Tuesday, March 21, 2017

കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍ [2] – സങ്കല്‍പ്പസന്ന്യാസം ആണ് സന്ന്യാസംഗീതാകാരന്‍ ഭഗവദ് ഗീതയില്‍ മഹാഭാരതയുദ്ധകാലഘട്ടത്തില് നിലനിന്നിരുന്ന സൈദ്ധാന്തികതയ്ക്ക് പുനരീക്ഷണം നല്കി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. “ഈ ജ്ഞാനത്തെ ആദ്യമായി അവതിരിപ്പിച്ചിട്ടുള്ളത് ഞാനാണ്. സനാതന ദര്‍ശനം എന്നില്‍ നിന്ന് ഉണ്ടായതാണ്. മറ്റൊരാള്‍ക്ക് ഇതിനെക്കുറിച്ച് പറയാന്‍ പറ്റില്ല. ഈ ദര്‍ശനത്തെ ഞാന്‍ ആദ്യമായി വിവസ്വാനും വിവസ്വാന്‍ മനുവിനും മനു ഇക്ഷാകുവിനും ഇക്ഷാകു പുത്രനും പറഞ്ഞുകൊടുത്തു. അങ്ങനെ പരമ്പരയാ പഠിച്ചുവന്നതാണ്. അന്നു വിവസ്വാന് ഞാന്‍ പറഞ്ഞുകൊടുത്ത യോഗംതന്നെയാണ് നേരിട്ട് നിനക്ക് പറഞ്ഞുതരാന്‍ പോകുന്നത്. അന്നുപറഞ്ഞുകൊടുത്ത ആളും ഞാനും ഒരാള്‍ തന്നെയാണ്”. ഇതാണ് ഭഗവാന്റെ അരുളപ്പാടിന്റെ പ്രത്യേകത.

‘ശ്രീ ഭഗവാനുവാചഃ
ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം
വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേ ബ്രവീത്’
|| (4-1) ||

ഈ യുദ്ധക്കളത്തില്‍ നില്‍ക്കുന്ന നിന്റെ മുത്തച്ഛന്മാരുള്‍പ്പടെയുള്ള ആളുകള്‍ ദുര്‍ബലമാരും അജിതേന്ദ്രിയന്മാരുമായിത്തീരുകയാല്‍ ആ യോഗം നഷ്ടപ്പെടുകയാണ് ചെയ്തത്. രാജാക്കന്മാര്‍ അനുഷ്ഠിച്ചുപോന്ന രാജയോഗമെന്ന അതിവിശിഷ്ഠമായ ഈ യോഗത്തെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. രാജവിദ്യരാജഗുഹ്യമായിരിക്കുന്ന ഈ യോഗം തന്നെയാണ് സന്ന്യാസം.

‘ഏവം പരമ്പരാപ്രാപ്തമിമം രാജര്‍ഷയോ വിദുഃ 
സ കാലേനേഹ മഹതാ യോഗോ നഷ്ട: പരന്തപ” || (4-2) ||

മഹത്തായ ആ യോഗം എങ്ങനെ നഷ്ടമായി എന്ന് ഭഗവാനല്ല പറയുന്നത്, ആദിശങ്കരാചാര്യരാണ്. ആദിശങ്കരാചാര്യര്‍ ഭാഷ്യത്തില്‍ വളരെ വ്യക്തമായി ഇത് പറയുന്നുണ്ട്.

“ദുര്‍ബലാനജിതേന്ദ്രിയാന്‍ പ്രാപ്യ യോഗോ നഷ്ട: പരന്തപ”

ദുര്‍ബ്ബലന്മാരും അജിതേന്ദ്രിയന്മാരും വ്യാഖ്യാനിക്കുമ്പോള്‍ അവരുടെ താല്പര്യങ്ങള്‍ അതിനകത്ത് വരും. അങ്ങനെ നഷ്ടമായതാണീയോഗം. ആ യോഗത്തെ പുനരീക്ഷണം ചെയ്ത് ഭഗവാന്‍ അവതരിപ്പിക്കുകയാണ് യുദ്ധക്കളത്തില്‍. ‘അല്ലയോ അര്‍ജുനാ, സങ്കല്പങ്ങള്‍ ത്യജിക്കാത്ത (സങ്കല്‍പ്പങ്ങള്‍ സന്ന്യസിക്കാത്ത) ഒരുവന്‍ കര്‍മ്മയോഗിയും സന്ന്യാസിയുമാവില്ല. സങ്കല്പങ്ങളുടെ ത്യാഗമാണ് സന്ന്യാസം. അപരോക്ഷമായി ഈശ്വരനെ- ബ്രഹ്മത്തെ- അറിഞ്ഞുകഴിഞ്ഞാല്‍ ഈ ഐശ്വര്യം എന്നു കാണുന്ന ലോകം അതില്‍ നിന്ന് ഉളവായതാണ് എന്ന് ബോധ്യപ്പെട്ടാല്‍ അതിലല്‍ എന്റേതായി ഒരു മാറ്റം വരുത്തണമെന്നൊരു സങ്കല്പം ഉണ്ടാവില്ല – നിയോഗങ്ങളല്ലാതെ. നിയോഗങ്ങളാകട്ടെ പ്രകൃതി ആവശ്യപ്പെടുന്നതാണ്. നിയോഗത്തിനപ്പുറം രാഗവും ദ്വേഷവും ഉണ്ടാകുമാറ് ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ കാണുന്ന ബന്ധങ്ങളും നിങ്ങള്‍ ഇടപെടുന്ന കാര്യങ്ങളുമുണ്ടെങ്കില്‍, ഞാന്‍ ഇടപെടുന്ന കാര്യങ്ങളുമുണ്ടെങ്കില് നിങ്ങള്‍ സന്ന്യാസിയല്ല. ഞാന്‍ സന്ന്യാസിയല്ല. നിങ്ങള്‍ യോഗിയല്ല. ഞാന്‍ യോഗിയല്ല. കാരണം വാസനകളില്‍ നിന്ന്, കാമത്തില്‍ നിന്ന് മാത്രമാണ് സങ്കല്പങ്ങളുണ്ടാകുന്നത്. കാമം അവിടെ നില്ക്കുമ്പോള്‍ സന്ന്യാസം സാധ്യമല്ല. സന്ന്യാസം അതുകൊണ്ടു ജാതിയല്ല, മതമല്ല, ദേശമല്ല, കാലമല്ല. ഇങ്ങനെ മനസ്സിലാക്കിയാലേ മുന്നോട്ടുപോകാന്‍ പറ്റുകയുള്ളു.

സങ്കല്പങ്ങളെ സന്ന്യസിച്ചിട്ടുള്ളവന്‍ മാത്രമാണ് യോഗി. നമുക്കെല്ലാം ചിട്ടയും നിയന്ത്രണങ്ങളും നിയമങ്ങളുമുണ്ട്. അവയെല്ലാം സങ്കല്പജന്യങ്ങളാണ്. അപ്പോള്‍ നാം സന്ന്യസിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് പറയാം. സന്ന്യാസിയാണെന്ന് പറയരുത്. എന്നാല്‍ സന്ന്യാസിയാണെന്ന് പറയുകയും വേണം. സങ്കല്പങ്ങളെല്ലാം ഉണ്ടായിരിക്കുകയും വേണം എന്നുള്ളതാണ് ഗതികേട്. ഞാന്‍ അതിനെ ഗതികേടെന്നാണ് പറയുക. നിങ്ങളതിനെ സങ്കല്പമെന്നോ ആഗ്രഹമെന്നോ എന്തു വിളിച്ചാലും അതൊക്കെ സത്യമാണ്. പക്ഷേ അതൊരു ഗതികേടാണ്. ശാസ്ത്രം ശരിയായ അളവില്‍ പഠിക്കുകയാണെങ്കില്‍ നമുക്ക് ബോധ്യപ്പെടും, നമ്മളെ സംബന്ധിച്ചിടത്തോളം സങ്കല്പം വിട്ടിട്ടില്ല.

‘പിന്നെ എന്തിനാടോ താന്‍ കാവിയുടുത്തത്’ 

‘സന്ന്യസിക്കണമെന്നുള്ള ആഗ്രഹംകൊണ്ട്.’ 

‘കൊള്ളാം. കുഴപ്പമില്ല’ 

‘ശ്രമിക്കുകയാണ് ഇതൊക്കെ വിടാനായിട്ട്. പോകുന്നില്ല’.

 ‘എന്താ കാരണം? 

അതെന്നെ കയറിപ്പിടിച്ചതുകൊണ്ടാണെന്ന് പറയരുത്. എനിക്ക് അതിനോട് സങ്കല്പമുള്ളതുകൊണ്ടാണ്’

ഞാന്‍ വളരെ കാലമായി ഇതെല്ലാം വിടാന്‍ തീരുമാനിച്ചു. വിട്ടതാണ്. വിട്ടിട്ടും ഇതൊക്കെയൊന്ന് പോകേണ്ടേ. അതുകാരണം ഞാന്‍ രണ്ടാഴ്ചയായിട്ട് ഭാര്യയെ നോക്കാതെ ഒറ്റയ്ക്ക് ധ്യാനത്തിലിരുന്നു നോക്കി. ഒറ്റമുറിയില്‍ പോയി കിടന്നു. പക്ഷേ ഇടയ്ക്കിടയ്ക്ക് അവളെന്താ എടുക്കുന്നത് എന്നുനോക്കണം. ഞാന്‍ അവളെ വിട്ടുകഴിഞ്ഞാല്‍ അവള്‍ ആരുടെ കൂടെ പോകുന്നു ആരോടൊപ്പം കിടന്നു, എവിടെയാണ് ജീവിച്ചത്, എന്നെല്ലാം എന്തിനാണ് നോക്കാന്‍ പോകുന്നത്. ഞാന്‍ വിട്ടാല്‍ അവള്‍ പിന്നെ എന്നെ ധ്യാനിച്ചുകൊണ്ട് അവിടെയിരുന്നോണം എന്നാണ് എന്റെ സങ്കല്പം. അപ്പോള്‍ വിട്ടിട്ടില്ല. വിട്ടുവിടാതെ കളിക്കുകയാണ്. വിട്ടാല്‍ വിട്ടു. പറ്റുന്നില്ല. സങ്കല്പം വിടുന്നില്ല.

മകളെ വിവാഹം കഴിപ്പിച്ച് യാത്രയാക്കി. ഇനി അവരായി അവരുടെ പാടായി. ഇങ്ങോട്ടു വരുന്നെങ്കില്‍ ഇങ്ങോട്ട്. അങ്ങോട്ടു പോകുന്നെങ്കില്‍ അങ്ങോട്ട്. എന്നാലും ആദ്യം അവളെന്റെ മോളല്ലേ എന്ന സങ്കല്പം വരും. സങ്കല്പം വിട്ടിട്ടുണ്ടെങ്കില്‍ വന്നാലും കുഴപ്പമില്ല. വന്നില്ലെങ്കിലും കുഴപ്പമില്ല. ആയൊരവസ്ഥയില്‍ വന്നാല്‍ ഞാന്‍ സന്ന്യാസിയാണെന്നോ ഗൃഹസ്ഥനാണെന്നോ ഒന്നുമുള്ള സങ്കല്പം വരില്ല. കാരണം സങ്കല്പങ്ങള്‍ വിട്ടില്ലേ. സങ്കല്പങ്ങള്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ ഇത്തരം ചിന്തകള്‍ വല്ലതുമുണ്ടോ?

നിത്യബ്രഹ്മചാരിയാണെന്ന് മഹാഭാരതയുദ്ധക്കളത്തിലെ മുഴുവന്‍ പേര്‍ക്കും അറിയാവുന്ന ആളാണ് ഭീഷ്മര്‍. ഒറ്റ ദിവസത്തെ യുദ്ധംകൊണ്ട് അര്ബുതം സൈന്യങ്ങളെ കൊന്നു കളയാനല്ലാതെ ഒരാള്‍ക്ക് ജീവിതം കൊടുക്കാന്‍ ആ ബ്രഹ്മചര്യം പ്രയോജനപ്പെട്ടുമില്ല. നേരെ മറിച്ച് സര്‍വ്വ കൊള്ളിക്കരുതായ്മകളും സ്വഭാവമാണെന്ന് മുഴുവന്‍ പേരും ഒന്നിച്ചു പറയുന്നവനാണ് ആ കൃഷ്ണന്‍. ആവശ്യഘട്ടം വന്നപ്പോള്‍ താന്‍ ബ്രഹ്മാസ്ത്രം തടുത്തുകൊണ്ട് നിത്യബഹ്മചാരിയാണെന്ന് കാണിച്ചുകൊടുത്തു. ബ്രഹ്മാസ്ത്രം നിത്യബ്രഹ്മചാരിക്ക് മാത്രമേ തടയാന്‍ പറ്റൂ.

കൃഷ്ണന്‍ സങ്കല്പമില്ലാത്ത യോഗിയാണ്. ബാക്കി ആ യുദ്ധക്കളത്തില്‍ കണ്ടവരെല്ലാം സങ്കല്പമുള്ളവരാണ്. അതാണ് നാലാമദ്ധ്യായത്തില്‍ “ദുര്‍ബലാനജിതേന്ദ്രിയാന്‍ പ്രാപ്യ യോഗോ നഷ്ട: പരന്തപ” എന്നു പറഞ്ഞത്. ദുര്‍ബലന്‍ എന്നു പറഞ്ഞാല്‍ സങ്കല്പം വിടാതെ എല്ലാം വിട്ടു എന്നു പറഞ്ഞ് അഭിമാനിക്കുന്നവനാണ്. ഇത്തിരി കഞ്ഞിയ്ക്കും രണ്ടു മസാലദോശയ്ക്കും വേണ്ടി സന്ന്യാസം വേണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവര്‍ ദക്ഷിണ എത്രയുണ്ടെന്ന് എണ്ണിനോക്കും. കുറഞ്ഞുപോയാല്‍ ദേഷ്യം വരും. അവര്‍ എത്ര കഷ്ടപ്പെട്ട് എത്ര ത്യാഗത്തോടുകൂടിയാണ് ഉപേക്ഷിച്ചത്. അതിന്റെ നിലവാരത്തില്‍ ലഭിക്കണ്ടേ! ദക്ഷിണയ്ക്കുള്ള സങ്കല്പങ്ങളോടു കൂടി സങ്കല്പം വിടണം!

ജീവിതത്തില്‍ ചില കുസൃതി തോന്നുന്ന ആളുകളുണ്ട്. അവര്‍ സന്ന്യാസിമാരെ സങ്കല്പം വിട്ടവരാണോ എന്ന് പരീക്ഷിച്ച് നോക്കും. അത് അവര്‍ക്ക് ഒരു രസമാണ്. അച്ഛനുമമ്മയും കൂടി ആയിരം രൂപ മകനെ ഏല്പിച്ച് ദക്ഷിണകൊടുക്കാന്‍ പറഞ്ഞു. അവനൊരു കാര്യം ചെയ്തു. ആ ആയിരം രൂപ മാറ്റിവെച്ച് ഒരു കവറിനകത്ത് ഒറ്റരൂപയിട്ട് അവന്റെ പേരും ഇന്നയാളിന്റെ മകനുമാണെന്ന് എഴുതി മേല്വിലാസവുമെഴുതി നല്കും. കമ്മറ്റിക്കാരിതെടുത്ത് എണ്ണിനോക്കുമ്പോള് ‘എടാ ഇവന്‍ കുരുത്തംകെട്ടവനാണ്’ എന്നു പറഞ്ഞ് പ്രസിഡന്റോ സെക്രട്ടറിയോ നേരിട്ട് വന്ന് സ്വാമിയോട് പറയും ‘കണ്ടില്ലേ, ആ തന്ത എത്ര നല്ല മനുഷ്യനാണ്. ഇവന്റെ തലയിരിക്കുന്നിടത്തേക്ക് കഴുത്ത് വന്നാല്‍ എന്താകും.’സൂത്രത്തില്‍ അവനവിടെ മാറിനിന്ന് കേള്‍ക്കുന്നുണ്ടാകും ആചാര്യനെന്താണ് പറയുന്നതെന്ന്. ‘അവനാണ് ശരിയായവനെന്നാണ് ആചാര്യന്‍ പറയുന്നതെങ്കില്‍ അവന്‍ നേരെ ചെന്ന് ആയിരത്തൊന്ന് രൂപ കാല്‍ക്കല്‍ വെച്ച് നമസ്ക്കരിച്ച് മിണ്ടാതെ സ്ഥലം വിടും. അവന്‍ അപ്പോള്‍ വയ്ക്കുന്ന ആ ദക്ഷിണ അവന്റെ ഹൃദയത്തിന്റെ സമര്‍പ്പണമാണ്. അവനറിയാം അവിടെ നിന്ന് കിട്ടാനുണ്ടെന്ന്. അവന്‍ പറയും സങ്കല്പം ത്യജിച്ച സന്ന്യാസിയെ കാണാന്‍ പോകണമെങ്കില്‍ അയാളെ കാണാന്‍ പോകണമെന്ന്. ഇത്തരക്കാരെ പരിചയപ്പെട്ടിട്ടില്ലാത്തതുകൊണ്ടും നിങ്ങള്‍ക്ക് കുസൃതിയില്ലാത്തതുകൊണ്ടും ഇത് മനസ്സിലാവില്ല. ഇത് വായിച്ചിട്ട് നിങ്ങള്‍ പോയി ചെയ്താല്‍ വലിയ കാര്യമൊന്നുമില്ല. പ്രതിഭകൊണ്ട് ചെയ്യാന്‍ കഴിയണം.

സങ്കല്പങ്ങളെ വിടാത്തവന്‍ കര്‍മ്മയോഗി അല്ല, സന്ന്യാസിയല്ല. സന്ന്യാസം കര്‍മ്മയോഗം ഇവരണ്ടും സങ്കല്പത്യാഗത്തില്‍ ഒന്നാണ്. അര്‍ജ്ജുനാ, നീ കര്‍മ്മയോഗവും സന്ന്യാസവും ഒന്നാണെന്ന് അറിഞ്ഞാലും. കാരണം രണ്ടും സങ്കല്പത്യാഗമാണ്. കര്‍മ്മങ്ങള്‍ എല്ലാം വെടിഞ്ഞ കര്‍മ്മസന്ന്യാസിയെപ്പോലെ കര്‍മ്മയോഗിയും സങ്കല്പത്തെ വെടിഞ്ഞില്ലെങ്കില്‍ ചിത്തശുദ്ധിവഴി മനഃസമാധാനത്തിന് യോഗ്യനാകുന്നില്ല. മനഃസമാധാനമാണ് സമാധി. വിദ്വാന്മാര്‍ (ശാസ്ത്രങ്ങള്‍) ആരെയാണോ സന്ന്യാസി എന്നു പറയുന്നത്, അതിനെതന്നെ നീ യോഗമെന്ന് ധരിച്ചാലും. എന്തുകൊണ്ടെന്നാല്‍ സങ്കല്പങ്ങളുടെ ത്യാഗം കൂടാതെ യോഗി ഉണ്ടാകുന്നില്ല. അതിനുള്ള കാരണം ആറാം അധ്യായം ഒന്നാം ശ്ലോകത്തില്തന്നെ പറഞ്ഞു കഴിഞ്ഞു – ‘നിരഗ്നിഃ ന ചാ അക്രിയഃ’ – അക്രിയനോ നിരഗ്നിയോ ആയതുകൊണ്ടുമാത്രം സന്ന്യാസിയാകില്ല. നിരഗ്നിയാകും, അക്രിയനാകും, എന്നാല് സങ്കല്പത്തില്‍ ഇതെല്ലാമുണ്ടാകും.

അതുകൊണ്ട് ആശ്രമമൊക്കെ പണിത് വളരെകാര്യങ്ങള്‍ ചെയ്തുവരും. ഒരു പുത്രകാമേഷ്ടി നടത്തിക്കളയാം. ഒരശ്വമേധം നടത്തിക്കളയാം. ഒരു സോമയാഗം നടത്തിക്കളയാം എന്നെല്ലാം സങ്കല്പങ്ങളുണ്ടാകും. സന്ന്യസിച്ചവന്റെ സങ്കല്പത്തില്‍ വീണ്ടും അഗ്നിജ്വലിപ്പിക്കും. പേരിന് അപ്പുറത്ത് ഒരാചാര്യനെ ഇരുത്തും. അവര്‍ക്കൊക്കെ കൂലിയിത്രരൂപയാണെന്നൊക്കെ പറഞ്ഞുറപ്പിക്കും. ‘നീ ഇതിന്റെ യജമാനന്‍. ആദാനം ചെയ്ത അഗ്നി നാളെ നീ വീട്ടില്‍ കൊണ്ടുപോയിക്കൊള്ളണം . നീയും ഭാര്യയുംകൂടെ സംരക്ഷിച്ചുകൊള്ളണം. അതിനൊക്കെ ഞാന്‍ ഇത്രയേ തരികയുള്ളു. അഗ്നി കെട്ടുപോയാല്‍ എനിക്കല്ല നിനക്കുതന്നെയാണ് ഉത്തരാവദിത്വം.’ ഇതുവരെ യാഗം കണ്ടിട്ടില്ലാത്തവരും പങ്കെടുത്തിട്ടില്ലാത്തവരുമായ ആളുകള്‍ക്ക് ഒക്കെ വന്നാല് അവസാനം ഹോമകുണ്ഡത്തില്‍ അര്‍ച്ചന നടത്താം. യജമാനന്റെ പ്രതിനിധിപോലെ നിങ്ങളെ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഇരുത്തുന്നതിന് ഒരു ലക്ഷം രൂപ. ദക്ഷിണയും ബാക്കി കാര്യങ്ങളുമെല്ലാം എനിക്കാണ്. സങ്കല്പ്പിച്ചതാരാണ്? ഞാനാണ്. സങ്കല്പങ്ങളെല്ലാം നില്ക്കുമ്പോള്‍ ഞാന്‍ അഗ്നി ജ്വലിപ്പിച്ചില്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അഗ്നി ആദാനം ചെയ്തത് വേറൊരു ആചാര്യനെ ഇരുത്തിയാണെന്ന് പറഞ്ഞതുകൊണ്ടും കാര്യമില്ല. അപ്പോള്‍ സന്ന്യാസവും വേണം ധനവും വേണം. അങ്ങനെവരുമ്പോള്‍ ഇത് ‘ബിനാമി’യാഗമാണ്.

എന്റെ സങ്കല്പം അവിടെ നില്‍ക്കുന്നു, സന്ന്യാസവും അവിടെ നില്‍ക്കുന്നു. ഇത് പറ്റില്ലെന്നാണ് ഭഗവാന്‍ പറഞ്ഞത്. സന്ന്യസിക്കേണ്ടത് സങ്കല്‍പ്പം ആണ്. കര്‍മ്മംവേണമെങ്കില്‍ നീ ചെയ്തു കൊള്ളുക. ഒരു കുണ്ഡമുണ്ടാക്കി നീ നേരിട്ടിരുന്ന് അഗ്നി ആദാനം ചെയ്തോളൂ. കുഴപ്പമൊന്നുമില്ല. പക്ഷേ സങ്കല്പം നിനക്കുണ്ടാകരുത്..


കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

No comments:

Post a Comment