Sunday, March 26, 2017

പഠനരീതിയിലെ യുക്തിഭദ്രത



പാരമ്പര്യമായ പഠനരീതികളില്‍ നിന്നും യുക്തിഭദ്രമാണെന്ന് കരുതപ്പെടുന്ന ആധുനികപഠനരീതികളില്‍ നിന്നും കുറച്ചു കുറച്ചെടുത്ത് കലര്‍ത്തിയുണ്ടാക്കിയ ഒരു രീതിയിലാണ് ഇന്ന് പലരും പാരമ്പര്യവിഷയങ്ങളെ പഠിക്കുന്നത്.

പാരമ്പര്യപഠനമാണ് ശരിയെന്നു തോന്നുന്നതെങ്കില്‍ അതിനെയും, ആധുനികപഠനമാണ് ശരിയെന്നു തോന്നുന്നതെങ്കില്‍ അതിനെയും ഉപജീവിക്കുകയാണ് ചെയ്യേണ്ടത്. പാരമ്പര്യപഠനവും ആധുനികപഠനവും കലര്‍ത്തുന്നത്തിന്‍റെ ഫലം സംഘര്‍ഷമാണ്. ജീവിതത്തിനും അറിവിനും അനുഭവങ്ങള്‍ക്കും ദൃഷ്ടനഷ്ടമായ ഈ പ്രപഞ്ചത്തിന്‍റെ യുക്തികളൊന്നും ബാധകമല്ലെന്നും യുക്തി യുക്തിക്കു തന്നെ അശാസ്ത്രീയമാണെന്നും പാരമ്പര്യവാദികള്‍ വിശ്വസിക്കുന്നു.

ഭൌതികനേട്ടങ്ങള്‍ക്കെല്ലാം പാരമ്പര്യം തടസ്സവുമാണ്. ജീവിതം ഏറിയകൂറും പാരമ്പര്യവാദികളുടെ കല്‍പ്പനയിലൂടെയാണ് പോകുന്നതും! മറുവശത്ത് ചൂഷണം, ഭൌതികനേട്ടങ്ങള്‍ ഇവയ്ക്കെല്ലാം അന്യര്‍ കേള്‍ക്കുമ്പോള്‍ “യുക്തിഭദ്രം” എന്നു തോന്നാവുന്ന ശുദ്ധമായ നുണകളാണ് അത്യന്താപേക്ഷിതം. ശാസ്ത്രം അതിന്‍റെ വഴിയില്‍ മാത്രമാണ് സഞ്ചരിക്കുന്നത്. ആ വഴികളില്‍ പരീക്ഷണങ്ങള്‍ ശാസ്ത്രവും, അനുഭവങ്ങള്‍ അന്ധവിശ്വാസങ്ങളും ആണ്.

EXPERIMENT IS TRUTH! EXPERIENCE IS SUPERSTITION! 

നാലു പേര്‍ വലിയ വിദ്യാഭ്യാസയോഗ്യതകള്‍ ഉള്ള ഒരുവന്‍റെ പേരെഴുതിയ ബോര്‍ഡു വെച്ച ഒരു കെട്ടിടത്തിനുള്ളില്‍ കുറെ ഉപകരണങ്ങള്‍ വെച്ച് പരീക്ഷിച്ചുറപ്പിച്ചതെന്ന് അവര്‍ പറയുന്ന കാര്യങ്ങളെല്ലാം ശാസ്ത്രീയമാണ്. പറമ്പില്‍ പണിയെടുത്തു നടക്കുന്നവര്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ വസ്തുതകളൊക്കെ യുക്തിയ്ക്കു നിരക്കാത്തവയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആണ്. അതുകൊണ്ട് എന്തു തുടങ്ങുമ്പോഴും ലോകത്തെ കബളിപ്പിക്കാന്‍ ഒരു മുറിയും ഒരു മേശയും പിപ്പറ്റും ബ്യൂററ്റും അതുപോലെയുള്ള കുറെ ഉപകരണങ്ങളും ആര്‍ക്കും മനസ്സിലാകാത്ത കുറെ ഗ്രന്ഥങ്ങള്‍ ശേഖരിച്ചു വെച്ചിരിക്കുന്ന അലമാരയും ഉണ്ടായാല്‍ മാത്രമേ ആധുനികന് ജീവിക്കാനും പിടിച്ചുനില്‍ക്കാനും സാധിക്കുകയുള്ളൂ.

പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ക്ലാസ്സ് മുറിയില്‍ വെച്ച് ഒരു ചോക്ക് എടുത്തു കാണിച്ചുകൊണ്ട് “ഈ ടെസ്റ്റ്‌ ട്യൂബിനകത്ത് അല്‍പ്പം സള്‍ഫ്യൂരിക്ക് ആസിഡ് ഒഴിച്ച്, അതിലേക്ക് ഒരു കഷണം സിങ്ക് ഇട്ടാല്‍ സിങ്ക് സള്‍ഫേറ്റ്, ഹൈഡ്രജന്‍ ഇവ ഉണ്ടാകും” എന്നു പറഞ്ഞാല്‍, അങ്ങനെ ആ പരീക്ഷണത്തെപ്പറ്റി കേട്ടാല്‍ കേള്‍ക്കുന്നവര്‍ ശാസ്ത്രം പഠിച്ചവരായി! മറുവശത്ത് സ്വന്തം അച്ഛനായ ഒരു കൃഷിക്കാരന്‍ നേരിട്ടു കൊണ്ടുപോയി ഒരു വസ്തുത കാണിച്ചു തന്നു ബോധ്യപ്പെട്ടാലും “അങ്ങനെ എന്തോ ഒന്നു കണ്ടതു പോലെ തോന്നുന്നു, എനിക്കു വിശ്വാസമായിട്ടില്ല” എന്നല്ലേ ഇന്നുള്ള മക്കള്‍ പറയുക?

പാരമ്പര്യപഠനത്തിന്‍റെയും ആധുനികപഠനത്തിന്‍റെയും മാര്‍ഗ്ഗരേഖകള്‍ രണ്ടാണ്. അതുകൊണ്ടു തന്നെ അവ രണ്ടും കലര്‍ത്തരുത്.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌


No comments:

Post a Comment