Sunday, March 19, 2017

ചന്ദ്രമണ്ഡലവുമായി ബന്ധപ്പെട്ട ഉപാസനകള്‍ഹേ ശ്രീവിദ്യാ ഉപാസകാ, ഉത്തിഷ്ഠ!
ഉപാസനയെ നീ ആരംഭിച്ചാലും!
മാ സ്വപ്ത! അപ്രമാത്തന്മാരായിരിക്കുക!
പ്രമാദം ഇല്ലാത്തവരായിരിക്കുക!

അഗ്നിം… സ്വാധിഷ്ഠാന സ്ഥിതമായ അഗ്നിയെ… ഇച്ഛത്വം….ജ്വലിപ്പിച്ചാലും…. (അടുത്തുള്ള പള്ളിയില്‍ ബാങ്ക് വിളി … സ്വാമിജി പ്രഭാഷണം നിര്‍ത്തി വെയ്ക്കുന്നു. ബാങ്കുവിളി കഴിഞ്ഞ് തുടരുന്നു)
ചക്രവിദ്യയെ അറിയുന്നവനായി ഹേ ശ്രീവിദ്യാ ഉപാസകാ….അഗ്നിം… സ്വാധിഷ്ഠാന സ്ഥിതമായ അഗ്നിയെ… ഇച്ഛത്വം….ജ്വലിപ്പിച്ചാലും….

അതാണ്‌ യജ്ഞത്തില്‍ ജ്വലിപ്പിക്കേണ്ട അഗ്നി. സോമത്തില്‍ (സോമ – സ: ഉമ) ഉമയോടു കൂടിയ, സോമത്തില്‍ ജ്വലിപ്പിക്കേണ്ട അഗ്നി അതാണ്‌. അകത്തുള്ള അഗ്നി ജ്വലിപ്പിക്കാതെ പുറത്ത് എത്ര ജ്വലിപ്പിചാലും ചാമ്പല്‍ ഉണ്ടാക്കാമെന്നേയുള്ളൂ. അകത്തു കത്തിച്ചിട്ട് പുറത്ത് കത്തിച്ചാല്‍ ആ അഗ്നി സംവര്‍ത്തകാഗ്നി ആണ്. അതൊക്കെ നിത്യം കത്തിച്ചു വെയ്ക്കുമ്പോള്‍ ഒരുപാട് പുണ്യം ഉണ്ടാകും.

രാജ്ഞാ…ചന്ദ്രന്‍റെ…. സോമസ്യ… ഉമാസഹിതനായ… സോമന്‍… ചന്ദ്രമണ്ഡലാന്തര്‍ഗതമായ ബൈന്ധവസ്ഥാനത്ത് ദേവിയിരിക്കുന്നതുകൊണ്ട് ആ ചന്ദ്രന്‍റെ അമൃതധാരകള്‍ കൊണ്ട് തൃപ്തരായ്…. സൂര്യേണ… അനാഹത വിശുദ്ധി ചക്രമദ്ധ്യസ്ഥിതമായ സൂര്യനാല്‍, അഗ്നിചന്ദ്രമദ്ധ്യവര്‍ത്തിയായ് ദഹിപ്പിക്കപ്പെട്ട മായാസ്വരൂപത്തോടു കൂടിയവരായി…. ഉഷസ്സ: …. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നിങ്ങള്‍ എന്നും ധ്യാനിച്ചാലും. ഇത് ശ്രുതി പറയുന്നതാണ്. ഇവനെയാണ് ഭാരതീയന്‍ എന്ന് വിളിക്കുന്നത്‌.

രാത്രി പന്ത്രണ്ടു മണിക്ക് കയറിക്കിടന്ന്, എട്ടു മണി വരെ, “ട” ആകൃതിയില്‍ ഉറങ്ങി, എഴുന്നേറ്റു വെപ്രാളത്തില്‍ കുളിച്ച്, വടി പോലെ ഭസ്മവും ചന്ദനവും തൊട്ടാല്‍ ഹിന്ദു ആകും, ഭാരതീയന്‍ ആകും എന്നല്ല ഈ എഴുതിയിരിക്കുന്നത്. അച്ഛനും അമ്മയും ഹിന്ദു ആയതുകൊണ്ട് ഹിന്ദു ആകും എന്നല്ല ഈ പറഞ്ഞിരിക്കുന്നത്. ഇതിനു പണിയെടുക്കണം. ഇതിനു രാവിലെ “തൂവാലകളി” പോലെ ഹിന്ദുമതത്തെ സംരക്ഷിചാലും പോരാ. തൂവാലയൊക്കെ സംരക്ഷിക്കാം. ഇത് സംരക്ഷിക്കുന്നത് അനുഷ്ഠാനം കൊണ്ടാണ്. ഇതില്‍ ആദരവുണ്ടാകണം. വ്യക്തമായിട്ടാണ് ശ്രുതി പറയുന്നത്.

ശിരസ്സിലാണ് ചന്ദ്രമണ്ഡലം സ്ഥിതി ചെയ്യുന്നത്. സമയാചാരം അനുസരിച്ച് ശ്രീചക്രം ഷോഡശകലാരൂപമാണ്‌. അതുകൊണ്ട് അത് ചന്ദ്രമണ്ഡലമായിത്തീരുന്നു. വൃദ്ധിക്ഷയങ്ങള്‍ കലകള്‍ക്ക് ഉള്ളതാണ്. ചന്ദ്രമണ്ഡലം ഇവിടെ ശ്രദ്ധിച്ചാല്‍ നമ്മുടെ ആരോഗ്യം, ആനന്ദം, ബുദ്ധിവൈഭവം എന്നിവയെല്ലാം ഇതുകൊണ്ട് ബാധിക്കുന്നു. അതുകൊണ്ട് ബാഹ്യപ്രപഞ്ചസ്ഥിതമായ ചന്ദ്രമണ്ഡലവും ശ്രീചക്രരൂപം തന്നെയെന്നു ബോദ്ധ്യമാകുന്നു. അതാണ്‌ രഹസ്യം.

അതുകൊണ്ടാണ് ഒരല്‍പ്പനിമിഷം ചന്ദ്രമണ്ഡലത്തോട് വളരെ ബന്ധമുള്ള ഉപാസനയുടെ ശബ്ദം കേട്ടപ്പോള്‍ ഇത് ഒന്ന് നിര്‍ത്തിത്തന്നത്. അത് ആദരവ് കൊണ്ടാണ്. നിങ്ങളില്‍ പലര്‍ക്കും സംശയം ഉണ്ട്. ഇന്നലെ ഇറങ്ങിപ്പോകുമ്പോള്‍ പലരും ചോദിച്ചു – എന്തിനാ ഇത് നിര്‍ത്തുന്നത്? തുടരാന്‍ പാടില്ലായിരുന്നോ? ശബ്ദം മുറിയും. അത് “ഓത്ത്” ആണ്. അതും ചന്ദ്രമണ്ഡലത്തെ ആശ്രയിച്ചാണ്. ചന്ദ്രോപാസനയുടേതാണ്. മഹാഷോഡശാക്ഷരീ വിദ്യയുടെതാണ്. എവിടെ നിന്ന് തുടങ്ങി, ആര് കൊടുത്തു, അതിന്‍റെയൊക്കെ ചരിത്രം നിങ്ങള്‍ അന്വേഷിച്ചു പഠിക്കുക. ഉപാസനാകാണ്ഡത്തില്‍ രണ്ടും ഒന്നായതു കൊണ്ട് സ്വന്തം വര്‍ണ്ണരൂപങ്ങളെ തേടിയതു കൊണ്ടുതന്നെയാണ് അല്‍പസമയം നിര്‍ത്തിയത്. ആദരവ് കൊണ്ട്. പരമ്പരയില്‍ നിന്ന് നേടിയത് പോകരുത് എന്നുള്ളതുകൊണ്ട്. അതുകൊണ്ട് ഒരാളുടെ സംശയം ആണെങ്കിലും തുറന്നുപറയാവുന്നതാണെങ്കില്‍ എല്ലാവരോടും പറയാവുന്നതാണ്. തുറന്നു പറയാന്‍ പാടില്ലാത്തത് പ്രിയം കൊണ്ടാണ്, ആരെയോ പ്രീതിപ്പെടുത്താനാണ്. ഇത് ആരെയും പ്രീതിപ്പെടുത്താനല്ല.

അതുകൊണ്ട് ബാഹ്യപ്രപഞ്ചസ്ഥിതമായ ചന്ദ്രമണ്ഡലവും ശ്രീചക്രരൂപം തന്നെയാണ്. അതാണ്‌ രഹസ്യം.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

No comments:

Post a Comment