Monday, March 27, 2017

ഉപവാസം



ന്നം ദഹിപ്പിക്കാനുള്ള സ്രവങ്ങള്‍ ശരീരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ മര്യാദാമസൃണമായി മാത്രമേ ഉപവാസാദികള്‍ അനുഷ്ഠിക്കാവൂ.

പകയോടെ, ദേഷ്യത്തോടെ, ആരെയൊക്കെയോ അനുകരിച്ച്, ആരൊക്കെയോ പറഞ്ഞതിന്‍റെ പേരില്‍, ഒന്നും ഉപവസിക്കരുത്. കാര്യസാധ്യങ്ങള്‍ക്കു വേണ്ടി ഒരിക്കലും ഉപവസിക്കരുത്.

മഹാനായ രാഷ്ട്രപിതാവിനെപ്പോലെയുള്ളവരെ അനുകരിച്ച് അന്നം ഉപേക്ഷിച്ച് പട്ടിണിയിരിക്കുന്നത് അഹിംസയല്ല. ഒരു വീട്ടില്‍ ഭാര്യയോടും മക്കളോടും എതിര്‍ത്ത് ഒരുത്തന്‍ പട്ടിണിയിരുന്നാല്‍ അവരുടെ മനസ്സ് എത്ര വേദനിക്കും? അത് അഹിംസയാകുന്നതെങ്ങനെ? ഉപവാസം മര്യാദാമസൃണമായിരിക്കണം.

ദഹിപ്പിക്കാനായി ഉണ്ടാകുന്ന ഉമിനീര്‍ ഉള്ളിലേയ്ക്കു പോകുന്നുണ്ടെങ്കില്‍ ഉപവസിക്കരുത്. “ബൈല്‍” പുറപ്പെടുമെങ്കില്‍ ഉപവസിക്കരുത്. അതിനാദ്യം പര്യാപ്തങ്ങളായ അനുഷ്ഠാനങ്ങളും യോഗമാര്‍ഗ്ഗങ്ങളും ഉണ്ട്. അതു കഴിഞ്ഞാണ് ഉന്നതന്മാര്‍ ഉപവസിച്ചിട്ടുള്ളത്. അല്ലാതെ ഉപവസിക്കുന്നതു കൊണ്ടാണ് കേരളത്തിലെ മതനേതാക്കന്മാരുടെയും സ്വമിമാരുടെയുമൊക്കെ കുടല്‍ മുറിയ്ക്കേണ്ടി വന്നത്. മുറിയ്ക്കുന്നത് രഹസ്യമായിട്ടാണ്‌ എന്നു മാത്രം. ULCER, ULCERATIVE COLITIS എല്ലാം ഈ ഉപവാസത്തിന്‍റെ ഫലമാണ്.

ഉപവസിക്കേണ്ടത് പോലെ ഉപവസിക്കാന്‍ പഠിച്ചിട്ട് ഉപവസിക്കണം. ദൈവത്തിന്‍റെ അടുത്തിരിക്കാന്‍ കഴിവുണ്ടായിട്ടു മാത്രമേ ആഹാരത്തില്‍ നിന്ന് വലിയാവൂ. ഉപവാസം എന്ന ശബ്ദത്തിനര്‍ത്ഥം അടുത്തിരിക്കുക എന്നാണ്. ദൈവത്തിന്‍റെ അടുത്തിരിക്കാന്‍ കഴിവുണ്ടാകുമ്പോഴേ ഉപവസിക്കാവൂ. അതിനു കഴിവില്ലാത്തപ്പോള്‍ ഉപവസിക്കരുത്. ഉപവസിച്ചു രോഗികളായവര്‍ ധാരാളം. ഈശ്വരചിന്ത കൂടുകയും ഈശ്വരന്‍റെ അടുത്തിരിക്കാന്‍ കഴിവുണ്ടാകുകയും ചെയ്യുമ്പോള്‍ ആഹാരത്തിന്‍റെ രുചി കുറയും, ആരോഗ്യം കൂടും.

ഈശ്വരനെ അറിയുന്നവന് ആരോഗ്യം കൂടും. അവന്‍ പട്ടിണി കിടക്കുകയല്ല ചെയ്യുന്നത്. അവിടെ എത്തുംവരെ ഉപവസിക്കേണ്ട. എന്തിനു നിങ്ങള്‍ ഉപവസിക്കണം? നാട് നന്നാക്കാനാണോ? അതോ പ്രാകി നാടു മുടിക്കാനോ? രാവിലെ ഏകാദശി നോക്കുന്നു എന്നു വെയ്പ്പ് – പറഞ്ഞുകൊണ്ടിരിക്കുന്നതോ, ഒന്നും കഴിച്ചില്ല, ഒന്നും കഴിച്ചില്ല, രാവിലെ തൊട്ട് ഒന്നും കഴിച്ചില്ല എന്നും!! എന്തിനാ നിങ്ങളുടെ ഉപവാസം???

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌


No comments:

Post a Comment