Friday, August 25, 2017

ശ്രീരാമകഥാമൃതം ( 24 ) - ബാലിവധം

ബാലിയോടു നേരിട്ടു യുദ്ധം ചെയ്യുവാന്‍ ശ്രീരാമചന്ദ്രന് കാരണമൊന്നുമില്ലല്ലോ. അതുകൊണ്ട് സുഗ്രീവനോടു തന്നെ ബാലിയെ യുദ്ധത്തിനു വിളിക്കുവാന്‍ പറഞ്ഞു. അതിന്‍പ്രകാരം സുഗ്രീവന്‍ തന്നെ കിഷ്കിന്ധയില്‍ പോയി ബാലിയെ യുദ്ധത്തിന് വിളിച്ചു. മന്ത്രിമാരും രാമലക്ഷ്മണന്മാരും ദൂരെ മാറി നിന്നു. പക്ഷേ ദ്വന്ദ്വയുദ്ധത്തില്‍ രാമന് ബാലി സുഗ്രീവന്മാരെ തിരിച്ചറിയാന്‍ സാധിക്കാത്തതു കൊണ്ട് അമ്പെയ്യുവാന്‍ സാധിച്ചില്ല. ബാലിയുടെ അടിയും ഇടിയും സഹിക്കവയ്യാതെ സുഗ്രീവന്‍ ഓടി വന്ന് രാമനെ ശരണം പ്രാപിച്ചു. സുഗ്രീവനെ തിരിച്ചറിയുവാന്‍ വേണ്ടി ഒരു മാല കഴുത്തിലിട്ടു വീണ്ടും ബാലിയെ യുദ്ധത്തിനു വിളിക്കുവാന്‍ പറഞ്ഞു. സുഗ്രീവന്‍ വീണ്ടും യുദ്ധത്തിനു ചെന്നപ്പോൾ താര സ്വഭര്‍ത്താവായ ബാലിയെ രാമസുഗ്രീവ സഖ്യത്തിന്‍റെ കാര്യമെല്ലാം പറഞ്ഞ് തടയുവാന്‍ ശ്രമിച്ചു എങ്കിലും ബാലി സ്വാഭിമാനത്തിനു കോട്ടം തട്ടാതിരിക്കുവാന്‍ യുദ്ധത്തിനു പുറപ്പെടുക തന്നെ ചെയ്തു. ബാലിസുഗ്രീവന്മാര്‍ വീറോടു കൂടി അന്യോന്യം പൊരുതി. അതില്‍ സുഗ്രീവന്‍ ക്ഷീണിക്കാന്‍ തുടങ്ങിയപ്പോൾ രാമന്‍ വൃക്ഷത്തിന്‍റെ മറവില്‍ നിന്ന് നേരെ അസ്ത്രം പ്രയോഗിക്കുകയും ബാലി മോഹിച്ചു വീഴുകയും ചെയ്തു. മോഹം തീര്‍ന്നു കണ്‍മിഴിച്ചു നോക്കിയപ്പോള്‍ രാമനെയാണ് മുന്‍പില്‍ കണ്ടത്. ലക്ഷ്മണനും സുഗ്രീവനും അടുത്തുണ്ടായിരുന്നു. മറ്റൊരാളോടു യുദ്ധം ചെയ്യുമ്പോൾ ഒളിയമ്പയച്ച് തന്നെ കൊല്ലുന്നതിന്‍റെ അനൗചിത്യത്തേപ്പറ്റി ബാലി രാമനെ വളരെയധികം കുറ്റപ്പെടുത്തി സംസാരിച്ചു. 'സീതയെ കിട്ടുവാനാണ് സുഗ്രീവനു വേണ്ടി എന്നെ കൊല്ലുന്നതെങ്കില്‍ ഒരു നിമിഷം കൊണ്ടു ഞാന്‍ രാവണനേയും സീതയേയും അങ്ങയുടെ കാല്‍ക്കല്‍ കൊണ്ടുവരുമായിരുന്നല്ലോ എന്നു പറഞ്ഞു. പക്ഷേ രാമന്‍ ബാലിയെ സമാശ്വസിപ്പിച്ചു. ബാലിയുടെ ശരീരസംസ്ക്കാരം ചെയ്തതിന് ശേഷം രാമന്‍റെ അനുവാദത്തോടു കൂടി സുഗ്രീവനെ രാജാവായും അംഗദനെ യുവരാജാവായും അഭിഷേകം ചെയ്തു. രാമനെ രാജകീയാതിഥിയായി ക്ഷണിച്ചുവെങ്കിലും പതിനാലു വര്‍ഷം നഗരങ്ങളില്‍ താമസിക്കുകയില്ലെന്നു പറഞ്ഞു. നഗരത്തിനു പുറത്ത് ഒരു ഗുഹയില്‍ മഴക്കാലം കഴിയുന്നത് വരെ താമസിച്ചു.
രാമന്‍ ചെയ്തതു വലിയൊരു അധര്‍മ്മമാണെന്നു പറഞ്ഞ് പലരും രാമനെ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ രാമന്‍റെ സമാധാനം കേട്ടതിനു ശേഷം ബാലിക്ക് അത് ധാര്‍മ്മിക പ്രവര്‍ത്തിയാണെന്ന് ബോദ്ധ്യം വന്നു. ദോഷൈകദൃഷ്ടികളായ ചിലരുടെ വിമര്‍ശനം ധര്‍മ്മത്തിന്‍റെ മൂര്‍ത്തിയായ രാമനെ സംബന്ധിച്ചു കാര്യമായെടുക്കേണ്ടതില്ല. *അധര്‍മ്മിഷ്ഠന്മാരെ ശിക്ഷിക്കുക രാജധര്‍മ്മമാണല്ലോ!

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment