Tuesday, August 1, 2017

ശ്രീരാമകഥാമൃതം - വിശ്വാമിത്രയാഗരക്ഷ (2)

നമോസ്തു രാമചന്ദ്രായ
രാമഭദ്രായ വേധസേരഘുനാഥായ നാഥായസീതായ പതയേ നമഃ

നാലു രാജകുമാരന്മാരും ദൃഢമായ സാഹോദര്യബന്ധത്തോടുകൂടി വളര്‍ന്നു വന്നു. ഉപനയനത്തിനു ശേഷം വേദപഠനവും ധനുര്‍വ്വേദാഭ്യാസവും കഴിഞ്ഞ് വിവേകികളും വിക്രമികളുമായി വളര്‍ന്നു വന്ന പുത്രന്മാരെ കണ്ട് രാജാവ് അതീവ സന്തുഷ്ടനായി കഴിയുമ്പോള്‍, ഒരു ദിവസം വിശ്വാമിത്ര മഹര്‍ഷി കൊട്ടാരത്തിൽ വന്നു. രാജാവ് അദ്ദേഹത്തെ യഥാവിധി സ്വീകരിച്ച് സത്കരിച്ച് ആഗമനോദ്ദേശം ആരാഞ്ഞു. തന്‍റെ യാഗത്തിന് വിഘ്നം ചെയ്യുന്ന രാക്ഷസന്മാരില്‍ നിന്ന് യാഗത്തെ രക്ഷിക്കുവാന്‍ രാമലക്ഷ്മണന്മാരെ അയച്ചു തരണമെന്ന മഹര്‍ഷിയുടെ ആവശ്യം കേട്ട രാജാവ് സ്തംഭിച്ചു പോയി. രാമനെ പിരിഞ്ഞിരിക്കുക എന്നത് രാജാവിന് ആലോചിക്കുക കൂടി വയ്യായിരുന്നു. വാര്‍ദ്ധക്യത്തില്‍ മോഹിച്ചുണ്ടായ പുത്രന്മാരോടുളള വാത്സല്യം അത്ര മഹത്തായിരുന്നു. എങ്കിലും രാമന്‍റെ തത്ത്വമറിയുന്ന വസിഷ്ഠന്‍റെ ഉപദേശമനുസരിച്ച് രാമലക്ഷ്മണന്മാരെ വിശ്വാമിത്രന്‍റെ കൂടെ അയയ്ക്കുവാന്‍ തന്നെ രാജാവ് തീര്‍ച്ചപ്പെടുത്തി.
വിശ്വാമിത്രന്‍റെ ശാപശക്തി കൊണ്ടുതന്നെ സ്വയം ശത്രുക്കളെ നശിപ്പിക്കുവാന്‍ കഴിവില്ലാഞ്ഞിട്ടല്ല, രാക്ഷസനിഗ്രഹത്തിന് രാമലക്ഷ്മണന്മാരെ അദ്ദേഹം കൂട്ടിക്കൊണ്ടു പോയത്. രാമന്‍ കൊട്ടാരത്തിലെ ലാളനയേറ്റു വളര്‍ന്ന് സരളഹൃദയനും മൃദുസ്വഭാവിയുമായിത്തീര്‍ന്നിരുന്നു. ഭാവിയില്‍ അവതാര കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ജീവിതത്തില്‍ സ്വഭാവദാര്‍ഢ്യവും ധൈര്യവും ഉത്സാഹവും വേണമല്ലോ. മഹര്‍ഷി മാര്‍ഗ്ഗമദ്ധ്യേ പല കഥകളും പറഞ്ഞ് രാമന്‍റെ മൃദുല സ്വഭാവത്തില്‍ പല മാറ്റവും ഉണ്ടാക്കിത്തീര്‍ത്തു. വിശപ്പും ദാഹവും ഇല്ലാതാകുന്ന *ബല, അതിബല* എന്നീ രണ്ടു മന്ത്രങ്ങളും ഉപദേശിച്ചുകൊണ്ട് യാത്ര തുടര്‍ന്നു.
അപ്പോഴാണ് താടകയുടെ വരവ്. ലോകോപദ്രവകാരിണിയായ താടകയെ വധിക്കുവാന്‍ മഹര്‍ഷി പറഞ്ഞപ്പോള്‍ അധര്‍മ്മഭീരുവായ രാമന്‍ സ്ത്രീവധം അധര്‍മ്മമല്ലേ എന്നാലോചിച്ച് ശങ്കിച്ചു നിന്നു. ക്ഷത്രിയന്മാരുടെ കര്‍ത്തവ്യമായ ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടി ചില അധര്‍മ്മങ്ങള്‍ ചെയ്യേണ്ടി വരുന്നതില്‍ ഒരിക്കലും സംശയിക്കരുതെന്നു പറഞ്ഞ് മഹര്‍ഷി രാമന്‍റെ മനസ്സില്‍ ധൈര്യമുണ്ടാക്കിത്തീര്‍ത്തു. അങ്ങനെ താടകയെ കൊന്ന് ലോകോപദ്രവവും തീര്‍ത്ത് സിദ്ധാശ്രമത്തിലെത്തി യാഗരക്ഷ ചെയ്ത് മഹര്‍ഷിയുടെ അനുഗ്രഹത്തിന് പാത്രമായി.
ധര്‍മ്മം സ്ഥാപിക്കാനുളള ശ്രമത്തില്‍ ചില അധമ പ്രവൃത്തികൾ ചെയ്യേണ്ടി വന്നാലും ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു. മഹാഭാരത യുദ്ധത്തിൽ ശ്രീകൃഷ്ണന്‍റെ കാര്യത്തിലും നാമത് കാണുന്നുണ്ടല്ലോ. ഒരു നിലയ്ക്കും അധര്‍മ്മത്തെ പൊറുപ്പിക്കുവാന്‍ പാടില്ല. മഹാഭാരതയുദ്ധം തുടങ്ങുന്നത് വരെ പാണ്ഡവര്‍ ഒരു അധര്‍മ്മവും പ്രവര്‍ത്തിച്ചിരുന്നില്ല. ധര്‍മ്മ സംസ്ഥാപനം ജീവിതാദര്‍ശമായി സ്വീകരിച്ചു. പാര്‍ത്ഥസാരഥി നേതൃത്വം ഏറ്റെടുത്തതിനു ശേഷം അവര്‍ക്കും ഭീഷ്മവധം, ദ്രോണവധം, കര്‍ണ്ണവധം, ദുര്യോധനവധം മുതലായ പല കാര്യങ്ങളിലും അധര്‍മ്മം പ്രവര്‍ത്തിക്കേണ്ടി വന്നു. ധര്‍മ്മ മൂര്‍ത്തിയായ കൃഷ്ണന് അത് ഒരു ദോഷമായി തോന്നിയില്ല.


കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment