Sunday, August 27, 2017

ശ്രീരാമകഥാമൃതം ( 26 ) ഹനുമാന്‍റെ സമുദ്രലംഘനം

വാനരന്മാര്‍ സീതയെ അന്വേഷിച്ചു പിന്നെയും തെക്കോട്ടു തന്നെ പോയി. എവിടെയും സീതയെ കാണാതെ വിഷാദവും നിരാശയും പൂണ്ടു ദക്ഷിണ സമുദ്ര തീരത്തു ഒരു ഗുഹാ മുഖത്തു പ്രായോപവേശം ചെയ്തു. ഗുഹയുടെ ഉള്ളില്‍ നിന്ന് ചിറകുകളില്ലാത്ത ഒരു ഗൃധ്രരാജന്‍ വന്ന് ഇത്രയധികം വാനരന്മാരെ ഭക്ഷണമായി കിട്ടിയതില്‍ സന്തോഷിച്ചു. പക്ഷേ അവരുടെ സംഭാഷണത്തില്‍ ജടായുവിന്‍റെ കാര്യം പറയുന്നതു കേട്ട് അവരോടു വിവരമന്വേഷിച്ചു. അപ്പോഴാണ് രാമദൂതന്മാരായ അവര്‍ സീതാന്വേഷണത്തിനു പുറപ്പെട്ടിരിക്കുകയാണെന്നും, സീതയെ രക്ഷിക്കുവാനുളള ശ്രമത്തില്‍ ജടായു മരിച്ചുവെന്നും അറിയുന്നത്. താന്‍ ജടായുവിന്‍റെ ജ്യേഷ്ഠനായ സമ്പാതിയാണെന്നു പറഞ്ഞ് തന്നെ കടലിലേക്ക് എടുക്കണമെന്ന് അപേക്ഷിച്ചു. കടലില്‍ കുളിച്ചു ജടായുവിന്‍റെ പ്രേതക്രിയകള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ സമ്പാതിക്കു ചിറകുകളുണ്ടായി. അങ്ങനെയായിരുന്നു ഗൃധ്രരാജന് കിട്ടിയിരുന്ന അനുഗ്രഹം. ഉടനെ സമ്പാതി വളരെ ഉയരത്തില്‍ പറന്ന് വാനനിരീക്ഷണം നടത്തുകയും അശോകവനികയിലിരിക്കുന്ന സീതയെ കാണുകയും ചെയ്തു.
''ലങ്കയില്‍ രാവണരാജധാനിയിലെ അന്തഃപുരത്തിലെ അശോകവനികയില്‍ സീതാദേവി ദുഃഖിതയായിരിക്കുന്നത് ഞാന്‍ കണ്ടു. നിങ്ങൾ കടല്‍ കടന്ന് അവിടെ പോയി, ദേവിയെ സമാധാനിപ്പിച്ച് ശ്രീരാമചന്ദ്രനെ വിവരം അറിയിക്കണം'' എന്ന് മടങ്ങി വന്ന് വാനരന്മാരോടു പറഞ്ഞു.
സമ്പാതിയുടെ വാക്കു കേട്ട് നൂറുയോജന വിസ്താരമുള്ള കടല്‍ കടക്കുവാനുള്ള ആലോചനയായി. ആര്‍ക്കും അതിനുളള ശക്തിയോ ധൈര്യമോ ഇല്ലെന്നായപ്പോള്‍ ജാംബവാന്‍ ഹനുമാന്‍റെ അടുത്തു ചെന്നു. ഹനുമാനുള്ള അമാനുഷിക ശക്തികളേപ്പറ്റി പുകഴ്ത്തി പറഞ്ഞ് ഹനുമാനില്‍ ആത്മ ധൈര്യവും ആത്മവിശ്വാസവും ഉണ്ടാക്കി. താന്‍ സമുദ്രം ചാടിക്കടന്ന് ലങ്കയില്‍ പോയി രാവണനെ കൊന്ന് സീതയെ കൊണ്ടു വരാമെന്ന് ഹനുമാന്‍ പറഞ്ഞു എങ്കിലും ജാംബവാന്‍ അതിനെ എതിര്‍ത്തു. ലങ്കയില്‍ പോയി ജാനകിയെ കണ്ടു സമാധാനിപ്പിച്ച് ലങ്കയെല്ലാം നോക്കിക്കണ്ടു വന്നാല്‍ മതിയെന്നും രാവണനെ കൊല്ലാൻ ശ്രീരാമനുണ്ടെന്നും പറഞ്ഞ് ഹനുമാനെ യാത്രയാക്കി. മഹേന്ദ്രപര്‍വ്വതത്തിന്‍റെ മുകളിൽ കയറി രാമനാമം ജപിച്ചുകൊണ്ട് ഹനുമാന്‍ ഒറ്റക്കുതിപ്പ്. ലങ്കയിലെത്തി ലങ്കാലക്ഷ്മിയെ ജയിച്ചു. ലങ്കയില്‍ പ്രവേശിച്ചു.
ആത്മവിദ്യയെ പ്രാപിക്കാനാഗ്രഹിച്ച് പലരും പുറപ്പെടാറുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്കു മാത്രമേ അവിടെ എത്തുവാന്‍ സാധിക്കാറുള്ളൂ. *ആത്മജ്ഞാനം ഉണ്ടാകണമെങ്കില്‍ ഒരുവന്‍ സംസാര സമുദ്രത്തെ തരണം ചെയ്യേണ്ടിയിരിക്കുന്നു. അതിനു പലര്‍ക്കും സാധിക്കുന്നില്ല. ഭഗവാന്‍റെ നാമം നാവിലും ഭഗവത്സ്മരണം മനസ്സിലും ഭഗവന്മൂര്‍ത്തി ഹൃദയത്തിലും ഉള്ളവര്‍ക്ക് എളുപ്പത്തിൽ സംസാരത്തെ തരണം ചെയ്ത് ആത്മവിദ്യയെ പ്രാപിക്കുവാൻ സാധിക്കുന്നു.* അതാണ് ഹനുമാന്‍റെ സമുദ്ര ലംഘനം കാണിക്കുന്നത്. *ഈശ്വരാനുഗ്രഹം ഉള്ളവര്‍ക്ക് അത് എളുപ്പവുമാണ്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Saturday, August 26, 2017

ശ്രീരാമകഥാമൃതം ( 25 ) - സീതാന്വേഷണം

ഴക്കാലം കഴിഞ്ഞു. ശരത്കാലം വന്നു. സുഗ്രീവന്‍ സീതാന്വേഷണത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നു കണ്ട് ഹനുമാന്‍ ചെന്നു പറഞ്ഞു: 'രാമന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വെക്കുന്നില്ലെങ്കില്‍ നിന്‍റെ ഗതിയും ബാലിയുടേതു പോലെയാകും. കൃതഘ്നതയ്ക്കു പ്രായശ്ചിത്തമില്ല.' അതുകേട്ട സുഗ്രീവന്‍ ഉടനെ തന്നെ പല ദിക്കുകളിലുമുളള വാനരന്മാരെയെല്ലാം വരുത്തുവാനുളള ഏര്‍പ്പാടുകള്‍ ചെയ്തു. അപ്പോഴാണ് കുപിതനായ ലക്ഷ്മണന്‍റെ വരവ്. മഴക്കാലം കഴിഞ്ഞിട്ടും സീതാന്വേഷണത്തില്‍ ഒന്നും ചെയ്യാതിരിക്കുന്ന സുഗ്രീവനോടു പകരം ചോദിക്കുവാന്‍ രാമന്‍ പറഞ്ഞയച്ചിട്ടായിരുന്നു ലക്ഷ്മണന്‍ വന്നിട്ടുളളത്. താരയും അംഗദനും സുഗ്രീവനും കൂടി ലക്ഷ്മണനെ ശാന്തനാക്കി സമാധാനിപ്പിച്ചു. എല്ലാവരും കൂടി വിവരങ്ങളറിയിക്കുവാനായി രാമസമീപം ചെന്നു. സീതാന്വേഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതറിഞ്ഞ് രാമന്‍ സന്തുഷ്ടനായി. രാമാജ്ഞയനുസരിച്ച് സീതയെ കണ്ടു പിടിക്കുവാനായി വാനരന്മാരെ നാലു ദിക്കിലേക്കും അയച്ചു.
തെക്കേ ദിക്കിലേക്കു പോയ സംഘത്തിലാണ് ഹനുമാന്‍, ജാംബവാന്‍, അംഗദന്‍, നീലന്‍ മുതലായ വാനര നായകന്മാരുളളത്. പുറപ്പെടുന്ന സമയത്ത് രാമന്‍ ഹനുമാനെ പ്രത്യേകം വിളിച്ച് സീതയ്ക്കു തിരിച്ചറിയുന്നതിനായി തന്‍റെ പേര്‍ കൊത്തിയ ഒരു മോതിരവും രഹസ്യമായ ഒരു അടയാള വാക്യവും പറഞ്ഞു കൊടുത്തു. വാനരന്മാര്‍ അത്യുത്സാഹത്തോടു കൂടി പുറപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് ദണ്ഡകാരണ്യത്തിലെത്തിയപ്പോള്‍ വിശപ്പും ദാഹവും സഹിക്കവയ്യാതെ വാനരന്മാര്‍ വിഷമിച്ചു. വെളളം എങ്ങും കിട്ടാനില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു ഗുഹയില്‍ നിന്ന് ചില പക്ഷികള്‍ വരുന്നതു കണ്ടത്. അവയുടെ ചിറകുകളില്‍ ജലകണങ്ങള്‍ കണ്ടു. ഗുഹയ്ക്കുളളില്‍ ജലമുണ്ടാകുമെന്നു തീര്‍ച്ചപ്പെടുത്തി, ഹനുമാന്‍റെ നേതൃത്വത്തില്‍ ഗുഹയ്ക്കുളളില്‍ പ്രവേശിച്ചു. കുറച്ചുദൂരം ചെന്നപ്പോൾ ഫലവൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഉദ്യാനവും തടാകവും കണ്ടു. അവിടെ തപസ്വിനിയായ ഒരു യോഗിനിയേയും കണ്ടു. താന്‍ സ്വയംപ്രഭ എന്ന യോഗിനിയാണെന്നും രാമദൂതന്മാര്‍ വരുമ്പോൾ സത്ക്കരിക്കുവാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും സ്വയംപ്രഭ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. വാനരന്മാരെ തൃപ്തിയാകുംവണ്ണം സത്കരിച്ച് അനായാസേന ഗുഹയില്‍ നിന്നു പുറത്താക്കിയതിനു ശേഷം സ്വയംപ്രഭ ശ്രീരാമദര്‍ശനത്തിനായി പോയി.
സീത ആത്മവിദ്യയുടെ പ്രതീകമാണെന്നും ആത്മവിദ്യ തേടിപ്പോകുന്ന സാധകന്മാരാണ് വാനരന്മാരെന്നും പ്രതീകമായി ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്. അപ്പോള്‍ ആദ്ധ്യാത്മിക സാധകന്മാർക്ക് ഉണ്ടാകുന്ന അനുഭവങ്ങളാണ് വാനരന്മാര്‍ക്കുണ്ടാകുന്നത്. ഈശ്വരാനുഗ്രഹം കൊണ്ട് അവര്‍ക്ക് എല്ലാ സ്ഥലങ്ങളിലും സൗകര്യങ്ങളും ഭഗവാന്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു. സ്വയംപ്രഭാ ചരിതം അതാണ് കാണിക്കുന്നത്. *സംസാര സമുദ്രം കടന്ന് മോക്ഷം നേടുവാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്കേ ഫലസിദ്ധി ഉണ്ടാകുന്നുളളൂ.* വാനരന്മാര്‍ പലരും സീതാന്വേഷണത്തിനിറങ്ങിയെങ്കിലും ഹനുമാന് മാത്രമേ സീതയെ കാണാന്‍ സാധിച്ചുളളൂ.

Friday, August 25, 2017

ശ്രീരാമകഥാമൃതം ( 24 ) - ബാലിവധം

ബാലിയോടു നേരിട്ടു യുദ്ധം ചെയ്യുവാന്‍ ശ്രീരാമചന്ദ്രന് കാരണമൊന്നുമില്ലല്ലോ. അതുകൊണ്ട് സുഗ്രീവനോടു തന്നെ ബാലിയെ യുദ്ധത്തിനു വിളിക്കുവാന്‍ പറഞ്ഞു. അതിന്‍പ്രകാരം സുഗ്രീവന്‍ തന്നെ കിഷ്കിന്ധയില്‍ പോയി ബാലിയെ യുദ്ധത്തിന് വിളിച്ചു. മന്ത്രിമാരും രാമലക്ഷ്മണന്മാരും ദൂരെ മാറി നിന്നു. പക്ഷേ ദ്വന്ദ്വയുദ്ധത്തില്‍ രാമന് ബാലി സുഗ്രീവന്മാരെ തിരിച്ചറിയാന്‍ സാധിക്കാത്തതു കൊണ്ട് അമ്പെയ്യുവാന്‍ സാധിച്ചില്ല. ബാലിയുടെ അടിയും ഇടിയും സഹിക്കവയ്യാതെ സുഗ്രീവന്‍ ഓടി വന്ന് രാമനെ ശരണം പ്രാപിച്ചു. സുഗ്രീവനെ തിരിച്ചറിയുവാന്‍ വേണ്ടി ഒരു മാല കഴുത്തിലിട്ടു വീണ്ടും ബാലിയെ യുദ്ധത്തിനു വിളിക്കുവാന്‍ പറഞ്ഞു. സുഗ്രീവന്‍ വീണ്ടും യുദ്ധത്തിനു ചെന്നപ്പോൾ താര സ്വഭര്‍ത്താവായ ബാലിയെ രാമസുഗ്രീവ സഖ്യത്തിന്‍റെ കാര്യമെല്ലാം പറഞ്ഞ് തടയുവാന്‍ ശ്രമിച്ചു എങ്കിലും ബാലി സ്വാഭിമാനത്തിനു കോട്ടം തട്ടാതിരിക്കുവാന്‍ യുദ്ധത്തിനു പുറപ്പെടുക തന്നെ ചെയ്തു. ബാലിസുഗ്രീവന്മാര്‍ വീറോടു കൂടി അന്യോന്യം പൊരുതി. അതില്‍ സുഗ്രീവന്‍ ക്ഷീണിക്കാന്‍ തുടങ്ങിയപ്പോൾ രാമന്‍ വൃക്ഷത്തിന്‍റെ മറവില്‍ നിന്ന് നേരെ അസ്ത്രം പ്രയോഗിക്കുകയും ബാലി മോഹിച്ചു വീഴുകയും ചെയ്തു. മോഹം തീര്‍ന്നു കണ്‍മിഴിച്ചു നോക്കിയപ്പോള്‍ രാമനെയാണ് മുന്‍പില്‍ കണ്ടത്. ലക്ഷ്മണനും സുഗ്രീവനും അടുത്തുണ്ടായിരുന്നു. മറ്റൊരാളോടു യുദ്ധം ചെയ്യുമ്പോൾ ഒളിയമ്പയച്ച് തന്നെ കൊല്ലുന്നതിന്‍റെ അനൗചിത്യത്തേപ്പറ്റി ബാലി രാമനെ വളരെയധികം കുറ്റപ്പെടുത്തി സംസാരിച്ചു. 'സീതയെ കിട്ടുവാനാണ് സുഗ്രീവനു വേണ്ടി എന്നെ കൊല്ലുന്നതെങ്കില്‍ ഒരു നിമിഷം കൊണ്ടു ഞാന്‍ രാവണനേയും സീതയേയും അങ്ങയുടെ കാല്‍ക്കല്‍ കൊണ്ടുവരുമായിരുന്നല്ലോ എന്നു പറഞ്ഞു. പക്ഷേ രാമന്‍ ബാലിയെ സമാശ്വസിപ്പിച്ചു. ബാലിയുടെ ശരീരസംസ്ക്കാരം ചെയ്തതിന് ശേഷം രാമന്‍റെ അനുവാദത്തോടു കൂടി സുഗ്രീവനെ രാജാവായും അംഗദനെ യുവരാജാവായും അഭിഷേകം ചെയ്തു. രാമനെ രാജകീയാതിഥിയായി ക്ഷണിച്ചുവെങ്കിലും പതിനാലു വര്‍ഷം നഗരങ്ങളില്‍ താമസിക്കുകയില്ലെന്നു പറഞ്ഞു. നഗരത്തിനു പുറത്ത് ഒരു ഗുഹയില്‍ മഴക്കാലം കഴിയുന്നത് വരെ താമസിച്ചു.
രാമന്‍ ചെയ്തതു വലിയൊരു അധര്‍മ്മമാണെന്നു പറഞ്ഞ് പലരും രാമനെ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ രാമന്‍റെ സമാധാനം കേട്ടതിനു ശേഷം ബാലിക്ക് അത് ധാര്‍മ്മിക പ്രവര്‍ത്തിയാണെന്ന് ബോദ്ധ്യം വന്നു. ദോഷൈകദൃഷ്ടികളായ ചിലരുടെ വിമര്‍ശനം ധര്‍മ്മത്തിന്‍റെ മൂര്‍ത്തിയായ രാമനെ സംബന്ധിച്ചു കാര്യമായെടുക്കേണ്ടതില്ല. *അധര്‍മ്മിഷ്ഠന്മാരെ ശിക്ഷിക്കുക രാജധര്‍മ്മമാണല്ലോ!

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Thursday, August 24, 2017

ശ്രീരാമകഥാമൃതം ( 23 ) - സുഗ്രീവസഖ്യം

രാമന്‍ പ്രിയാ വിരഹ ദുഃഖം കൊണ്ട് പരവശനായി, കാണുന്ന മൃഗങ്ങളോടും പക്ഷികളോടുമെല്ലാം സീതയേപ്പറ്റി അന്വേഷിക്കും. അങ്ങനെ ഒരു ഭ്രാന്തനേപ്പോലെ തെക്കോട്ടു നടന്ന് പമ്പാതീരത്ത് ഋശ്യമൂകപര്‍വ്വതത്തിന്‍റെ അടുത്തെത്തി. കാഴ്ചയില്‍ത്തന്നെ പ്രഭാവശാലികളായ രണ്ടുപേര്‍ നടന്നു വരുന്നത് സുഗ്രീവന്‍ കണ്ടു. 'ബാലികേറാമല' എന്ന പ്രസിദ്ധമായ ആ പര്‍വ്വതത്തിലാണ് സുഗ്രീവന്‍ തന്‍റെ അനുയായികളോടുകൂടി താമസിച്ചിരുന്നത്. രാമലക്ഷ്മണന്മാരെ കണ്ട് സുഗ്രീവന്‍ തന്‍റെ പ്രധാന സചീവനായ ഹനുമാനെ വിളിച്ച് അവര്‍ ആരാണെന്ന് അറിഞ്ഞു വരുവാന്‍ പറഞ്ഞു. ഭിക്ഷു രൂപം ധരിച്ച ഹനുമാന്‍ അവരുടെ അടുത്തു ചെന്നു വിവരമന്വേഷിച്ചു. ലക്ഷ്മണന്‍ തങ്ങളുടെ കഥയെല്ലാം പറഞ്ഞു. ഹനുമാന് അവരെ കണ്ടപ്പോൾ ഉണ്ടായ ഭക്തിയും ബഹുമാനവും വര്‍ദ്ധിച്ചു. മാരുതി സുഗ്രീവന്‍റെ കഥയെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ചെറിയൊരു തെറ്റിദ്ധാരണയുടെ ഫലമായി ജ്യേഷ്ഠനായ ബാലി ഭാര്യയെയും രാജ്യത്തെയും അപഹരിച്ച് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കിയ സുഗ്രീവന്‍ ശാപം മൂലം ബാലിക്കു കയറുവാന്‍ സാധിക്കാത്ത ആ മലയില്‍ വന്നു താമസിക്കുന്നുണ്ട്. സീതാന്വേഷണത്തില്‍ അവന്‍ വലിയ സഹായങ്ങള്‍ ചെയ്യുമെന്നും, അതുകൊണ്ട് സുഗ്രീവനുമായി സഖ്യം ചെയ്യണമെന്നുമുളള ഹനുമാന്‍റെ വാക്കു രാമന്‍ സ്വീകരിച്ചു. മാരുതിയുടെ വാക്കും ആ പെരുമാറ്റവും രാമന് വളരെ സന്തോഷമായി. ഭിക്ഷു രൂപം വെടിഞ്ഞ് സ്വസ്വരൂപം കൈക്കൊണ്ട് ആ സോദരന്‍മാരെ ചുമലിലേറ്റി സുഗ്രീവ സമീപത്ത് എത്തിച്ചു. അവരുടെ കഥ മുഴുവൻ പറഞ്ഞു കേള്‍പ്പിക്കുകയും സീതാന്വേഷണത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാജ്യവും ഭാര്യയും നഷ്ടപ്പെട്ട രാമന് സുഗ്രീവനോടും അദ്ദേഹത്തിന്‍റെ അവസ്ഥയില്‍ അനുതാപം തോന്നി. അവര്‍ രണ്ടുപേരും അന്യോന്യം സഖ്യം ചെയ്തു സുഹൃത്തുക്കളായി. സുഗ്രീവന്‍റെ ശത്രുവായ ബാലിയെ ഉടനെ തന്നെ കൊന്നു കൊള്ളാമെന്ന് രാമനും, സീതയെ താമസിയാതെ അന്വേഷിച്ചു കണ്ടുപിടിച്ചു ശത്രുവിനെ കൊല്ലുവാന്‍ വേണ്ട സഹായം ചെയ്യാമെന്നു സുഗ്രീവനും അഗ്നി സാക്ഷിയായി പ്രതിജ്ഞ ചെയ്തു. ശ്രീരാമ ഭക്തനായിത്തീര്‍ന്നിരുന്ന ബുദ്ധിമാനും നീതിജ്ഞനുമായ ഹനുമാന്‍ സീതാന്വേഷണത്തിന്‍റെ കാര്യം താനേല്ക്കാമെന്നു സമ്മതിച്ചു.
*ഒരേ വിധത്തിലുളള പ്രശ്നങ്ങൾ നേരിടുന്നവര്‍ അല്ലെങ്കിൽ ഒരേ വിധത്തിലുളള വിഷമങ്ങളില്‍ പെട്ടിട്ടുളളവര്‍ അന്യോന്യം സഖ്യത്തിലേര്‍പ്പെടുക സാധാരണമാണ്. അന്യോന്യമുള്ള സഹായം കൊണ്ട് രണ്ടു കൂട്ടരുടേയും വിഷമങ്ങൾ തീരുകയും ചെയ്യും. ആപത്തു കാലത്ത് ആരുടേയും സഹായം അവഗണിക്കരുതെന്നാണ് വാനരന്മാരോട് സഖ്യം ചെയ്തതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്.* വാനര സഹായം കൊണ്ട് രാമന്‍ ജയം നേടുകയും ചെയ്തു. രാമായണ മഹാമാലാരത്നമായ ഹനുമാന്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ രംഗത്തിലാണ്. പിന്നീട് ഹനുമാന്‍ ശ്രീരാമഭക്തരില്‍ അഗ്രഗണ്യനായിത്തീര്‍ന്ന്, എല്ലാവര്‍ക്കും ആരാധ്യനായിത്തീര്‍ന്നു.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Wednesday, August 23, 2017

ശ്രീരാമകഥാമൃതം ( 22 ) - സീതാവിരഹം

രാവണന്‍ സീതയെ അപഹരിക്കുവാന്‍ വരുന്നുണ്ടെന്നു മുന്‍കൂട്ടി കണ്ടറിഞ്ഞ രാമന്‍ സീതയോടു പറഞ്ഞു: 'പ്രിയേ, രാവണന്‍ ഭവതിയെ ലങ്കയിലേക്കു കൊണ്ടുപോകുവാനായി വരുന്നുണ്ട്. അതുകൊണ്ട് പരസ്പര്‍ശം ഏല്ക്കാതിരിക്കുവാനായി മായാസീതയെ ആശ്രമത്തില്‍ നിര്‍ത്തി, ഭവതി രാവണവധം കഴിയുന്നതുവരെ അഗ്നിമണ്ഡലത്തില്‍ മറഞ്ഞു വസിക്കുക. ലോകശ്രേയസ്സിന് അത് ആവശ്യമാണ്.' സീതാദേവി ഭര്‍ത്തൃഹിതമനുസരിച്ച് വഹ്നിമണ്ഡലത്തിൽ ചെന്നിരിക്കുകയും, മായാസീതയെ പര്‍ണ്ണശാലയില്‍ നിര്‍ത്തുകയും ചെയ്തു. ആ മായാസീതയെയാണ് രാവണന്‍ കൊണ്ടുപോയത്. ലക്ഷ്മണന്‍ പോലും ആ വിവരമറിഞ്ഞിരുന്നില്ല. രാവണന്‍ സീതയെ ലങ്കയിലെ അന്തഃപുരത്തിലുളള അശോകവനികയില്‍ താമസിപ്പിച്ചു. പരിചാരികരായി രാക്ഷസിമാരെയും നിശ്ചയിച്ചു. സീത അവിടെ രാമനെ ധ്യാനിച്ചും, രാമനാമം ഉരുവിട്ടും ദിനങ്ങള്‍ വര്‍ഷങ്ങളാക്കി കഴിച്ചു കൂട്ടി.
മാരീചവധം കഴിഞ്ഞു മടങ്ങി വന്ന രാമന്‍ വഴിയിൽ ലക്ഷ്മണന്‍ വരുന്നതു കാണുകയും, മായാസീതയുടെ കാര്യം ലക്ഷ്മണന്‍ അറിയാത്തതിനാല്‍ ഒരു പ്രാകൃത മനുഷ്യനേപ്പോലെ പെരുമാറുവാന്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. സീതയെ ഒറ്റയ്ക്ക് ആശ്രമത്തില്‍ വിട്ടിട്ടു പോന്നതിന് ലക്ഷ്മണനെ കുറ്റപ്പെടുത്തി. ലക്ഷ്മണന്‍ വിവരങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു. പെണ്ണുങ്ങള്‍ അവിവേകം കൊണ്ടു പലതും പറയും, എന്നാല്‍ അതുകേട്ട് പുരുഷന്മാര്‍ വിവേകം വിടാമോ എന്നായിരുന്നു രാമന്‍റെ ചോദ്യം! രണ്ടുപേരും വേഗത്തിൽ പര്‍ണ്ണശാലയില്‍ എത്തി. സീതയെ കാണാഞ്ഞ് പരിഭ്രമത്തോടെ എല്ലായിടത്തും തിരഞ്ഞു. എവിടെയും കാണാതിരുന്നപ്പോള്‍ രാക്ഷസന്മാര്‍ പിടിച്ചു കൊണ്ടുപോയി കൊന്നു തിന്നിരിക്കുമോ എന്നുവരെ സംശയിച്ചു. അങ്ങനെ അവര്‍ കാട്ടില്‍ അന്വേഷിച്ചു നടന്നപ്പോള്‍ മൃതപ്രായനായ ജടായുവിനെ കണ്ടു. പിതൃസഖനായ ആ ഗൃധ്രരാജനെ ആശ്വസിപ്പിച്ചപ്പോള്‍ ആ ജടായു പറഞ്ഞു: 'രാമാ, രാക്ഷസ രാജാവായ രാവണന്‍ സീതയെയും അപഹരിച്ചുകൊണ്ടു പോകുമ്പോൾ സീതയുടെ നിലവിളി കേട്ട് രക്ഷിക്കുവാനായി ഞാന്‍ രാവണനെ തടുത്തപ്പോള്‍ അവന്‍ ചന്ദ്രഹാസം കൊണ്ട് എന്‍റെ ചിറകുകള്‍ രണ്ടും വെട്ടി ഇങ്ങനെയാക്കിത്തീര്‍ത്തു. രാവണന്‍ സീതയെ തെക്കോട്ടു വിമാനത്തിൽ കൊണ്ടു പോയിട്ടുണ്ട്.' ഇത്രയും പറഞ്ഞ് ജടായു അന്ത്യശ്വാസം വലിച്ചു. രാമന്‍ പിതൃമിത്രത്തിനു വേണ്ട അഗ്നി സംസ്ക്കാരവും മറ്റു കര്‍മ്മങ്ങളും ചെയ്തു. അതിനുശേഷം ജടായു പറഞ്ഞതനുസരിച്ച് സീതയെ തേടി തെക്കോട്ടു വനയാത്ര തുടര്‍ന്നു.
*മായയുടെ പിടിയില്‍ പെട്ടാല്‍ ഈശ്വരനും കരയേണ്ടി വരും. അതാണ് മായയുടെ ശക്തി എന്നതാണ് ഇവിടെ കാണുന്നത്. പത്നീ വിയോഗം കൊണ്ട് ഈശ്വരാവതാരമായ രാമന്‍ പോലും ഭ്രാന്തനേപ്പോലെ കരഞ്ഞു നടക്കുന്നത് കാണുമ്പോൾ ആരും ആശ്ചര്യപ്പെട്ടു പോകും. മായാധിപനായ ഈശ്വരന്‍ ഭൂമിയില്‍ അവതരിച്ചപ്പോള്‍ മായാധീനനായ മനുഷ്യനേപ്പോലെ പെരുമാറണമല്ലോ!

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Tuesday, August 22, 2017

ശ്രീരാമകഥാമൃതം - ( 21 ) സീതാപഹരണം

രാമന്‍റെ സ്വരത്തിലുളള നിലവിളി കേട്ട് രാമന് അപകടം പറ്റിയെന്ന് വിചാരിച്ച് സീത ലക്ഷ്മണനോട് ഉടനെ ജ്യേഷ്ഠന്‍റെ സഹായത്തിന് ചെല്ലുവാന്‍ പറഞ്ഞു. രാമനെ നന്നായിട്ടറിയാവുന്ന ലക്ഷ്മണന്‍ യാതൊരു പരിഭ്രമവും കൂടാതെ സീതയോടു പറഞ്ഞു : 'ഭവതി പരിഭ്രമിക്കേണ്ട. ഇതെല്ലാം രാക്ഷസ മായയാണ്. ത്രൈലോക്യാധിപതിയായ രാമനെ ഉപദ്രവിക്കുവാന്‍ ഇന്നു ലോകത്തിലാര്‍ക്കും സാധിക്കുകയില്ല.' സീത കോപാന്ധയായി ലക്ഷ്മണനെ ശകാരിച്ചു. 'ലക്ഷ്മണാ, ജ്യേഷ്ഠന്‍ മരിക്കണമെന്നാണോ നിന്‍റെ ആഗ്രഹം ? ജ്യേഷ്ഠനെ കൊന്ന് എന്നെ തട്ടിയെടുക്കാനാണോ നീ കൂടെ വന്നിട്ടുളളത് . അത് ഒരിക്കലും നടക്കുകയില്ല. ഞാന്‍ രാമനെയല്ലാതെ മറ്റാരെയും മനസ്സുകൊണ്ടു പോലും സ്മരിക്കുകയില്ല.' സീതയുടെ കര്‍ണ്ണാരുന്തുദങ്ങളായ വാക്കുകള്‍ കേട്ട് ദുഃഖിതനായ ലക്ഷ്മണന്‍ ചെവി പൊത്തി. സീതയുടെ രക്ഷയ്ക്ക് വനദേവതമാരെ ഏല്പിച്ച് അവിടെനിന്ന് രാമന്‍റെ അടുത്തേയ്ക്കു പോയി.
ആ സമയത്ത് രാവണന്‍ ജടാവല്ക്കലങ്ങള്‍ ധരിച്ച് ഒരു സന്ന്യാസിയുടെ രൂപത്തിൽ അവിടെ വന്നു. പര്‍ണ്ണശാലയില്‍ വന്ന സന്ന്യാസിയെ വേണ്ടതുപോലെ സ്വീകരിച്ചു സത്കരിച്ചതിനു ശേഷം സീത പറഞ്ഞു : കുറച്ചു നേരം ഇവിടെ വിശ്രമിക്കുക. രാമലക്ഷ്മണന്മാര്‍ ഇപ്പോള്‍ വരും. വന്നതിനു ശേഷം അങ്ങയുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തരും. സന്ന്യാസി ചോദിച്ചു : ഭവതി ആരാണ് ? എന്തിനാണ് ഈ വനത്തില്‍ വന്ന് ഒറ്റയ്ക്ക് താമസിക്കുന്നത് ? ഭവതിയുടെ രക്ഷയ്ക്ക് ആരാണിവിടെയുളളത് ?' സീത വര്‍ത്തമാനമെല്ലാം പറഞ്ഞതിനു ശേഷം സന്ന്യാസി ആരാണെന്നറിവാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. രാവണന്‍ വേഷം മാറി സ്വന്തം വേഷം ധരിച്ചു പറഞ്ഞു: 'സുന്ദരീ, ഞാന്‍ ലങ്കാധിപതിയായ രാവണനാണ്. ഭവതിയുടെ രൂപസൗന്ദര്യത്തേപ്പറ്റി കേട്ട് കാമപരവശനായി ഭവതിയെ ലങ്കയിലേക്കു കൊണ്ടുപോകുവാന്‍ വന്നിരിക്കയാണ്. കാട്ടില്‍ അലഞ്ഞു നടക്കുന്ന ഒരു മനുഷ്യനെ ഭര്‍ത്താവായി കിട്ടിയിട്ടെന്താണു കാര്യം ? നമുക്ക് ലങ്കയില്‍ പോയി ലങ്കാധിപതിയുടെ പ്രിയ പത്നിയായി സര്‍വ്വ സൗഭാഗ്യങ്ങളോടു കൂടി വാഴാം.' സീത പേടിച്ചു വിറച്ച് നിലവിളിക്കുവാന്‍ തുടങ്ങി. രാവണന്‍ അവളെയെടുത്തു വിമാനത്തിൽ കയറ്റി ലങ്കയിലേക്കു യാത്ര തുടര്‍ന്നു.
ആത്മാര്‍ത്ഥമായി തന്നെ സേവിക്കുന്നവനും, നിഷ്കളങ്ക മനസ്കനും നിരപരാധിയുമായ ലക്ഷ്മണന്‍റെ മനസ്സില്‍ വളരെയധികം വേദനയുണ്ടാകത്തക്കവണ്ണം ശകാരിച്ചതിന്‍റെ ഫലം ഉടനെ തന്നെ സീതയ്ക്കു കിട്ടി. കുട്ടിക്കാലം മുതല്ക്കേ ഒന്നിച്ചു വളര്‍ന്നിട്ടുളള ലക്ഷ്മണന് രാമന്‍റെ യാഥാര്‍ത്ഥ്യം തന്നേക്കാളധികം അറിയാമെന്നു സീത വിചാരിക്കേണ്ടതായിരുന്നു. അതുകൊണ്ട് ലക്ഷ്മണന്‍ പറഞ്ഞത് വിശ്വസിക്കേണ്ടതുമായിരുന്നു. അതില്ലാതെ, ലക്ഷ്മണന് തന്നോടും രാമനോടുമുളള ഭക്തി തെറ്റിദ്ധരിക്കുകയാണ് സീത ചെയ്തത്. അതാണ് സീതയ്ക്കു പറ്റിയ ആപത്തിനു കാരണം. ലക്ഷ്മണന് മനസ്സുകൊണ്ടു പോലും ആലോചിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പറഞ്ഞാണ് സീത ലക്ഷ്മണനെ വേദനിപ്പിച്ചത്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Monday, August 21, 2017

ശ്രീരാമകഥാമൃതം ( 20 ) പൊന്മാനിന്‍റെ പ്രലോഭനം

രാവണന്‍ നേരേ മാരീചാശ്രമത്തിലേക്കു പോയി. തന്‍റെ പരിപാടികളേപ്പറ്റി പറഞ്ഞു : 'രാജാവേ, രാമനോടേറ്റുമുട്ടുവാന്‍ പോകുന്നത് അപകടകരമാണ്. ഈ ഉപായം ഉപദേശിച്ച ആള്‍ അങ്ങയുടെ ശത്രുവാണ്. രാമബാണങ്ങളുടെ ശക്തി ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. രാമന്‍ ഈശ്വരന്‍ തന്നെ മാനുഷവേഷം ധരിച്ചു വന്നിട്ടുളളതാണ്. രാമനെ ആശ്രയിക്കൂ, ശരണം പ്രാപിക്കൂ. എന്നാല്‍ അങ്ങയുടെ ഭാവി ശോഭനമായി വരും. അല്ലാതെ വംശ നാശത്തിനുളള മാര്‍ഗ്ഗം സ്വീകരിക്കരുത്.' ആയുസ്സറ്റവനുണ്ടോ ഹിതോപദേശം കേള്‍ക്കുന്നു! രാവണന് അതു കേട്ടപ്പോള്‍ കോപമാണ് വന്നത്.
രാവണന്‍ പറഞ്ഞു: 'ഞാന്‍ സീതയെ അപഹരിക്കുവാന്‍ തീര്‍ച്ചപ്പെടുത്തി. അവളെ കിട്ടാതെ എനിക്കു ജീവിക്കുവാന്‍ വയ്യ. അതിന് അങ്ങു മായകൊണ്ട് സുന്ദരമായ ഒരു പൊന്മാനിന്‍റെ വേഷം ധരിച്ച് സീതയെ മോഹിപ്പിക്കണം. അവളുടെ ആഗ്രഹം അനുസരിച്ച് രാമന്‍ മാനിനെ പിടിക്കുവാന്‍ വരുമ്പോൾ രാമലക്ഷ്മണന്മാരെ ദൂരേയ്ക്ക് അകറ്റണം. അപ്പോള്‍ ഞാന്‍ സീതയേയും പിടിച്ചുകൊണ്ടു പോരാം. ഈ ആജ്ഞ അങ്ങ് അനുസരിക്കുന്നില്ലെങ്കില്‍, എന്‍റെ വാളിന് അങ്ങ് ഇരയായിത്തീരും.
ഈ ദുഷ്ടന്‍റെ കൈകൊണ്ടു മരിക്കുന്നതിനേക്കാള്‍ നല്ലത് രാമാസ്ത്രമേറ്റു മരിക്കുന്നതാണെന്നു തീര്‍ച്ചപ്പെടുത്തി മാരീചന്‍ പൊന്മാനിന്‍റെ രൂപം ധരിച്ച് ആശ്രമസമീപത്ത് തുളളിച്ചാടി. വൈദേഹി അസാധാരണമായ ആ സുവർണ്ണ മൃഗത്താല്‍ ആകൃഷ്ടയായി രാമലക്ഷ്മണന്മാരെ വിളിച്ചു കാണിച്ചു. അതിനെ തനിക്കു പിടിച്ചു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലക്ഷ്മണന്‍ ഇങ്ങനെയൊരു മൃഗം ഉണ്ടാവുകയില്ലെന്നു പറഞ്ഞുവെങ്കിലും സീത അതു ശ്രദ്ധിച്ചില്ല. ശ്രീരാമന്‍ സീതയുടെ വാക്കുകേട്ട് മാനിന്‍റെ പിന്നാലെ പോയി. കുറേ ദൂരം പോയപ്പോള്‍ മാനിനെ ജീവനോടെ പിടിക്കുവാന്‍ സാദ്ധ്യമല്ലെന്നു കണ്ടു കൊല്ലുവാന്‍ അസ്ത്രം പ്രയോഗിച്ചു. ''ഹാ സീതേ, ഹാ ലക്ഷ്മണാ'' എന്നുറക്കെ നിലവിളിച്ചുകൊണ്ട് മാരീചന്‍ മരിച്ചു വീണു. രാമന്‍റെ സ്വരത്തിലുളള നിലവിളി കേട്ട് സീത പരിഭ്രമിച്ചു. ലക്ഷ്മണനെക്കൂടി സീതയുടെ അടുത്തു നിന്നു മാറ്റുകയായിരുന്നു മാരീചന്‍റെ ഉദ്ദേശം.
*''വിനാശകാലേ വിപരീത ബുദ്ധി''* എന്ന ആപ്തവാക്യം അനുസരിച്ചാണ് രാവണന് മാരീചന്‍റെ ഹിതോപദേശം കേള്‍ക്കാന്‍ തോന്നാതിരുന്നത്. സീതാവിഷയകമായ കാമം കൊണ്ട് അന്ധനായിത്തീര്‍ന്ന രാവണന് വിവേകം നശിക്കുകയാണ്. മാരീചന്‍ ഗത്യന്തരമില്ലാതെ മരണം വരിക്കുവാന്‍ തീര്‍ച്ചപ്പെടുത്തി. ശ്രീരാമനും പത്നിയുടെ വാക്കുകേട്ട് ആലോചനയില്ലാതെ ചാടിപ്പുറപ്പെട്ടു. ഇങ്ങനെയൊരു സുവര്‍ണ്ണമൃഗമില്ലെന്നും ഇത് രാക്ഷസമായയാണെന്നുമുളള ലക്ഷ്മണന്‍റെ വാക്ക് സീതാരാമന്മാര്‍ ശ്രദ്ധിച്ചില്ല. അതിന്‍റെ ഫലമാണ് ഇനി അവര്‍ അനുഭവിക്കുവാന്‍ പോകുന്നത്. അവിവേകം ആപത്തിനു കാരണമാണെന്ന് ഒരിക്കൽ കൂടി തെളിയുന്നു.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Sunday, August 20, 2017

ശ്രീരാമകഥാമൃതം - ( 19 ) രാവണന് ശൂര്‍പ്പണഖയുടെ ഉപദേശം

ന്‍റെ സഹോദരിക്കു പറ്റിയ അംഗവൈകല്യത്തെയും ഖരവധത്തെയും പറ്റി ചാരന്മാര്‍ വഴി അറിഞ്ഞിരുന്ന രാവണന്‍ രാമലക്ഷ്മണന്മാരെ വധിക്കുവാന്‍ യുദ്ധത്തിനു പുറപ്പെടുകയായിരുന്നു. അപ്പോഴാണ് ശൂര്‍പ്പണഖ രാവണന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. സഹോദരിയെ സമാധാനിപ്പിച്ചതിനു ശേഷം രാവണന്‍ താനിപ്പോള്‍ത്തന്നെ അവരെ വധിക്കുവാന്‍ പോകുകയാണ് എന്ന് പറഞ്ഞു. ശൂര്‍പ്പണഖ ഉടനെ അതിനെ നിഷേധിച്ചുകൊണ്ടു പറഞ്ഞു: 'ജ്യേഷ്ഠാ, അതു സാദ്ധ്യമാകുകയില്ല. അവര്‍ മഹാബലവാന്മാരും ആയുധാഭ്യാസത്തില്‍ അതി നിപുണന്മാരും ഈശ്വര ചൈതന്യത്തോടു കൂടിയവരുമാണ്. ഖരദൂഷണന്മാരെയും പതിനാലായിരം സൈനികരേയും മൂന്നേമുക്കാല്‍ നാഴികനേരം കൊണ്ടാണ് അവന്‍ സംഹരിച്ചത്. അതുകൊണ്ട് അവരെ നശിപ്പിക്കുവാന്‍ മറ്റൊരു ഉപായം ഞാന്‍ പറയാം.' അതെന്താണെന്ന് രാവണന്‍ അന്വേഷിച്ചു. ശൂര്‍പ്പണഖയുടെ സ്ത്രീബുദ്ധിയില്‍ രാവണനുളള ദൗര്‍ബ്ബല്യം നല്ലവണ്ണം അറിയാമായിരുന്നു. പണ്ടു രംഭയെ പിടിക്കുവാന്‍ പോയി ശാപത്തിനിരയായ കഥയും അവള്‍ക്കറിയാം. മറ്റു പല ഗുണങ്ങളുമുളളവനും ശിവഭക്തനുമാണെങ്കിലും സ്ത്രീ വിഷയകരമായ കാമത്തെ ജയിക്കുവാന്‍ രാവണന് സാധിച്ചിട്ടില്ല. ഈ ദൗര്‍ബ്ബല്യത്തെ മുതലെടുക്കുവാന്‍ ശൂര്‍പ്പണഖ തീര്‍ച്ചപ്പെടുത്തി. അവര്‍ പറഞ്ഞു : 'ജ്യേഷ്ഠാ, കാട്ടില്‍ അതിസുന്ദരിയായ ഒരു സ്ത്രീയും കൂടെ രണ്ടു പുരുഷന്മാരും കൂടി സഞ്ചരിക്കുന്നതു ഞാന്‍ കണ്ടു. ത്രിലോകങ്ങളിലും ഇതുപോലെ സൗന്ദര്യമൂര്‍ത്തിയായ ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല. ആ സ്ത്രീരത്നം ജ്യേഷ്ഠന്‍റെ അന്തഃപുരത്തിന് അലങ്കാരമായിരിക്കുമെന്നു വിചാരിച്ച് ജ്യേഷ്ഠനു വേണ്ടി അവളെ കൊണ്ടുവരുവാന്‍ ശ്രമിച്ചപ്പോഴാണ് ആ പുരുഷന്മാര്‍ എന്നെ ഇങ്ങനെ വിരൂപയാക്കിത്തീര്‍ത്തത്. അവളുടെ വിരഹം കൊണ്ടുതന്നെ അവര്‍ സ്വയം മരിച്ചു കൊള്ളും. അതുകൊണ്ട് എങ്ങനെയെങ്കിലും സീതയെ അപഹരിച്ചു കൊണ്ടു വരുവാനാണ് ശ്രമിക്കേണ്ടത്. ജ്യേഷ്ഠന് അത് വലിയൊരു ലാഭമായിരിക്കും.'
സീതയുടെ സൗന്ദര്യവര്‍ണ്ണന കേട്ട് രാവണന്‍റെ മനസ്സില്‍ കാമാഗ്നി കത്തിക്കാളി. സീതയെ അപഹരിക്കുവാനുളള ഉപായം രാവണന്‍ ആലോചിച്ചു കണ്ടുപിടിച്ചു. തന്‍റെ അമ്മാവനായ മാരീചന്‍റെ സഹായത്തോടെ അത് എളുപ്പത്തിൽ സാധിക്കുമെന്ന് തീര്‍ച്ചപ്പെടുത്തി.
*കാമം മനുഷ്യന്‍റെ ഒന്നാം നമ്പര്‍ ശത്രുവാണെന്നും അതിനെ ഇന്ദ്രിയ മനോബുദ്ധിയുടെ നിയന്ത്രണം കൊണ്ടു നശിപ്പിക്കണമെന്നും അല്ലെങ്കിൽ അതു സര്‍വ്വനാശത്തിനും കാരണമാകുമെന്നും ഭഗവാന്‍ ഗീതയില്‍ വിശദമായി പറയുന്നുണ്ട്. അതിന്നൊരു ദൃഷ്ടാന്തമായിട്ടാണ് രാവണനെ നാം കാണുന്നത്. സ്ത്രീകളുടെ കുടിലബുദ്ധി എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നു ശൂര്‍പ്പണഖ പറയുന്ന അസത്യത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഈ അസത്യം വിശ്വസിച്ചതു കൊണ്ടു രാവണന്‍ സര്‍വ്വനാശത്തിനു പാത്രമാകുകയാണ് ചെയ്യുന്നത്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Saturday, August 19, 2017

ശ്രീരാമകഥാമൃതം ( 18 ) - ഖരവധം

ക്ഷ്മണനാല്‍ മൂക്കും കാതും ഛേദിച്ച് വിരൂപയാക്കപ്പെട്ട ശൂര്‍പ്പണഖ നേരെ പോയത് സോദരനായ ഖരന്‍റെ അടുത്തേക്കായിരുന്നു. ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്ന മൂന്നു രാക്ഷസ സഹോദരന്മാര്‍ ആ വനത്തില്‍ തന്നെ താമസിക്കുന്നുണ്ടായിരുന്നു. സഹോദരിയില്‍ നിന്നു വിവരമെല്ലാം ചോദിച്ചറിഞ്ഞ ഖരന്‍ ആദ്യം പതിനാലു രാക്ഷസവീരന്മാരെ അയച്ചു. സീതാരാമലക്ഷ്മണന്മാരെ വധിച്ച് അവരുടെ രക്തം ശൂര്‍പ്പണഖയ്ക്ക് കൊടുക്കുവാനായി യുദ്ധസന്നദ്ധരായി വന്ന പതിനാലു പേരെയും രാമന്‍ അനായാസമായി വധിച്ചു. ശൂര്‍പ്പണഖ വീണ്ടും കരഞ്ഞുകൊണ്ട് ഖരന്‍റെ അടുത്തെത്തി രാമന്‍റെ ശക്തിയേപ്പറ്റി പറഞ്ഞു കേള്‍പ്പിച്ചു. കുപിതനായ ഖരന്‍ സഹോദരരായ ദൂഷണനും ത്രിശിരസ്സുമൊന്നിച്ച് പതിനാലായിരം രാക്ഷസ സൈന്യത്തോടു കൂടി രാമലക്ഷ്മണന്മാരെ വധിക്കുവാന്‍ പുറപ്പെട്ടു. വലിയൊരു സൈന്യം യുദ്ധത്തിനു വരുന്നതു കണ്ട് ലക്ഷ്മണനെ സീതാരക്ഷണത്തിനേല്പിച്ച് രാമന്‍ സ്വയം യുദ്ധസന്നദ്ധനായി പുറത്തിറങ്ങി. രാക്ഷസന്മാര്‍ ഉഗ്രമായ യുദ്ധം ആരംഭിച്ചുവെങ്കിലും രാമന്‍ അനായാസേന അവരുടെ ശസ്ത്രങ്ങളെയെല്ലാം വഴിക്കുവച്ചു തന്നെ നശിപ്പിച്ചു. രാമന്‍ തന്‍റെ ശക്തി മുഴുവൻ പ്രകടമാക്കിയ സമയമായിരുന്നു അത്. രാമന്‍ അനായാസേന ലീലയായിത്തന്നെ ആ രാക്ഷസ സൈന്യത്തെ മുഴുവൻ നശിപ്പിച്ചു. സേനാനായകന്മാരായ ഖരനും ദൂഷണനും ത്രിശിരസ്സും പിന്നീട് വന്നു. രാമനോടെതിരിട്ടുവെങ്കിലും അവര്‍ക്ക് ജീവനോടു കൂടി മടങ്ങുവാന്‍ പറ്റിയില്ല. മഹര്‍ഷിമാരെല്ലാം സന്തുഷ്ടരായി വന്നു രാമനെ അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ശൂര്‍പ്പണഖ നിരാശയും ദുഃഖവും വേദനയും കൊണ്ട് എങ്ങനെയെങ്കിലും രാമലക്ഷ്മണന്മാരോടു പകരം വീട്ടുവാനായി സ്വന്തം ജ്യേഷ്ഠനും രാക്ഷസ രാജാവുമായ രാവണനെ ആശ്രയിക്കുവാനായി ലങ്കയിലേക്കു പോയി.
കാര്യങ്ങളുടെ ന്യായാന്യായങ്ങളെപ്പറ്റി ആലോചിക്കാതെ ആപത്തിലേക്കെടുത്തു ചാടുന്നതു ശരിയല്ല എന്നാണ് ഖരന്‍ നല്‍കുന്ന പാഠം. ശൂര്‍പ്പണഖയ്ക്ക് ആപത്തു വന്നതിന്‍റെ കാരണമെന്താണെന്നന്വേഷിക്കാതെ യുദ്ധത്തിനു പുറപ്പെടുകയാണ് ഖരന്‍ ചെയ്തത്. തന്‍റെ സഹോദരിയോട് ഇങ്ങനെ അപകാരം ചെയ്യുവാന്‍ ധൈര്യം കാണിച്ച മനുഷ്യര്‍ ആരാണെന്നോ എങ്ങനെയുളളവരാണെന്നോ ആലോചിക്കാതെ യുദ്ധത്തിനു പുറപ്പെട്ടതു കൊണ്ടാണ് ഖരന് ഈ ആപത്തു വന്നത്. നല്ലവണ്ണം ആലോചിച്ച് വളരെ മുന്‍കരുതലോടു കൂടി ഖരന്‍ പ്രവര്‍ത്തിക്കേണ്ടതായിരുന്നു. അതുകൊണ്ടാണ് ആലോചിക്കാതെ പെട്ടെന്ന് ഒന്നും ചെയ്യരുത്, അവിവേകം ആപത്തുകള്‍ക്ക് കാരണമാകുന്നു എന്നു പറയുന്നത്.
നന്മയും തിന്മയും തമ്മിലുളള പോരാട്ടമാണ് നാം ഇവിടെ കണ്ടത്. സ്വാര്‍ത്ഥത്തിനു വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന രാക്ഷസന്മാര്‍ തിന്മയുടെ പ്രതീകമാകുന്നു. സാത്വികന്മാരായ മഹര്‍ഷിമാരുടെ തപസ്സിനുളള പ്രതിബന്ധം തീര്‍ത്തുകൊടുക്കാമെന്നു പ്രതിജ്ഞ ചെയ്ത രാമന്‍ നന്മയുടെ പ്രതീകവും. വിജയം എപ്പോഴും നന്മയ്ക്കേ ഉണ്ടാകുകയുളളൂ.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Friday, August 18, 2017

ശ്രീരാമകഥാമൃതം - ( 17 ) കാമം ആപത്തുകള്‍ക്കു കാരണമാകുന്നു

ചിത്രകൂടത്തില്‍ ഇനിയും പൗരജനങ്ങള്‍ വന്നെങ്കിലോ എന്നു ഭയപ്പെട്ട് ശ്രീരാമന്‍ പിന്നെയും തെക്കോട്ടു യാത്ര ചെയ്തു. വഴിക്ക് വൈശ്രവണന്‍റെ ശാപം കൊണ്ടു രാക്ഷസനായിത്തീര്‍ന്ന തുംബുരു എന്ന ഗന്ധര്‍വ്വന് ശാപമോക്ഷം നല്‍കി. വിരാധനേയും ശാപമുക്തനാക്കി. ശരഭംഗമഹര്‍ഷിയെയും സുതീക്ഷ്ണമുനിയെയും കണ്ട് അനുഗ്രഹം വാങ്ങി അവരുടെ നിര്‍ദ്ദേശപ്രകാരം ദണ്ഡകാരണ്യത്തിലെത്തി. രാമലക്ഷ്മണന്മാരുടെ ആഗമനം കൊണ്ട് സന്തുഷ്ടരായ മഹര്‍ഷിമാര്‍ അവിടെയുളള രാക്ഷസന്മാരുടെ ഉപദ്രവങ്ങളെ പറ്റിയെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ശ്രീരാമന്‍ അവര്‍ക്ക് അഭയം വാഗ്ദാനം ചെയ്തു.
ലക്ഷ്മണന്‍ അവിടെ മനോഹരമായ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കി. അവിടെ താമസം തുടങ്ങി. രാവണന്‍റെ സഹോദരിയായ ശൂര്‍പ്പണഖ താമസിക്കുന്ന സ്ഥലമായിരുന്നു അത്. അതിസുന്ദരകളേബരനും ലോകാഭിരാമനുമായ ശ്രീരാമനെ കണ്ട് ശൂര്‍പ്പണഖ കാമപരവശയായി. അവള്‍ രാമനെ സമീപിച്ച് തന്നെ ഭാര്യയായി സ്വീകരിക്കുവാനപേക്ഷിച്ചു. പരിഹാസമായി ചിരിച്ചു കൊണ്ട് രാമന്‍ അല്പം തമാശയുണ്ടാക്കുവാനാഗ്രഹിച്ച് പറഞ്ഞു, 'ഞാന്‍ വിവാഹിതനാണ്. ഭാര്യ കൂടെയുണ്ട്. ഞാന്‍ നിന്നെ വിവാഹം ചെയ്താല്‍ സപത്നീ കലഹവുമുണ്ടാകും. അതുകൊണ്ട്, അതിസുന്ദരനായ എന്‍റെ അനുജന്‍ അപ്പുറത്തുണ്ട്. അയാൾ ഒറ്റയ്ക്കാണ്. ഒരു ഭാര്യയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ ചെല്ലൂ.'
അതുകേട്ട് ശൂര്‍പ്പണഖ ലക്ഷ്മണനെ സമീപിച്ചു. അപ്പോള്‍ ലക്ഷ്മണന്‍ പറഞ്ഞു : ഞാനൊരു ദാസനാണ്. എന്നെ വിവാഹം ചെയ്താല്‍ നീയൊരു ദാസിയായിത്തീരും. അതു ശരിയല്ല, ജ്യേഷ്ഠനോടു നിന്നെ ഇളയ ഭാര്യയായി സ്വീകരിക്കുവാന്‍ പറയൂ. നിനക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകും.' ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും കുറച്ചു പ്രാവശ്യം നടന്നപ്പോള്‍ സീതയുളളതുകൊണ്ടല്ലേ രാമന്‍ തന്നെ സ്വീകരിക്കാത്തത് എന്നു വിചാരിച്ച് സീതയെ ചെന്നു പിടിച്ചു. സീത വിലപിക്കുവാന്‍ തുടങ്ങിയപ്പോൾ രാമന്‍ പറഞ്ഞു: ലക്ഷ്മണാ, തമാശ മതിയാക്കൂ. ഇവളെ വിരൂപയാക്കി വിടൂ.' ലക്ഷ്മണന്‍ ഉടനെ വാളെടുത്തു രാക്ഷസിയുടെ മൂക്കും കാതും അരിഞ്ഞു വിരൂപയാക്കിത്തീര്‍ത്തു. ശൂര്‍പ്പണഖ വേദന സഹിക്കവയ്യാതെ ചോരയൊലിപ്പിച്ചുകൊണ്ട് അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു.
'കാമനു കണ്ണില്ല' എന്നൊരു പഴമൊഴിയുണ്ട്. ഒരു മനുഷ്യനെ കണ്ട് ഔചിത്യാനൗചിത്യങ്ങളെപ്പറ്റിയൊന്നും ആലോചിക്കാതെ പെരുമാറിയതു കൊണ്ട് ആപത്തില്‍ ചെന്നു ചാടി. രാമലക്ഷ്മണന്മാരുടെ പരിഹാസപൂര്‍വ്വമായ ഒരു തമാശയാണ് പിന്നീടുണ്ടായ എല്ലാ സംഭവങ്ങള്‍ക്കും ആപത്തുകള്‍ക്കും കാരണമായത്. അതുകൊണ്ട് കളിയായിട്ടാണെങ്കിലും മറ്റുളളവര്‍ക്കു വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്. അതു പിന്നീട് ആപത്തുകള്‍ക്ക് കാരണമാകും. രാവണസോദരിയായ ശൂര്‍പ്പണഖയുടെ വികാരപാരവശ്യത്തോടുകൂടിയുളള അവിവേക പ്രവൃത്തിയാണ് അവള്‍ക്ക് ആപത്തു വരുത്തി വച്ചത്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Thursday, August 17, 2017

ശ്രീരാമകഥാമൃതം ( 16 ) രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ*

ലോകസാമാന്യമായ സൗഭ്രാത്രത്തിന്‍റെയും ത്യാഗത്തിന്‍റെയും ശക്തി കണ്ട് മഹര്‍ഷിമാരെല്ലാം ആശ്ചര്യസ്തബ്ധരായി നോക്കി നിന്നു. ശ്രീരാമന് അനുജന്മാരെല്ലാം ബഹിശ്ചര പ്രാണനായിരുന്നു. അവര്‍ക്ക് വേണ്ടിയാണ് താന്‍ എന്തും ആഗ്രഹിക്കുന്നതും അവര്‍ക്ക് വേണ്ടി താന്‍ എന്തും ത്യജിക്കുവാന്‍ തയ്യാറാണെന്നും രാമന്‍ പറയാറുളളത് വീണ്‍വാക്കല്ലെന്നും ബോദ്ധ്യപ്പെട്ടു. അങ്ങനെ ഭരതനെ രാജ്യഭാരം ഏല്പിച്ച് പതിനാലു വര്‍ഷം തികയുമ്പോള്‍ വന്നുകൊള്ളാമെന്നു പറഞ്ഞ് സന്തോഷത്തോടു കൂടി എല്ലാവരേയും മടക്കി അയച്ചു. വസിഷ്ഠനും മന്ത്രിമാരും രാമനോടു യാത്ര പറഞ്ഞു.
അപ്പോഴാണ് കൈകേയി താന്‍ ചെയ്ത തെറ്റിന് മാപ്പു ചോദിക്കുവാനായി രാമനെ സമീപിച്ചത്. കൈകേയി പറഞ്ഞു, ''രാമാ, അന്നു മന്ഥര പറഞ്ഞതു കേട്ട് ബുദ്ധിദോഷം കൊണ്ട് ഞാന്‍ അങ്ങനെ പറഞ്ഞു പോയതാണ്. അതു സ്ത്രീസഹജമായ ബുദ്ധിമോശം കൊണ്ടാണെന്ന് വിചാരിച്ച് എന്നോടു ക്ഷമിക്കണം. നീ മടങ്ങി വന്നു രാജ്യം ഭരിക്കുന്നതാണ് എനിക്കിഷ്ടം.'' പക്ഷേ രാമന്‍ പറഞ്ഞു, ''അമ്മേ അങ്ങനെ പറയരുത്. എനിക്കിഷ്ടമായിട്ടുളളതു തന്നെയാണ് ഈശ്വരപ്രേരണ കൊണ്ട് അമ്മ പറഞ്ഞത്. അതിനു കാരണം അമ്മയ്ക്ക് എന്നോടു കൂടുതല്‍ സ്നേഹമുളളതു കൊണ്ടാണെന്നും ഞാന്‍ അറിയുന്നു. സാധാരണ അമ്മമാർ ഇഷ്ടമുളള കുട്ടിക്കു ജോലി കുറച്ചു കൊടുക്കുന്നതും മറ്റുളള കുട്ടികള്‍ക്കു ജോലി കൂടുതല്‍ കൊടുക്കുന്നതും പതിവാണല്ലോ. അതുകൊണ്ടാണ് എന്നോടു കാട്ടില്‍ പോയി നീ നിന്‍റെ ദേഹം മാത്രം നോക്കിയാല്‍ മതിയെന്നു പറഞ്ഞത്. കനത്ത രാജ്യഭാരം മുഴുവൻ ഭരതന്‍റെ തലയിലും വച്ചു കൊടുത്തു. അമ്മ ഒട്ടും വിഷമിക്കരുത്. എനിക്ക് യാതൊരു വിഷമവുമില്ല. സന്തോഷത്തോടു കൂടി പോകൂ. സ്നേഹത്തോടു കൂടി ചെയ്തതിന് എന്തിനാണ് മാപ്പു ചോദിക്കുന്നത് - രാമന് കൈകേയിയില്‍ കുറ്റം കാണുവാന്‍ സാധിച്ചില്ല. ഗുണദോഷസമ്മിശ്രമായ ലോകത്തില്‍ മഹാന്മാര്‍ ഗുണമേ കാണുകയുളളൂ.
ഇതാണ് ശ്രീരാമന്‍റെ മഹത്ത്വം. തന്നെ സ്നേഹിക്കുന്നവരോട് എല്ലാവരും സ്നേഹം കാണിക്കും. തന്നെ ദ്വേഷിക്കുന്നവരോടും ഉപദ്രവിക്കുന്നവരോടും കൂടി സ്നേഹം കാണിക്കുക. ഇതാണ് മഹാന്മാരുടെ ലക്ഷണം. കൊട്ടാരത്തിൽ സുഖമായി താമസിക്കേണ്ട താന്‍ ഈ വനപ്രദേശത്തില്‍ കായ്കനികള്‍ തിന്നു വിശപ്പടക്കി, കല്ലിലും മണ്ണിലും കിടന്ന് ഉറങ്ങേണ്ടി വന്നതില്‍ യാതൊരു വിഷമവും രാമന് തോന്നിയില്ല. കാരണം, സത്യവും ധര്‍മ്മവും സംരക്ഷിക്കുവാന്‍ എന്തും സഹിക്കുവാന്‍ അദ്ദേഹം തയ്യാറാണ്. ഈ സമയത്ത് എല്ലാവരുടെയും സ്നേഹപൂർവ്വമായ നിര്‍ബന്ധമനുസരിച്ച് രാജ്യം തിരികെ സ്വീകരിച്ചിരുന്നു എങ്കിൽ ആരും അതില്‍ സത്യഭംഗമോ അധര്‍മ്മാചരണമോ ആരോപിക്കുകയില്ലായിരുന്നു. എങ്കിലും സത്യധര്‍മ്മാദികളുടെ മൂര്‍ത്തിമദ്ഭാവവും ത്യാഗമൂര്‍ത്തിയുമാണ് താനെന്നു തെളിയിക്കുവാന്‍ പറ്റിയ രീതിയിലാണ് രാമന്‍ പെരുമാറുന്നത്. സത്യധര്‍മ്മങ്ങളില്‍ നിന്ന് അണുപോലും അദ്ദേഹം വ്യതിചലിക്കുന്നില്ല.കൈകേയിയെപ്പറ്റിയുളള രാമന്‍റെ വീക്ഷണം എത്ര മഹത്ത്വമേറിയതാണ് !

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Wednesday, August 16, 2017

ശ്രീരാമകഥാമൃതം ( 15 ) - ജ്യേഷ്ഠാനുജന്മാരുടെ ത്യാഗശക്തി

ജ്യേഷ്ഠനിരിക്കെ താന്‍ രാജാവാകുകയില്ലെന്ന് ഭരതന്‍ ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ട് അച്ഛന്‍റെ ഉദകക്രിയകളെല്ലാം കഴിഞ്ഞതിനു ശേഷം രാമനെ മടക്കിക്കൊണ്ടു വരുവാനായി വനത്തിലേക്കു പുറപ്പെട്ടു. പൗരജനങ്ങളും അമ്മമാരും രാമനെ കാണാനുളള ആഗ്രഹം കൊണ്ട് ഭരതനെ അനുഗമിച്ചു. വഴിക്ക് ഗുഹനെ കണ്ട് രാമലക്ഷ്മണന്മാര്‍ ചിത്രകൂടപര്‍വ്വതത്തില്‍ താമസിക്കുന്നുണ്ടെന്നറിഞ്ഞ് എല്ലാവരും അങ്ങോട്ടു തിരിച്ചു. ദൂരെ നിന്നും സസൈന്യം വരുന്ന ഭരതനെ കണ്ട് ആക്രമണത്തിനാണ് വരുന്നതെന്ന് ലക്ഷ്മണന്‍ സംശയിച്ചെങ്കിലും ശ്രീരാമചന്ദ്രന്‍റെ സഹോദരസ്നേഹം ആ വക സംശയങ്ങളെയെല്ലാം നിരാകരിച്ചു. ഭരതന്‍ അനുചരന്മാരോടു കൂടി ആശ്രമത്തിലെത്തി രാമന്‍റെ പാദങ്ങളില്‍ വീണു. നിലത്തു കിടന്നുറങ്ങുന്ന സീതാരാമന്മാരുടെ നിലയാലോചിച്ച് എല്ലാവരും പരിതപിച്ചു.
രാമന്‍ ഭരതന്‍റെ വരവിനുളള കാരണം അന്വേഷിച്ചപ്പോഴാണ് ഭരതന്‍ അച്ഛന്‍റെ മരണ വര്‍ത്തമാനം അറിയിച്ചത്. ദുഃഖിതനായ രാമന്‍ പിതൃക്രിയകളെല്ലാം ചെയ്തു. രാജ്യത്തേക്കു മടങ്ങി വന്ന് ഭരണമേറ്റെടുക്കുവാന്‍ ഭരതന്‍ വീണ്ടും വീണ്ടും അപേക്ഷിച്ചു എങ്കിലും അച്ഛന്‍റെ പ്രതിജ്ഞ നിറവേറ്റേണ്ടത് പുത്രധര്‍മ്മമാണെന്നു പറഞ്ഞ് രാമന്‍ സമ്മതിച്ചില്ല. തനിക്ക് അച്ഛന്‍ തന്നിട്ടുളള രാജ്യം മുഴുവൻ ജ്യേഷ്ഠന്‍റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു എന്നും താനൊരിക്കലും രാജാവാകുകയില്ലെന്നും ഭരതന്‍ ഉറപ്പിച്ചു പറഞ്ഞു. എങ്കിലും രാമന്‍ സത്യത്തിൽ നിന്നും മാറുവാന്‍ സമ്മതിച്ചില്ല. ഒടുവിൽ ഭരതന്‍ രാമന്‍റെ മുന്നിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. അപ്പോഴാണ് വസിഷ്ഠന്‍ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കിയത്. 'രാമന്‍റെ സിംഹാസനത്തില്‍ അദ്ദേഹത്തിന്‍റെ പാദുകങ്ങള്‍ പ്രതീകമായിരിക്കട്ടെ! രാമന്‍റെ പ്രതിനിധിയായി പതിനാലു കൊല്ലം ഭരതന്‍ രാജ്യം ഭരിക്കുക'. ഈ വസിഷ്ഠ വചനം എല്ലാവരും സമ്മതിച്ചു. അങ്ങനെ ഭരതന്‍ രാമനെ നമസ്കരിച്ചു മെതിയടികളെക്കൊണ്ട് രാജപ്രതിനിധി എന്ന നിലയിൽ മടങ്ങിപ്പോരുകയും ചെയ്തു.
ഭാരതത്തിന്‍റെ മഹത്തായ ഒരു ആദര്‍ശമാണ് ത്യാഗം. അതിന്‍റെ ശക്തിയാണ് നാമിവിടെ കാണുന്നത്. ഭാരത ചക്രവര്‍ത്തിയുടെ കിരീടം ശിരസ്സിലണിയുവാനുളള സന്ദര്‍ഭം വന്നിട്ടും അത് അനായാസേന ത്യജിക്കുവാനുളള ത്യാഗമനോഭാവവും മനഃശക്തിയുമാണ് രാമന്‍റെ വിജയത്തിനു കാരണം. ഭരതന്‍റെ ഭ്രാതൃസ്നേഹവും അഭിനന്ദനീയമായിരിക്കുന്നു. കൈയിൽ കിട്ടുന്ന ഐശ്വര്യം ധര്‍മ്മാനുസൃതമല്ലെങ്കില്‍ അത് ഉപേക്ഷിക്കുക തന്നെ വേണം. ഇന്ന് അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി കലഹിക്കുകയും അതിന്നു എന്ത് അധര്‍മ്മവും ചെയ്യാന്‍ മടിക്കാത്തവരുമായ ജനങ്ങള്‍ രാമഭരതന്മാരുടെ ഈ ത്യാഗശക്തിയും ധര്‍മ്മപരതയും കണ്ടു പഠിക്കേണ്ടതാണ്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

Tuesday, August 15, 2017

ശ്രീരാമകഥാമൃതം ( 14 ) - ഭരതന്‍റെ പ്രതികരണം

പുത്രന്മാരടുത്തില്ലാത്ത സമയത്തുളള രാജാവിന്‍റെ നിര്യാണം കുറച്ച് പരിഭ്രമമുണ്ടാക്കിത്തീര്‍ത്തുവെങ്കിലും വസിഷ്ഠന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഉടനെ ദൂതന്മാരെ അയച്ച് ഭരതനെ വരുത്തി. ഭരതൻ വന്നപ്പോൾ അയോദ്ധ്യയെ ശോകമൂകമായി കണ്ടു സംഭ്രമിച്ചു. അച്ഛന്‍ അമ്മയുടെ കൊട്ടാരത്തിൽ ഉണ്ടാകുമെന്നു വിചാരിച്ച് അവിടെ ചെന്നു. കൈകേയി വളരെ സന്തോഷത്തോടു കൂടി വന്ന് സ്വീകരിച്ചു എങ്കിലും അച്ഛനെ കാണാനായിരുന്നു ഭരതന് തിടുക്കം. അവസാനം കൈകേയിക്ക് പറയേണ്ടി വന്നു രാമനെയും സീതയേയും ലക്ഷ്മണനേയും വിളിച്ചു വിലപിച്ചുകൊണ്ട് അച്ഛന്‍ ദേഹത്യാഗം ചെയ്തുവെന്ന്. ദുഃഖപരവശനായ ഭരതന്‍ സീതാരാമലക്ഷ്മണന്മാരെവിടെപ്പോയി എന്നു ചോദിച്ചപ്പോൾ കൈകേയി പറഞ്ഞു : 'മകനേ, നീ ഒട്ടും വ്യസനിക്കരുത്. അച്ഛന്‍ നമ്മളെ അറിയിക്കാതെ രാമന് അഭിഷേകം തുടങ്ങുവാന്‍ തീര്‍ച്ചപ്പെടുത്തി. അപ്പോള്‍ ഞാന്‍ പണ്ട് ദേവാസുര യുദ്ധത്തിൽ അച്ഛനെ രക്ഷിച്ചിട്ടുളളതിന് പ്രതിജ്ഞ ചെയ്തിട്ടുളള രണ്ടു വരങ്ങളില്‍ ഒന്നു കൊണ്ടു നിന്നെ രാജാവാക്കി അഭിഷേകം ചെയ്യണമെന്ന് അപേക്ഷിച്ചു. മറ്റൊന്നുകൊണ്ട് രാമനെ പതിനാലു വര്‍ഷം കാട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് കാട്ടിലേക്ക് അവര്‍ അച്ഛന്‍റെ സത്യ സംരക്ഷണത്തിനായി പോയിരിക്കയാണ്. നീ ഇവിടെ രാജ്യം ഭരിച്ച് സുഖമായിരിക്കുക.'
ഇതു കേട്ടതോടു കൂടി ഭരതന്‍ ഞെട്ടിപ്പോയി. ജ്യേഷ്ഠന്‍റെ വനവാസത്തിനും അതു മൂലമുണ്ടായ അച്ഛന്‍റെ മരണത്തിനും അമ്മയാണ് കാരണമെന്നറിഞ്ഞപ്പോള്‍ കോപാക്രാന്തനായ ഭരതന്‍, കൈകേയിയെ നിന്ദിക്കുവാനും ശകാരിക്കുവാനും തുടങ്ങി. 'ഭര്‍ത്താവിനെ കൊന്ന പാപേ! മഹാഘോരേ! നിസ്ത്രേപേ, നിര്‍ദ്ദയേ, ദുഷ്ടേ! നിശാചരീ' എന്നെല്ലാം ശകാരിക്കുവാനും തുടങ്ങി. കൈകേയിയുടെ വയറ്റില്‍ വന്നു പിറന്ന മഹാപാപിയാണ് താനെന്നും ജ്യേഷ്ഠന് ഇഷ്ടമാകുകയില്ലെന്ന് വിചാരിച്ചാണ് താനിപ്പോള്‍ കൈകേയിയെ വധിക്കാത്തതെന്നും മറ്റും ഭരതന്‍ വളരെ അധിക്ഷേപിച്ചു സംസാരിച്ചു. ഇതു കേട്ടപ്പോള്‍ കൈകേയിക്കുണ്ടായ നിരാശയും ദുഃഖവും ആലോചിക്കുകയാണ് നല്ലത്. അത് വിചാരിക്കുവാനോ വിസ്തരിക്കുവാനോ സാദ്ധ്യമല്ല.
പുത്രവാത്സല്യം നിമിത്തം മറ്റുളളവരുടെ ഏഷണി കേട്ട് ധര്‍മ്മത്തിനെതിരായി പ്രവര്‍ത്തിക്കുവാനാഗ്രഹിച്ച കൈകേയിയുടെ അനുഭവം നല്ലൊരു പാഠമാകേണ്ടതാണ്. *രാജമാതാവായി സര്‍വ്വസൗഭാഗ്യങ്ങളും അനുഭവിക്കണമെന്നാഗ്രഹിച്ച കൈകേയി അധര്‍മ്മാചരണത്തിന്‍റെ ഫലമായി എല്ലാവരുടെയും തിരസ്ക്കാരത്തിനും നിന്ദയ്ക്കും അപമാനത്തിനും പാത്രമായി പശ്ചാത്തപിക്കേണ്ടി വന്നതുകൊണ്ട് നമുക്ക് പഠിക്കാനുളളത് അന്യരുടെ ഏഷണി കേള്‍ക്കരുതെന്നും അതിസ്നേഹവും അധര്‍മ്മവും ഉപേക്ഷിക്കണമെന്നുമാണ്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ