Monday, August 7, 2017

ശ്രീരാമകഥാമൃതം -മന്ഥരയുടെ ഉപദേശം ( 6 )

ണ്ട് മിഥിലാധിപതിയായ ജനകരാജാവും കേകയരാജാവും തമ്മിൽ വിരോധമായിരുന്നു. അവര്‍ തമ്മിൽ ഇടയ്ക്കിടയ്ക്ക് യുദ്ധവുമുണ്ടായിരുന്നു. എന്നാല്‍ ദശരഥ മഹാരാജാവ് രണ്ടു പേരുടേയും പക്ഷത്ത് ചേര്‍ന്നിരുന്നില്ല. അപ്പോഴാണ് കൈകേയിയുടെ വിവാഹാലോചന വന്നത്. തന്‍റെ സഹായത്തിന് ദശരഥനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് കേകയരാജാവ് വൃദ്ധനായ ദശരഥന് യുവതിയായ തന്‍റെ പുത്രിയെ വിവാഹം ചെയ്തു കൊടുത്തത്. ഈ ബന്ധമുണ്ടായാല്‍ ജനകമഹാരാജാവിന്‍റെ പക്ഷത്ത് ചേരില്ലല്ലോ എന്നായിരുന്നു കേകയരാജാവിന്‍റെ സമാധാനം.
കൈകേയി വളരെ സരളഹൃദയയും കാപട്യം അറിയാത്തവളുമാണ്. അതുകൊണ്ട് കൈകേയിയെ സഹായിക്കാനായി ബുദ്ധിമതിയാണെങ്കിലും കുടിലബുദ്ധിയായ മന്ഥരയെയും കൈകേയിയുടെ ദാസിയായി അയച്ചിരുന്നു. ദശരഥ രാജാവ് ജനക പക്ഷത്തേക്കു പോകാതെ നോക്കണമെന്നും മന്ഥരയോടു പ്രത്യേകം പറഞ്ഞ് ഏര്‍പ്പാടു ചെയ്തിരുന്നു. അങ്ങനെയിരിക്കെ മന്ഥര അറിയാതെയാണ് ശ്രീരാമന്‍ ജനകപുത്രിയെ വിവാഹം ചെയ്തത്. അതില്‍ മന്ഥര വിഷമിച്ചിരിക്കുമ്പോഴാണ് മന്ഥരയറിയാതെ രാമന്‍റെ അഭിഷേകം നടക്കാന്‍ പോകുന്നത്. രാമന്‍ ശ്വശുരനായ ജനകരാജാവിനെ സഹായിക്കാന്‍ ഇടയാകും. അതുകൊണ്ട് എങ്ങനെയെങ്കിലും ഈ അഭിഷേകം മുടക്കണമെന്നാലോചിച്ച് മന്ഥര കൈകേയിയുടെ കൊട്ടാരത്തിൽ ചെന്നു.
മന്ഥരയെ കണ്ടു കൈകേയി സന്തോഷിച്ചു. രാമന്‍റെ അഭിഷേകത്തേപ്പറ്റി കേട്ട് വളരെ സന്തോഷിച്ച കൈകേയി ഒരു രത്നമാല അവള്‍ക്ക് സമ്മാനമായി നല്‍കി. മന്ഥര ആ മാല വലിച്ചെറിഞ്ഞ് കൈകേയി മൂഢയാണെന്നും ഭാവിയേപ്പറ്റി ആലോചിക്കാത്തവളാണെന്നും പറഞ്ഞ് ശകാരിക്കുകയാണ് ചെയ്തത്. അഭിഷേകം നടന്നു കഴിഞ്ഞാൽ രാജമാതാവായിത്തീരുന്ന കൗസല്യയുടെ ദാസിയായിത്തീരും കൈകേയിയെന്നും മറ്റും പറഞ്ഞ് കൈകേയിയുടെ മനസ്സ് മാറ്റിത്തീര്‍ത്തു. അഭിഷേകം തടയാനുളള ഉപായവും മന്ഥര ഉപദേശിച്ചു കൊടുത്തു. മുമ്പു ദശരഥൻ കൊടുത്തിട്ടുളള രണ്ടു വരങ്ങളില്‍ ഒന്നുകൊണ്ടു രാമന്‍റെ പതിനാലു കൊല്ലത്തെ വനവാസവും അടുത്ത വരം കൊണ്ട് ഭരതന്‍റെ അഭിഷേകവും നടത്തണമെന്നു രാജാവിനോടപേക്ഷിക്കുവാന്‍ മന്ഥര പറഞ്ഞു. കൈകേയി അതു സമ്മതിച്ചു. മന്ഥര കൃതാര്‍ത്ഥയായി മടങ്ങുകയും ചെയ്തു.
മന്ഥരയുടെ ഏഷണി കേട്ടതുകൊണ്ട് കൈകേയിക്കു പിന്നീട് ഉണ്ടായിത്തീര്‍ന്ന മനോവിഷമവും ദുഃഖവും ഇത്രയാണെന്നു പറയാന്‍ വയ്യ. ഏഷണികേട്ട് സ്ത്രീകളുടെ സരളഹൃദയം എളുപ്പത്തിൽ ഇളകുമല്ലോ. നല്ല മനസ്സോടു കൂടി പ്രവര്‍ത്തിക്കുന്ന സരളഹൃദയന്മാരെ ദുരുപദേശം കൊണ്ട് ദുഷ്പ്രവൃത്തികള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന മന്ഥരമാര്‍ ഇന്നും നമ്മുടെ ഇടയില്‍ കാണാം. അവരെ ശ്രദ്ധിക്കണമെന്നും അവരുടെ വാക്കുകൾ കേട്ട് നമ്മുടെ ഭാവിയെ അപകടപ്പെടുത്തരുതെന്നും കൈകേയിയുടെ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നു.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment