Thursday, March 30, 2017

സത്യം…അഷ്ടാവക്രഗീതയില്‍ നിന്ന്



ത്യം. സത്യം എന്നു പറഞ്ഞാല്‍ ശ്രദ്ധ എന്ന് അര്‍ത്ഥം വരും. സത്യമാണ് ശ്രദ്ധ. മൂന്നു കാലത്തിലും ഉള്ളതാണ് സത്യം. അത് ജീവനാണ്. കാണുന്നതും കേള്‍ക്കുന്നതുമായതെല്ലാം ഇന്ദ്രിയങ്ങളുടേതാണ്. ആരെക്കുറിച്ച് എന്ത് ആരോടു പറയുമ്പോഴും താന്‍ സത്യമാണ് പറയുന്നത് എന്നു പറയുന്ന ചിലരുണ്ട്. അത് അസത്യമാണ്. അവര്‍ പറയും, “അവന്‍ കാണിച്ചതാണ് ഞാന്‍ പറഞ്ഞത്”. അവന്‍ കാണിച്ചതല്ല സത്യം. അവനാണ് സത്യം. അവന്‍ കാണിച്ചതൊക്കെ താത്കാലികമാണ്. അതിന്‍റെ ലജ്ജയും വേദനയും ഇന്ന് അവന്‍ അനുഭവിക്കുന്നുണ്ട്. ഇനി അവന്‍ കാണിച്ചത് മറ്റൊരാള്‍ പറയേണ്ട കാര്യമില്ല. അവനിലെ “ഞാന്‍” എന്ന ചിരന്തനമായ സത്യം ജാഗൃത്തിലും സ്വപ്നത്തിലും സുഷുപ്തിയിലും ഉള്ളതാണ്.

അവന്‍ സത്യവും അവന്‍ കാണിച്ചത്, ഇന്ദ്രിയങ്ങളുടെ വിക്രിയ താല്‍ക്കാലികവുമാണ്. സത്യം തിരിച്ചറിയുന്നത്‌ ഇങ്ങനെയാണ്. ഒരുവന്‍റെ ജീവന് ഹിതകരമായി വേണം പറയാന്‍. ഹിതമാണ് സത്യം എന്ന് ജനകനും വ്യാസനും പറയുന്നു. മഹാഭാരതത്തിലുടനീളം സത്യത്തിന്റെ നിര്‍വ്വചനം ഹിതം എന്നാണ്. ഹിതമാണ് സത്യം. പ്രിയമല്ല. ജീവനു ഹിതകരമായി പറയണം. ജീവനു പ്രിയങ്കരമായല്ല. ഒരുവന്‍റെ നിലനില്‍പ്പിനു ഭംഗം വരുത്തുന്നതൊന്നും പറഞ്ഞു കൂടാ. ചെയ്തു കൂടാ. എഴുതിവെച്ച നിയമങ്ങളും നീതികളും ഹിതത്തെ അവലംബിച്ചു മാത്രമേ വ്യാഖ്യാനിക്കാവൂ. ഒരുവന്‍ തന്‍റെ ഇന്ദ്രിയങ്ങള്‍ കൊണ്ടു ചെയ്തതെങ്കിലും, സത്യമാണെങ്കിലും, എന്‍റെ ഒരു വാക്കിന്‍റെ വേദനയിലാണ് അവന്‍ ആത്മഹത്യ ചെയ്തതെങ്കില്‍, സത്യം എന്ന് ഞാന്‍ പറയുന്നത്, എന്നെ ആനന്ദിപ്പിക്കില്ല. അത് എന്നെ ദു:ഖിപ്പിക്കും. സത്യം ഒരിക്കലും ആരെയും ദുഖിപ്പിക്കില്ല. ഇത് എന്നെ ദുഖിപ്പിക്കുന്നു.

അതുകൊണ്ട് ഇത് സത്യമല്ല. നല്ല കുടുംബം. നല്ല അച്ഛന്‍. നല്ല അമ്മ. നല്ല മക്കള്‍. നല്ല സ്നേഹത്തോടെയുള്ള ജീവിതത്തിനിടയ്ക്ക്, അതിലേ ഒരു കുട്ടി നടന്നു പോകുന്ന വഴിക്ക്, ഏതോ കൈക്കുറ്റപ്പാടു കൊണ്ട് ഒരു തെറ്റു ചെയ്യുന്നതു ഞാന്‍ കണ്ടു. ഞാന്‍ കണ്ടത് ആ കുട്ടിയുടെനിലനില്‍പ്പിനെ നോക്കാതെ മറ്റുള്ളവരോടു പറഞ്ഞു. ഞാന്‍ സത്യമല്ലേ പറഞ്ഞത്? പെട്ടന്നുണ്ടായ ഒരു വൈകാരികതലത്തില്‍ അവള്‍ ജീവനൊടുക്കിയാല്‍…. ഞാന്‍ പറഞ്ഞ സത്യം എന്നെ ദുഃഖത്തിലാഴ്ത്തുകയാണ്. സത്യം ദുഃഖിപ്പിക്കുന്നതല്ല. സത്യം ആനന്ദിപ്പിക്കുന്നതാണ്. എന്താണ് സത്യം? അവള്‍ ചെയ്തതും അവള്‍ കാട്ടിക്കൂട്ടിയതും ഇന്ദ്രിയങ്ങളുടെതാണ്.

അത് അവളുടെ മനസ്സിന്‍റെ താല്‍ക്കാലിക വിഭ്രാന്തിയാണ്. അവള്‍ എന്നത് സത്യമാണ്. ആ നിലനില്‍പ്പാണ് സത്യമെങ്കില്‍ ആ തെറ്റ് അവളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും അത് അവള്‍ക്കു ദോഷം വരാത്ത വിധത്തില്‍ മാറ്റിക്കൊടുക്കുകയും അവളെ നിലനിര്‍ത്തുകയും ചെയ്യുന്നത് സത്യം. സത്യത്തിന് ഇതാണ് നിര്‍വ്വചനം.

അല്ലാതെ കണ്ടതും കേട്ടതും അനുഭവിച്ചതും അറിഞ്ഞതും ഒന്നും സത്യമല്ല. എന്‍റെ കണ്ണു കൊണ്ടു കാണുന്നതെല്ലാം സത്യമല്ല . എന്‍റെ ചെവി കൊണ്ടു കേള്‍ക്കുന്നതെല്ലാം സത്യമല്ല. ഞാന്‍ തൊട്ടറിയുന്നതെല്ലാം സത്യമല്ല. സത്യം ഞാന്‍ ആണ്. പൌരാണികര്‍ ഇങ്ങനെയാണ് പഠിച്ചതും പഠിപ്പിച്ചതും. പത്രക്കാരുടെ സത്യവും മാധ്യമങ്ങളുടെ സത്യവും എല്ലാം ഇന്ദ്രിയപരിപ്രേക്ഷ്യത്തിന്‍റെ സത്യമാണ്. സത്യം അതല്ല. അത് ഇന്നു കാണുന്നതല്ല നാളെ. ഒരുവന്‍ ഒരു കാര്യം ഒരിക്കല്‍ ചെയ്തിട്ട് നാലു പേരുടെ മുമ്പില്‍ വെച്ച് “താന്‍ചെയ്തില്ല” എന്നു പറയുന്നതു പോലും താന്‍ അന്നു ചെയ്തത് തനിക്ക് ഇന്ന് ഇഷ്ടപ്പെടാത്തതു കൊണ്ടാണ്. ചെയ്തപ്പോള്‍ ചെയ്തു. ചെയ്തു എന്ന് ആരും അറിയരുത് എന്ന് ആഗ്രഹിക്കുന്നത് ചെയ്തത് ചെയ്യാന്‍ കൊള്ളാത്തത് ആയതു കൊണ്ടാണ്.

അതു ചെയ്യാന്‍ കൊള്ളാത്തതാണ് എന്ന അവന്റെ ഉള്ളിലെ ബോധമാണ് താന്‍ അതു ചെയ്തില്ല എന്ന് തര്‍ക്കിക്കുന്നത്‌. അത് അറിഞ്ഞ് “നീ ചെയ്തിട്ടില്ല” എന്ന് പറഞ്ഞ് ആളുകളുടെ മുമ്പില്‍ സമാധാനിപ്പിക്കുകയും അല്‍പ്പം കഴിഞ്ഞു മാറ്റി നിര്‍ത്തി “അതു നീ നിന്‍റെ ഇന്ദ്രിയപരിപ്രേക്ഷ്യത്തില്‍ ചെയ്തതാണ്. പക്ഷെ നീ ഇപ്പോള്‍ അത് ഭയപ്പെടുന്നു. നിന്‍റെ ബോധത്തില്‍ നിന്ന് അത് പോകാത്തതു കൊണ്ട് നീ അതു വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്”, എന്ന് പഠിപ്പിക്കുന്നതാണ് ശരിയായ വിദ്യാഭ്യാസം. അതല്ലാതെ അച്ഛനും മക്കളും എല്ലാവരും കൂടി ഒരു പത്രസമ്മേളനം വിളിക്കുകയല്ല. മറിച്ച്, ചെയ്തത് അബദ്ധമായിരുന്നു – അത് സത്യം.

ഒരുവന്‍ താന്‍ വൈയക്തികമായി ചെയ്ത ഇന്ദ്രിയപരമായ ഒരു തെറ്റ് കണ്ടിട്ട്, കാണുന്നവന്‍ അവനെ ബോധ്യപ്പെടുത്തുമ്പോള്‍ അവന്‍ അതില്‍ നിന്ന് എന്നെന്നേക്കുമായി മോചനം നേടുകയാണ്‌. മറിച്ച് നാലുപേരെ വിളിച്ചുകൂട്ടി അവനെ തല്ലിക്കൊല്ലുമ്പോള്‍ ആ തെറ്റു ചെയ്ത ജീവന്‍ അതിന്റെ വാസനകളോടു കൂടി വീണ്ടും ജനിക്കുകയാണ്, ഭാരതീയ ചിന്ത ശരിയാണെങ്കില്‍. യം യം വാപി സ്മരന്‍ ഭാവം ത്യജത്യന്തേ കളേബരം തം തമേവൈതി കൗന്തേയ സദാ തദ്ഭാവഭാവിതഃ എന്ന പ്രമാണം അനുസരിച്ച് വീണ്ടും അവന്‍ അതിന്റെ ബാക്കി കള്ളനായി ജനിക്കുകയാണ്. അതുകൊണ്ട് ആയുധങ്ങള്‍ക്കോ ഹിംസകള്‍ക്കോ നന്മയുണ്ടാക്കാനാകില്ല. അറിവിനു നന്മ ഉണ്ടാക്കാന്‍ ആകും. സ്നേഹത്തിനു നന്മയുണ്ടാക്കാനാകും. തലോടലിനു നന്മയുണ്ടാക്കാനാകും. സത്യം ഹിതമാണ്. ഹിതം മാത്രം.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

No comments:

Post a Comment