Friday, March 24, 2017

മതം, സംഘടന, ജാതി, മാനസിക ആരോഗ്യം



രു മതം ഒരു തരത്തില്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു, അതിന്‍റെ മഹത്വമൊക്കെ പറയുന്നു, എന്നുള്ളതുകൊണ്ട് മറ്റൊരു മതം ഇവന്‍റെ നന്മയ്ക്കു വേണ്ടി ഈശ്വരനാല്‍ നശിപ്പിക്കപ്പെടുന്നില്ല – ലോകത്തൊരിടത്തും. അതുകൊണ്ടു തന്നെ മതങ്ങള്‍ തട്ടിപ്പാണ്. ഒരു മതത്തില്‍ പെട്ടു എന്നുള്ളതുകൊണ്ട് ആ മതത്തിലുള്ള എല്ലാവര്‍ക്കും ആയുര്‍ദൈര്‍ഘ്യം കിട്ടുന്നില്ല. അതുകൊണ്ടു മതം തട്ടിപ്പാണ്.

ഒരു മതത്തില്‍പ്പെട്ടു എന്നുള്ളതുകൊണ്ട് ആ മതത്തില്‍പ്പെട്ടവരെല്ലാം ആരോഗ്യത്തോടെയിരിക്കുന്നില്ല. ലോകത്തിലുള്ള എല്ലാ രോഗങ്ങളും എല്ലാ മതത്തില്‍പ്പെടുമ്പോഴും മനുഷ്യന് ഉണ്ടാകുന്നുണ്ട്. മതത്തില്‍പ്പെട്ടതുകൊണ്ട് കുറെ പിരിവു കൊടുക്കാമെന്നും അതില്‍പ്പെട്ട് ഉന്നതനായാല്‍ കുറെ പിരിവു വാങ്ങിക്കാം എന്നുമല്ലാതെ ആരോഗ്യരംഗത്തു പ്രയോജനമില്ലാത്തിടത്തോളം മതങ്ങള്‍ അസംബന്ധങ്ങള്‍ ആണ്. മതങ്ങള്‍ അസംബന്ധങ്ങളാണെങ്കില്‍ ഈ വാദങ്ങളെല്ലാം നിങ്ങളുടെ രാഷ്ട്രീയത്തിനും നിങ്ങളുടെ ജാതികള്‍ക്കും ചേരും. അവയുടെ കാര്യം, “അപ്പം കോലില്‍ക്കുത്തി വെച്ച് കോലലുകുന്നു എന്നു പറഞ്ഞാല്‍ അപ്പത്തിന്‍റെ കഥ പറയേണ്ട” എന്ന പ്രമാണത്തില്‍ മനസ്സിലാക്കുക. അല്ലാതെ അതിനകത്തു നിന്നുകൊണ്ട് “പറഞ്ഞതു സത്യമാണല്ലോ” എന്ന് ഓര്‍ക്കേണ്ട!!! ഒരു മതത്തിനകത്തു നിങ്ങള്‍ പെട്ടാല്‍ നിങ്ങളുടെ മാനസിക ആരോഗ്യം പോയി!!!! നിങ്ങള്‍ ഒരു മതത്തിലോ, കക്ഷിയിലോ, പ്രസ്ഥാനത്തിലോ പെട്ടാല്‍ നിങ്ങളുടെ വൈയക്തികമായ മാനസിക ആരോഗ്യം അതോടെ തകര്‍ന്നു.

ഞാന്‍ ഹിന്ദുമതത്തിന്‍റെ ഒരു വക്താവാണ്‌. എവിടെയോ കിടക്കുന്ന ഒരു സന്തോഷ്‌ മാധവനെ ജയിലിലേക്കു കൊണ്ടുപോയിരിക്കുന്നു! എന്‍റെ മതത്തോടു ഭരണാധികാരികള്‍ എതിരായി പെരുമാറിയിരിക്കുന്നു എന്ന ചിന്ത എന്നില്‍ വരുന്ന നിമിഷം മുതല്‍ ഞാന്‍ മാനസികരോഗിയാണ്. അതില്‍ ഞാന്‍ പെട്ടതുകൊണ്ടാണ് ഞാന്‍ മാനസിക രോഗി ആകുന്നത്. ഒരു പള്ളീലച്ചന്‍ തെമ്മാടിത്തരം കാണിച്ചിരിക്കുന്നു. അയ്യാളെ അറസ്റ്റ് ചെയ്യാന്‍ പോകുന്നു. എന്‍റെ ഉറക്കം കെടുന്നു. അയ്യാള്‍ ഇതു കാണിച്ചിട്ടും അയ്യാളുടെ ഉറക്കം കെടാത്തപ്പോള്‍ എന്‍റെ ഉറക്കം കെടുന്നു. ഞാന്‍ അയാളുടെ കൂട്ടത്തില്‍ പെട്ടതു കൊണ്ടാണ് എനിക്ക് മാനസിക ആരോഗ്യം പോകുന്നത്.

പത്രമെടുത്തു വായിച്ചപ്പോള്‍ എന്‍റെ ജാതിയില്‍പ്പെട്ട ഒരു കുട്ടിയെ തോല്‍പ്പിച്ചുകൊണ്ട് റിയാലിറ്റി ഷോയില്‍ വേറൊരു ജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടി സമ്മാനമായി രണ്ടു കോടി രൂപയുമായി പോയിരിക്കുന്നു. അത് എന്‍റെ ഉറക്കം കെടുത്തുന്നു. ഞാന്‍ ആ ജാതിക്കാരന്‍ ആയതുകൊണ്ടാണ്. ഇങ്ങനെ പെട്ടുപോയവരൊക്കെ രോഗികളാണ്. അവരുടെ കാര്യം പോക്കാണ്!

“അറിവ് എന്ന നിലയിലാണെങ്കില്‍ ഏതു മതത്തില്‍ നിങ്ങള്‍ പെട്ടാലും അത് ഉത്തമമാണ്” സനാതനമായ ഒരു ധര്‍മ്മമുണ്ട്. അതറിയാതെ ഞാനും അതില്‍പ്പെട്ടതാണ് എന്നു പറഞ്ഞാരെങ്കിലും നടന്നെങ്കില്‍ അവന്‍ മറ്റവനെക്കാള്‍ ഒട്ടും മെച്ചമല്ല! അവന്‍റെ സംഘടന മോശമാണെന്നും, ഇതൊന്നും അറിയാതെ ഞാന്‍ ഇതില്‍ പെട്ടവനാണ് എന്നും പറയുന്ന ഇവന്‍റെ സംഘടന മെച്ചമാണെന്നും പറയുന്നത് രണ്ടുകാലില്‍ മന്തുള്ളവന്‍ കാലുകള്‍ മണ്ണില്‍ പൂഴ്ത്തിവെച്ച് ഒരു കാലില്‍ മന്തുള്ളവനെ “മന്താ” എന്ന് വിളിക്കുന്നതു പോലെയാണ്. വളരെ അപകടകരമായ കൂട്ടായ്മയാണ് – മറ്റെതിനെക്കാളും. മറ്റെതിനെക്കളും ഒട്ടും മെച്ചമല്ല.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌


No comments:

Post a Comment