Thursday, August 3, 2017

ശ്രീരാമകഥാമൃതം - സീതാസ്വയംവരം ( 3 )

വിശ്വാമിത്രന്‍റെ യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാര്‍ സന്നദ്ധരായി നില്‍ക്കുമ്പോള്‍ സുബാഹു തുടങ്ങി പ്രമുഖന്മാരായ രാക്ഷസന്മാര്‍ പല ഉപദ്രവങ്ങളും ഉണ്ടാക്കിയെങ്കിലും അവരെയെല്ലാം നിഗ്രഹിച്ച് യാഗം ശുഭമായി അവസാനിപ്പിക്കുവാന്‍ അവര്‍ക്ക് വിഷമമുണ്ടായില്ല. രാമബാണത്തിന്‍റെ അസഹ്യമായ തേജസ്സിനെ സഹിക്കുവാന്‍ സാധിക്കാതെ മാരീചന്‍ മാത്രം വന്ന് രാമനെ ശരണം പ്രാപിച്ചു. തന്‍റെ അവതാര നാടകത്തില്‍ ഇനിയും ചില രംഗങ്ങള്‍ അവന് അഭിനയിക്കുവാനുളളതു കൊണ്ട് രാമന്‍ മാരീചന് അഭയം നല്‍കി. ഇനി രാക്ഷസവൃത്തികള്‍ തുടരരുതെന്ന് ഉപദേശിക്കുകയും ചെയ്തു.
യാഗം അവസാനിപ്പിച്ചതിനു ശേഷം വിശ്വാമിത്രന്‍ രാമനോടു പറഞ്ഞു: 'രാമാ, നമുക്ക് മിഥിലാ രാജധാനിയില്‍ പോയി ജനകമഹാരാജാവിനെ കണ്ട് അയോധ്യയിലേക്ക് മടങ്ങാം'. രാജകുമാരന്മാര്‍ അത് സമ്മതിച്ച് വിശ്വാമിത്രനോടു കൂടി മിഥിലയിലേക്ക് പുറപ്പെട്ടു. പുരുഷന്‍ പ്രകൃതിയോടു ചേരുമ്പോള്‍ മാത്രമേ പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം മുഴുവൻ ശക്തി പ്രാപിക്കുന്നുളളൂ. പരബ്രഹ്മ മൂര്‍ത്തിയായ ശ്രീരാമനെ ശക്തിസ്വരൂപിണിയായ സീതാദേവിയോടു യോജിപ്പിക്കുക എന്നതായിരുന്നു മഹര്‍ഷിയുടെ ഉദ്ദേശം. വഴിയിൽ, ദേവേന്ദ്രൻ്റെ വഞ്ചന മൂലം ശാപത്തിനു പാത്രമായ ഗൗതമപത്നിയായ അഹല്യയ്ക്കു ശാപമോക്ഷം നല്‍കി. *ആയിരം വര്‍ഷം ചലനമില്ലാതെ വായുഭക്ഷണമായി അന്യര്‍ക്ക് അദൃശ്യയായി കിടക്കട്ടെ* എന്നായിരുന്നു ശാപം. *ശ്രീരാമന് ആതിഥ്യം നല്‍കാനിടവരുമ്പോള്‍ ശാപത്തില്‍ നിന്ന് മുക്തയായിത്തീരും* എന്ന് ഗൗതമന്‍ ശാപമോക്ഷവും നല്‍കിയിരുന്നു. വിശ്വാമിത്രന്‍റെ നിര്‍ദ്ദേശപ്രകാരം രാജകുമാരന്മാര്‍ ഗൗതമാശ്രമത്തില്‍ പ്രവേശിച്ച് ശാപമോക്ഷം നല്‍കി അഹല്യയുടെ ആതിഥ്യവും സ്വീകരിച്ച് തപോദീപ്തയായ അവരെ വണങ്ങി യാത്ര തുടര്‍ന്നു.
മഹര്‍ഷിയും അനുചരന്മാരും മിഥിലാപുരിയിലെത്തി. ജനകമഹാരാജാവ് അവരെ വേണ്ടവിധത്തില്‍ സ്വീകരിച്ചു. വിശ്വാമിത്രന്‍ അയോധ്യയിലെ ദശരഥപുത്രന്മാരായ രാജകുമാരന്മാരാണ് എന്നു പറഞ്ഞ് കുമാരന്മാരെ പരിചയപ്പെടുത്തി. അഹല്യാ ശാപമോക്ഷത്തിന്‍റെ കഥയും പറഞ്ഞു കേള്‍പ്പിച്ചു. ദേവസദൃശന്മാരായ കുമാരന്മാരെ കണ്ട് ജനകരാജാവ് വളരെ സന്തുഷ്ടനായി. വിശ്വാമിത്രന്‍ വീണ്ടും പറഞ്ഞു. 'സിദ്ധാശ്രമത്തിലെ യാഗരക്ഷയും ഗൗതമാശ്രമത്തിലെ അഹല്യാ ശാപമോക്ഷവും കഴിഞ്ഞ് ശൈവചാപം കാണുവാനായി അവര്‍ വന്നിരിക്കയാണ്. അത് കാണിച്ചു കൊടുത്താലും'. ജനകന്‍ കിങ്കരന്മാരെ അയച്ച് മഹത്തായ ആ ചാപം കൊണ്ടു വരുവിച്ചു. വിശ്വാമിത്രന്‍റെ നിര്‍ദ്ദേശ പ്രകാരം രാമന്‍ വില്ലെടുത്തു കുലച്ചപ്പോള്‍ ഭയങ്കരമായ ഒരു ശബ്ദത്തോടു കൂടി ആ വില്ല് രണ്ടായി പൊട്ടി. മുന്‍ നിശ്ചയപ്രകാരം ജനകപുത്രിയായ സീത രാമന്‍റെ കഴുത്തിൽ വരണമാല്യം അണിയിക്കുകയും ചെയ്തു.
ശൈവചാപം കുലയ്ക്കുന്നവര്‍ക്കു മാത്രമേ സീതയെ വിവാഹം ചെയ്തു കൊടുക്കുകയുളളൂ എന്ന് ജനകരാജാവ് പ്രതിജ്ഞ ചെയ്തിരുന്നു. അത് ഇപ്പോള്‍ സഫലമായതില്‍ ജനകന്‍ സന്തുഷ്ടനായി.
നമോസ്തു രാമചന്ദ്രായ
രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായ പതയേ നമഃ

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment