Sunday, March 12, 2017

അന്തര്‍ദിവ്യത

സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മതഗ്രന്ഥമായി ഉപനിഷത്തുകളെ വ്യാഖ്യാനിക്കുന്നു. പ്രകൃതിയുടെ കെട്ടുപാടുകളില്‍നിന്ന്‌ മോചിതനാകുക, ദൗര്‍ബല്യങ്ങള്‍ തള്ളിനീക്കുക. ഇപ്പോഴേ നിങ്ങള്‍ക്കീ സ്വാതന്ത്ര്യമുണ്ടെന്നും ഇത്‌ കാട്ടിത്തരുന്നു. ഇതിലുള്ള ഉപദേശങ്ങളുടെ മറ്റൊരു സവിശേഷതയാണിത്‌. നിങ്ങളൊരു ദ്വൈതിയാണ്‌; സാരമില്ല. സ്വാഭാവികമായിത്തന്നെ ആത്മാവ്‌ പൂര്‍ണമാണെന്ന്‌ നിങ്ങള്‍ക്ക്‌ സമ്മതിക്കാതെ തരമില്ല. ആത്മാവ്‌ അതിന്റെ ചില പ്രവൃത്തികളിലൂടെ സങ്കോചിച്ചിരിക്കുകയാണ്‌. വാസ്തവത്തില്‍, രാമാനുജന്റെ സങ്കോചവികാസവാദം ഇന്നത്തെ പരിണാമവാദികള്‍ പറയുന്ന വികാസവും ആദിമപ്രത്യാഗമവും തന്നെ. ആത്മാവ്‌ പിന്‍വാങ്ങുന്നു, സങ്കോചിക്കുന്നതായി തോന്നുന്നു. അതിന്റെ ശക്തികള്‍ ഭവിഷ്യത്തായിത്തീരുന്നു. സ്വന്തം സത്പ്രവൃത്തിയിലൂടെയും സദ്‌ വിചാരങ്ങളിലൂടെയും വീണ്ടും ആത്മാവ്‌ വികസിക്കുന്നു; നൈസര്‍ഗ്ഗികമായ അതിന്റെ പൂര്‍ണത പ്രകാശിപ്പിക്കുന്നു. അദ്വൈതി വരുത്തുന്ന ഒരേ ഒരു മാറ്റമാണിത്‌; അയാള്‍ പ്രകൃതിയിലാണ്‌ പരിണാമമംഗീകരിക്കുന്നത്‌, ആത്മാവിലല്ല. ഒരു മറയും അതിലൊരു ചെറിയ ദ്വാരവും സങ്കല്‍പിക്കുക. അതിന്റെ പിന്നില്‍നിന്ന്‌ ഈ വലിയ സദസ്സ്‌ നോക്കിക്കാണുന്ന ഒരു മനുഷ്യനാണ്‌ ഞാന്‍. ഇവിടെ വളരെക്കുറിച്ച്‌ മുഖങ്ങളേ എനിക്ക്‌ കാണാന്‍ കഴിയൂ. ആ ദ്വാരം ക്രമേണ വലുതാകുന്നുവെന്ന്‌ സങ്കല്‍പിക്കുക. അത്‌ വലുതാകുംതോറും ഈ സദസ്സ്‌ ഏറെയേറെ എനിക്ക്‌ വെളിപ്പെടുന്നു. ദ്വാരം വളര്‍ന്ന്‌ മറയോളമായാല്‍ മുഴുവനും കാണാം. ഒടുവില്‍ നിങ്ങളുടെയും എന്റെയും ഇടയ്ക്ക്‌ യാതൊന്നുമില്ല. എനിക്കും നിങ്ങള്‍ക്കും മാറ്റമൊന്നുമുണ്ടായില്ല. മാറ്റമെല്ലാം മറയ്ക്കായിരുന്നു. പരിണാമത്തെപ്പറ്റി അദ്വൈതിയുടെ നിലപാടിതാണ്‌; പ്രകൃതിയുടെ പരിണാമവും അന്തരാത്മാവിന്റെ ആവിര്‍ഭാവവും. ആത്മാവ്‌ ഒരുതരത്തിലും സങ്കോചിപ്പിക്കാവതല്ല. അപരിമിതമായ അതിന്‌ ഭേദമേല്‍ക്കില്ല. മായാമൂടുപടംകൊണ്ട്‌ അത്‌ മറയ്ക്കപ്പെട്ടപോലിരുന്നു എന്നുമാത്രം. ഈ മായാമൂടുപടം ഏറെയേറെ നോക്കുമ്പോള്‍ ആത്മാവിന്റെ സഹജവും സ്വാഭാവികവുമായ മഹത്വം വെളിപ്പെടുന്നു; കൂടുതല്‍ പ്രകടമാകുന്നു. ലോകം ഭാരതത്തില്‍ നിന്ന്‌ പഠിക്കാന്‍ കാത്തിരിക്കുന്ന ഒരേ ഒരു മഹാസിദ്ധാന്തമാണിത്‌. അവരൊന്തെക്കെപ്പറഞ്ഞാലും വീമ്പിളക്കാന്‍ നോക്കിയാലും നാള്‍ ചെല്ലുന്തോറും ഇത്‌ സമ്മതിക്കാതെ ഒരു സമുദായത്തിനും നിലനില്‍ക്കാനാവില്ലെന്ന്‌ അവര്‍ കണ്ടുപിടിക്കും. സര്‍വവും തല കീഴായിമാറുന്നത്‌ കാണുന്നില്ലേ? നല്ലതെന്ന്‌ സ്വയം തെളിയിക്കുന്നതുവരെ എല്ലാം ചീത്തതന്നെ എന്നെണ്ണുന്നതായിരുന്നു പതിവെന്നറിയാമല്ലോ. വിദ്യാഭ്യാസത്തിലും കുറ്റവാളിയെ ശിക്ഷിക്കുന്നതിനും ഭ്രാന്തിന്റെ ചികിത്സയിലും നാടോടിയായ രോഗചികിത്സയില്‍പ്പോലും അതായിരുന്നു പഴയ നിമയം? ഇന്നത്തെ നിയമമോ? നവീനനിയമം പറയുന്നു: സ്വയം ശരീരം രോഗമില്ലാത്തതാണ്‌. സ്വപ്രകൃതികൊണ്ടുതന്നെ അത്‌ രോഗത്തെ നശിപ്പിക്കുന്നു. ശരീരധാതുക്കളെ സംഭരിക്കാന്‍ തുണയ്ക്കുക, ഇതാണ്‌ ഔഷധത്തിന്‌ അങ്ങേയറ്റം ചെയ്യാവുന്നത്‌. കുറ്റവാളികളെക്കുറിച്ച്‌ അതെന്തു പറയുന്നു? കുറ്റവാളി എത്ര നീചനായാലും അവന്റെ ഉള്ളില്‍ ദിവ്യതയുണ്ടെന്നും, അവനോട്‌ അതനുസരിച്ച്‌ പെരുമാറണമെന്നും അത്‌ സിദ്ധാന്തിക്കുന്നു. ഈവക കാര്യങ്ങളൊക്കെ ഇങ്ങനെ മാറിവരികയാണ്‌. സ്വഭാവപരിഷ്കരണശാലകളും പ്രായശ്ചിത്താലയങ്ങളും ഇപ്പോള്‍ സ്ഥാപിക്കപ്പെടുന്നു. ഓരോന്നിനെക്കുറിച്ചും കഥ ഇതുതന്നെ. ബോധപൂര്‍വ്വമായോ അല്ലാതെയോ, മറ്റ്‌ രാജ്യങ്ങളിലും അന്തര്‍ദിവ്യതയെന്ന ഭാരതീയാശയം സ്വയം പ്രകടമാകുന്നുണ്ട്‌. മനുഷ്യര്‍ തമ്മിലുള്ള പെരുമാറ്റത്തിന്‌ ഒരു മുഴുമാറ്റമേര്‍പ്പെടും. മനുഷ്യരാശിയുടെ കുറ്റങ്ങളെയും കുറവുകളെയും ചൂണ്ടിപ്പറയുക എന്നും മറ്റുമുള്ള വെറും പഴഞ്ചന്‍ ആശയങ്ങള്‍ പോയ്മറയുക തന്നെ വേണം. പാപമേ ഇല്ലെന്ന അതിനീചമായ ആശയം പ്രസംഗിക്കുന്നവന്‍ എന്ന്‌ ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ എന്നെ ആക്ഷേപിച്ചിട്ടുണ്ട്‌. വളരെ നല്ലത്‌! ഈ കൂട്ടരുടെ തന്നെ പിന്‍ഗാമികള്‍ തിന്മയുടെയല്ല, നന്മയുടെ പ്രചാരകനെന്ന നിലയില്‍ എന്നെ അനുഗ്രഹിക്കും. തിന്മയുടെയല്ല, നന്മയുടെ ദേശികനാണ്‌ ഞാന്‍. ഇരുളിന്റെയല്ല, വെളിച്ചത്തിന്റെ പ്രചാരകന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

കടപ്പാട് : സ്വാമി വിവേകാനന്ദന്‍, ജന്മഭൂമി

No comments:

Post a Comment