Friday, August 11, 2017

ശ്രീരാമകഥാമൃതം ( 10 ) വിടവാങ്ങല്‍

നത്തിലേക്കു പോകാന്‍ തീര്‍ച്ചപ്പെടുത്തിയതിനു ശേഷം രാമലക്ഷ്മണന്മാര്‍ എല്ലാവരോടും യാത്രാനുവാദം വാങ്ങി. സുമിത്രയുടെ അടുത്തു ചെന്നപ്പോൾ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയമ്മയ്ക്കും സേവനം ചെയ്യുവാന്‍ പോകുന്ന മകനെ സന്തോഷത്തോടു കൂടി സുമിത്ര യാത്രയാക്കി. ശ്രീരാമചന്ദ്രനെ അച്ഛനായിട്ടും സീതയെ അമ്മയായിട്ടും അരണ്യത്തെ അയോദ്ധ്യയായിട്ടും കാണണമെന്നുളള ഉപദേശത്തെ കവി ഹൃദയസ്പര്‍ശിയായി വര്‍ണ്ണിച്ചിരിക്കുന്നു. യുവതിയായ ജ്യേഷ്ഠപത്നിയോടു കൂടി പോകുന്ന യുവാവായ ലക്ഷ്മണന് പറ്റാവുന്ന എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷപെടുവാന്‍ ആ ഉപദേശം സഹായകമായിട്ടുണ്ട്. രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം അതാണെന്നു കൂടി കവികള്‍ പറയുന്നുണ്ട്.
ദശരഥമഹാരാജാവിന്‍റെ അടുത്തു വിടവാങ്ങുവാന്‍ ചെന്നപ്പോഴാണ് വിഷമമുണ്ടായത്. താനും രാമന്‍റെ കൂടെ കാട്ടിലേക്ക് പോകയാണെന്നു പറഞ്ഞ് അദ്ദേഹവും പുറപ്പെട്ടു. അല്ലെങ്കിൽ രാമന്‍ കാട്ടിലേക്കു പോകരുതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. പക്ഷേ ധര്‍മ്മമൂര്‍ത്തിയായ ശ്രീരാമചന്ദ്രന്‍റെ പതിനാലു വര്‍ഷം വേഗത്തിൽ കഴിഞ്ഞുപോകുമെന്നും ഞങ്ങള്‍ ഉടനെ മടങ്ങി വരുമെന്നും അച്ഛന്‍ സത്യധര്‍മ്മങ്ങളനുഷ്ഠിച്ച് രാജധര്‍മ്മങ്ങള്‍ നിറവേറ്റിക്കൊണ്ടു കൊട്ടാരത്തിൽത്തന്നെ താമസിക്കണമെന്നും പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിച്ചു. ദശരഥൻ മനസ്സില്ലാ മനസ്സോടെ അവരെ അനുഗ്രഹിച്ചു. മൂന്നു പേരും ദശരഥനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു.
പിന്നീട് കൈകേയിയുടെ അടുത്തു ചെന്നു. കൈകേയി അവര്‍ക്ക് മരവുരി തയ്യാറാക്കി വച്ചിരുന്നു. സീതയ്ക്ക് വല്‍ക്കലം കൊടുത്തപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. രാമന്‍ സീതയെ മരവുരി ധരിക്കുവാന്‍ സഹായിച്ചു. മൂന്നുപേരും പൗരജനങ്ങളാല്‍ അനുഗതരായി പുറപ്പെട്ടപ്പോള്‍ രാമനു വിഷമമുണ്ടാകാതിരിക്കുവാന്‍ സൈന്യങ്ങളും ഭണ്ഡാരവും രാമന്‍റെ കൂടെ പോകട്ടെ എന്നു രാജാവ് ആജ്ഞാപിച്ചു. എന്നാല്‍ സൈന്യവും ഭണ്ഡാരവുമില്ലാത്ത രാജ്യം കൊണ്ടെന്തു കാര്യം ഭരതന് എന്നു പറഞ്ഞ് കൈകേയി അതിനെ തടഞ്ഞു. അങ്ങനെ എല്ലാവരോടും വീണ്ടും യാത്ര ചോദിച്ച അവര്‍ മൂവരും വനത്തിലേക്കു പുറപ്പെട്ടു. സുമന്ത്രന്‍ കൊണ്ടുവന്ന തേരില്‍ കയറി അവര്‍ പോകുന്നതുകണ്ട് സര്‍വ്വരും ദുഃഖിതരായി.
നമ്മള്‍ ഒരു കാര്യത്തിന് പുറപ്പെടുമ്പോള്‍ എല്ലാവരുടെയും അനുഗ്രഹത്തോടു കൂടി പുറപ്പെട്ടാല്‍ വിജയമുണ്ടാകും. ശ്രീരാമന് വനത്തില്‍ വിഷമങ്ങളില്ലാതിരിക്കുവാനും അവതാര കൃത്യങ്ങളുടെ നിര്‍വ്വഹണത്തിനും രാമനെ ശക്തനാക്കിയതു മാതാപിതാക്കളുടേയും മറ്റും അനുഗ്രഹമാണ്. മാതൃ ദേവോ ഭവഃ പിതൃദേവോ ഭവഃ മുതലായ ഉപദേശങ്ങൾ നാം എപ്പോഴും ഓര്‍ക്കണമെന്നാണ് രാമന്‍ ഇതുകൊണ്ട് നമ്മെ പഠിപ്പിക്കുന്നത്.
ജ്യേഷ്ഠനിരിക്കുമ്പോള്‍ അനുജനെ രാജാവാക്കുക എന്ന അധര്‍മ്മം പ്രവര്‍ത്തിക്കാനാഗ്രഹിച്ച പുത്രസ്നേഹം കൊണ്ട് അന്ധയായ കൈകേയിക്ക് പിന്നീടുണ്ടാകുന്ന അനുഭവങ്ങള്‍ എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്. *സത്യത്തിൽ നിന്നും ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കുന്നത് എപ്പോഴും ആപത്തിനും ദുഃഖത്തിനും കാരണമാകുന്നു.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment