Wednesday, March 1, 2017

ക്ഷേത്രങ്ങള്‍ സമൂഹ്യാരാധനാ കേന്ദ്രങ്ങളോ?
ക്ഷേത്രങ്ങള്‍ ശരിക്കും സാമൂഹിക ആരാധനാലയങ്ങള്‍ ആയിരുന്നോ? അതോ ദേശദേവതയുടെ ഖജനാവോ? ശ്രീപത്മനാഭക്ഷേത്രത്തിലെ അമൂല്യനിധിയെപറ്റി ലോകം മാധ്യമങ്ങളില്‍ കൂടി അറിയുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ആചാര്യന്‍ പറഞ്ഞ സത്യങ്ങള്‍ അംഗീകരിക്കാന്‍ പ്രബുദ്ധകേരളംതയ്യാറായില്ല. മാത്രമല്ല അദ്ദേഹത്തെ ഭല്സിക്കാനും വിശ്വാസികള്‍ മറന്നില്ല. എന്തായാലും പത്മനാഭന്‍ സത്യാന്വേഷിയുടെ കൂടെ ആണ് എന്ന് ഉറപ്പ്…കേള്‍ക്കുക… ആചാര്യ വചനങ്ങള്‍….

സുസമ്പന്നം ആയ ഒരു രാജ്യത്തില്‍ ചരിത്രത്തെ പറ്റി എത്ര വലിയ പഠനങ്ങള്‍ നടന്നു എന്ന് ഉല്‍ഖനനം ചെയ്ത വസ്തുക്കളെ വെച്ച് പഠിക്കുന്നത് രസകരം ആണ്. ലോകത്ത് ഏറ്റവും അധികം പ്രാചീനത അവകാശപ്പെടാവുന്ന ഉത്ഖനനം ചെയ്തു കിട്ടിയിട്ടുള്ള വസ്തുക്കള്‍ ഈ രാജ്യത്താണ്. ഇപ്പോഴും അതിന്‍റെ ബാക്കി നടന്നു കൊണ്ടിരിക്കുകയാണ്. പത്രമെടുക്കുംപോള്‍ ആദ്യ പേജില്‍ ഏറ്റവും പ്രാചീങ്ങള്‍ ആയ ആഭരണങ്ങളുടെയും, ഏറ്റവും പ്രാചീനമായ രത്നങ്ങളുടെയും ഒരു ശേഖരം സകല ഇന്ത്യയില്‍ നിന്ന് പുറത്തേക്കു കടത്തലും കഴിഞ്ഞ് കണ്ടെത്തിയ വാര്‍ത്തകള്‍ ആണ് നാം കാണുന്നത്. വളരെ സൂത്രത്തില്‍ അത് പുറത്തേക്കു കടത്തിക്കൊണ്ടിരിക്കുന്നു എന്ന് അറിഞ്ഞ വേളയില്‍ ആണ് കോടതി ഇടപെട്ടത്. അല്ലെങ്കില്‍ ഈ സ്വത്തിനെ പറ്റി നാം അറിയുക പോലും ഇല്ല. പഠിച്ച ചരിത്രം വെച്ച് ദൈവത്തിന് എന്തിനാണ് ഇത്രയും സ്വത്ത് എന്നത് മനസ്സില്‍ ഉദിക്കുന്ന ഒരു ചോദ്യം ആണ്. ഇത്തരുണത്തില്‍ നാം പഠിച്ച ചരിത്രം ശരിയോ എന്ന് ചിന്തിക്കേണ്ട ഒരു അവസ്ഥ ഇന്ന് സംജാതം ആയിട്ടുണ്ട്‌. പക്ഷെ ഇന്ന് നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ അങ്ങനെ ചിന്തിക്കാനുള്ള ബുദ്ധി വൈഭവം ഇന്ത്യന്‍ ജനതയ്ക്ക് കൈമോശം വന്നു എന്ന് ഉറപ്പിക്കേണ്ടി വരും. എത്ര പുരോഗമിച്ചിട്ടും കാര്യമില്ല. എത്ര പേര്‍ക്ക് അറിയും എന്നറിയില്ല, നമ്മളെല്ലാം ഓടി നടക്കുന്ന മണ്ണ്, ഇന്ത്യയില്‍ ഉടനീളം, “ഭണ്ഡാരം വക പാട്ടം” ആണ്. ഒരു തരി ഭൂമി പോലും, ഒരു രാജാവിന് പോലും സ്വകാര്യ സ്വത്ത് ആയി ഉണ്ടായിരുന്നില്ല. സ്വകാര്യ സ്വത്ത് ഇല്ലാതിരുന്ന ഏക രാജ്യം ആണ് ഇന്ത്യ. ബ്രിട്ടീഷ്കാരുടെ ഭരണവും തുടര്‍ന്ന് വന്ന ജനാധിപത്യ ഭരണവും കൊണ്ട് മാത്രമാണ് സ്വകാര്യ സ്വത്തവകാശം ലഭിച്ചിട്ടുള്ളത്. അത്തരം ഒരു രാജ്യത്തിന്‍റെ ഗതിയെ പറ്റി ചിന്തിച്ചു നോക്കുക – രാജാവിനും സ്വത്ത് ഇല്ല. ഇന്ത്യയില്‍ ഉടനീളം അന്വേഷിച്ചാലും കോട്ട ഉള്ള ഒരു രാജ കൊട്ടാരം പോലും കണ്ടു പിടിക്കാന്‍ സാധിക്കില്ല. ലോകത്ത് മറ്റ് ഇതൊരു രാജ്യം എടുത്താലും, അവിടെ രാജ കൊട്ടാരങ്ങള്‍ ആണ് കോട്ടകളും മറ്റ് സംരക്ഷണങ്ങളും കൊണ്ട് സംരക്ഷിപ്പിക്കപ്പെട്ടത്‌. ഇന്ത്യയില്‍ പുതുയതായി പണിയപ്പെട്ട ആരാധനാലയങ്ങള്‍ (ആരാധിക്കാനായി ഗ്രാമങ്ങളില്‍ ഉണ്ടാക്കപ്പെട്ടവ, പുതിയ തന്ത്രിമാരും, സ്വാമിമാരും പ്രതിഷ്ടിച്ചവ) ഒഴിച്ച് പ്രാചീനങ്ങള്‍ ആയ എല്ലാ ക്ഷേത്രങ്ങളും കൊട്ടകളോട് കൂടിയതാണ്. ഇന്ത്യയിലെ ഒരു ക്ഷേത്രത്തില്‍ പോലും, ക്ഷേത്രത്തിന്‍റെ മുന്‍പില്‍ നിന്ന് കഷ്ടിച്ച് ഇരുപത് ആള്‍ക്കാര്‍ക്ക് പോലും സാമൂഹിക നടത്താനുള്ള സൗകര്യം ഇല്ല. നിഷ്പക്ഷമായി പരിശോധിച്ചാല്‍ ഇത് സത്യം ആണ് എന്ന് മനസ്സിലാകും. ഗര്‍ഭഗൃഹം, മുഖമണ്ഡപം – അതിന് ഇടയില്‍ കഷ്ടിച്ച് കൂടിയാല്‍ മൂന്നു പേര്‍ക്ക് മുട്ടാതെ നില്‍ക്കാം. പ്രധാനപ്പെട്ട പൌരാണിക ക്ഷേത്രങ്ങളില്‍ പോയി അകത്തു കടന്നിട്ടുള്ളവര്‍ക്ക് ഇത് അനുഭവത്തില്‍ അറിയാം. മുഖമണ്ഡപം കഴിഞ്ഞു ഇപ്പുറം വന്നാല്‍ ഒരു വലിയ ബലിക്കല്ല് ആണ്. അത് മുഖമണ്ഡപം മറച്ചു നില്‍ക്കുമ്പോള്‍ അതിന് ഇപ്പുറം നിന്ന് ഒന്നും കാണാന്‍ പറ്റില്ല. വിഗ്രഹം അങ്ങ് മുകളിലാണ് ഇരിക്കുനത്. മുഖമണ്ഡപത്തിന്‍റെ മേല്‍കൂര വിഗ്രഹത്തെ മറയ്ക്കുകയും ചെയ്യും. ഇത്തരം ഒരു വാസ്തുവിദ്യയില്‍ തീര്‍ത്ത ക്ഷേത്രത്തില്‍ എന്ത് തരം ആരാധനയാവും നടന്നിരിക്കുക? ക്ഷേത്രത്തില്‍ ആകട്ടെ ആര്‍ക്കും പ്രവേശനവും ഉണ്ടായിരുന്നില്ല. എങ്ങനെ ആണ് ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ ആകുന്നത്? സിമിടിക്‌ മതങ്ങളുടെ വികാസത്തില്‍ അവരെ കണ്ടു പഠിക്കുകയും, രാജ വിളംബരം വരികയും, ആരാധനയ്ക്കായി തുറക്കുകയും, പുതിയ തന്ത്രാഗമങ്ങള്‍ രൂപപ്പെടുലയുമാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ എല്ലാം, ആ ഗ്രാമത്തിന്‍റെ, അല്ലെങ്കില്‍ നഗരത്തിന്‍റെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു ദേവതയുടെ ഇരിപ്പിടവും ഭാണ്ടാകാരവും (ഭണ്ഡാരം എന്നും പറയും) ആയിരുന്നു. അത് കൊണ്ടാണ് ഓരോ പിടി ഭൂമിയെയും ഭണ്ഡാരം വക പാട്ടം എന്ന് പറഞ്ഞിരുന്നത്. അവിടെയാണ് എല്ലാ സ്വത്തും സൂക്ഷിച്ചിരുന്നത്. സംരക്ഷിക്കാന്‍ ആള് വേണ്ട. ഇന്നലെ വരെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്‍പില്‍ പട്ടാളം വേണ്ടിയിരുന്നില്ല, പോലിസ്‌ വേണ്ടിയിരുന്നില്ല. ഇപ്പോള്‍ അത് എടുത്തു എണ്ണാന്‍ പട്ടാളവും പോലീസും വേണ്ട അവസ്ഥ ആയി. സ്വതന്ത്രമായി ആലോചിക്കേണ്ട വിഷയം ആണ്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകള്‍ വന്നു കയറിയിറങ്ങി പോയിട്ടും, ഇന്ന് വരെ അതില്‍ ഒന്നും നഷ്ടപ്പെടാതെ അവിടെ ഇരുന്നു. ഇനി എണ്ണിയാല്‍-ഉം തിട്ടപ്പെടുതിയാലും ഓരോന്ന് ഓരോന്നായി നഷ്ടപ്പെടും എന്ന് മനസ്സിലാക്കാന്‍ വലിയ വിഷമം ഇല്ല. അപ്പോള്‍ എങ്ങനെ ആണ് ഇന്ത്യന്‍ ജനത ഇതിനെ നയിച്ചത്? രാവിലെ പട്ടിണിക്ക് ഇരുന്നു പതിനൊന്നു മണി വരെ പൂജ ചെയ്യുന്ന, വയറ് നട്ടെല്ലി-നോട് മത്സരിക്കുന്ന ഒരു പാവം നമ്പൂതിരിയെ ചുമതല ഏല്‍പിച്ചു കടന്നു പോകുമ്പോള്‍ നാടിന്‍റെ സ്വത്ത് മുഴുവന്‍ കൃത്യമായി, നികുതിയായി അമ്പലത്തില്‍ കൊണ്ട് വന്നു സൂക്ഷിച്ച് വെച്ച്, ആ നാടിന്ന് ദാരിദ്ര്യം വരുമ്പോള്‍ ഉപയോഗിക്കാം എന്ന് വരികയും, ആ പണമെല്ലാം പട്ടാളത്തെയോ പോലിസിനെയോ തീറ്റി പോറ്റാതെ ഇരിക്കുകയും, പണിയെടുത്ത് മനുഷ്യന്‍ ജീവിക്കുകയും ചെയ്ത ഒരു രാജ്യത്തിന്‍റെ ഭാഗധേയം ഈ ചരിത്രത്തിന് പിന്നില്‍ ഉണ്ടെന്ന് നമുക്ക് അറിയാന്‍ വയ്യാത്ത വിധം വികലമായി നമ്മെ ചരിത്രം പഠിപ്പിച്ചു കഴിഞ്ഞു. ഇന്നും ഇന്ത്യന്‍ നിയമ പ്രകാരം ഈ ക്ഷേത്രങ്ങളില്‍ ഇരിക്കുന്ന ദേവത ജീവനുള്ളതാണ്. ആ ഭരണ ഘടനയ്ക്ക് കീഴിലാണ് നാം ജീവിക്കുന്നത്. ഇന്ത്യന്‍ സിവില്‍ നിയമം പ്രകാരം നമ്മെക്കാളെല്ലാം ശക്തിയുള്ള ജീവനുണ്ട് എന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു സാധനം ആണ് ക്ഷേത്രത്തിന് ഉള്ളില്‍ ഇരുക്കുന്ന ഓരോ കല്ലും. ഇന്ത്യന്‍ സിവില്‍ നിയമ പ്രകാരം ദേവത “perpetual minor” ആണ്. നമ്മള്‍ എല്ലാം പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍ മേജര്‍ ആകും. അത് വരെ മൈനര്‍ ആണ്. പക്ഷെ ആരും perpetual minor അല്ല. ഇന്ത്യന്‍ ക്ഷേത്രങ്ങളിലെ എല്ലാ ദേവതമാരും perpetual minor ആണ്. ആ ദേവത ആയിരുന്നു ഭരണാധികാരി. തിരുവിതാംകൂറിലെ ഭരണാധികാരി ആ നീണ്ടു നിവര്‍ന്നു കിടക്കുന്ന ശ്രീ പദ്മനാഭന്‍ ആണ്. രാജാവ് അല്ല. പഴശ്ശി രാജ വംശത്തിന്റെ ഭരണത്തിന്‍റെ ചുമതല ശ്രീപോര്‍ക്കലിക്ക് ആണ്. ഒട്ടു മിക്ക ക്ഷേത്രങ്ങളിലും പദ്മനാഭ ക്ഷേത്രത്തിലേത് പോലെ സ്വത്ത് ഉണ്ടായിരുന്നു. നാട്ടുരാജാക്കന്മാര്‍ അസ്തമിക്കുകയും അതിന്റെ ചുമതല കമ്മറ്റി ഏറ്റെടുക്കുകയും ചെയ്തപ്പോള്‍, പുന പ്രതിഷ്ഠ എന്ന സൂത്രത്തിലൂടെ ആ സ്വത്തുക്കള്‍ അപഹരിക്കപ്പെട്ടു എന്ന് പലയിടത്തും ആക്ഷേപം ഉണ്ട് എന്നത് പരസ്യം ആണ്. ഇപ്പോള്‍ ശ്രീ പദ്മനാഭന്‍റെ സമ്പത്തിന്റെയും ശരിയായ കണക്കല്ല പുറത്തു വരുന്നത്, “ഏകദേശ കണക്ക്” ആണ്. എന്തൊക്കെ കാണേണ്ടി വരുമോ ആവോ? പ്രാചീന ഭാരതം രൂപപ്പെട്ട ഒരു രീതി വിധാനം ഉണ്ട്, അതാണ് അതിന്‍റെ ചരിത്രം. അതല്ല കപട ബുദ്ധി ജീവികള്‍ ഇരുന്നു എഴുതിയത്. പാശ്ചാത്യര്‍ അവരുടെ ചരിത്രം എഴുതിയ ഇംഗ്ലീഷ് പുസ്തകം എടുത്തിട്ട് അതിന്‍റെ സമാന്തരമായി, കോപ്പി അടിക്കുന്ന വിരുതന്മാര്‍ അതിലെ രാജാക്കന്മാരുടെ പേരിനു പകരം ഇന്ത്യന്‍ രാജാക്കന്മാരുടെ പേര് എഴുതിച്ചേര്‍ത്തു ഒരു ഇന്ത്യ ചരിത്രം എഴുതി നമ്മെ പഠിപ്പിച്ചു എന്നത് ആണ് സത്യം. അത് വായിച്ചു, മനസ്സില്‍ സിമിടിക്‌ മതകാരനായി മാറുന്നതിന് പകരം ഭാരതീയമായ രീതിയില്‍ ആ ചരിത്രം പഠിക്കുമ്പോള്‍ ആണ് അതിന്‍റെ മൂല്യം അറിയുന്നത്.

കടപ്പാട്‌ : നിര്‍മലാനന്ദം/നിര്‍മല മൊഴികള്‍ | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

No comments:

Post a Comment