Wednesday, August 9, 2017

ശ്രീരാമകഥാമൃതം - ( 8 ) വിച്ഛിന്നാഭിഷേകം

നേരം പ്രഭാതമായി. സൂര്യനുദിച്ചു. രാജാവ് ഇനിയും കൈകേയിയുടെ കൊട്ടാരത്തിൽ നിന്നും പുറത്തു വന്നിട്ടില്ല. അഭിഷേകത്തിനുളള സംഭാരങ്ങളെല്ലാം ഒരുങ്ങി. വിവരമറിയാനായി മന്ത്രിയായ സുമന്ത്രര്‍ കൈകേയീ ഗൃഹത്തിൽ ചെന്നപ്പോൾ രാജാവ് അവശനായി കിടക്കുന്നതാണ് കണ്ടത്. കാരണമറിയാതെ പരിഭ്രമിച്ചു നില്‍ക്കുന്ന സുമന്ത്രനോട് ഉടന്‍ രാമനെ വിളിച്ചു കൊണ്ടുവരുവാന്‍ കൈകേയി കല്പിച്ചു. രാമന്‍ വന്ന് കാരണം അന്വേഷിച്ചപ്പോള്‍ കൈകേയി ആദ്യം പറഞ്ഞത് 'രാമാ, നീ തന്നെയാണ് ഇതിനു കാരണ'മെന്നാണ്. ഈ കുത്തുവാക്കു കേട്ട് വിഷണ്ണനായ രാമന്‍ എല്ലാം വിസ്തരിച്ചു പറയാനാവശ്യപ്പെട്ടപ്പോള്‍ കൈകേയി തന്‍റെ രണ്ടു വരങ്ങളേപ്പറ്റി പറഞ്ഞു. 'പണ്ട് എനിക്കു തരാമെന്നു പ്രതിജ്ഞ ചെയ്തിരുന്ന രണ്ടു വരങ്ങൾ ഞാനാവശ്യപ്പെട്ടു. ഭരതനെ യുവരാജാവാക്കി അഭിഷേകം ചെയ്യണമെന്നും നീ പതിനാലു വര്‍ഷം വനവാസം അനുഷ്ഠിക്കണമെന്നും ആണ് ആ രണ്ടു വരങ്ങൾ. അതു കേട്ടപ്പോഴാണ് രാജാവിന് ഈ വിഷമതകള്‍ ഉണ്ടായത്. അച്ഛനെ സത്യപ്രതിജ്ഞനാക്കുവാന്‍ നീ പതിനാലു സംവത്സരം വനവാസമനുഷ്ഠിക്കണം. അതു നിനക്കു സമ്മതമല്ലേ ?'
കൈകേയിയുടെ വാക്കുകൾ കേട്ട് രാമന്‍ സന്തോഷത്തോടു കൂടി പറഞ്ഞു: 'ഇതാണോ കാര്യം ? അച്ഛനു വേണ്ടി ഞാന്‍ എന്തു ചെയ്യാനും തയ്യാറാണ്. ഞാന്‍ ഇന്നുതന്നെ വനവാസത്തിനു പുറപ്പെടുന്നു.' കൈകേയി സന്തുഷ്ടയായി.
രാമന്‍ പിന്നീട് ദശരഥന്‍റെ അടുത്തു ചെന്ന് അച്ഛനെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. അച്ഛന്‍ പറഞ്ഞു: 'രാമാ, എന്നെ ജയിലിലാക്കി നീ അഭിഷേകം നടത്തൂ. എനിക്കു നിന്നെ പിരിഞ്ഞിരിക്കാന്‍ വയ്യ.' പക്ഷേ രാമന്‍ സത്യത്തിന്‍റെ മാഹാത്മ്യം പറഞ്ഞ് അച്ഛനെ ആശ്വസിപ്പിച്ചു. പതിനാലു കൊല്ലം സാരമില്ല. അതുകഴിഞ്ഞ് ഞാന്‍ സുഖമായി മടങ്ങി വന്ന് നമുക്ക് ഒന്നിച്ചു താമസിക്കാമല്ലോ. എന്നും മറ്റും പറഞ്ഞ് രാജാവിന്‍റെ മുമ്പിലും യാത്രാനുവാദം ചോദിച്ചു. ദശരഥൻ പൊട്ടിക്കരഞ്ഞതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
മന്ത്രിമാരും പൗരജനങ്ങളും ഈ വര്‍ത്തമാനം കേട്ട് വിഷാദമഗ്നരായി. രാമന്‍ രാജാവാകുമെന്ന് കേട്ട് ആനന്ദിച്ചിരുന്ന പൗരജനങ്ങള്‍ക്ക് വിച്ഛിന്നാഭിഷേകവാര്‍ത്ത ഹൃദയഭേദകമായിരുന്നു. എല്ലാവരും വിഷാദവിവശരായി കൈകേയിയെ അപലപിച്ചു.
തന്‍റെ അവതാര കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ - രാക്ഷസ സംഹാരം ചെയ്യുവാന്‍ - താന്‍ നാട്ടിലിരുന്നാല്‍ പോരാ, കാട്ടിലേക്കു പോകണമെന്നുളള ശ്രീരാമചന്ദ്രന്‍റെ ഇച്ഛയ്ക്കനുസരിച്ചാണ് ഇതെല്ലാം സംഭവിച്ചത്. ഇതില്‍ രാമന്‍റെ സത്യസംരക്ഷണവ്യഗ്രതയും ത്യാഗബുദ്ധിയുമാണ് തെളിഞ്ഞു കാണുന്നത്. തന്‍റെയല്ല, അച്ഛന്‍റെ സത്യം കൂടി പാലിക്കപ്പെടണമെന്നു വിചാരിച്ചാണ് രാമന്‍ വനവാസത്തിന് പോകുന്നത്. കൈയിൽ കിട്ടിയ രാജ്യം ഭരതനു വേണ്ടി ഉപേക്ഷിക്കുന്നതില്‍ അദ്ദേഹം കാണിച്ച ത്യാഗബുദ്ധിയും പ്രശംസനീയമാകുന്നു. എല്ലാവരും അനുസരിക്കേണ്ട രണ്ടു ഗുണങ്ങളാണിവ.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment