വ ശക്തയും ,സര്‍വ ശ്രേഷ്ഠന്‍ ആയ പൂജാര്‍ഹന്‍ ആകുന്നു .ഞാന്‍ വിവിധ രൂപ ഭാവങ്ങള്‍ സ്വീകരിച്ചു എല്ലാ പ്രാണികളിലും വസിക്കുന്നു .ദേവന്മാര്‍ എന്നെ അനേകം സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു..
         
                 

Saturday, May 27, 2017

സ്വയം തിരിച്ചറിയാനുള്ള മാർഗം

ദേഹാഭിമാനത്തിന്‍റെ പരിധിയിൽ നിന്ന് അകന്നുനിന്നുകൊണ്ട് അവനവനെ വീക്ഷിക്കുകയാണെങ്കിൽ മാത്രമേ തന്‍റെ യഥാർഥ അസ്ഥിത്വം  വ്യക്തമാകൂ . യഥാർഥത്തില്‍ ഞാന്‍ ആത്മാവാണെന്ന് തിരിച്ചറിയുമ്പോൾ  ആത്മാവിൽ അന്തർലീനമായിരിക്കുന്ന ഗുണങ്ങൾ ഉണരുവാനാരംഭിക്കുന്നു. ഗുണങ്ങൾ ഉണർന്ന ആത്മാവിന്‍റെ മനസ്സും ബുദ്ധിയും സംസ്ക്കാരവും ശരീരവും കൃത്യതയോടെയും മര്യാദപൂർവ്വവും പ്രവർത്തിക്കാൻ തുടങ്ങും. അതോടെ ജീവിതത്തിൽ സമാധാനം സ്ഥിരമായി അനുഭവമാകും.

ആത്മാവ്-മനസ്സ്, ബുദ്ധി, സംസ്ക്കാരം
എല്ലാ ആത്മാക്കളിലും മനസ്സ്,ബുദ്ധി,സംസ്ക്കാരം എന്നീ മൂന്നു ശക്തികളുണ്ട്. വൈദ്യുതി ഒരേ സമയം ബൾബിലൂടെ വെളിച്ചമായും ഫാനിലൂടെ കാറ്റായും ഹീറ്ററിലൂടെ താപമായും പ്രകടമാകുന്നതുപോലെ ബോധബിന്ദുവായ ആത്മാവ് ഈ മൂന്ന് ശക്തികളിലൂടെ ഒരേ സമയത്ത് വ്യത്യസ്ത തരത്തിൽ പ്രവർത്തിക്കുന്നു. ഇവയ്ക്ക് പരസ്പരം വളരെ ബന്ധവുമുണ്ട്.

മനസ്സ് 
ചിന്തകളെ രൂപീകരിക്കുന്ന ഒരു യന്ത്രമായി മനസ്സിനെ മനസ്സിലാക്കാം. മനോവികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രക്ഷുബ്ധചിന്തകളുടെയും ആധാരം മനസ്സാണ്. മനസ്സിൽ നിന്ന് ഉൽപ്പന്നമാകുന്ന ചിന്തകൾ പെട്ടെന്നു തന്നെ വാക്കുകളായോ കർമങ്ങളായോ പ്രത്യക്ഷമായേക്കാം. അതിന്‍റെ പരിണിതഫലമായി സുഖമോ ദുഃഖമോ അനുഭവിക്കേണ്ടതായി വന്നേക്കാം. പൊതുവെ ഹൃദയമാണ് മനസ്സ് എന്ന ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ അത് ഒരു ശാരീരിക അവയവം മാത്രമാണ്. മനസ്സ് ആത്മാവിന്‍റെ അവയവമാണ്.

ബുദ്ധി
ചിന്തകളെ തിരിച്ചറിയുന്നതിനുള്ള ശക്തിയെ ബുദ്ധി എന്നു വിളിക്കുന്നു. ചിന്ത വാക്കോ കർമമോ ആയി പരിണമിക്കുന്നതിനു മുൻപ് ബുദ്ധി അതിനെ വിലയിരുത്തുന്നു. നിരന്തര ആത്മീയ പഠനത്തിലൂടെയും ധ്യാനപരിശീലനത്തിലൂടെയും എപ്പോഴാണോ തന്‍റെ ബുദ്ധി സൂക്ഷമതയുള്ളതും ആഴമുള്ളതും വിശാലമുള്ളതുമായി മാറുന്നത് അപ്പോൾ അവരുടെ വാക്കുകളും കർമങ്ങളും വിശേഷതയുള്ളതായി ഭവിക്കുന്നു. പൊതുവെ നാഡീവ്യൂഹങ്ങളുടെ കേന്ദ്രസ്ഥാനമായ മസ്തിഷ്കത്തെയാണ് ബുദ്ധി എന്നു വിളിക്കുന്നത്. എന്നാൽ മസ്തിഷ്കമെന്നത് ശരീരത്തെ നിയന്ത്രിക്കുന്നവനായ ആത്മാവിന്‍റെ കൺട്രോൾ റൂം മാത്രമാണ്. സൂക്ഷമമായ ബുദ്ധിയുമായും ആത്മാവുമായും മസ്തിഷ്കത്തെ തുലനം ചെയ്യാൻ സാധിക്കില്ല.

സംസ്ക്കാരം
ഒരേ തരത്തിലുള്ള കർമങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ ആത്മാവിൽ പുതിയ സംസ്ക്കാരങ്ങൾ രൂപപ്പെടുന്നു.ഒരു സംസ്ക്കാരം രൂപപ്പെട്ടാൽ പിന്നീട് അതിനനുസരിച്ചായിരിക്കും ചിന്തകളും ആഗ്രഹങ്ങളും കർമങ്ങളും ഉരുത്തിരിയുക. ബോധപൂർവമല്ലാതെയും നമ്മളിൽ നിന്ന് ചില കർമ്മങ്ങൾ സംഭവിക്കാറുണ്ട്. അതെല്ലാം ശക്തമായ സംസ്കാരങ്ങളുടെ വേലിയേറ്റത്താലാണ് സംഭവിക്കുന്നത്. ഭൂതകാലത്തിലെ കർമ്മങ്ങളുടെ പ്രഭാവം വർത്തമാനകാലത്തിനെയും ഇപ്പോഴത്തെ കർമ്മങ്ങൾ ഭാവിയെയും ബാധിക്കുമെന്ന് പറയുന്നതിന് കാരണമിതാണ്. സംസ്കാരങ്ങളുടെയും കർമ്മങ്ങളുടെയും ചിന്താഗതികളുടെയും ആകെത്തുകയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം

Friday, May 26, 2017

ജീവന കല

നിക്ക് എല്ലാം അറിയാം' എന്നുള്ള അഹങ്കാരം മാറ്റിവച്ച് എല്ലാം ശ്രദ്ധിച്ചു ചെയ്യാന്‍ തുടങ്ങുക.......

സ്വയം നിയന്ത്രിക്കാനും, സ്വന്തം കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താനുമുള്ള ശേഷിയോടെ മുന്നോട്ടുപോകാന്‍ ശ്രമിക്കണം.........,

ചുറ്റുപാടുകള്‍ എങ്ങനെയിരുന്നാലും മനധൈര്യത്തോടെ, പതര്‍ച്ചയില്ലാതെ പ്രവര്‍ത്തിണം........

ചുറ്റുപാടുകളില്‍ നിന്നും തനിക്കു വേണ്ടതുമാത്രം സ്വീകരിക്കാൻ കഴിയണം...........

Thursday, May 25, 2017

ഉതംഗ പരീക്ഷണം

മഹാഭാരത യുദ്ധം കഴിഞ്ഞു ശ്രീകൃഷ്ണൻ തിരിച്ചു ദ്വാരകയിലെയ്ക്ക് പോകും വഴിയെ പഴയ സുഹൃത്തായ ഉതംഗ മഹർഷിയെ കണ്ടു.
പിരിയാൻ നേരം അദ്ദേഹത്തിനു എന്തെങ്കിലും വരം നൽകാൻ കൃഷ്ണൻ തീരുമാനിച്ചു.

പക്ഷെ കൃഷ്ണന്റെ വിശ്വരൂപം തന്നെ കണ്ട ഉതംഗ മഹർഷിക്ക് വേറെ ഒരു വരവും വേണ്ട എന്ന് പറഞ്ഞു.
അവസാനം ഭഗവാന്റെ നിർബന്ധത്തിനു വഴങ്ങി എപ്പോഴൊക്കെ തനിക്കു ദാഹിക്കുന്നുവോ അപ്പോഴൊക്കെ കുടിക്കാനാവശ്യമായ ജലം ലഭിക്കണം എന്നാ വരം ആവശ്യപ്പെട്ടു.

അങ്ങനെയാവട്ടെ എന്ന് കൃഷ്ണൻ അനുഗ്രഹിച്ചു.
ഒരു ദിനം ഉതംഗ മഹർഷിക്ക് യാത്രയ്ക്കിടയിൽ വനത്തിനു നടുവിൽ വച്ചു ദാഹം തോന്നി.
അദ്ദേഹം തനിക്കു കൃഷ്ണനിൽ നിന്ന് ലഭിച്ച വരത്തെ കുറിച്ചു ആലോചിച്ചു.

അപ്പോൾ ഒരു കാട്ടാളൻ അത് വഴി വരുന്നത് കണ്ടു.
കീറിയ, മുഷിഞ്ഞ വസ്ത്രവും, കൂടെ അഞ്ചു വേട്ട നായ്ക്കളും ഉണ്ടായിരുന്ന അയാളുടെ ചുമലിൽ തുകൽസഞ്ചി തൂക്കിയിട്ടിരുന്നു..
ഉതംഗമഹാര്ഷിയെ കണ്ട കാട്ടാളൻ ചിരിച്ചു കൊണ്ട് "അങ്ങയെ കണ്ടിട്ട് ദാഹം കൊണ്ട് തളർന്നത് പോലെയുണ്ടല്ലോ, ഇതാ ജലം കുടിച്ചാലും" എന്ന് പറഞ്ഞു തന്റെ തുകൽ സഞ്ചിയിലെ ജലം വാഗ്ദാനം ചെയ്തു.

പക്ഷെ യാതൊരു വൃത്തിയും ഇല്ലാത്ത ഈ കാട്ടാളന്റെ വേഷവും സഞ്ചിയും ഒക്കെ കണ്ടു അതൊക്കെ ഇഷ്ടപ്പെടാതിരുന്ന ഉതംഗ മഹർഷി പറഞ്ഞു "സുഹൃത്തേ നന്ദി, പക്ഷെ എനിക്ക് വേണ്ട".
എന്നിട്ട് മനസ്സില് സങ്കടത്തോടെ കരുതി.. "കൃഷ്ണാ നീ എനിക്ക് തന്ന വരം എവിടെപ്പോയി?"
കാട്ടാളൻ വീണ്ടും വീണ്ടും ജലം കുടിക്കാൻ ഉതംഗനെ നിർബന്ധിച്ചു,

പക്ഷെ മഹർഷി വെള്ളം വേണ്ട എന്ന് നിഷേധിച്ചു കൊണ്ടേയിരുന്നു.
അവസാനം കാട്ടാളൻ അപ്രത്യക്ഷനായി.
അപ്പോഴാണ്‌ ഉതംഗ മഹര്ഷിക്ക് ഇത് ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല എന്ന് മനസ്സിലായത്‌.
ആകെ വിഷമത്തിലായ അദ്ദേഹത്തിന്റെ മുന്നിൽ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു.
അദ്ദേഹത്തോട് ഉതംഗമുനി ചോദിച്ചു, "കൃഷ്ണാ, ഇതെന്തു പരീക്ഷണമാണ്... ഒരു വൃത്തിയുമില്ലാത്ത കാട്ടാളന്റെ കൈവശമാണോ ജലം കൊടുത്തയക്കുന്നത് ?."

കൃഷ്ണൻ ദുഖത്തോടെ പറഞ്ഞു
"ഉതംഗാ, അങ്ങയ്ക്ക് ദാഹിച്ചപ്പോൾ ഇന്ദ്രനോട് അമൃത് തന്നെ തരാൻ ആണ് ഞാൻ ആവശ്യപ്പെട്ടത്.
എന്നാൽ ഒരു സാധാരണ മനുഷ്യൻ അമൃത് കുടിച്ചു അമരൻ ആവുന്നത് ഇഷ്ടമില്ലാതിരുന്ന ഇന്ദ്രൻ അതിനു തയാറായില്ല.
അവസാനം എന്റെ നിര്ബന്ധം കാരണം, ഒരു നിബന്ധന ഇന്ദ്രൻ മുന്നോട്ടു വച്ചു...
ഒരു കാട്ടാളന്റെ രൂപത്തിൽ പോയി മാത്രമേ താൻ ഉതംഗനു അമൃതം കൊടുക്കൂ എന്നായിരുന്നു ആ നിബന്ധന.

അങ്ങ് യഥാർത്ഥ ജ്ഞാനം നേടിയതിനാൽ ഈ പരീക്ഷണം ജയിക്കും എന്നും കാട്ടാളന്റെ വേഷത്തിൽ വന്ന ഇന്ദ്രനിൽ നിന്നും അമൃത് കുടിക്കുമെന്നും വിശ്വസിച്ചു ഞാൻ അത് സമ്മതിച്ചു.
പക്ഷെ ഇതാ നിന്റെ മനസ്സിലെ ഭേദഭാവം കാരണം ഇന്ദ്രന്റെ മുന്നില് ഞാനും തോറ്റു പോയിരിക്കുന്നു."
ഇത് കേട്ട ഉതംഗമഹർഷിക്കു തന്റെ തെറ്റ് മനസ്സിലായി....

യഥാർത്ഥജ്ഞാനം തനിക്കു ഇത് വരെ ലഭിച്ചിട്ടില്ല എന്ന് തന്നെ മനസ്സിലാക്കിക്കാൻ വേണ്ടി കൃഷ്ണൻ തന്നെ നടത്തിയ ഒരു പരീക്ഷണം ആണ് എന്ന് അദ്ദേഹത്തിനു ബോധ്യമായി.

ഒരാളുടെ മതമോ കുലമോ വസ്ത്രമോ ഒന്നും അല്ല പ്രധാനം എന്നും, എല്ലാവരും തുല്യരാണ് എന്നും ഉള്ള കാര്യം ഉതംഗൻ മറന്നു പോയിരുന്നു.

കാട്ടാളനിലും ഉള്ളത് ഒരേ ഈശ്വരൻ തന്നെയാണ് എന്ന് ഉതംഗമുനിക്ക്‌ കൃഷ്ണൻ മനസ്സിലാക്കി കൊടുത്തു. 

Wednesday, May 24, 2017

ഞാന്‍ ഹിന്ദുവായിരിക്കാന്‍ ആഗ്രഹിക്കുന്നതിന്‍റെ കാരണങ്ങള്‍

1. ദൈവമില്ലെന്നു പറഞ്ഞാലും കുറ്റവാളിയാക്കാത്ത മതം.

2.ഇന്ന ദിവസം, സമയം അല്ലെങ്കില്‍ ദിവസവും ക്ഷേത്രദര്‍ശനം നടത്തിയിരിക്കണം എന്ന് നിര്‍ബന്ധിക്കാത്ത മതം.

3. കാശി രാമേശ്വരങ്ങളില്‍ ദര്‍ശനം നടത്തണം എന്ന് കല്‍പ്പന പുറപ്പെടുവിക്കാത്ത മതം.

4. മതഗ്രന്ധങ്ങള്‍ക്കനുസരിച്ച് ജീവിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത മതം.

5. മതചിഹ്നങ്ങള്‍ അണിയണം എന്ന് നിഷ്കര്‍ഷിക്കാത്ത മതം.

6. അഖിലലോക ഹിന്ദു നിയന്ത്രണത്തിനായി മതനേതാവെന്ന് ആരും ഇല്ലാത്ത മതം.

7. തെറ്റു ചെയ്തത് സന്യാസിയാണെങ്കിലും തുറന്നെതിര്‍ക്കാനുള്ള ആര്‍ജ്ജവമുണ്ട് ഹിന്ദുമതത്തിന്.

8. പ്രകൃതിജന്യമായവയ്ക്ക് ജനിമൃതികളില്ല
#. മരവും ഈശ്വരന്‍
#. കല്ലും ഈശ്വരന്‍
#. ജലവും ഈശ്വരന്‍ (ഗംഗ)
#. കാറ്റും ഈശ്വരന്‍
#. കുരങ്ങും നായും പന്നിയും (ഹനുമാന്‍, ഭൈരവന്‍,
വരാഹം) ഈശ്വരന്‍

9. നീയും ഞാനും ഈശ്വരന്‍
കാണുന്നതിലെല്ലാം പരബ്രഹ്മം

10. എണ്ണിയാലൊടുങ്ങാത്ത വേദേതിഹാസപുരാണങ്ങള്‍ നല്‍കിയ മതം
# കാമമോഹങ്ങളിലുള്ള ആസക്തിയില്‍ നിന്നുള്ള മുക്തി പ്രദിപാദിക്കുന്നത് - രാമായണം
# ഭൂസ്വത്തിലുള്ള ആസക്തിയില്‍ നിന്നുള്ള മുക്തി പ്രദിപാദിക്കുന്നത് - മഹാഭാരതം
# കര്‍ത്തവ്യങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നത് - ഭാഗവതം
# രാഷ്ട്രതന്ത്രം - അര്‍ത്ഥശാസ്ത്രം
# ദാമ്പത്യവിജയം - കാമശാസ്ത്രം
# രോഗരക്ഷക്ക് - ആയുര്‍വേദം
# വിദ്യോന്നതിക്ക് - വേദഗണിതം
# ആരോഗ്യസംരക്ഷണത്തിന് - യോഗാ ശാസ്ത്രം
# ഗൃഹനിര്‍മ്മിതി പ്രതിപാദ്യം - വാസ്തു ശാസ്ത്രം
# ഭൗമേതര ജ്ഞാനം - ജ്യാതിശാസ്ത്രം

11. ആരേയും നിര്‍ബന്ധിച്ചോ യുദ്ധം ചെയ്തോ പ്രചരിപ്പിക്കപ്പെടാത്ത മതം

12. എല്ലാത്തെയും കൊന്നു തിന്നാമെന്നതില്‍ നിന്നും വിഭിന്നമായി അഹിംസ, സഹവര്‍ത്തിത്വം, സഹജീവി സ്നേഹം, സസ്യഭോജനം എന്ന് ഉണര്‍ത്തിയ മതം.

13. ഹിന്ദു ദിവ്യഗ്രന്ഥമെന്ന പേരില്‍ ഒരു കൃതി ചൂണ്ടിക്കാട്ടുക കഠിനതരം. കാരണം മുതിര്‍ന്ന തലമുറ പകര്‍ന്നു നല്‍കിയ എല്ലാ ഗ്രന്ഥങ്ങളും ദിവ്യമായിത്തന്നെ നാം കരുതുന്നു.

14. മുക്തി എന്ന അമരജീവിതത്തിലേക്ക് മുന്നേറാന്‍ പഠിപ്പിക്കുന്ന മതം.

15. ക്ഷേത്രം എന്ന വിശ്വാസകേന്ദ്രത്തില്‍ നിന്നും ജീവരഹസ്യങ്ങളേയും ഭൗമാഭൗമ ചലനങ്ങളുടെ രഹസ്യങ്ങളേയും ലോകത്തിനു നല്‍കിയ ജീവിതചര്യ!!!

16. സ്ത്രീകളെ അടിമകളാക്കാനല്ല, മറിച്ച് ബഹുമാനിക്കാൻ പഠിപ്പിച്ച മതം.

മതം എന്നത് അഭിപ്രായം എന്നും അര്‍ത്ഥമാക്കാം. അല്‍പവിശ്വാസങ്ങളുടെ ക്രോഢീകരണമല്ല, അനല്‍പ്പാനന്ദത്തിന്‍റെ പരമകാഷ്ടയത്രേ മുക്തി! മുക്തിയിലേക്ക് നയിക്കുന്ന ജീവചര്യയേ മതം എന്ന ചട്ടക്കൂട്ടില്‍ ഒതുക്കാനാവില്ല എങ്കിലും സാധാരണ ജനത്തിന് മനപ്രാപ്തമാകുന്നതിനായി ആ വാക്ക് ഉപയോഗിച്ചിരിക്കുന്നു

Tuesday, May 23, 2017

ആത്‌മ പരിത്രാണം

'എനിക്ക് ഇത്രെയൊക്കെയേ കഴിയൂ' എന്ന മട്ടിൽ സ്വന്തം ശേഷികൾക്ക് അതിർവരമ്പുകൾ യുക്തിരഹിതമായി വരച്ചിടുന്നവരുണ്ട് ..........

സ്വാഭിമാനത്തിന്റെ കുറവുകൊണ്ടാണ് ഇങ്ങനെ സ്വന്തം ശേഷികൾ പരിമിതപ്പെടുത്താൻ അവർ തുനിയുന്നത് ........

തൻ മോശക്കാരനാണെന്നു സ്വയം വിചാരിക്കുന്നയാളെക്കുറിച്ചു മറ്റുള്ളവർക്ക് മതിപ്പുണ്ടാകുകയില്ല .......

നമ്മുടെ ദൗർബല്യങ്ങളോടൊപ്പം നമുക്കുള്ള ശക്തികളെയും തിരിച്ചറിഞ്ഞ് അതിനെ നിരന്തരം മെച്ചപ്പെടുത്താൻ ശ്രമിക്കുക 

Monday, May 22, 2017

ശാന്ത ജിവിതം

സ്വയം ഉദാഹരണമായി പഠിപ്പിക്കുകയാണ് ഏറ്റവും ശക്തമായ രീതി.
നാം കാണുന്നുവ മനസ്സിന്റെ ആഴത്തിൽ പതിയുന്നു. ഹൃദയം അതിനെ അംഗീകരിക്കുന്നു. അതിന് അധികം വാക്കുകളുടെയൊന്നും ആവശ്യമില്ല. സ്വയം മാതൃകയായി മറ്റുള്ളവരെ പഠിപ്പിക്കൂ - വാക്കുകളിൽ കൂടിയല്ല.

ശാന്തി ബലമായി അടിച്ചേൽപ്പിക്കാൻ സാധ്യമല്ല. പക്ഷേ, സ്വയം ശാന്തമായിരുന്ന് ശാന്തി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും.
മറക്കുകയും പൊറുക്കുകയും ചെയ്യുന്നത് സ്നേഹത്തിന്റെ പ്രതിഫലനമാണ്.ഭൂരിപക്ഷം ജനങ്ങളും ഭൂതകാലത്തിനടിമകളാണ്. സ്ഥിതിഗതികൾ മാറും, അവ ഇല്ലാതാകും. പക്ഷേ, നമ്മുടെ മനസ്സിൽ അവ സജീവമായിത്തന്നെ നിലനിൽക്കാറുണ്ട്. നിങ്ങൾ മനസ്സു തുറക്കു, വിശാലഹൃദയനാകൂ, ആ ദുഃഖത്തിൽ നിന്നും മുക്ത നാകൂ, മറക്കൂ ,ക്ഷമിക്കൂ - എങ്കിൽ ഓരോ നിമിഷവും ശാന്തിയോടെ ജിവിതം നയിക്കാം.

Sunday, May 21, 2017

ശ്രീകൃഷ്ണ നാമങ്ങള്‍

രിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു.

"അല്ലയോ കൃഷ്ണ! എണ്ണമറ്റ അങ്ങയുടെ തിരുനാമങ്ങള്‍ ഉള്ളതില്‍ ഏതു നാമമാണ് അങ്ങേയ്ക്ക്‌ ഏറ്റവും പ്രിയമായിട്ടുള്ളത്?"

സ്വതസിദ്ധമായ പുഞ്ചിരിയോടെ ഭഗവാന്‍ പറഞ്ഞു.

"ഹേ!അര്‍ജ്ജുനാ പരമപ്രേമത്തോടെ ഭക്തര്‍ എന്നെ എന്തു വിളിച്ചാലും എനിക്കു പ്രിയം തന്നെ.എന്നാൽ ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം.

" എന്‍റെ 28നാമങ്ങള്‍ ഏറ്റവും ശ്രേഷ്ഠവും എനിക്കു പ്രിയപ്പെട്ടതുമാണ് ".

ഈ നാമങ്ങള്‍ മൂന്ന് സന്ധ്യകളിലും അമാവാസി ,ഏകാദശി,എന്നീ ദിവസങ്ങളിലും ഭക്തിയോടു കൂടി ജപിക്കുന്നവന് എന്നില്‍ നിഷ്കാമമായ പ്രേമം ഉണ്ടാകാനും എന്നില്‍ ഐക്യമുണ്ടാകുവാനും സാധിക്കും.കലികാലത്ത് ഈ നാമങ്ങള്‍ക്ക് വളരെ പ്രാധാന്യം ഉണ്ട്. കാരണം കലിയില്‍ നാമജപം കൊണ്ട് വളരെ പെട്ടെന്ന് മുക്തി സംഭവിക്കുന്നു.

മത്സ്യം കൂര്‍മ്മം വരാഹം ച
വാമനം ച ജനാര്‍ദ്ദനം
ഗോവിന്ദം പുണ്ഡരീകാക്ഷം
മാധവം മധുസൂതനം
പത്മനാഭം സഹസ്രാക്ഷം
വനമാലി ഹലായുധം
ഗോവര്‍ധനം ഹൃഷികേശം
വൈകുണ്ഡം പുരുഷോത്തമം
വിശ്വരൂപം വാസുദേവം
രാമം നാരായണം ഹരി 
ദാമോദരം ശ്രീധരം ച 
വേദാoഗo ഗരുഡദ്വജം
അനന്തം കൃഷ്ണഗോപലം 
ജപതോ നാസ്തി പാതകം

Saturday, May 20, 2017

ധാരണയ്ക്കുള്ള മുഖ്യ സാരം


1. ഓര്മ്മയിലിരിക്കുന്നതിന്റെ അഭ്യാസത്തെ വര്ദ്ധിപ്പിക്കണം. ഈ യാത്രയില് ഒരിക്കലും ക്ഷീണിക്കുകയോ ഒഴിവുകഴിവുകള് പറയുകയോ ചെയ്യരുത്. ഓര്മ്മയുടെ മുഴുവന് ചാര്ട്ടും വെക്കണം. ഭക്ഷണം ഈശ്വര ചിന്തയിൽ ഉണ്ടാക്കുകയും  കഴിക്കുകയും വേണം.

2. ബുദ്ധികൊണ്ട് പരിധിയില്ലാത്ത സന്യാസം ചെയ്യണം. ഈ പഴയ ലോകത്തെ ബുദ്ധികൊണ്ട് ത്യജിക്കണം. ഉണര്ന്നുവെങ്കില് മറ്റുള്ളവരെ ഉണര്ത്തണം.

വരദാനം :-മഹാനതയോടൊപ്പം വിനയത്തെയും ധാരണ ചെയ്ത് സര്വ്വരുടേയും ബഹുമാനം പ്രാപ്തമാകുന്ന സുഖം നല്കുന്നവരായി ഭവിക്കട്ടെ!
മഹാനതയുടെ അടയാളമാണ് വിനയം. എത്രയും മഹാനാണ് അത്രയും വിനയമുണ്ടായിരിക്കും എന്തുകൊണ്ടെന്നാല് സദാ നിറഞ്ഞിരിക്കുകയാണ്. ഏതുപോലെ വൃക്ഷം പഴങ്ങളാല് നിറയുമ്പോള് അത്രയും കുനിയുന്നു. വിനയം തന്നെയാണ് സേവനം ചെയ്യുന്നത്. ആരാണോ വിനയമുള്ളവര് അവര്ക്ക് സര്വ്വരുടേയും ബഹുമാനം ലഭിക്കുന്നു. ആരാണോ അഭിമാനത്തിലിരിക്കുന്നത് അവര്ക്ക് ആരും തന്നെ ബഹുമാനം നല്കുകയില്ല, അവരില് നിന്ന് അകന്നു പോകുന്നു. വിനയമുള്ളവര് എവിടെപ്പോയാലും, ഏന്തുതന്നെ ചെയ്താലും അത് സുഖദായിയായിരിക്കും. അവരില് നിന്നും സര്വ്വര്ക്കും സുഖത്തിന്റെ അനുഭൂതിയുണ്ടാകും.

സ്ലോഗൻ  :-ഉദാസീനതയെ വിടനല്കുന്നതിന് സന്തോഷത്തിന്റെ ഖജനാവിനെ സദാ കൂടെ വെക്കൂ.

Friday, May 19, 2017

തിരുവാരൂരിലെ സിദ്ധസമാധി














പ്രസിദ്ധ തമിഴ് സിദ്ധയോഗിയായ (18 സിദ്ധർ ) കമല മുനിയുടെ സമാധി ഉൾക്കൊള്ളുന്ന പുണ്യസ്ഥലം .
തിരുവാരൂർ !
ഏകദേശം നാലായിരത്തോളം വർഷം ഇദ്ദേഹം ഇവിടെ സമാധിയിലിരുന്നതായി പറയപ്പെടുന്നു.
രണ്ടാം ചോള രാജധാനിയെന്നറിയപ്പെടുന്ന തിരുവാരൂരിലെ ത്യാഗരാജ സ്വാമി ക്ഷേത്ര പരിസരത്താണ് ഈ സിദ്ധസമാധി കുടികൊള്ളുന്നത്.
ചുറ്റും വൻമതിലുകളാൽ സംരക്ഷിതമായ അതി വിസ്തൃതമായ ക്ഷേത്ര പരിസരത്ത് ഇതോടൊപ്പം ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടേതെന്ന് പറയുന്ന ധാരാളം സമാധി കോവിലുകളും കാണുവാൻ കഴിയും.
അതു കൊണ്ടു തന്നെ അതിപ്രാചീനകാലം മുതലേ ഇവിടം ഒരു സിദ്ധ കേന്ദ്രമായിരുന്നിരിക്കാം എന്നു കരുതാം.
കുണ്ഡലിനി ശക്തിയെ അടിസ്ഥാന തത്വമാക്കി ആരാധിച്ചിരുന്ന, അതു തന്നെ പ്രകൃതിയായും അമ്മയായും സർവ്വ ചരാചരത്തിേന്റെയും അടിസ്ഥാന ശക്തിയായും കരുതുന്ന ഒരു സിദ്ധാന്തത്തിന്റെ, ആ സൈദ്ധാന്തികതയുടെ ഗുരു നാഥന്റെ സമാധി സ്ഥലമാണിവിടെയെന്ന് കരുതുവാൻ തന്നെ ബുദ്ധിമുട്ട്.
അതിസങ്കീർണ്ണമായ ശാസ്ത്രതത്വങ്ങളെ നിഗൂഢ മാർഗ്ഗങ്ങളുടെ ഗ്രഹിച്ച് ആ തത്വങ്ങളും മാർഗ്ഗങ്ങളും അതിലളിതമായ പാടലുകളിലൂടെ പിൻതലമുറക്ക് നൽകിയെങ്കിലും അവ വ്യത്യസ്ത കാലഘട്ടത്തിൽ വ്യത്യസ്ത ബോധതലത്തിൽ പെട്ടവർ പല രീതിയിൽ വ്യാഖ്യാനിച്ചതോ ഉൾക്കൊണ്ടതു കൊണ്ടോ ആകാം ഈ അതിപ്രാചീന സിദ്ധസമാധി അതി ബ്രഹത്തായ ക്ഷേത്രസമുച്ചയമായി മാറുവാൻ കാരണമെന്നു തോന്നുന്നു.
പതിനെട്ടു സിദ്ധരിൽ പ്രസിദ്ധമാണ് കമല മുനിയെങ്കിലും ഇത് ഇദ്ദേഹത്തിന്റെ ആർജ്ജിത നാമമെന്ന് പൊതുവേ പറയുന്നു. അതാകട്ടെ ബോധത്തിന്റെ അത്യഗാധതലങ്ങളിലൂടെ കടന്നുപോയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും.
അത് അനുഭത്തിൽ സഹസ്രദളമായി ഉയർന്നു പൊങ്ങുമ്പോൾ കമലമുനിയായി വിളിക്കപ്പെടുന്നുവെന്നും .
ഈ അത്യഗാധ ബോധതലത്തിലെ വഴികളും അറിവുകളും സാധനകളായി ശിഷ്യഗണങ്ങൾക്ക് അനുഭവമെന്നും.
അല്ലാത്തവർ താമരക്കുളങ്ങും കൽ താമരകളും വിഗ്രഹങ്ങളും സൃഷ്ടിച്ച് സമയം പാഴാക്കുമെന്നും.
സിദ്ധയോഗികളിൽ പ്രധാനിയെങ്കിലും ഇദ്ദേഹത്തിന്റെ പാടലുകൾ തമിഴ് സാഹിത്യത്തിലും സൈദ്ധാന്തികതയിലും വളരെ കുറച്ചു മാത്രമേ വിശകലനം ചെയ്തിട്ടുള്ളുവെന്നു പറയുന്നു.
ഭോഗരുടെ സപ്ത കാണ്ഡത്തിൽ ഇദ്ദേഹത്തെ പറ്റി പ്രതിപാദ്യമുണ്ടെന്നും.

കടപ്പാട് : സിദ്ധ ലോകം | ഗിരീഷ്കുമാർ സരസ്വതി 

Thursday, May 18, 2017

ഒരു പൗരാണിക നർമം

ഒരിക്കൽ ചിത്രഗ്രുപ്തൻ ബ്രഹ്മാവിനോട് പറഞ്ഞു

" പ്രഭോ വരലക്ഷമിപൂജ നടത്തിയാൽ സ്ത്രീകൾക്ക് അടുത്ത ഏഴു ജന്മത്തിലും ഒരേ ഭർത്താവിനെത്തന്നെ ലഭിക്കും എന്ന പരിപാടി നിർത്തലാക്കണം"

" എന്തു പറ്റി "
" പ്രഭോ, ഭാര്യമാർക്ക് ഒരേ ഭർത്താവിനെത്തന്നെ വേണം. ഭർത്താക്കന്മാർക്കാവട്ടെ ഓരോ ജന്മത്തിലും പുതിയ പുതിയ ഭാര്യയെ വേണമെന്നും നിർബന്ധം."

സംഗതി പ്രശ്നമാണെന്ന് ബ്രഹ്മാവിന് തോന്നി' ഇനി എന്താണൊരു വഴി എന്ന് തല പുകഞ്ഞാലോചിക്കുമ്പോഴാണ് നാരദൻ അതുവഴി വന്നത്:

" ഇതിന് പ്രതിവിധിയുണ്ട് " നാരദൻ പറഞ്ഞു. ഭൂമിയിൽ ചാണക്യൻ എന്നൊരാൾ ജീവിച്ചിരിപ്പുണ്ട് - അദ്ദേഹത്തോട് ചോദിച്ചാൽ മതി"

ചിത്രഗുപ്തൻചാണക്യനരികിലെത്തി. കാര്യങ്ങൾ വിശദീകരിച്ചു. ചാണക്യൻ സൂത്രം പറഞ്ഞു കൊടുത്തു ഒരേ ഭർത്താവിനെത്തന്നെ വേണമെന്ന് വാശി പിടിക്കുന്നവരോട് പറയുക: ശരി അങ്ങിനെത്തന്നെ ലഭിക്കും എന്നാൽ ഏഴു ജന്മത്തിലും അവർക്ക് ഒരേ അമ്മായിയമ്മയെത്തന്നെ ആയിരിക്കും കിട്ടുക പ്രശ്നം അതോടെ തീർന്നു എന്നാണു് അറിയാൻ കഴിഞ്ഞത്.  

Wednesday, May 17, 2017

സാവിത്രി വ്രതം

അതീവ രഹസ്യമായ സാവിത്രീ മന്ത്രത്തെ കുറിച്ചും  വ്രതാനുഷ്ഠാനത്തെ കുറിച്ചുമൊക്കെ ലോകത്തിനുമുന്നിൽ വിളബരം ചെയ്തത് സാക്ഷാൽ മഹാവിഷ്ണുവാണ്. നാരദമുനിയുടെ മുന്നിലാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്.  ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷചതുർദശിയിലും, കൃഷ്ണപക്ഷത്രയോദശയിലുമാണ് സാവിത്രി വ്രതം അനുഷ്ഠിക്കേണ്ടത്.  "ശ്രിം ഹ്രീം ഐം സാവിത്ര്യൈ സ്വാഹാ"  ഇതാണ് അതി വിഷിഷ്ടമായ സാവിത്രീ മന്ത്രം.   മഹനീയമായ ഈ മന്ത്രത്തോടപ്പം സാവിത്രീവ്രതം അനിഷ്ഠിക്കുന്നതിന്ന്  ചിട്ടയോടുകൂടിയ ചര്യകാളാണ് ആവിശ്യം.  പതിനാല് വർഷകാലം ഭക്തിയോടെ അർച്ചന നടത്തണമെന്നാണ് ഈ വ്രതത്തിന്റെ പ്രധാനവിധി  പതിനാല് നൈവേദ്യത്തോടും, അത്രയും തന്നെ ഫലത്തോടും , പൂക്കളോടും, ധൂപത്തോടും, വസ്ത്രത്തോടും. കൂടിയാണ് അർച്ചന നടത്തേണ്ടത്,  ഭക്തിയോടുകൂടിയാണ് സാവിത്രീ ദേവിയെ ധാനിക്കേണ്ടത് .

സാവിത്രീ ധ്യാന മന്ത്രം

സപ്തകാഞ്ചന വർണ്ണാഭാം ജ്വലന്തിം *ബ്രഹ്മതേജസാ
ഗ്രീഷ്മ മാധ്യാഹ്ന മാർത്താണ്ഡേ   സഹസ്ര  സമ്മിതപ്രഭാം,
ഈഷദ്ധ്യാസ്യ  പ്രസന്നാസ്യാം രത്നഭൂഷണഭൂഷിതാം,
വഗ്നിദ്ധാം ശുകാധാനം ഭക്താനുഗ്രഹവിഗ്രഹാം
സുഖദാം മുക്തിദാം ശാന്താം  കാന്താം ച ജഗതാം വിധേഃ
സർവ സമ്പത് സ്വരൂപാം ച പ്രദാത്രീം സർവ സമ്പദാം വേദാധിഷ്ഠാതൃദേവിം ച വേദശാസ്ത്രസ്വരൂപിണിം
വേദാബീജസ്വരൂപാം ച     ഭജേതാം വേദമാതരം.

                     
സന്ധ്യാവന്ദനത്തിനുശേഷം സ്തുതിച്ചാൽ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിത്തരുന്നതാണ്  സാവിത്രീധ്യാനം. ആരാണോ   സന്ധ്യാവന്ദനത്തിനു ശേഷം ഈ സ്തുതി ആലപിക്കുന്നത് അയാൾക്ക് നാലു വേദങ്ങളും  ചൊല്ലിയതിന്റെ ഫലം സിദ്ധിക്കുമെന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. ഒരിക്കൽ സക്ഷാൽ ബ്രഹ്മാവുതന്നെ സാവിത്രീദേവിയെ സ്തുതിച്ച്  സന്തുഷ്ടയാക്കിയതും ഈ സ്തോത്രത്താലാണ്.

 ധ്യാനം

 “സച്ചിദാനന്ദസ്വരൂപേ ത്വം മൂലപ്രകൃതിരൂപിണി
ഹിരണ്യഗർഭരൂപേ ത്വം  പ്രസന്നാഭവസുന്ദരീ
തേജഃസ്വരൂപേ പരമേ പരമാനന്ദരൂപിണി
ദ്വിജാതീനാം ജാതിരൂപേ പ്രസന്നാ ഭവ സുന്ദരീ
നിത്യേനിത്യപ്രിയേദേവി നിത്യാനന്ദ സ്വരൂപിണീ
സർവമംഗളരൂപേ ച പ്രസന്നാ ഭവ സുന്ദരീ
സർവസ്വരൂപേ വിപ്രാണാം  മന്ത്രസാരേ പരാത്പരേ
സുഖദേ മോക്ഷദേ ദേവി പ്രസന്നാഭവ  സുന്ദരി
വിപ്രപാപേധ്മദാഹായ ജ്വാലദഗ്നിശിഖോപമേ        
ബ്രഹ്മതേജഃപ്രദേ ദേവി പ്രസന്നാ ഭവ സുന്ദരി
കായേന മനസാ വാചാ യത്പാപം കുരുതേനരഃ
തത്ത്വത്സ്മരണമാത്രേണ ഭസ്മീഭൂതം ഭവിഷ്യതി”

          അശ്വപതി രാജാവ് ഈ സ്തോത്രം ചൊല്ലി ദേവീ സാവിത്രിയെ പൂജിച്ചാണ് അഭിഷ്ടസിദ്ധി കൈവരിച്ചതെന്ന ദേവീ ഭാഗവതം പറയുന്നു. ആയിരം ആദിത്യന്മാർക്ക് തുല്യമായ പ്രഭയോടുകൂടി രാജാവിനുമുന്നിൽ പ്രത്യക്ഷയായ ദേവി ഇങ്ങനെ അരുളിചെയ്തു. "അല്ലയോ അശ്വപതി, എന്തുദ്ദേശിച്ചാണോ നീ നമ്മെ പൂജിക്കുകയും സ്തുതിക്കുകയും  ചെയ്തത് അത് താമസിയാതെ യാഥാർഥ്യമാകുന്നതണ്"

      സാവിത്രീദേവിയുടെ വരദാനതിന്റെ ഫലമായി അശ്വപതിക്ക്  സുന്ദരിയായ ഒരു പെൺകുട്ടിപിറന്നു . രാജദമ്പതിമാർ ആ പൈതലിന് സാവിത്രിയെന്നാണ് നാമകരണം ചെയ്തത്.  ജന്മനാൽ ബുദ്ധി വൈഭവവും സൗന്ദര്യവും കൈമുതലായിരുന്ന സാവിത്രി വിവാഹം ചെയ്തത് സത്യവാനെയായിരുന്നു. സത്യത്തിന്റെ പര്യായമായിരുന്നു അദ്ദേഹം സത്ഗുണങ്ങൾ തികഞ്ഞവനും ദ്യുമത്സേനന്റെ പുത്രനുമായിരുന്നു.

      സത്യവനും സാവിത്രിയും തമ്മിലുള്ള ദാമ്പത്യം ഏതാണ്ട് ഒരു  സംവൽസരം നീണ്ടുനിന്നു. അതിനിടയിലാണ് സത്യവാന് നേരെ യമപാശം വീണത്. ഫലമൂലങ്ങൾ ശേഖരിക്കാൻ സാവിത്രിക്കൊപ്പം വനത്തിലേക്കുപോയ സത്യവാൻ ഒരു വൃക്ഷത്തിൽ നിന്ന്  വിഴുകയും മരണപ്പെടുകയും ചെയ്തു. യമധർമ്മൻ  സത്യവാന്റെ ജീവനുംകൊണ്ട് യമലോകത്തേക്ക് യാത്രതിരിച്ചു.  എന്നാൽ തന്റെ പതിയുടെ ജീവനും കൊണ്ടുപോകുന്ന യമധർമ്മനെ സാവിത്രി പിന്തുടർന്നു.  ഇതുകണ്ട യമധർമ്മൻ  സംയമനത്തോടെയും വാൽസല്യത്തോടെയും സാവിത്രിയോട് പറഞ്ഞത് തത്വശസ്ത്രവചനം മാത്രമായിരുന്നില്ല.

        " പ്രിയ സാവിത്രി, നീയെന്താണു ചെയ്യുന്നത്?  മർത്യശരീരത്തോടൊപ്പം നിനക്ക് ഭർത്താവിനെ അനുഗമിക്കാനാകില്ല. അങ്ങനെ ചെയ്യണമെങ്കിൽ  നീയും ഈ ശരീരം വെടിയേണ്ടതുണ്ട്. പഞ്ചഭൂത നിർമ്മിതവും നശിക്കുന്നതുമായ ഈ ശരീരത്തോടപ്പം ആർക്കും  തന്നെ യമലോകത്തേക്ക് കടക്കാനാകില്ല. നിന്റെ ഭർത്താവിന്റെ ഈ ലോകത്തുള്ള വാസം അവസാനിച്ചിരിക്കുന്നു . ഇനി കർമഫലം അനുഭവിക്കേണ്ടതാണ്. അതിനുവേണ്ടിയാണ് ഈ ശരീരം ഉപേക്ഷിച്ചിരിക്കുന്നത്. ഒരു ജീവി പിറക്കുന്നതും ഇല്ലാതാകുന്നതും കർമ്മ കൊണ്ടാണ്. മാത്രമല്ല സുഖവും ദുഃഖവുമൊക്കെ അനുഭവിക്കുന്നതും കർമഫലത്താലാണ്. ഇന്ദ്രനായിത്തിരാനും ബ്രഹ്മപുത്രനായിത്തീരാനും വിഷ്ണുദാസനായിത്തീരാനുമൊക്കെ  കഴിയുന്നത് സ്വകർമഫലം കൊണ്ടാണെന്നറിയുക. എന്തിനും പിന്നിൽ സ്വന്തം കർമമാണെന്നറിഞ്ഞാലും."

         യമധർമന്റെ വാക്കുകൾക്കുമുമ്പിൽ കൂപ്പുകൈകളോടെനിന്ന  സാവിത്രി തന്റെ സംശയങ്ങൾക്കെല്ലാം നിവൃത്തിവരുത്തിച്ചെങ്കിലും  ഭർത്താവിനെ വിട്ടുതരണമെന്ന നിശ്ചയദാർഡ്യത്തിൽ നിന്നും  പിന്മാറാൻ ഒരുക്കമായിരുന്നില്ല.

       അവസാനമായി ധർമ്മരാജൻ സാവിത്രിക്ക് വിശിദീകരിച്ചുകൊടുത്തത്  നിർലോഭമായ ഭക്തിയെക്കുറിച്ചാണ്, അതു ദേവീഭക്തിയെപ്പറ്റി.

" ഹേ വത്സേ, ദേവീസേവയെത്തുടർന്ന് അതീവ ശ്രേഷ്ഠഫലങ്ങൾ തന്നെയായിരിക്കും ലഭിക്കുക. നിന്റെ നിശ്ചയദാർഡ്യം നമ്മുക്ക് പൂർണമായും മനസ്സിലായി കഴിഞ്ഞു. അതുകൊണ്ട് തന്നെ നിന്റെ ഭർത്താവിന്റെ ജീവൻ തിരികെനൽകുകയാണ്. ഇങ്ങനെ പറഞ്ഞ് സത്യവന്റെ ജീവൻ തിരികെ നൽകി മടങ്ങാൻ ഒരുങ്ങിയ യമദേവനു  മുന്നിൽ സാവിത്രി വിതുമ്പി  അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ പ്രണമിച്ചു. യമധർമ്മന്റെ തുടർന്നുള്ള വാക്കുകൾ അവളിൽ പുതിയൊരു ലോകം തീർത്തു.  " അല്ലയോ പുണ്യവതി , ഈ സുന്ദരഭൂമിയിൽ നീ ലക്ഷം വർഷം വസിക്കും ഭവനത്തിൽ മടങ്ങിയെത്തി സാവിത്രി വൃതം അനുഷ്ഠിച്ചാലും. "

    യമദേവന്റെ അനുഗ്രഹത്താൽ സാവിത്രീവ്രതം അനുഷ്ഠിച്ച സാവിത്രിക്ക് ഭൂവാസത്തിനിടയിൽ നിരവധി ശുഭാനുഭവങ്ങൾ ലഭിച്ചുവെന്നാണ് പുരാണപ്രസിദ്ധം. ഏതൊരു  സ്ത്രീയാണോ പതിനാലു വർഷക്കാലം സാവിത്രീവ്രതം അനുഷ്ഠിക്കുന്നത് അവൾക്ക് അത് മോക്ഷകാരണമായി  തീരുമെന്നാണ് വിശ്വാസം ....

Tuesday, May 16, 2017

നിര്‍വ്വാണഷട്കം

ഭഗവാന്‍ ആദിശങ്കരാചാര്യ വിരചിതം...

മനോ ബുദ്ധ്യഹംകാര ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണ നേത്രേ
ന ച വ്യോമ ഭൂമിര്‍ ന തേജോ ന വായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.

ഞാന്‍ മനസ്സോ, ബുദ്ധിയോ, അഹംകാരമോ, മാനസിക വൃത്തിയോ അല്ല. ഞാന്‍ പഞ്ചേന്ദ്രിയങ്ങളല്ല, അവയ്ക്കെല്ലാം അതീതനാണ്. ഞാന്‍ ആകാശമോ, ഭൂമിയോ, അഗ്നിയോ, വായുവോ (പഞ്ച ഭൂതങ്ങള്‍) ആല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.

ന ച പ്രാണ സംജ്ഞോ ന വൈ പഞ്ച വായുഃ
ന വാ സപ്ത ധാതുര്‍ ന വാ പഞ്ച കോശഃ
ന വാക്ക് പാണി പാദൌ ന ചോപസ്ഥപായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.

എന്നെ പ്രാണനെന്നു പറയാനാവില്ല. ഞാന്‍ അഞ്ചുതരത്തില്‍‍ ഉള്ള വായുക്കളുമല്ല.
ഞാന്‍ ഏഴ് ധാതുക്കളുമല്ല, അഞ്ചു കോശങ്ങളുമല്ല. നിരാകരണം, ഉത്പാദനം, വിസര്‍ജ്ജനം, ഗ്രഹണം, സംസാരം എന്നീ അഞ്ച് ക്രിയകള്‍ക്കുള്ള ഉപകരണങ്ങളുമല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.

ന മേ ദ്വേഷരാഗൌ ന മേ ലോഭമോഹൌ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ
ന ധര്‍മ്മോ ന ചാര്ത്ഥോ ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപ: ശിവോഹം ശിവോഹം.

എനിക്ക് ദ്വേഷമോ ഇഷ്ടമോ ഇല്ല. ലോഭ,മോഹങ്ങളില്ല. അത്യാഗ്രഹമില്ല, മിഥ്യാ ഭ്രമമില്ല, മദമില്ല, ഗര്വ്വമില്ല, ധര്‍മ്മമോ, അര്‍ത്ഥമോ, കാമമോ, മോക്ഷമോ ഇല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.

ന പുണ്യം ന പാപം ന സൌഖ്യം ന ദു:ഖം
ന മന്ത്രോ ന തീര്‍ത്ഥം ന വേദോ ന യജ്ഞാഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം.

എനിക്ക് പാപമോ പുണ്യമോ ഇല്ല. ഞാന്‍ സത്പ്രവൃത്തിയോ ദുഷ്പ്രവൃത്തിയോ ചെയ്യുന്നില്ല. എനിക്ക് ദു:ഖമോ സുഖമോ ഇല്ല. വേദനയോ സന്തോഷമോ ഇല്ല. എനിക്ക് മന്ത്രങ്ങളുടെയോ, പുണ്യതീര്‍ത്ഥങ്ങളുടെയോ, വേദങ്ങളുടെയോ, യജ്ഞങ്ങളുടെയോ, ആവശ്യമില്ല. ഞാന്‍ അനുഭവത്തിന്‌ സാക്ഷിയോ, അനുഭവിക്കുന്നവനൊ, അനുഭവിക്കപ്പെടുന്ന വസ്തുവോ, ഇവ മൂന്നും അല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.

ന മേ മൃത്യുശങ്കാ ന മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ
ന ബന്ധുര്‍ ന മിത്രം ഗുരുര്‍ നൈവ ശിഷ്യഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.

എനിക്ക് മരണമില്ലാത്തതുകൊണ്ട് മരണഭയം ഇല്ല. എന്‍റെ യഥാര്‍ത്ഥ സത്തയില്‍നിന്ന് വേര്‍പിരിയല്‍‍ ഇല്ല. എന്‍റെ അസ്തിത്വത്തെക്കുറിച്ച് സംശയമില്ല. എനിക്ക് ജാതിഭേദമില്ല. എനിക്ക് പിതാവും, മാതാവുമില്ല, ജന്മം ഉണ്ടായിട്ടും ഇല്ല. ഞാന്‍ ബന്ധുവോ, മിത്രമോ, ഗുരുവോ, ശിഷ്യനോ അല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.

അഹം നിര്‍വ്വികല്പോ നിരാകാര രൂപഃ
വിഭുര്‍ വ്യാപ്യ സര്‍വ്വത്ര സര്‍വ്വേന്ദ്രിയാണാം
സദാ മേ സമത്വം ന മുക്തിര്‍ ന ബന്ധഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.

ഞാന്‍ സര്‍വ്വവ്യാപിയാണ്. നാമവും രൂപവും, ആകാരവും എനിക്കില്ല. ലോകത്തോടോ, മുക്തിയോടോ, എനിക്ക് അടുപ്പം ഇല്ല. എനിക്ക് ആഗ്രഹങ്ങളില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ എല്ലാമാണ്, എല്ലായിടത്തും ഉണ്ട്, എല്ലാ സമയത്തും ഉണ്ട്, ഞാന്‍ സമതുലിതാവസ്തയിലാണ്. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.

Monday, May 15, 2017

ഭക്തിയിൽ അല്പം പോലും സംശയത്തിനു സ്ഥാനമില്ല.

രു നദിയ്ക്ക്‌ അക്കരെ ഒരു അമ്പലമുണ്ടായിരുന്നു. അവിടെ അഭിഷേകം നടത്താനായി എല്ലാദിവസവും പാല് എത്തിക്കാൻ വേണ്ടി ഒരു സാധു സ്ത്രീയെ ആണ് ഏർപ്പാടാക്കിയിരുന്നത്. ഈ സ്ത്രീ എല്ലാ ദിവസവും നദിയ്ക്ക് ഇക്കരെ നിന്ന് വള്ളത്തിൽ കയറി മറുകരെ കടന്നു ക്ഷേത്രത്തിലേയ്ക്കുള്ള പാല് എത്തിച്ചു പോന്നു. ഒരു ദിവസം പാല് കൊണ്ടുവന്നപ്പോൾ വൈകിപ്പോയി. ക്ഷേത്രത്തിലെ പുരോഹിതന് ശരിക്കും വിഷമം വന്നു... അഭിഷേകത്തിന്റെ സമയം തെറ്റിയല്ലോ. എന്താണ് വൈകിയത് എന്ന് അദ്ദേഹം സ്ത്രീയോട് ചോദിച്ചു. കടത്തുകാരൻ വരാൻ വൈകിയത് കൊണ്ടാണ് താമസിച്ചു പോയത് എന്ന് സ്ത്രീ മറുപടി നൽകി.
അപ്പോഴത്തെ നീരസത്തിൽ പുരോഹിതൻ പറഞ്ഞു "എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്? ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കിൽ വേഗം വരാമായിരുന്നല്ലോ." ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൌരവം മുഖത്ത് വരുത്തി കൊണ്ടാണ് പുരോഹിതൻ സംസാരിച്ചത്. അതിനാൽ തന്നെ ആ സാധു സ്ത്രീ ഇത് ഗൌരവമായി എടുത്തു. പുരോഹിതൻ ആത്മാർഥമായി തനിക്കു ഉപദേശം നല്കിയതാണ് എന്നാണു ആ സ്ത്രീ കരുതിയത്‌.
പിറ്റേ ദിവസം മുതൽ എല്ലാ തവണയും ആ സ്ത്രീ നേരത്തെ തന്നെ പാൽ കൊണ്ട് വന്നു തുടങ്ങി. പുരോഹിതന് കൌതുകം തോന്നി ചോദിച്ചു. "ഇപ്പൊ എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ വരാറുണ്ടല്ലോ. അത് നല്ലത് തന്നെ."
സ്ത്രീ പറഞ്ഞു "അയ്യോ സ്വാമീ, അങ്ങ് തന്നെയാണ് അതിനു കാരണം. അങ്ങ് പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു. ഇപ്പോൾ കടത്തു കാരൻ വരാൻ വേണ്ടി ഞാൻ കാത്തു നിൽക്കാറില്ല. ഈശ്വര നാമം ജപിച്ചു നദിക്കു മുകളിലൂടെ നടന്നു പോരും."

പുരോഹിതനു വിശ്വാസമായില്ല... അതൊന്നു കാണിച്ചു തരൂ എന്നായി അദ്ദേഹം. ഇത് കേട്ട സ്ത്രീ അദ്ദേഹത്തെയും കൂട്ടി നദിക്കരയിലെത്തി, എന്നിട്ട് ആ സ്ത്രീ ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു പോയി. ഇത് കണ്ട പുരോഹിതന് ആശ്ചര്യമായി. വിദ്യാഭ്യാസം പോലുമില്ലാത്ത ഈ സ്ത്രീയ്ക്ക് ഇത് കഴിയുമെങ്കിൽ പിന്നെ എല്ലാ ഗ്രന്ഥങ്ങളും പൂജകളും ഒക്കെ പഠിച്ച തനിക്കു തീര്ച്ചയായും ഇത് കഴിയുമല്ലോ എന്ന് പുരോഹിതൻ കരുതി. ഈ സ്ത്രീ ഉരുവിട്ടത് പോലെ അതെ ഈശ്വരനാമവും ജപിച്ചു പുരോഹിതൻ നദിയിലേയ്ക്ക് കാലെടുത്തു വച്ചു. പക്ഷെ അദ്ദേഹത്തിന്റെ കാലുകൾ വെള്ളത്തിൽ താഴ്ന്നു പോയി.

തിരിഞ്ഞു നോക്കിയ സ്ത്രീ ഇതു കണ്ടു പറഞ്ഞു "സ്വാമീ...അങ്ങ് ഈശ്വര നാമം ജപിക്കുന്നുണ്ട്. പക്ഷെ എന്തിനാണ് വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിക്കുന്നത്‌? അത് ഈശ്വരനാമത്തിൽ പൂർണ്ണ വിശ്വാസമില്ലാത്തത്‌ കൊണ്ടല്ലേ? "

ചില പ്രധാനപ്പെട്ട തത്വങ്ങൾ എളുപ്പത്തിൽ ഈ കഥയിലൂടെ മനസ്സിലാക്കാം..

വെള്ളത്തിൽ കാലു താണു പോയേക്കാം എന്ന സംശയം പുരോഹിതന്റെ മനസ്സില് ഉണ്ടായിരുന്നു. അതാണ്‌ വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിച്ചത്. അതായത് താൻ ചെയ്യുന്ന പ്രവൃത്തിയിൽ അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. മനസ്സിൽ സംശയം ബാക്കി വച്ചിട്ട് പുറമേ നാമജപം നടത്തിയിട്ട് ഫലമില്ല എന്നർഥം. ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം, അതിൽ സംശയത്തിന്റെ കണിക പോലും ഉണ്ടാവാൻ പാടില്ല.

അത് പോലെ എത്ര ഗ്രന്ഥങ്ങൾ പഠിച്ചാലും ഈശ്വരാനുഗ്രഹം കിട്ടണമെന്നില്ല എന്നും, ഈശ്വരാനുഗ്രഹം ലഭിക്കാൻ ആരും പണ്ഡിതർ ആവേണ്ട കാര്യമില്ല എന്നും ഈ കഥയിലൂടെ മനസിലാക്കാം.

(ശ്രീ രാമ കൃഷ്ണപരമഹംസൻ)

Sunday, May 14, 2017

ആദി രാമായണം

ദിരാമായണം എന്നൊരു രാമായണമുണ്ട്. രചയിതാവ് സാക്ഷാൽ ബ്രഹ്മാവ് തന്നെ. നൂറുകോടി ശ്ലോകങ്ങളുള്ള ആ രാമയണം തന്റെ മാനസപുത്രനായ നാരദനു ഉപദേശിച്ചു കൊടുത്തു.നാരദൻ അത് മഹർഷി വാല്മീകിക്കു പറഞ്ഞു കൊടുത്തു.അങ്ങനെയാണ് രാമായണത്തിനു പ്രതിഷ്ഠ ലഭിക്കുന്നത്. വാമൊഴിയായി ലഭിച്ച രാമകഥയെ വാല്മീകി മഹർഷി വരമൊഴിയിലാക്കി ലോകത്തിനു നൽകി- ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ. വാമൊഴി രാമായണം അങ്ങനെ വരമൊഴി രാമായണമായി. കേൾവിപ്പെട്ട രാമായണം എഴുതപ്പെട്ട, കാണപ്പെട്ട രാമായണമായി. ബ്രഹ്മദേവനിൽ നിന്ന് അനുഗ്രഹം നേടിയാണ് വാല്മീകി രാമായണ രചന നിർവഹിച്ചത്. ഉത്തമമായ മനുഷ്യത്വത്തിന്റെ വഴിതെളിച്ചു കാണിക്കുകയായിരുന്നു ഇതിലൂടെ. തുടക്കം തന്നെ നാരദമഹർഷിയോടുള്ള ഒരു വലിയ ചോദ്യമാണ്; ഒപ്പം അപേക്ഷയും."സർവ്വ ഗുണസമ്പന്നനായ, ഉത്തമനായ മനുഷ്യൻ എവിടെയെങ്കിലുമുണ്ടോ മഹർഷേ? ഉണ്ടെങ്കിൽ അദ്ദേഹത്തെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും " എന്ന്. ഉത്തമ മനുഷ്യരെ വളർത്തിയെടുക്കുന്നതിൽ ഋഷിമാരുടെ, ഗുരുക്കന്മാരുടെ സാമീപ്യവും അനുഗ്രഹവും രചനകളും വഹിക്കുന്ന പങ്ക് ചെറുതല്ല.സത്സംഗങ്ങളിലൂടെയാണ് ഒരാൾ സൽകർമ്മങ്ങൾ ചെയ്യുന്നതിനും തിന്മകളുടെ രാക്ഷസീയതയെ ജയിക്കുന്നതിനും ശക്തനായി തീരുന്നത്.രാമായണത്തിന്റെ സൂക്ഷ്മവായന ഇക്കാര്യം നമുക്ക് ബോധ്യമാക്കി തരും. രാമായണത്തിൽ വരുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അഞ്ചു മണ്ഡലങ്ങളായി വകയിരുത്താം. ദേവ മണ്ഡലം, മുനിമണ്ഡലം, പുരുഷ മണ്ഡലം, പ്രകൃതി മണ്ഡലം, രാക്ഷസ മണ്ഡലം എന്നിങ്ങനെ. ദേവ മണ്ഡലത്തിൽ ഉൾപ്പെടുത്താവുന്നത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഇന്ദ്രൻ, സരസ്വതി തുടങ്ങിയ ദേവകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.മുനി മണ്ഡലത്തിൽ നാരദൻ ഉൾപ്പടെ പ്രശസ്തരും അപ്രശസ്തരുമായ ഋഷിമാർ വരുന്നു. വസിഷ്ഠൻ, വാല്മീകി, ഭരദ്വാജൻ, അഗസ്ത്യൻ എന്നിവരാണ് പ്രധാനികൾ. പുരുഷ മണ്ഡലത്തിൽ വരുന്നത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമാണ്. മനുഷ്യ മണ്ഡലമെന്നാണ് ഉദ്ദേശിക്കുന്നത്.പുരുഷാരം എന്നാൽ ജനക്കൂട്ടമാണല്ലോ. ഈ വിഭാഗത്തിൽ രാജാക്കൻമാരും മന്ത്രിമാരും പ്രജകളും ഉൾപ്പെടുന്നു. പ്രകൃതി മണ്ഡലം പക്ഷിമൃഗാദികളും ,നദി, പർവ്വതം, സമുദ്രം എന്നിവയെല്ലാം ചേരുന്ന ഒന്നാണ്. ജടായു , സമ്പാതി, സുഗ്രീവാദികളും, സരയ്യു, ഗോദാവരി, ചിത്രകൂടം, മൈനാകം, പഞ്ചവടി എല്ലാം ഇതിൽ പെടും. എന്നാൽ ദേവ - ഋഷീ-പുരുഷ -പ്രകൃതി മണ്ഡലങ്ങളിലെല്ലാം പറയാവുന്ന ഒരു ഗംഭീര കഥാപാത്രം രാമായണത്തിലുണ്ട് . അത് സാക്ഷാൽ ഹനുമാനാണ്. രാക്ഷസാന്തകൻ ഹനുമാൻ . തമോഗുണങ്ങളുടെ, തിന്മകളുടെ, വികൃതരൂപങ്ങളത്രെ രാക്ഷസ മണ്ഡലത്തിലുള്ളത്. രാവണ - ശൂർപ്പണഖ - വിരാധക ബന്ധാദികൾ. വിത്യസ്തത പുലർത്തുന്ന വിഭീഷണനെയും കാണാം. ഋഷി മണ്ഡലത്തിൽ രാമന്റെ വഴികാട്ടികളെന്നും പ്രധാന സംഭവങ്ങൾക്കു കാരണക്കാരെന്നും പറയാവുന്നവർ നാരദൻ, വാല്മീകി, ഋശ്യശൃംഗൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ശ്രാവണൻ, ഭരദ്വാജൻ, അത്രീ, ശരഭംഗൻ, സുതീക്ഷ്ണൻ , അഗസ്ത്യൻ, വിശ്രവസ്സ്, എന്നിവരാണ്.

Saturday, May 13, 2017

അഹം ബ്രഹ്മാസ്മി!!!!

എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര. നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം. വരൂ. കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു? മനസ്സ് ഉത്തരം പറഞ്ഞു. അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്. ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്? മനസ്സ് അതിനും ഉത്തരം നല്‍കി. നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്ന് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു. അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം. അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു? അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം. അങ്ങനെയെങ്കിൽ ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ? ഞാനോരു മരമായിരുന്നോ? അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്? ആ മരം വലിച്ചെടുത്ത ജല-ലവണകണികകളില്‍ ഞാനുണ്ടായിരുന്നോ? അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ? വെള്ളം ഭൂമിയില്‍ നിന്നും ഭൂമി പഞ്ചഭൂതങ്ങളില്‍ നിന്നുമല്ലേ ഉണ്ടായത്? അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ? ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ? അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്. ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്? ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ... ഒരു നേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . അതുകൊണ്ടാവണം ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്. ഈ ലോകത്ത് വേര്‍തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ.. എല്ലാം എന്‍റേത് തന്നെയല്ലേ.. ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ..പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു? ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്. ഞാന്‍ ജനനമരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന്‍ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു. ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം. സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്. അതെ. അഹം ബ്രഹ്മാസ്മി!!!!

Friday, May 12, 2017

യു.ജി.കൃഷ്ണമൂർത്തിയെ കുറിച്ച് ഓഷോ സംസാരിക്കുന്ന ഭാഗം:

 " യു.ജി. കൃഷ്ണമൂർത്തി ഒരു ദിവസം രമണമഹർഷിയെ കാണുവാൻ പോയി. അദ്ദേഹത്തിന് മഹർഷിയിൽ പ്രത്യേകിച്ച് ആകർഷണീയമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല കാരണം മഹർഷി ആ സമയം പച്ചക്കറികൾ മുറിക്കുകയായിരുന്നു. അതെ, രമണമഹർഷി ഇത്തരത്തിൽ സാധാരണക്കാരനായ ഒരു വ്യക്തിയായിരുന്നു. പച്ചക്കറി മുറിക്കുന്നു! ഒരു പക്ഷേ സുവർണ്ണ സിംഹാസനത്തിലിരിക്കുന്ന ഒരു മഹാത്മാവിനെ കാണുവാനായിരിക്കും യു.ജി.കൃഷ്ണമൂർത്തി പോയത്. രമണമഹർഷിയാവട്ടെ നിലത്തിരുന്ന് പച്ചക്കറികൾ മുറിക്കുന്നു! അതെ, അടുക്കളയിൽ ആഹാരം തയ്യാറാക്കുന്നതിനായി പച്ചക്കറികൾ മുറിക്കുന്നു! അദ്ദേഹം അത്യധികം നിരാശനായി മടങ്ങി. മറ്റൊരു ദിവസം അദ്ദേഹം മഹർഷിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം ഫലിത പുസ്തകം വായിക്കുകയായിരുന്നു. എല്ലാം തീർന്നു! ഈ മനുഷ്യന് ഒന്നും അറിയില്ല. ഇദ്ദേഹം വളരെ സാധാരണക്കാരനാണ്. ഈ ആശ്രമത്തിൽ നിൽക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല, ഇത്തരത്തിൽ ചിന്തിച്ചു കൊണ്ട് അദ്ദേഹം അവിടം ഉപേക്ഷിച്ചു പോയി. എന്നാൽ, ഞാൻ നിങ്ങളോടൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു: ഈ മനുഷ്യൻ, രമണ മഹർഷി, ലോകത്തിൽ ഇതുവരെ ജനിച്ചവരിൽ ഏറ്റവും മഹാൻമാരായ ബുദ്ധൻമാരിലൊരാളാണ്. അദ്ദേഹത്തിലെ ബുദ്ധത്വത്തിന്റെ പ്രവർത്തികളാണ് നമ്മൾ മുകളിൽ കണ്ടത്. യു.ജി. കൃഷ്ണമൂർത്തി ഒരു പ്രഹസനക്കാരനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നിരിക്കണം. അദ്ദേഹത്തിന് മഹർഷിയിലെ സാധാരണത്വവും അതിന്റെ സൗന്ദര്യവും മഹിമയും കാണുവാൻ കഴിഞ്ഞില്ല. ഇതേ യു.ജി. കൃഷ്ണമൂർത്തി ഋഷികേശത്തിലെ ശിവാനന്ദനോടൊപ്പം ഏഴു വർഷങ്ങൾ കഴിഞ്ഞു കൂടുകയും - അങ്ങേരാകാട്ടെ ഒരു വിഡ്ഢിയായിരുന്നു - യോഗ പരിശീലിക്കുകയും ചെയ്തിരുന്നു. എഴു വർഷം കൂടെ താമസിച്ചതിന് ശേഷം ശിവാനന്ദനിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്ന്‌ യു.ജി തിരിച്ചറിഞ്ഞു, അതായത്, നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം. അദ്ദേഹത്തിന് അത് തിരിച്ചറിയാൻ ഏഴ് വർഷങ്ങൾ വേണ്ടിവന്നു. ഇത് കാണിക്കുന്നത് അദ്ദേഹത്തിന്റെ അപക്വമായ മനസിനെയാണ്. ശിവാനന്ദനിൽ ഒന്നുമില്ലെന്ന് തിരിച്ചറിയാൻ ഏഴ് വർഷങ്ങൾ വേണ്ടിവന്നു. ഏഴ് നിമിഷങ്ങൾ പോലും ആവശ്യത്തിലധികമാണ്! എന്നാൽ രമണമഹർഷിയെ തിരിച്ചറിയുന്നതിന് അദ്ദേഹത്തിന് ഏഴു നിമിഷങ്ങൾ മതിയായിരുന്നു കാരണം അദ്ദേഹം പച്ചക്കറി അരിയുകയും ഫലിതങ്ങൾ വായിക്കുകയും കാർട്ടൂൺ നോക്കുകയുമായിരുന്നു! ഇത്തരത്തിലാണ് അഹന്തയിൽ കേന്ദ്രീകൃതമായ സാധാരണ മനസുകൾ തീരുമാനങ്ങളെടുക്കുന്നത്. അഹന്ത എപ്പോഴും വലുതിനെ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്, മറ്റൊരു വലിയ അഹന്ത. എന്നാൽ ഒരു യഥാർത്ഥ സന്യാസിക്ക് അഹന്തയില്ല, അദ്ദേഹം വെറും ഒരു സാധാരണക്കാരനെ പോലെ ജീവിക്കും. അവൻ അത്യധികം സാധാരണക്കാരനായിരിക്കും - അതാണ് അവന്റെ അസാധാരണത്വം! രമണമഹർഷി കൂടുതലും മൗനമായി ഇരിക്കാനാണിഷ്ടപ്പെട്ടിരുന്നത് അതുകൊണ്ട് തന്നെ അധികം പേരും അദ്ദേഹത്തിന്റെ മഹിമ തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഒരിക്കൽ ഒരാൾ ദൈവത്തെ കുറിച്ച് മഹർഷിയോട് ഒരു ചോദ്യം ചോദിച്ചു, യു.ജി. കൃഷ്ണമൂർത്തിയും അവിടെ ഉണ്ടായിരുന്നു. വളരെ ആത്മാർത്ഥതയോടെ, മഹർഷിയെ നമസ്കരിച്ചിട്ട് അദ്ദേഹം ദൈവത്തെ കുറിച്ച് ചോദിച്ചു. മഹർഷി എന്താണ് ചെയ്തത് എന്ന് നിങ്ങൾക്ക് അറിയാമോ? അദ്ദേഹം തന്റെ കൈയ്യിലിരുന്ന ഫലിത പുസ്തകം കൊടുത്തിട്ട് പറഞ്ഞു "വായിച്ചോള്ളൂ" സ്വാഭാവികമായും, യു.ജി.കൃഷ്ണമൂർത്തിക്ക് സ്വയം പരിഹാസ്യമായതു പോലെ തോന്നി. ഇത് മര്യാദയാണോ? ഇത്രയും പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യം ചോദിച്ച വ്യക്തിക്ക് ഫലിത പുസ്തകം കൊടുക്കുക എന്നത് അയാളെ അപമാനിക്കുന്നതിന് തുല്യമാണ്. യു.ജിയെ സംബന്ധിച്ച് ഒരടി കിട്ടിയത് പോലെയായി! മഹർഷി പറയുന്നതെന്താണെന്ന് വച്ചാൽ, "എന്ത് വിഡ്ഢിത്തമാണ് നിങ്ങൾ ചോദിക്കുന്നത്, ദൈവം?" അത് സംസാരിക്കുവാനുള്ള ഒരു വിഷയമല്ല. അതിനെക്കാളും നല്ലത് ഒരു ഫലിതം വായിച്ച് ഒന്നുറക്കെ ചിരിക്കുന്നതാവും. "നിങ്ങൾക്ക് ചിരിക്കാനാവുമെങ്കിൽ, നിങ്ങൾക്ക് ദൈവത്തെ അറിയാൻ കഴിഞ്ഞെന്നിരിക്കും - അല്ലാതെ ഞാൻ പറയുന്നതിലൂടെ നിങ്ങൾക്കത് ഗ്രഹിക്കുവാൻ കഴിയില്ല. നിങ്ങൾക്ക് ഹൃദയം തുറന്ന് ചിരിക്കാനാവുമെങ്കിൽ, ആ നിമിഷം ചിന്തകൾ നിശ്ചലമാകും." ബുദ്ധൻ മഹാകശ്യപന് ഒരു പുഷ്പം കൈമാറിയപ്പോൾ അദ്ദേഹത്തിന് ആത്മാനുഭവം ഉണ്ടായത് പോലെ മഹർഷി ഫലിത പുസ്തകം കൈമാറുമ്പോൾ എന്തോ ഒരു അത്ഭുതം അവിടെ സംഭവിക്കുകയായിരുന്നു എന്നാൽ യു.ജി. കൃഷ്ണമൂർത്തിക്ക് അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് കാണാൻ കഴിഞ്ഞില്ല. അതിന് ശേഷം അദ്ദേഹം ജെ.കൃഷ്ണമൂർത്തിയെയും നഷ്ടപ്പെടുത്തി. ജെ.കൃഷ്ണമൂർത്തിയോടൊപ്പവും അദ്ദേഹം വർഷങ്ങൾ ചിലവഴിച്ചു. ജെ.കൃഷ്ണമൂർത്തിയാവട്ടെ തന്റെ ആശയം പ്രകാശിപ്പിക്കുന്നത് വളരെ വ്യത്യസ്തമായ ശൈലിയിലാണ്, വളരെ ബുദ്ധിപൂർവ്വവും വസ്തുനിഷ്ഠവുമായിട്ടാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നത്‌. മനസുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്, പതിയെ പതിയെ അദ്ദേഹം നമ്മെ മനസിനുമപ്പുറത്തേക്ക് നയിക്കും. എന്നാൽ ഈ ഭാഗത്ത്, യു.ജി. കൃഷ്ണമൂർത്തി കരുതി ഇതെല്ലാം വെറും ഊഹാപോഹങ്ങളും തത്വചിന്തകളുമാണെന്ന്. അദ്ദേഹം ജെ.കൃഷ്ണമൂർത്തിയുടെ അടുത്ത് പോകുന്നതും നിറുത്തി കാരണം അദ്ദേഹം പറയുന്നതെല്ലാം ഊഹാപോഹങ്ങളാണത്രേ! രമണമഹർഷിയുടെ അടുത്ത് തത്വചിന്താപദ്ധതി ഇല്ല എന്ന കാരണം പറഞ്ഞാണ് യു.ജി ഇറങ്ങിപ്പോയത് എന്നാൽ ജെ.കൃഷ്ണമൂർത്തിയിൽ തത്വചിന്ത കൂടിപ്പോയി എന്ന കുറ്റമാണ് അദ്ദേഹം കണ്ടത്. രണ്ടു പേരെയും അദ്ദേഹം നഷ്ടപ്പെടുത്തി. എന്നാൽ അദ്ദേഹം ഋഷികേശത്തിലെ ശിവാനന്ദനോടൊപ്പം ഏഴു വർഷങ്ങൾ താമസിച്ച് യോഗാസനങ്ങൾ പരിശീലിച്ചു. അതായത്, ഏഴ് വർഷങ്ങൾ അദ്ദേഹം കരുതി "ഇവിടെ എന്തോ ഉണ്ട്." പക്ഷേ അവിടെ ഒന്നും ഉണ്ടായിരുന്നില്ല! ശിവാനന്ദൻ വളരെ സാധാരണക്കാരനായ ഒരു ആചാര്യനാണ്. അദ്ദേഹത്തെപ്പോലുള്ള ഡസൻ കണക്കിന് ആചാര്യന്മാരെ നമുക്ക് ഈ രാജ്യത്തിന്റെ പല കോണുകളിലും കാണാവുന്നതാണ്‌, എങ്ങനെ തലകുത്തി നിൽക്കാം തുടങ്ങി പല വിഡ്ഢിത്തങ്ങളും അവർ നിങ്ങളെ പഠിപ്പിക്കും. അവിടെ അദ്ദേഹം ഒരു ശിഷ്യനായി ഏഴു വർഷങ്ങൾ കഴിച്ചു കൂട്ടി. ഇവിടെ അദ്ദേഹം രണ്ട് മഹത്തുക്കളെയാണ് നഷ്ടപ്പെടുത്തിയത്.... ഇതു തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് ഒരു മനസുണ്ട്, ഒരു പ്രത്യേകതരം മനസ്. ഒരു ആചാര്യന്റെ അടുത്ത് ചെന്ന് നിങ്ങൾ നിങ്ങളുടെ സ്വന്തം മനസു വച്ചാണ് അദ്ദേഹത്തെ അളക്കുന്നത്. നിങ്ങളുടെ മനസിന്റെ അളവുകോലുമായി പൊരുത്തപ്പെടുമെങ്കിൽ നിങ്ങൾക്ക് സന്തോഷമാകും; നിങ്ങൾ അദ്ദേഹവുമായി ഒട്ടിച്ചേരും. എന്നാൽ അത് നിങ്ങൾക്ക് ഒരു സഹായവും ചെയ്യില്ല, കാരണം നിങ്ങളുടെ മനസുമായി അദ്ദേഹം പൊരുത്തപ്പെടുകയാണെങ്കിൽ അവിടെ നിങ്ങളുടെ മനസ് കൂടുതൽ സുദൃഢമാവുകയാണ്. നിങ്ങൾ യാഥൃശ്ചികമായെങ്കിലും ഒരു യഥാർത്ഥ ഗുരുവിന്റെ സന്നിധിയിലെത്തുകയാണെങ്കിൽ അദ്ദേഹം നിങ്ങളുടെ മനസുമായി പൊരുത്തപ്പെടണമെന്നില്ല. ഒരു ഗുരു എങ്ങനെ ആയിരിക്കണം എന്നുള്ള നിങ്ങളുടെ എല്ലാ ധാരണകളും അദ്ദേഹം തകിടം മറിച്ചു കളയും. അദ്ദേഹം നിങ്ങളെ തകർത്തു തരിപ്പിണമാക്കും. നിങ്ങളുടെ എല്ലാ പ്രതീക്ഷകളും അദ്ദേഹം മാറ്റിമറിക്കും. അദ്ദേഹം നിങ്ങളെ നിരാശനാക്കും, നിങ്ങളെ പല രീതിയിലുള്ള മോഹഭംഗങ്ങളിലൂടെ കടത്തിവിടും കാരണം നിങ്ങളിൽ ഏതെങ്കിലും രീതിയിൽ ഒരു ശരിയായ പ്രവർത്തനം തുടങ്ങണമെങ്കിൽ ഇത് മാത്രമാണ് ഏക പോംവഴി. അതിന് ശേഷവും നിങ്ങൾ അദ്ദേഹത്തോടൊപ്പം നിൽക്കാൻ തയ്യാറാണെങ്കിൽ, അങ്ങനെയാണെങ്കിൽ..... നിങ്ങൾ ഒരു ബുദ്ധനായി മാറുന്നതാണ്."

Thursday, May 11, 2017

പ്രത്യാശ

പ്രത്യാശ ഏറ്റവും ശക്തിമത്തായ ആയുധവും പ്രതിരോധവുമാണ്......,

ലോകം മുഴുവനെതിർത്താലും  നിങ്ങളെ തകർക്കാനാവില്ല നിങ്ങൾ പ്രത്യാശ പുലർത്തുന്നുവെങ്കിൽ.......!

ആരുമെതിർത്തില്ലെങ്കിൽ കൂടി നിങ്ങൾ തകർന്ന്പോകും നിങ്ങൾ പ്രത്യാശ പുലർത്തുന്നില്ലെങ്കിൽ.......!

അക്ഷമയും നിരാശയും നമ്മുടെ കരുത്തിനെ ദുർബലമാക്കുമ്പോൾ പ്രത്യാശ അതിനെ ശക്തിമത്താക്കുന്നു......!       

Wednesday, May 10, 2017

തേനീച്ചയും ഈച്ചയും

"തേനീച്ചയും ഈച്ചയും തമ്മിലുള്ളവ്യത്യാസം ശ്രദ്ധിച്ചിട്ടുണ്ടോ? ഈച്ചയ്ക്ക് സുഗന്ധം അലര്‍ജിയാണ്. നമ്മുടെ ശരീരം എത്ര വൃത്തിയുണ്ടെങ്കിലും ഈച്ച പരതുന്നത് മാലിന്യത്തെയാണ്. മുറിവുണ്ടെങ്കില്‍ അത്, ചീത്തയായ നഖം ഇതൊക്കെയാണ് ഈച്ചയ്ക്ക് പഥ്യം. സര്‍വനാശം ഉണ്ടാക്കാനാണ് അത് ശ്രമിക്കുന്നത്. എന്നാല്‍ നേര്‍ വിപരീതമാണ് തേനീച്ച. “നല്ലതല്ലാതെ അത് ഭക്ഷിക്കുകയില്ലെന്ന്” നല്ല പുഷ്പങ്ങളില്‍ നിന്ന് തേന്‍ ശേഖരിക്കുക, നല്ലതു മാത്രം ഭുജിക്കുക, നന്മയുടെ വാഹകനാവുക ഇതൊക്കെയാണ് തേനീച്ച ചെയ്യുന്നത്. മനുഷ്യന്മാര്‍ക്കിടയില്‍ ഈ രണ്ടു സ്വഭാവക്കാരെയും നമുക്കു കാണാനാവും. ഈച്ചയുടെ സ്വഭാവമുള്ളവര്‍ കുടുംബത്തിലും നാട്ടിലും നാശം പരത്തുന്നു. കുഴപ്പങ്ങളുണ്ടാക്കുന്നു. അതിനുതകുന്ന വാക്കുകളിലും പ്രവൃത്തികളിലും ഏര്‍പ്പെടുന്നു. ന്യൂനതകള്‍ കണ്ടെത്തലാണ് അവര്‍ക്കു പ്രധാനം. എത്രയൊക്കെ നന്മകള്‍ ചെയ്താലും അതു കാണുകയോ വിലമതിക്കുകയോ ചെയ്യില്ല. കുറ്റവും കുറവും തേടിപ്പിടിക്കാന്‍ അവര്‍ മുമ്പിലുണ്ടാവുകയും ചെയ്യും." ഒരിക്കലും ഈച്ചയാവാതിരിക്കുക. നമുക്ക് തേനീച്ചയുടെ സ്വഭാവം സ്വീകരിക്കാം

Tuesday, May 9, 2017

മായ

ജീവിതം ക്ഷണികമാണ് .  എങ്കിൽ പിന്നെ ജീവിതത്തിലെ വ്യാമോഹങ്ങൾ ഉപേക്ഷിച്ചു ആത്മീയ കാര്യങ്ങളിൽ എന്തുകൊണ്ട് മനസ്സ് എത്തുന്നില്ല ..... ?

അതിനുകാരണം " മായ " യാണ് - അത് അസത്യമല്ലേ .... ?
അപ്പോൾ സത്യമേത് ..... ?

സത്യത്തിലേക്ക് നമ്മെ നയിക്കുന്നത് എല്ലാം നശ്വരമാണെന്ന് നമ്മെ മനസ്സിലാക്കിത്തരുന്ന മരണമല്ലേ ..... ?

ആ ബോധം തന്നെയാണ് ആത്മ ജ്ഞാനത്തിലേക്കുള്ള  മാർഗ്ഗം .
ഓരോ മനുഷ്യനും അവരവരുടെ ജയിക്കാതിരിക്കുന്നിടത്തോളം കാലം എന്തെല്ലാം ലഭിച്ചാലും സംതൃപ്ത്തിയും സന്തോഷവും ലഭിക്കില്ല . ആത്മസംതൃപ്തി ഒന്ന് മാത്രമാണ് മനുഷ്യ മനസ്സിന് പരമാനന്ദം നൾകുന്ന ദിവ്യഔഷധി . ജ്ഞാനം - വൈരാഗ്യം - കർമ്മം തുടങ്ങിയ ധർമ്മങ്ങളിലൂടെ മാത്രമേ ആത്മവാനാകാൻ കഴിയു 

Monday, May 8, 2017

ഗീതോപദേശം

വിദേശത്തു നിന്നെത്തിയ അനുജൻ ഏട്ടന് സമ്മാനിച്ചത് വിലയേറിയ നല്ലൊരു മ്യൂസിക് സിസ്റ്റം അദ്ദേഹം അത് സന്തോഷപൂർവ്വം സ്വീകരിച്ചു.... പ്രവർത്തിപ്പിക്കുവാനായി പ്ലഗ് കുത്തി സ്വിച്ച് ഓൺ ചെയ്തു ഒരു മിന്നൽ , ചെറിയൊരു പുക , തീർന്നു...

ഗ്യാരണ്ടിയുള്ളതുകൊണ്ട് കമ്പനിക്ക് സിസ്റ്റം തിരിച്ചയച്ചു... താമസിയാതെ കമ്പനിയിൽ നിന്നും വിദഗ്ദ്ധരുടെ വിശദീകരണം ലഭിച്ചു... ക്ഷമിക്കണം, ഇതിന്റെ കൂടെ ലഭിച്ച പുസ്തകം വായിച്ചിട്ടാണോ താങ്കൾ സിസ്റ്റം പ്രവർത്തിപ്പിച്ചത്...? 6 വോൾട്ടിൽ പ്രവർത്തിപ്പിക്കുന്നതെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. '6' വോൾട്ടിനു പകരം താങ്കൾ ഉപയോഗിച്ചത് '220' വോൾട്ടാണ്.. ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ല".
ഇതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ലല്ലോ...?
നമ്മുടെ ശരീരം ദൈവം സമ്മാനിച്ച വിലയേറിയതും, ഏറ്റവും സങ്കീർണ്ണമായ ഒരു ഉപകരണമാണ്. ഇതെങ്ങിനെ ഉപയോഗിക്കണം എന്നറിയാൻ ചില കൈപ്പുസ്തകങ്ങളും ദൈവം തന്നിട്ടുണ്ട്. അവയാണ് പുരാണങ്ങൾ , വേദങ്ങൾ ശാസ്ത്രങ്ങൾ....etc. അതൊന്നു വായിച്ചു നോക്കാതെ , മനസ്സിലാക്കാതെ ഈ യന്ത്രം ഉപയോഗിച്ചാൽ അത് അകാലത്തിൽ തന്നെ കേടാകും, ചിലപ്പോൾ നഷ്ടവുമാകും... ഈ കൈപ്പുസ്തകങ്ങൾ ലളിതമായി വിശദീകരിക്കാനായി കാലാകാലങ്ങളിൽ ദൈവം വിദഗ്ദ്ധന്മാരെ അയക്കാറുണ്ട്. അവരാണ് പുണ്യാത്മാക്കൾ.....ധർമാത്മാക്കൾ...മഹാത്മാക്കൾ...etc.
സ്വയം ജീവിച്ചു കാണിച്ച് അവർ അത് വിശദീകരിക്കന്നു. അവരിൽ നിന്നും ഈ ശരീരയന്ത്രം ഉപയോഗിക്കാൻ പഠിച്ചാൽജീവിതം ശരിക്കും രസിക്കാനാകും....
പക്ഷെഅവരെയെല്ലാം ഒന്നുകിൽ ദൈവമായിക്കണ്ടും... അല്ലങ്കിൽ പീഡിപ്പിച്ചും... വളരേവലിയ അപമാന കഥാപാത്രമാക്കിയും ഒക്കെയാണ് മനസിലാക്കിയിരിക്കുന്നത്.... അതും മഹാപാപമായി അനുഭവിച്ചുകൊണ്ടിരിക്കുന്നു....ഇതിൽനിന്നെല്ലാമുള്ള മോചനത്തിനുള്ള മാർഗമാണ് ഗീതോപദേശം....
പരമാത്മാവ് ആത്മാക്കൾക്ക് നൽകുന്ന നിർദേശങ്ങൾ.... പ്രൊഡക്ഷൻ MD തന്നെനേരിട്ട് പ്രശ്നപരിഹാരം ചെയ്തുതരുന്ന മഹാ എക്സ്ചേഞ്ച്‌ മേള.... പഴയ സ്വഭാവ സംസ്കാരങ്ങളെ കൊടുത്ത് പുതിയത്നേടാനുള്ള അവസരം...അതും സമയപരിധിക്കുള്ളിൽ മാറ്റിയെടുക്കുന്നവർ അതിന്റെയും ശ്രേഷ്‌ഠഫലത്തിന് അര്ഹരാകും.....!! 

Sunday, May 7, 2017

അഷ്ടാംഗ യോഗ

ഭാരതീയ ഷഡ്ദര്‍ശ്ശനങ്ങളില്‍ പ്രധാനമായ യോഗശാസ്ത്രം അനുഷ്ഠിക്കുന്ന യോഗികള്‍ തന്നെയാണ്‌ സിദ്ധന്‍മാര്‍. അവരുടെ വഴി തേടിപോകുന്നവര്‍ തീര്‍ച്ചയായും അഷ്ടാംഗ യോഗങ്ങള്‍ പരിശീലിക്കണം. യോഗത്തിന്‍റെ ഈ എട്ട് അംഗങ്ങളും ക്രമമായി നിരന്തരം അഭ്യസിക്കേണ്ടതാണ്. ഇവയില്‍ ഒന്നെങ്കിലും വിട്ടുകള്ഞ്ഞാല്‍  അതു യോഗപ്രാപ്തിക്കു തടസ്സമാണ്. പതന്‍ഞ്ജലി മഹര്‍ഷിയുടെ യോഗദര്‍ശനം എന്ന ഗ്രന്‍ഥത്തില്‍ ഇതിനെ കുറിച്ച് വിശദമായി പറയുന്നുണ്ട്. യമ നിയമാദികള്‍  അനുഷ്ഠിക്കാതെ അല്പനേരത്തെ ധ്യാനം കൊണ്ട് മോക്ഷം, അതീന്ദ്രിയത്വം, ഈശ്വര ദര്‍ശനം ഇവ നേടാമെന്നു പ്രചരിപ്പിച്ച് സാധാരണ ജനങ്ങളെ കബളിപ്പിക്കുന്ന പണം തട്ടുന്ന കുയോഗികളില്‍ നിന്നും സ്വയം രക്ഷപ്പെട്ട് കൊള്ളണം.

        സിദ്ധവഴിയെ സഞ്ചരിക്കുന്ന എല്ലാവര്‍ക്കുമായി ഇവിടെ അഷ്ടാംഗയോഗങ്ങള്‍ പറയുന്നു.

യമം
നിയമം
ആസനം
പ്രാണായാമം
പ്രത്യാഹാരം
ധാരണ
ധ്യാനം
സമാധി

എന്നിവയാണ്‌   അഷ്ടാംഗയോഗങ്ങള്‍. ഇവയില്‍ ആദ്യത്തെ യമ നിയമങ്ങള്‍ ചുരുക്കി പറയുന്നു.

യമം:- അഹിംസ, സത്യം, അസ്തേയം, ബ്രഹ്‌മചര്യം ,അപരിഗ്രഹം എന്നീ അഞ്ച് അനുഷ്ഠാനങ്ങളെ യമം എന്നു പറയുന്നു.

അഹിംസ: മനസാ വാചാ കര്‍മ്മ്ണാ യാതൊരു ജീവിയേയും പീഡിപ്പിക്കരുതു.

സത്യം: തന്‍ടെ വിചാരങ്ങളെ അറിയിക്കാനായി പറയുന്ന വാക്ക്യങ്ങള്‍ വഞ്ചനയോ തെറ്റിദ്ധാരണയോ ഉണ്ടാക്കുന്നതും നിരര്‍ത്ഥകവുമായിരിക്കരുത്.(കള്ളം പറയരുതു)

അസ്തേയം: മനസാ വാചാ കര്‍മ്മണാ യാതൊന്നും മോഷ്ടിക്കരുത്.

ബ്രഹ്‌മചര്യം : ഉപസ്ഥേന്ദ്രിയത്തെ നിയന്ത്രിച്ച് വീര്യസംരക്ഷണം നടത്തുന്നതിനോടൊപ്പം മറ്റ് ഇന്ദ്രിയങ്ങളെ നിരോധിക്കുന്നതേ ബ്രഹ്മചര്യം ആവുകയുളളൂ.

അപരിഗ്രഹം: സുഖഭോഗസാധനങ്ങളെ ത്യജിക്കുന്നത്

"കൊല്ലാന്‍ പൊയ്കൂറാന്‍ കളവു ഇലാന്‍  എണ്‍കുണന്‍
നല്ലാന്‍ അടക്കം ഉടൈയാന്‍ നടുച്ചെയ്യ
വല്ലന്‍ പകുന്തു ഉണ്‍പാന്‍ മാചു ഇലാന്‍കള്‍ കാമം
ഇല്ലന്‍ ഇയമത്തു ഇടയില്‍ നിന്‍റാനേ."

                                                      (തിരുമന്ത്രം 554)
 
    കൊല്ലരുത്,,നുണപറയരുത്,കക്കരുത്,മാന്യമായ കഴിവുകള്‍ വളര്‍ത്തിയെടുക്കണം,സ്വയം നിയന്ത്രിക്കണം,പക്ഷഭേദ ചിന്തകളില്ലാത്ത അചഞ്ചലനായ ന്യായസ്ഥന്‍.തനിക്ക് ഉള്ളത് വീതിച്ചു നല്‍കുന്നവന്‍.കുറ്റങ്ങള്‍ ഇല്ലാത്തവന്‍,കള്ള്,കാമം ഇവയില്‍ ആസക്തി ഇല്ലാത്തവന്‍ ഇവയെല്ലാം യമമാകും.

നിയമം:- ശൌചം,സന്തോഷം,തപസ്സ്,സ്വാധ്യായം, ഈശ്വര പ്രണിധാനം ഇവയഞ്ചും നിയമം.

ശൌചം: ബാഹ്യവും ആഭ്യന്തരവുമായുള്ള ശരീരത്തിന്‍റെയും മനസ്സിന്‍റെയും ശുചിത്വം.

സന്തോഷം: ഏതവസ്ഥയും ഉള്‍കൊള്ളാന്‍ കഴിയുന്ന മനസ്സിന്‍റെ തൃപ്ത്തി.

തപസ്സ്: ഏത് ലക്ഷ്യമായാലും നേടിയെടുക്കാനുള്ള മാറ്റമില്ലാത്ത കഠിനപ്രയത്നം. 'ദ്വന്ദ്വ സഹനം തപ'

സ്വാധ്യായം: മോക്ഷപ്രാപ്തിക്ക് സഹായകരമായ ശാസ്ത്രങ്ങള്‍  പഠിക്കുന്നതും പ്രണവജപവും സ്വാധ്യായമാണ്.

ഈശ്വര പ്രണിധാനം: സര്‍വ്വകര്‍മ്മങ്ങളും പരമഗുരുവില്‍ (ഈശ്വരനില്‍) അര്‍പ്പിക്കുന്നതു ഈശ്വര പ്രണിധാനം.

"തവം ജപം ചന്തോടം ആത്തികം ദാനം
ശിവന്തന്‍ വിരതമേ ചിത്താന്തക്കേള്‍വി
മകംശിവപൂചൈയൊണ്‍ മതിചൊല്ലീര്‍ ഐന്തു
നിലംപല ചെയ്യിന്‍ നിയമത്ത നാമേ"
     
                         (തിരുമന്ത്രം 557)

    തപസ്സ്,ജപം,സന്തോഷം,ആസ്തികം,ദാനം,ശിവസാധന,സിദ്ധാന്തപഠനം,ത്യാഗം,ശിവാരാധന,മറ്റു മഹത്തായ കര്‍മമങ്ങള്‍ ഇവയെല്ലാം നിയമ മാകുന്നു.

        യമ നിയമങ്ങള്‍  അനുഷ്ഠിക്കാതെ യോഗമാര്‍ഗ്ഗം, സിദ്ധമാര്‍ഗ്ഗം ഇവയിലൂടെ  സഞ്ചരിക്കുന്നതു കൊണ്ട്  ഗുണത്തെക്കാള്‍ ദോഷം ചെയ്യും .

Saturday, May 6, 2017

ഏകദൈവവിശ്വാസം ആദ്യമുണ്ടായത് വേദത്തില്‍

പലരും മുപ്പത്തിമുക്കോടി ദേവതകളുണ്ടല്ലോ  എന്ന് പറഞ്ഞു കളിയാക്കാറുണ്ട്... നിരവധി ദേവതകള്‍ ഹിന്ദുമതത്തിലുണ്ട്, പക്ഷേ ഈശ്വരന്‍ ഒന്നേയുള്ളൂ. ഈശ്വരന്‍ പ്രപഞ്ചത്തില്‍ നിര്‍ലീനമായിരിക്കുന്നുവെന്നതാണ് സത്യം. ദേവതകള്‍ എന്നാല്‍ ഈശ്വരന്‍ എന്നല്ല അര്‍ഥം. 'ദിവ്' എന്നൊരു ധാതു സംസ്കൃതത്തിലുണ്ട്. പ്രകാശിക്കുന്നതോ, പ്രകാശിപ്പിക്കുന്നതോ (ജ്ഞാനത്തെയോ, ഗുണങ്ങളെയോ, ശക്തികളെയോ) ആയതെല്ലാം ദേവതയാകുന്നു...  അപ്പോള്‍ പ്രകാശിക്കുന്ന എത്ര വസ്തുക്കളുണ്ടോ അതെല്ലാം ദേവതകളാണ്.‍പിന്നെ ഈശ്വരന്‍ ഒന്നേയുള്ളുവെന്നു പറയുന്നതോ എന്നൊരു ചോദ്യം വരാം. ശരിയാണ്, ഈശ്വരന്‍ ഒന്നേയുള്ളൂ. ഈശ്വരന്‍ ഇലക്ട്രിക് കറന്റ്‌ പോലെയാണ്. ഈ പറഞ്ഞതിനര്‍ത്ഥം കറന്റ്‌ ആണെന്നല്ല. ചില സാരൂപ്യങ്ങളുണ്ടെന്നര്‍ത്ഥം. കറന്റിന്റെ രൂപമെന്താണ്..? രൂപമില്ല എന്ന സത്യം എല്ലാവര്‍ക്കും അറിയാം. കറന്റ്‌ എവിടെയാണ് ഉണ്ടാകുക..? അത് എല്ലായിടത്തുമുണ്ട്. ഇവിടെ കറന്റ്‌ ഈശ്വരനാണെന്ന് സങ്കല്‍പ്പിക്കുക. ഈ ഈശ്വരന്‍ പ്രാകാശിക്കുന്നത് ഏതെല്ലാം രൂപത്തിലാണ്.? ടി. വി. യില്‍ നിങ്ങള്‍ക്കത് ചലച്ചിത്രത്തെ കാട്ടിത്തരുന്നു. ഫാനിലൂടെ കാറ്റ് നല്‍കുന്നു. എ. സി. യിലൂടെ തണുപ്പും, മിക്സിയില്‍ അത് അരകല്ലായും തീരുന്നു. എന്നാല്‍ ഇതെല്ലാം കറന്റിന്റെ രൂപമാണോ..? ഒരര്‍ഥത്തില്‍ ആണെന്ന് പറയാം. മറ്റൊരു അര്‍ത്ഥത്തില്‍ അല്ലായെന്നും എണ്ണിയെണ്ണി കുറയുന്നിതാ ആയുസ്സും... നീളെ നീളെ വളരുന്നു മോഹവും...ഈ ഭൌതിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല... അല്‍പ സമയത്തെക്കുള്ളതാണ്. മരണം നിര്‍വചനീയമായ പ്രതിഭാസമല്ല. നാം മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഏതൊരു ആത്മാവും ശരീരം വിട്ട് പോകേണ്ടതായിവരും.അത് സന്തോഷത്തോടെയുള്ളതാകുമോ..?
ഇത് മരണ വെപ്രാളത്തില്‍ പെട്ട് ഉഴലുമ്പോള്‍ ചിന്തിക്കെണ്ടതല്ല..
ഓരോ സെക്കൻടും അന്തിമ സെക്കണ്ടാണ് പക്ഷെ ആസമയം അറിയില്ലാന്നുമാത്രം... ഈ ചിന്ത മായാതെ
ജീവിക്കുക.മരണത്തെ ഭയപ്പെടെണ്ടതില്ല.., ഈശ്വരനെയുംഭയപ്പെടെണ്ടതില്ല.. നമ്മിലുള്ള ഞാനെന്നഭാവം,അഹങ്കാരം,സ്വാര്‍ത്ഥത,,etc...ഇതൊക്കെ
ഇല്ലാതാക്കി ,സന്തോഷത്തോടുകൂടി,ജീവിക്കുക. ശ്രേഷ്‌ഠ കര്‍മം ചെയ്യുന്നതില്‍ ശ്രദ്ധ കൊടുത്താല്‍ നല്ലതായിരിക്കും.(തെറ്റായി ചെയ്യുന്ന കര്മ്മത്തെയാണ് ഭയപ്പെടെണ്ടത്)കര്‍മത്തിന്ടെ ഫലം ഒരുനിഴലുപോലെ നമ്മെപിന്തുടരും.. ശ്രേഷ്‌ഠ കര്‍മം,  അത് ഒരിക്കലും. ആരേയും ചതിക്കുകയില്ല..!

Friday, May 5, 2017

സത്യവും - ദൈവവും .

സത്യം ഒന്നേയുള്ളൂ . അതുകൊണ്ട് ദൈവങ്ങളും ഒന്നേയുള്ളൂ . സത്യം പലതായാൽ ദൈവവും പലതുണ്ടെന്നുവരും . ആകാശം ഒന്നേയുള്ളൂ . സൂര്യനും ഒന്നേയുള്ളൂ . സൗരയൂഥം ഉൾപ്പെടെയുള്ള സകല പ്രപഞ്ച പ്രതിഭാസങ്ങൾക്കും സർവ്വാധാരമായിരിക്കുന്ന ദൈവം ഒന്നേയുള്ളൂ . അർക്കനെന്നും - ആദിത്യനെന്നും പല പേരുകളിൽ സൂര്യനെ അറിയുന്നതുകൊണ്ട് സൂര്യൻ പലതാകുന്നില്ല . ഇതുപോലെയാണ് മതങ്ങളുടെ കാര്യവും . നാമ - രൂപ - ലിംഗ ഭേദങ്ങളൊന്നും ഈശ്വരനെ ബാധിക്കുന്നില്ല . ഈശ്വരന്റെ സ്വരൂപം പ്രകാശമാണ് . പ്രകാശത്തെ ഏതു പേരിൽ വഴ്ത്തിയാലും അധികമാവില്ല . അതുകൊണ്ട് ഈശ്വരനെ ശരിയായ രീതിയിൽ   എല്ലാവരും അറിയേണ്ടത് അത്യാവശ്യമാണ് . കുളത്തിലും - തടാകത്തിലും - നദിയിലും ഒക്കെ നീലാകാശത്തെ കാണാം . കാരണം ആകാശം പലതുണ്ടായതുകൊണ്ടല്ല . ആകാശം ജലാശയങ്ങളിൽ പതിഞ്ഞ്‌ പലതായി കാണുകയാണ് . കുളത്തിലും - തടാകത്തിലും - നദിയിലും ഒക്കെയുള്ള ജലം വറ്റിപോയാൽ ഈ കണ്ട പല ആകാശങ്ങൾ തന്നെ കാണാതാകും .  ഏക ആകാശം എന്ന സത്യം നിലനിൽക്കുകയും ചെയ്യും . ഇതുപോലെ പല രൂപങ്ങളിലുള്ള പാത്രങ്ങളിൽ ജലം നിറച്ച് പുറത്തു വച്ചാൽ ഓരോ പാത്രത്തിലും ഓരോരോ സൂര്യനെ കാണാം . ഇത് സൂര്യൻ പലതുണ്ടായിട്ടല്ല . സൂര്യന്റെ  സ്വരൂപം ജലത്തിൽ പ്രതിബിംബിക്കുന്നത് കൊണ്ടാണ് പലതെന്ന കാഴ്ച ഉളവാകുന്നത് . പാത്രങ്ങളിലെ ജലം കളഞ്ഞാൽ പലതെന്ന കാഴ്ച ഇല്ലാതാകും . ആകാശത്തിലെ ഏക സൂര്യൻ ശേഷിക്കുകയും ചെയ്യും . ഇതാണ് - " സത്യാനുഭവം ".

Thursday, May 4, 2017

ദാനം

ഒരിക്കൽ അർജുനൻ കൃഷ്ണനോട് ചോദിച്ചു. "ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്?
ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ.
പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?"

ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു "വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം."
അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .

തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നാവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത്തു നിന്നും കിട്ടിയില്ല.
അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അർജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ ആവശ്യം കർണനോടും പറഞ്ഞു.
കർണൻ അൽപനേരം ആലോചിച്ചശേഷം പറഞ്ഞു "മഴ ആയതിനാൽ ഉണങ്ങിയ ചന്ദനമുട്ടി കിട്ടാൻ പ്രയാസമായിരിക്കുമല്ലൊ. ഒരു വഴിയുണ്ട്...ദയവായി അൽപസമയം കാത്തിരുന്നാലും "
ഇത് പറഞ്ഞിട്ട് കർണൻ ഒരു മഴു എടുത്തു ചന്ദനത്തടി കൊണ്ട് ഉണ്ടാക്കിയ തന്റെ കൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും വെട്ടിക്കീറി കഷണങ്ങളാക്കി,എന്നിട്ട് ബ്രാഹ്മണര്ക്ക് ദാനമായി നല്കി.

കൃഷ്ണനും അർജുനനും അതേറ്റു വാങ്ങി തിരികെ നടന്നു...
വഴിമദ്ധ്യേ കൃഷ്ണൻ പറഞ്ഞു "ഇപ്പൊൾ മനസ്സിലായില്ലേ അർജുനാ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം? നമ്മൾ യുധിഷ്ഠിരനോട് അദ്ദേഹത്തിന്റെ ചന്ദനതടിയിൽ നിർമ്മിിച്ച വാതിലുകൾ തരണം എന്നാവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു മടിയും കൂടാതെ സന്തോഷത്തോടെ യുധിഷ്ഠിരൻ നല്കിയേനെ.

പക്ഷെ ആ ചിന്ത അദ്ദേഹത്തിന് സ്വയം ഉണ്ടായില്ല. എന്നാൽ കർണനോട് അത് നമ്മൾ നേരിട്ട് ചോദിക്കേണ്ടി വന്നില്ല.

യുധിഷ്ഠിരൻ ദാനം ചെയ്യുന്നത് അത് ധർമ്മം ആയതിനാലാണ് .
കർണൻ ദാനം നൽകുന്നത്, ദാനംകൊടുക്കൽ എന്നാ പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടമായതു കൊണ്ടും. ഇതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം, ഇത് കൊണ്ടാണ് കർണനെ കൂടുതൽ മഹാനായ ദാനശീലൻ ആയി ലോകർ കണക്കാക്കുന്നത്..

എന്ത് പ്രവൃത്തിയേയും ഇഷ്ടപ്പെട്ടു ചെയ്‌താൽ അതാണ്‌ കൂടുതൽ മഹത്തരം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

പല രീതിയിൽ ഒരു പ്രവൃത്തി നമുക്ക് ചെയ്യാം..
ആരെങ്കിലും പറഞ്ഞത് കൊണ്ട് ഒരു പ്രവൃത്തി ചെയ്യാം...
അല്ലെങ്കിൽ കടമയായി ചെയ്യാം...
അല്ലെങ്കിൽ ധർമം അതായത് കൊണ്ട് ചെയ്യാം...
അതുമല്ലെങ്കിൽ കർണനെ പോലെ ആ പ്രവൃത്തിയോടുള്ള ഇഷ്ടം കൊണ്ട് ചെയ്യാം.
ഇതിൽ അവസാനത്തെ രീതിയിൽ എന്ത് കർമവും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്ത് ജോലിചെയ്താലും ആ ജോലിയെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു തന്നെ ചെയ്യുക.

Wednesday, May 3, 2017

കർമ്മത്തിന്റെ ഗുഹ്യഗതി

മനുഷ്യന് പലയിടത്തും രാഷ്ട്രീയക്കാരെ ഭയം.... മലയോര പ്രദേശങ്ങളിൽ ആനയെ , വന്യമൃഗങ്ങളെ ഭയം...... അതിർത്തിയിൽ തീവ്രവാദികളെ , അന്യരാജ്യക്കാരെ ഭയം.... ഇങ്ങനെ എത്രയോ നിരപരാധികൾപോലും എന്തിനെയെങ്കിലും എപ്പോഴും ഭയപ്പെട്ടു ജീവിക്കേണ്ടിവരുന്നു... കാരണമെന്തെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?
ചിന്തിക്കേണ്ടതുണ്ടോ....!!??(നാം പണ്ടുമുതലേ പാടാറുണ്ട്.. താൻ. താൻ നിരന്തരം ചെയ്യുന്ന കര്മത്തിൻ ഫലം താൻ താൻ അനുഭവിക്കുമെന്ന്... )ഇവിടെയാണ് പൂർവജന്മകർമത്തിന്ടെ ഗുഹ്യഗതിയുടെ ചുരുളഴിയുന്നത്.... മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ ഏതെല്ലാം തരത്തിൽ തെറ്റുകൾ ചെയ്തുകൂട്ടുന്നു...!?
പലരും ചിന്തിക്കും ഞാനാരെയും കൊല്ലുന്നോ പാപം ചെയ്യുന്നോ ഇല്ല... എന്നാൽ ആരെങ്കിലും കൊല്ലുന്നതിനെ തിന്നുന്നതും... കൊല്ലുന്നവനെക്കാൾ പാപം ചെയ്യലാണ്... രാഷ്ട്രീയമായി പകപോക്കാൻ... ഏതെങ്കിലും വിരോധംമൂലം കൊല്ലാൻ പ്രേരിപ്പിക്കുന്നവരുടെയും വിധി ആ ജന്മത്തിലോ... അടുത്ത ജന്മത്തിലോ അതേപോലെ അനുഭവിക്കേണ്ടിവരും....!! അത്തരക്കാരാണ് അടുത്തജന്മങ്ങളിൽ അത്തരം സ്ഥാനങ്ങളിൽപോയി ജനിക്കുന്നത്....!!
(മുൻജന്മ കർമ്മത്തിന്റെ ഫലമായി മാരകവും.. മൃഗീയവുമായി അപകടങ്ങളും... കൊലപാതകങ്ങളും എല്ലാം കാണേണ്ടിയും അനുഭവിക്കേണ്ടിയും വരുന്നു.. )ഇതിനൊന്നും ഈശ്വരനെ വിളിച്ചിട്ടോ.. പഴിചാരിയിട്ടോ കാര്യമില്ല..ഇതെല്ലാം കർമ്മത്തിന്റെ ഗുഹ്യഗതിയാണ്.....!!

Tuesday, May 2, 2017

മനുസ്മൃതി സത്യവും മിഥ്യയും

വിഷയ വിരോധം

മനുസ്മൃതിയിലുള്ള ഓരോ അദ്ധ്യായങ്ങളും വേര്‍തിരിച്ചിരിക്കുന്നത് ഓരോ മുഖ്യവിഷയങ്ങളെ ആസ്പദമാക്കിയാണ്. ഒന്നാമത്തെ അദ്ധ്യായത്തില്‍ സൃഷ്ടി ഉല്‍പത്തിയും ധര്‍മ്മോത്പത്തിയുമാണ് വിഷയം. രണ്ടാമത്തെ അദ്ധ്യായത്തില്‍ സംസ്‌കാരങ്ങളും ബ്രഹ്മചര്യാശ്രമവും വിഷയമാവുന്നു. മൂന്നാമത്തെ അദ്ധ്യായത്തില്‍ ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും കടന്നുവരുന്നു. ഇങ്ങനെ ഓരോ അദ്ധ്യായത്തിലുമുള്ള മുഖ്യവിഷയങ്ങള്‍ എന്താണെന്ന് ഓരോ അദ്ധ്യായത്തിന്റെയും തുടക്കത്തിലും അവസാനത്തിലും സൂചിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഓരോ അദ്ധ്യായത്തിലെയും മുഖ്യവിഷയത്തിന് വിരുദ്ധമായി മറ്റൊരു വിഷയം കടന്നുവന്നാല്‍ അത് പ്രക്ഷിപ്തമാണെന്ന് മനസ്സിലാക്കണം. ഉദാഹരണമായി രണ്ടാം അദ്ധ്യായം 130, 132

ശ്ലോകങ്ങള്‍ പഠിച്ചാല്‍ ഈ കാര്യം വ്യക്തമാകും. ‘ബ്രഹ്മചാരിയുടെ കര്‍ത്തവ്യമാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. ആ ബ്രഹ്മചാരി അമ്മാവന്‍, ചിറ്റപ്പന്‍, ശ്വശുരന്‍, ഋത്വിക് എന്നിവരെ ഞാന്‍ ഇന്നയാളാണെന്ന് പറഞ്ഞ് നമസ്‌കരിക്കണം. അമ്മായി, വലിയമ്മ, കുഞ്ഞമ്മ, അമ്മായിയമ്മ എന്നിവരെ ഗുരുപത്‌നിയെ പോലെ പൂജിക്കേണ്ടതാണ്. ജ്യേഷ്ഠന്റെ ഭാര്യ സവര്‍ണയാണെങ്കില്‍ അവരുടെ പാദം തൊട്ട് പ്രതിദിനം വന്ദിക്കണം’.(24)
ഇതൊരു പ്രക്ഷിപ്ത ശ്ലോകമാണെന്നുറപ്പിക്കാം. കാരണം ബ്രഹ്മചാരി ഉപനയനം മുതല്‍ സമാവര്‍ത്തനം വരെ ഗുരുകുലത്തിലോ ആശ്രമത്തിലോ ആണ് കഴിയുക. ഗുരുകുലത്തില്‍ താമസിക്കുന്ന ബ്രഹ്മചാരി എങ്ങനെയാണ് ബന്ധുക്കളെയൊക്കെ പ്രതിദിനം നമസ്‌കരിക്കുക? എന്നുമാത്രമല്ല കല്ല്യാണം കഴിക്കാത്ത ബ്രഹ്മചാരിയ്ക്ക് എവിടെ നിന്നാണ് അമ്മായിയമ്മയും അമ്മായിയച്ഛനും ഉണ്ടാവുക. അതിനാല്‍ ഈ പറഞ്ഞിരിക്കുന്ന മൂന്ന് ശ്ലോകങ്ങളും വിഷയ വിരുദ്ധമാണ് ദാര്‍ശനിക വിരുദ്ധമാണ് പരസ്പരവിരുദ്ധമുള്ളതുമാണ്. അതിനാല്‍ തന്നെ ഇവ പ്രക്ഷിപ്തവുമാണ്

Monday, May 1, 2017

അഷ്ടശക്തികൾ

1  സഹനശക്തി
2  നേരിടാനുള്ള ശക്തി
3  സഹകരണശക്തി
4  ഉൾക്കൊള്ളാനുള്ള ശക്തി
5  തിരിച്ചറിയാനുള്ള ശക്തി
6  നിർണ്ണയ ശക്തി
7  ഇന്ദ്രിയ നിയന്ത്രണശക്തി
8  മനോനിയന്ത്രണ ശക്തി.


സഹനശക്തി

ഏതു വിപരീത പരിതസ്ഥിതിയേയും ശാന്തമായി നേരിടുക, സന്തോഷത്തോടെ സ്വീകരിക്കുക. പഴുത്ത ഫലങ്ങൾ നിറഞ്ഞ ഫലവൃക്ഷം അതിലേയ്ക്ക് കല്ലെറിയുന്ന കുട്ടിക്ക് തന്റെ മധുര ഫലങ്ങൾ പ്രതിഫലമായി നൽകുന്നു. .അതു പോലെ നമുക്ക് ഉപകാരം ചെയ്യുന്ന വർക്കും ഉപകാരം ചെയ്യുന്നവരായി മാറുക. ആത്മബോധം നമ്മിൽ ഉറച്ചു കഴിഞ്ഞാൽ നിഷ്പ്രയാസം സഹന ശക്തി ലഭിക്കുന്നു.



തിരിച്ചറിയുന്നതിനുള്ള ശക്തി

ഒരു സ്വർണ്ണ വ്യാപാരി സ്വർണ്ണത്തിന്റെ മാറ്റ് എളുപ്പത്തിൽ തിരിച്ചറിയുന്നതു പ്പോലെ തന്റെയും മറ്റുള്ളവരുടേയും സങ്കല്പം ,വാക്ക്, കർമ്മം, എന്നിവയുടെ യഥാർത്ഥ മൂല്യം മനസ്സിലാക്കുക. വ്യർത്ഥ സങ്കല്പങ്ങളാൽ ഈ തിരിച്ചറിയാനുള്ള ശക്തി മങ്ങിപ്പോകാതിരിക്കാൻ ധ്യാനം സഹായിക്കുന്നു. യോഗത്തിൽ ശക്തി ആർജ്ജിക്കുന്ന മനസ്സ് തിരിച്ചറിയാനുള്ള ശക്തി നേടുന്നു.