അഘമർഷണം

ർവ പാപങ്ങളെയും നിർമാർജ്ജനം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന വൈദികമന്ത്രമാണ് അഘമർഷണം. അഘങ്ങളെ മർഷണം ചെയ്യുന്നത് - പാപങ്ങളെ നശിപ്പിക്കുന്നത് - എന്നാണ് ഈ പദത്തിന്റെ അർഥം. 
“ സർവൈനസാമപധ്വംസി

ജപ്യം ത്രഷ്വഘമർഷണം ”

എന്ന് അമരകോശത്തിൽ (ബ്രഹ്മവർഗം 51) പറഞ്ഞിട്ടുണ്ട്. ഋഗ്വേദത്തിൽ 10-ം മണ്ഡലത്തിലെ 190-ാമത്തേത് ഒരു അഘമർഷണസൂക്തമാണ്. 
“ ഋതഞ്ച സത്യഞ്ചാഭീദ്ധാത്തപസോധ്യജായത
തതോ രാത്രിരജായത തതസ്സമുദ്രോ അർണവഃ
സമുദ്രാദർണവാദധിസംവത്സരോ അജായത.
അഗോരാത്രാണി വിദധദ്വിശ്വസ്യ മിഷതോ വശീ.
സൂര്യചൻദ്രമസൌ ധാതാ യഥാപൂർവമകല്പയത്.
ദിവഞ്ച പൃഥിവീഞ്ചാന്തരീക്ഷമഥോസുവഃ ” 

മധുഛന്ദസ്സിന്റെ പുത്രൻ അഘമർഷണൻ ആണ് ഇതിന്റെ ഋഷി; അനുഷ്ടുപ് ഛന്ദസ്സും, സൃഷ്ടി ദേവതയും. ഈ മന്ത്രത്തിന്റെ സാരം: 'അനുഷ്ഠിക്കപ്പെട്ട തപസ്സിൽനിന്ന് ഋതവും (മാനസികമായ സത്യം) സത്യവും (വാചികമായ സത്യം) ഉളവായി. പിന്നെ രാത്രിയും സലിലവത്തായ സമുദ്രവും ഉളവായി. സലിലവത്തായ സമുദ്രത്തിനുശേഷം സംവത്സരം ഉളവായി. അതു രാപകലുകളെ സൃഷ്ടിച്ച് സർവപ്രാണികൾക്കും സ്വാമിയായി. സൂര്യചന്ദ്രന്മാരെയും സുഖാത്മകമായ സ്വർഗത്തെയും ഭൂമിയെയും അന്തരീക്ഷത്തെയും വിധാതാവ് മുൻപിലത്തെപ്പോലെ സൃഷ്ടിച്ചു'. (ഋഗ്വേദസംഹിത-വള്ളത്തോൾ). ഇതുകൂടാതെ സൂര്യശ്ചമാ മന്യശ്ച (തൈത്തിരീയാരണ്യകം ​X. 25.1). ആപഃ പുനന്തുപൃഥിവിം (തൈത്തിരീയാരണ്യകം X. 23.1) മുതലായ മന്ത്രങ്ങളും അഘമർഷണങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജലാന്തർഭാഗത്തുവച്ചു ജപിക്കേണ്ടവയാണ് ഈ മന്ത്രങ്ങൾ. ഇവ യഥാവിധി ജപിക്കുന്നവരുടെ സർവപാപങ്ങളും നശിക്കുമെന്ന് ആചാര്യന്മാർ ഉദ്ഘോഷിച്ചിട്ടുണ്ട്. അഘമർഷണം എന്നതു വിന്ധ്യപർവതത്തിലുള്ള ഒരു തീർഥസരസ്സിന്റെ പേരുകൂടിയാണ്. അവിടെവച്ചാണ് ദക്ഷപ്രജാപതി വിഷ്ണുപ്രീതിക്കുവേണ്ടി തപസ്സുചെയ്തതെന്ന് പുരാണങ്ങളിൽ കാണുന്നു. മേൽപ്പറഞ്ഞ മന്ത്രവും തീർഥവും അഘമർഷണൻ എന്ന മഹർഷിയുമായി ബന്ധപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഈ അഘമർഷണ മുനിയെപ്പറ്റി മഹാഭാരതം ശാന്തിപർവത്തിൽ പരാമർശിക്കുന്നുണ്ട്.

No comments:

Post a Comment