യോഗ



തഞ്ജലി മഹര്‍ഷിയാല്‍ വിരചിതമായ യോഗസൂത്രങ്ങളാണ് യോഗശാസ്ത്രത്തിലെ ഏറ്റവും പ്രാമാണ്യമുള്ള ഗ്രന്ഥം. ഇതില്‍ നാലു പാദങ്ങളിലായി (അദ്ധ്യായങ്ങളിലായി) 196 സൂത്രങ്ങളാണുള്ളത്. ഓരോ പാദത്തിനും അതിലെ വിഷയത്തിന് അനുരൂപമായി സമാധിപാദം, സാധനപാദം, വിഭൂതിപാദം, കൈവല്യപാദം എന്നീ പേരുകളാണുള്ളത്. ഇന്ന് യോഗസാധനയെന്ന പേരില്‍ അറിയപ്പെടുന്നത് ചില ആസനങ്ങളും പ്രാണായാമങ്ങളും മറ്റുമാണ്. അവയെ യോഗശാസ്ത്രത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാമെങ്കിലും അവ യോഗമാര്‍ഗ്ഗത്തിലെ ആദ്യപടികള്‍ മാത്രമാണ്. ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിവയെപ്പോലെ യോഗമാര്‍ഗ്ഗവും ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു ഉപായമായി എല്ലാ ആചാര്യന്മാരും മുക്തകണ്ഠം പ്രശംസിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. ഭഗവാന്‍ ശ്രീകൃഷ്ണനാകട്ടെ ഗീതയില്‍ പലയിടത്തും, ഭാഗവതത്തില്‍ ഉദ്ധവോപദേശത്തിലും യോഗസാധനയുടെ മഹത്ത്വം എടുത്തുപറഞ്ഞിട്ടുണ്ട്. ആത്മാന്വേഷിയായ ഒരു സാധകന് ചിത്തശുദ്ധിയും, ഇന്ദ്രിയജയവും മനോനിയന്ത്രണവും യോഗാനുഷ്ഠാനം കൂടാതെ അസംഭാവ്യമെന്നു തന്നെ പറയാം. ഇവയൊന്നുമില്ലെങ്കില്‍ ജ്ഞാനം കൊണ്ടുതന്നെ പറയത്തക്ക പ്രയോജനമില്ലെന്നു പറയേണ്ടതില്ലല്ലോ. അതു കൊണ്ടുതന്നെ യോഗസാധനകൂടാതെ അദ്ധ്യാത്മാനുഭൂതി പൂര്‍ണ്ണമാക്കുവാന്‍ വിഷമമാണെന്നാണ് അഭിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. ഈ ഇ-പുസ്തകം തയ്യാറാക്കുന്നതിനായി മുഖ്യമായും സ്വാമി ജ്ഞാനാനന്ദ സരസ്വതി രചിച്ച “പാതഞ്ജലയോഗദര്‍ശനം” എന്ന ഗ്രന്ഥത്തെയാണ് അവലംബിച്ചിട്ടുള്ളത്. സംശയനിവൃത്തിക്കായി ചിലപ്പോള്‍ വിവേകാനന്ദസ്വാമികളുടെ യോഗസൂത്രവ്യാഖ്യാനവും, വ്യാസവിരചിതമായ ഭാഷ്യവും, ഭോജവൃത്തിയും മറ്റും നോക്കിയിട്ടുണ്ട്. അനുവാചകര്‍ക്ക് ഈ പുസ്തകം ഇഷ്ടപ്പെടുമെന്ന് പ്രത്യാശിക്കുന്നു.

Download : പാതഞ്ജലയോഗസൂത്രം അര്‍ഥസഹിതം

No comments:

Post a Comment