Friday, June 2, 2017

ഈശ്വരൻ – പരമാത്മാവ്

ദേവന്മാർക്കോ മാമുനിമാർക്കോ എന്നെ ശരിയായി അറിയുകയില്ല എന്ന് പറഞ്ഞ ആ ശക്തി ആരാണ് ? സമസ്ത പ്രവാചകരേയും ആചാര്യൻമാരെയും കാലാകാലങ്ങളിൽ നമുക്ക് സമ്മാനിച്ചത് ആരാണ് ? ശാസ്ത്ര സാങ്കേതിക വിദ്യക്കുമുന്നിൽ പോലും ദൃശ്യനാകാത്ത ആ പ്രകാശത്തെ ഈശ്വരൻ എന്ന് വിളിക്കുന്നു.  ആരെയാണോ സ്നേഹത്തിന്‍റെ സാഗരമെന്ന് വിളിക്കുന്നത്, ആരെയാണോ ബുദ്ധിവാന്‍റെയും ബുദ്ധിവാനെന്ന് വിളിക്കുന്നത് ആരെയാണോ സർവശക്തൻ എന്ന് വിളിക്കുന്നത് എല്ലാവരും കയ്യൊഴിയുമ്പോൾ നമ്മൾ ആരെയാണോ ആശ്രയിക്കുന്നത് ആ ഏകനായ സത്യമാണ് ഈശ്വരൻ.

ഈശ്വരൻ ഉണ്ടോ ?

നമ്മൾ ഈ ഭൌതികലോകത്തിൽ എന്തിനെയെങ്കിലും തിരിച്ചറിയുന്നത് കാണുന്നതിലൂടെയോ കേൾക്കുന്നതിലൂടെയോ രുചിക്കുന്നതിലൂടെയോ സ്പർശിക്കുന്നതിലൂടെയോ മണക്കുന്നതിലൂടെയോ ആണ്. എന്നാൽ ഇത്തരം ഇന്ദ്രിയാനുഭവങ്ങളിലൂടെ ഈശ്വരനുണ്ടോ എന്ന് മനസ്സിലാക്കുവാൻ സാധ്യമല്ല. പക്ഷേ അതീന്ദ്രിയമായ തലത്തിൽ നമ്മുടെ മനസ്സ് രമിക്കുമ്പോൾ അതിസൂക്ഷ്മനായ ഈശ്വരന്‍റെ തരംഗങ്ങൾ അനുഭവിക്കുവാൻ സാധിക്കുന്നതാണ്. ഈശ്വരൻ സത്യവും നിത്യവും ആയതു കാരണത്താൽ അനിത്യവും അസത്യവുമായ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മനസ്സ്, ബുദ്ധി എന്നീ ആത്മാവിന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കാൻ സാധിക്കുന്നതാണ്.

No comments:

Post a Comment