Sunday, June 18, 2017

ന ബ്രൂയാത്‌ സത്യം അപ്രിയം

ശ്ലോകങ്ങളുടെ അര്‍ത്ഥം പലപ്പോഴും പറഞ്ഞു പറഞ്ഞു വികലമായിത്തീരാറുണ്ട്‌ അല്ലെ?അങ്ങനെ വികലമായതില്‍ പ്രധാനപ്പെട്ട ഒരു ശ്ലോകം ആണ്‌

"സത്യം ബ്രൂയാത്‌ പ്രിയം ബ്രൂയാത്‌ 
ന ബ്രൂയാത്‌ സത്യമപ്രിയം"


ഇതിനെ വ്യാഖ്യാനിച്ചു കേട്ടിരിക്കുന്നത്‌

സത്യം ബ്രൂയാത്‌ = സത്യം പറയൂ 
പ്രിയം ബ്രൂയാത്‌ = പ്രിയം പറയൂ
അപ്രിയം സത്യം ന ബ്രൂയാത്‌ = അപ്രിയമായ സത്യത്തെ പറയാതിരിക്കൂ എന്നാണ്‌.

സംസ്കൃതത്തില്‍ അന്വയം എന്നൊരു പരിപാടി ഉണ്ട്‌. അങ്ങുമിങ്ങുമിരിക്കുന്ന പദങ്ങളെ യഥായഥം അടുക്കിചേര്‍ക്കുന്ന പരിപാടി. പക്ഷെ അത്‌ വായില്‍ തോന്നിയതു പോലെ ചെയ്യാന്‍ പാടുണ്ടൊ?

എഴുതിയ ആള്‍ ഉദ്ദേശിച്ച ഒരു അര്‍ത്ഥം കാണും. അതല്ലെ പറയേണ്ടത്‌?
പണ്ട്‌ ഒരു സംഭവം കേട്ടിട്ടുണ്ട്‌, ചങ്ങമ്പുഴ മഹാരാജാസില്‍ പഠിക്കുമ്പോള്‍ പഠിക്കാനുള്ള ഒരു പുസ്തകം അദ്ദേഹത്തിന്റെ "രമണന്‍" പഠിപ്പിക്കുന്ന സാര്‍ അദ്ദേഹം ഉദ്ദേശിച്ച അര്‍ത്ഥമല്ലാതെ മറ്റൊന്നു പറഞ്ഞു പോലും ഇതേപോലെ പണ്ട്‌ ശ്ലോകങ്ങള്‍ എഴുതിയവര്‍ ഇന്നില്ലല്ലൊ വന്നു പറഞ്ഞു തരാന്‍

എന്നാല്‍ അങ്ങനെ ഒരു അനര്‍ത്ഥം വരാതിരിക്കുവാന്‍ വേണ്ടി പണ്ടുള്ളവര്‍ "തന്ത്രയുക്തി" പോലെ ചില സാധനങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്‌. എന്നാല്‍ അതും ഒരു ക്രമത്തില്‍ എഴുതിയിട്ടുള്ള പുസ്തകങ്ങളില്‍ മാത്രമെ പ്രയോജനപ്പെടൂ. ഒറ്റ ഒറ്റ ശ്ലോകങ്ങളില്‍ പറ്റില്ല
അതുകൊണ്ട്‌ ഒറ്റ ഒറ്റ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ മുന്‍പു എഴുതിയിട്ടുള്ള പ്രസിദ്ധമായ്‌ ഗ്രന്ഥങ്ങളിലെ വിശദീകരണങ്ങള്‍ക്ക്‌ അനുസൃതമായിരിക്കണം അതിനര്‍ത്ഥം.

രാമായണത്തില്‍ ശൂര്‍പ്പണഖ രാവണന്റെ അടുത്തു ചെന്നു പരാതി പറയുന്ന കൂട്ടത്തില്‍ പറയുന്ന ഒരു ശ്ലോകം ഉണ്ട്‌

"സുലഭാഃ പുരുഷാഃ ലോകേ 

സതതം പ്രിയവാദിനഃ 
അപ്രിയസ്യ തു പഥ്യസ്യ 
വക്താ ശ്രോതാ ച ദുര്‍ല്ലഭാഃ"

ഈ ലോകത്തില്‍ എല്ലായ്പ്പോഴും പ്രിയം പറയുന്ന ആളുകള്‍ സുലഭം ആണ്‌ - കമ്പനികളില്‍ നോക്കിയാല്‍ സംശയമേ ഉണ്ടാവില്ല ആനയെ കണ്ടിട്ട്‌ ബോസ്‌ പൂച്ചയാണെന്നു പറഞ്ഞാല്‍ അതെ അതെ പൂച്ച തന്നെ എന്നു പറഞ്ഞു പിന്നാലെ നടക്കുന്ന മൂടുതാങ്ങികള്‍ പക്ഷെ അപ്രിയമായതും കേള്‍ക്കുന്നയാള്‍ക്ക്‌ നല്ലതിനു വേണ്ടിയുള്ളതായതും ആയ കാര്യങ്ങള്‍ പറയുന്നവരും കേള്‍ക്കുന്നവരും വളരെ ചുരുക്കം.

സംശയം ഇല്ലല്ലൊ അല്ലെ?

ഇതേ വിഷയം മഹാഭാരതത്തില്‍ വരുന്നുണ്ട്‌ കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ്‌ ധൃതരാഷ്ട്രര്‍ വിദുരനെ വിളിക്കും. ആ സന്ദര്‍ഭത്തില്‍ കുശലപ്രശ്നങ്ങള്‍ക്കു ശേഷം വിദുരര്‍ ആദ്യം പറയുന്നത്‌ ഇതാണ്‌

"സുലഭാഃ പുരുഷാഃ രാജന്‍ 

സതതം പ്രിയവാദിനഃ 
അപ്രിയസ്യ തു പഥ്യസ്യ 
വക്താ ശ്രോതാ ച ദുര്‍ല്ലഭാഃ"

പക്ഷെ അതു കഴിഞ്ഞ്‌ അദ്ദേഹം അപ്രിയമായ സത്യം പറയാതിരിക്കുകയല്ല ചെയ്തത്‌ പിന്നെയോ, അങ്ങേര്‍ക്കു മനസിലാകുന്ന തരത്തില്‍ വിശദീകരിച്ചു കൊടുക്കുകയാണ്‌.
പണ്ട്‌ ഒരു കഥയുണ്ട്‌
ഒരു വലിയ ധനിക കുടുംബത്തിലെ കുട്ടി മദിരാശിയില്‍ പഠിക്കുന്നു. ഒരിക്കല്‍ അയാളുടെ കുടുംബത്തില്‍ വലിയ ഒരഗ്നിബാധ ഉണ്ടായി സകലതും നശിച്ചു. അയലത്തുകാര്‍ ഒത്തുകൂടി. ആ കുട്ടിയെ എങ്ങനെ വിവരം അറിയിക്കും? പെട്ടെന്ന് ഇതറിഞ്ഞാല്‍ എന്താകും സംഭവിക്കുക? അപ്പോള്‍ ഒരാള്‍ പറഞ്ഞു ഞാന്‍ അവിടെ പോയി പറയാം.
അയാള്‍ കുട്ടി പഠിക്കുന്ന കോളേജില്‍ ചെന്നു സന്ദര്‍ശകന്‍ ഉണ്ടെന്നറിഞ്ഞ കുട്ടി സന്തോഷമായി വെളിയില്‍ വന്നു അയല്‍വാസിയെ കണ്ട സന്തോഷത്തില്‍ അവന്‍ ചോദിച്ചു "എന്താ ചേട്ടാ വിശേഷം? അയല്‍വാസി പറഞ്ഞു " നല്ല വിശേഷം ചുമ്മാ നിന്നെ ഇന്നു കാണാം എന്നു വിചാരിച്ചു" കുട്ടി "വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെ അല്ലെ? എന്താ ചേട്ടന്‍ ഈ വഴിക്കൊക്കെ വന്നത്‌?" അയല്‍വാസി " ഓ പ്രത്യേകിച്ചൊന്നുമില്ല പിന്നെ നിന്റെ വീട്ടിലെ ആ പൂച്ച ചത്തുപോയി" കുട്ടി " ഹൊ അതാണൊ ഇത്ര വല്യ കാര്യം ആട്ടെ എങ്ങനാ പൂച്ച ചത്തത്‌? അയല്‍വാസി "അത്‌ കുതിരയിറച്ചി ഒരുപാട്‌ കഴിച്ചു. എല്ലാം കൂടിദഹിച്ചുകാണത്തില്ല" കുട്ടി " കുതിരയിറച്ചിയോ അതെവിടന്ന്?"
അയല്‍വാസി " ഹ കുതിരപ്പന്തിക്കു തീപിടിച്ചപ്പോള്‍ കുതിരയൊക്കെ ചത്തുപോയില്ലെ അതിനെ തിന്നു" കുട്ടി " ങ്‌ ഹെ കുതിരപ്പന്തിക്കു തീപിടിച്ചൊ? അതെങ്ങനെ" അയല്‍വാസി " അടുക്കളയുടെ അടുത്തല്ലായിരുന്നൊ കുതിരപ്പന്തി. അടൂക്കളയില്‍ പിടിച്ച തീ പിന്നീട്‌ അവിടെയും പകരാതിരിക്കുമൊ?" ഇങ്ങനെ പറഞ്ഞു പറഞ്ഞ്‌ ആ വ്യസനിപ്പിക്കുന്ന സത്യം അല്‍പാല്‍പമായി കുട്ടി അറിഞ്ഞു. എന്നു പറഞ്ഞതു പോലെ അപ്രിയമായ സത്യം പറയരുത്‌ എന്നല്ല സത്യത്തെ പ്രിയമാകും വണ്ണം പറയണം എന്നാണ്‌ ആ വരികളുടെ അര്‍ത്ഥം

വേണ്ടാത്ത രീതിയില്‍ അന്വയിച്ചപ്പോഴാണ്‌ വേണ്ടാത്ത അര്‍ത്ഥം കിട്ടുന്നത്‌ നേരെ നോക്കൂ
സത്യം ബ്രൂയാത്‌ = സത്യം പറയൂ 
പ്രിയം ബ്രൂയാത്‌ = പ്രിയം പറയൂ 
ന ബ്രൂയാത്‌ സത്യം അപ്രിയം = പറയരുത്‌ സത്യം അപ്രിയം - എന്നു വച്ചാല്‍ സത്യം അപ്രിയമായി പറയരുത്‌ എന്നാണ്‌. അതായത്‌ അപ്രിയമായല്ല പ്രിയമാകും വണ്ണമാണ്‌ സത്യം പറയേണ്ടത്‌ എന്ന് അതിനെ തിരിച്ച്‌ അപ്രിയം സത്യം ന ബ്രൂയാത്‌ എന്ന് അന്വയിക്കാന്‍ ആരും പറഞ്ഞില്ലല്ലൊ അല്ലെ?

അത് പോലെ പ്രശസ്തമായ ഒന്നാണ്..
ഉഷ്ണം ഉഷ്ണേന ശാന്തി എന്നുള്ളത്
ഉഷ്ണം ഉഷ്ണേന ശാന്തി ആണോ അതോ ഉഷ്ണം ഉഷ്ണേ ന ശാന്തി എന്നാണോ ആവോ?

No comments:

Post a Comment