Saturday, August 5, 2017

ഗുരു പ്രാപ്തി

കണ്ണന്റെ നാട്ടുകാരനും നാമധാരിയുമായ ഒരാളോട് ആത്മീയ സാഹോദര്യം സ്ഥാപിക്കാനുള്ള മാധ്യമമായി വർത്തിച്ചത് ഫേസ്ബുക്ക് എന്ന സമൂഹ മാധ്യമം തന്നെയാണ്. അദ്ദേത്തിന്റെ അനുവാദമില്ലാതെയാണ് അദ്ദേഹം എന്നോട് വ്യക്തിഗതമായി പറഞ്ഞ ഈ കാര്യം തുരീയം എന്ന ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. ഉദ്യമത്തിന്റെ സദുദ്ദേശം നിമിത്തം അദ്ദേഹം പൊറുക്കും എന്നാണ് ധാരണ. ചിലർക്കൊക്കെ ഇതിൽ അതിശയോക്തി തോന്നാമെങ്കിലും, മുൻപുതന്നെ ഇത്തരം ലേഖനങ്ങളും അനുഭ സാക്ഷ്യങ്ങളും വായിക്കുകയും സത്യമാണോയെന്നറിയാൻ ആ വഴിത്താരയിലൂടെ പിച്ച വെച്ചു നടക്കുകയും നാമമാത്രമെങ്കിലും അദ്ധ്യാത്മികാനുഭൂതി നുകരാനും കഴിഞ്ഞ എനിക്ക് ഇതിൽ അസ്വാഭാവികമായി ഒന്നും തോന്നായ്ക കാരണവും, ചിലപ്പോൾ മറ്റു പലർക്കും ആലോചനാമൃതമായി വർത്തിക്കാനുതകുമെന്നതും ഒക്കെ ഇതിവിടെ കോറിയിടുന്നതിനു പിന്നിലെ ചേതോവികാരമായി വർത്തിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്,




ഒരു ഗുരുവിനു വേണ്ടി ഞാൻ ദിവസങ്ങളോളം കരഞ്ഞു. ജഗദീശ്വരനോട്.

ആ ഇടക്കാണ് ഞാൻ ഒരു യോഗിയുടെ ആത്മകഥ വായിക്കുന്നത്

അപ്പോൾ എന്റെ ഹൃദയം ഭക്തിയാൽ നിറഞ്ഞു, ഹൃദയ വ്യഥ ഏറി

ഒരു ഗുരുവിനു വേണ്ടി മനസ്സ് പിടഞ്ഞു.
പിന്നെ ജഗദീശ്വരനോട് നിർത്താത്ത യാചന ആയി..
ഒരു രക്ഷയും ഇല്ല..

ഒടുവിൽ ഞാൻ യോഗദാ സത്സംഗ് സൊസൈറ്റിയുടെ തൃശൂർ ബ്രാഞ്ചിലേക്ക് പോയി
അങ്ങിനെ ഒരു ഗുരുവിനു വേണ്ടി മനസ്സ് വല്ലാതെ ദാഹിച്ചു. ഊണിലും ഉറക്കത്തിലും സദാ ഈശ്വര ചിന്ത മാത്രമായി ഒറ്റക്കിരുന്ന് കരയും. ഈശ്വരനാമം കേൾക്കുന്ന മാത്രയിൽ കരച്ചിൽ തുടങ്ങും. ഒന്നിലും ഒരു ശ്രദ്ധ ഇല്ലാതായി. വീടിന്റെ ടെറസിൽ ഒറ്റക്കിരുന്ന് കരയുക പതിവായി. പരമഹംസ യോഗാനന്ദ ജിയോടും, നാഗരാജ് ബാബാജിയോടും അതിരറ്റ ഭക്തിയായി. അങ്ങനെ ഇരിക്കെ ഞാൻ തൃശ്ശൂർ ഉള്ള യോഗദാ സത്സംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു. അവർ എന്നെ ഒരു കൂടി കാഴ്ചക്ക് ക്ഷണിച്ചു. പോസ്റ്റലായി ക്രിയ യോഗ പഠിപ്പിക്കുന്ന രീതിയാണ് അവർ അവിടെ അനുവർത്തിക്കുന്നത്. നിശ്ചിത തുകയും അപേക്ഷാ ഫോമും അയച്ചു നൽകിയാൽ അവർ പാഠങ്ങൾ അയച്ചു തരും. ആറു മാസം അതിൽ പറയുന്ന പ്രകാരം സാധനകൾ അനുഷ്ഠിച്ചാൽ പഠിതാവിന്റെ പുരോഗതി വിലയിരുത്തുവാൻ ഒരു ദിവസം മുതിർന്ന യോഗാചാര്യൻ സന്ദർശനം നടത്തും. ഞാൻ അപേക്ഷാ ഫോമും വാങ്ങി വീട്ടിലേക്ക് തിരിച്ചു. അപേക്ഷ ഫോം വാങ്ങി പുരിപ്പിച്ചെങ്കിലും അത് പല കാരണങ്ങളാൽ അയച്ചു കൊടുക്കാൻ കഴിയാതെ വന്നു. അതിലുപരി അവർ പിൻതുടരുന്ന രീതിയോട് മാനസികമായി യോജിക്കുവാനും കഴിഞ്ഞില്ല. ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. വീണ്ടും കരച്ചിലും പ്രാർത്ഥനയുമായി ദിവസങ്ങൾ. ഞാൻ യോഗാനന്ദ ജിയോടും, നാഗരാജ് ബാബാജിയോടും കരഞ്ഞു കൊണ്ട് അപേക്ഷിക്കും, ആ പുസ്തകത്തിനു മുൻവശത്തെ യോഗാനന്ദജിയുടെ ചിത്രത്തിൽ ഭക്ത്യാദരങ്ങളോടെ ചുംബന വർഷം നടത്തും. ആ പുസ്തകം മാറോടണച്ച് കരഞ്ഞു കൊണ്ടിരിക്കും, ഉറങ്ങുമ്പോൾ ആ പുസ്തകത്തെ കെട്ടി പിടിച്ച് കിടന്നുറങ്ങും. ആ പുസ്തകം എന്നെ സംബന്ധിച്ചിടത്തോളം പുസ്തകമായിരുന്നില്ല യോഗാനന്ദജി തന്നെയായിരുന്നു. ദിവസങ്ങൾ അടർന്നു പോകുന്നത് എനിക്ക് അസഹ്യമായി തീർന്നു. എന്റെ ഗുരു എവിടെ... ഞാൻ സ്വയം ചോദ്യങ്ങൾ ചോദിച്ച് ജഗദീശ്വരനോട് യാചിച്ചു കൊണ്ടിരുന്നു. ശരിക്കും ഭ്രാന്തമായ അവസ്ഥയായിരുന്നു. ഉണ്ണണമെന്നില്ല, മുടി ചീകണമെന്നില്ല, അവ വെട്ടി ഒതുക്കണമെന്നില്ല, വസ്ത്രധാരണത്തിൽ തീരെ ശ്രദ്ധയില്ല( വസ്ത്രം തേച്ചുമിനുക്കി അല്ലാതെ ഞാൻ വീടിനു പുറത്തേക്കിറങ്ങാറില്ലായിരുന്നു മുൻപ്) ശരീര സംബന്ധിയായ ഒന്നിലും ഒരു താൽപര്യം ഇല്ലാതെ ആയി. ഇങ്ങനെ മുൻപോട്ടു പോകവെ M.K രാമചന്ദ്രൻ സാറിനെ നേരിട്ടു കാണുവാൻ അവസരം ലഭിച്ചു.അദ്ദേഹത്തെ ഫോൺ ചെയ്തപ്പോൾ അദ്ദേഹം തൃശൂർ സ്വപ്ന തിയറ്ററിനടുത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം ഓഫീസിലുണ്ടായിരുന്നു. കൈലാസം മുഴുവൻ നടന്ന് പരിക്രമണം ചെയ്ത മഹദ് വ്യക്തിയാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഞാൻ ഭവ്യതയോടെ മറുപടികൾ നൽകി. അദ്ദേഹം തൊട്ടടുത്ത ഹോട്ടലിൽ നിന്നും ചായ വരുത്തി. ചായ കുടിച്ചതിനു ശേഷം അദ്ദേഹത്തിനു സമക്ഷം ഞാൻ ഒരു അപേക്ഷ വച്ചു. കൈലാസത്തെ പ്രദക്ഷിണം വെച്ച ആ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു കൊള്ളട്ടെ എന്ന്. അദ്ദേഹം അതിനനുവദിച്ചു. പ്രണമിച്ചു എഴുന്നേൽക്കുന്ന എന്നെ അദ്ദേഹം ശിരസ്സിൽ കൈവെച്ച് അനുഗ്രഹിച്ചു. അദ്ദേഹത്തോട് യാത്ര പറഞ്ഞ് ഞാൻ ബസ്റ്റാന്റ് ലക്ഷ്യമാക്കി നീങ്ങി. നടന്നു നീങ്ങവെ തേക്കിൻ കാട് മൈതാനിയിലേക്ക് ദൃഷ്ടികൾ ഉടക്കി. ഒരു വലിയ പന്തൽ തേക്കിൻ കാട് മൈതാനിയിൽ ഒരുക്കിയിരിക്കുന്നു. ഭാഗവത സപ്താഹമാണ്. സ്വാമി സന്ദീപ് ചൈതന്യയുടെ. പോയി നോക്കണോ വേണ്ടയോ മനസ്സു രണ്ടു തട്ടിൽ ആയി. അല്പനേരത്തെ സംഘർഷത്തിനൊടുവിൽ തീരുമാനമെടുത്തു പോകണ്ട എന്ന്. ബസ് സ്റ്റാന്റിലേക്കുള്ള ബസ്സിൽ വലിഞ്ഞുകയറി. ബസ് മുൻപോട്ട്‌ നീങ്ങുമ്പോഴും ദൃഷ്ടി തേക്കിൻകാട് മൈതാനിയിൽ തന്നെ ആയിരുന്നു. ബസ് സ്റ്റാന്റിൽ എത്തി. സ്റ്റാന്റിനടുത്തുള്ള മാർക്കറ്റിൽ നിന്ന് കാൽ കിലോ മുരിങ്ങക്കായ് വാങ്ങി. ഗുരുവായൂരിലേക്ക് പോകാനായി ബസിനടുത്തേക്ക് നീങ്ങി. പക്ഷെ മനസ്സ് വീണ്ടും സംഘർഷം സൃഷ്ടിച്ചു മൈതാനിയിലേക്ക് പോകാനായി. ഞാൻ തിരിച്ചു നടന്നു മൈതാനിയെ ലക്ഷ്യമാക്കി. കുറച്ച് ചുവടുകൾ മുൻപോട്ട് നീങ്ങിയപ്പോൾ മനസ്സ് നിരുത്സാഹപ്പെടുത്തി. തിരിഞ്ഞ് വീണ്ടും ബസ്സിനരുകിലേക്ക്. ബസിന്റെ പടിയിൽ കാലെടുത്തു വെച്ചപ്പോൾ മനസ്സു വീണ്ടും പറയുന്നു തിരിച്ച് മൈതാനിയിലേക്ക് പോകാൻ. ഞാൻ വീണ്ടും മൈതാനിയിലേക്ക് തിരിച്ചു നടന്നു. ഏകദേശം അര കിലോമീറ്റർ നടന്നപ്പോൾ മനസ്സ് വീണ്ടും വികൃതി കാണിച്ചു. പോകണ്ട, പോകണ്ട എന്ന് ശക്തമായി മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു. ഞാൻ പിൻതിരിഞ്ഞ് നടന്നു. രണ്ട് മൂന്ന് ചുവടുകൾ വെച്ചപ്പോൾ വീണ്ടും കുരങ്ങനെ പോലെ മനസ്സ് പറയുന്നു പോകാൻ. ഞാൻ ആ റോഡിൽ ഒരു നിമിഷം കൺകൾ അടച്ചു നിന്നു. ചിന്തകളെയും മനസ്സിനെയും നേർരേഖയിലേക്ക് കൊണ്ടുവന്നു. സംഘർഷത്തിനു അയവു വന്നു. ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരു ധ്വനി മുഴങ്ങി. മൈതാനിയിലേക്ക് പോ. ഞാൻ ഉറച്ച തീരുമാനത്തോടെ മൈതാനിയിലേക്ക് നീങ്ങി.

അവിടെ പ്രഭാഷണം ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. പന്തലിന്റെ ഒരു ഭാഗത്ത് ബുക്സ്റ്റാളുകൾ ഒരുക്കിയിരുന്നു. പ്രമുഖ പ്രസാധക കമ്പനികളുടെയെല്ലാം പുസ്തക ശാലകൾ അവിടെ ഒരുക്കിയിരുന്നു. സ്റ്റാളുകളിലൂടെ പ്രദക്ഷിണം നടത്തുന്നതിനിടയിൽ പല പുസ്തകങ്ങളും കൈകളിൽ കുരുങ്ങി. ഒന്നു മറിച്ചു നോക്കി ഞാൻ അവയെല്ലാം യഥാസ്ഥാനത്തു തന്നെ വെച്ചു. അടുത്തുള്ള മറ്റൊരു പുസ്തക ശാലയിൽ ഓഫർ എഴുതിവച്ചിരുന്നു. അവിടെ നിരത്തിവെച്ചിരിക്കുന്ന പുസ്തകങ്ങളിൽ ഒരു പുസ്തകം മാത്രം ഒറ്റക്ക് ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന പോലെ തോന്നി. ആ പുസ്തകം കൈയ്യിലെടുത്തു " ഗുരു സമക്ഷം". By ശ്രീ എം. വില നോക്കി 225 രൂപ. ഞാൻ അവിടെ തന്നെ വെച്ചു. പൈസ തികയില്ല. പുസ്തക സ്റ്റാളിലെ വ്യക്തി എന്നോടു പറഞ്ഞു. അത് വാങ്ങിച്ചോളൂ. ഈ ഒരേ ഒരു പ്രതി മാത്രമെ ഇവിടെ ഉള്ളൂ. മറ്റെല്ലാം കഴിഞ്ഞു.കിട്ടാനില്ല പുസ്തകം. അത്രക്കും മികച്ചതാണ്. പൈസ തികയില്ല എന്ന് ഞാൻ പറഞ്ഞു. എത്രയുണ്ട് കൈയിൽ? അയാൾ തിരക്കി. 200 രൂപ. അയാൾ കാൽകുലേറ്റർ എടുത്ത് കണക്കുകൂട്ടി. എന്നെ നോക്കി പുഞ്ചിരിച്ചു. "സിസ്കൗണ്ട് കഴിച്ചാൽ 180 രൂപയേ ആകു. എവിടെയാ വീട്". അയാൾ തിരക്കി."ഗുരുവായുർ" ഞാൻ പുസ്തകം കൈയ്യിൽ എടുക്കുന്നതിനിടയിൽ പറഞ്ഞു. "ശരി എന്റെ വക 10 രൂപ കൂടി കുറച്ചിട്ടുണ്ട് 170 തന്നാൽ മതി". നന്ദിസൂചകമായി എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പൈസ കൊടുത്ത് പുസ്തകം വാങ്ങിക്കുന്നതിനിടയിൽ ഞാൻ അയാളോട് പ്രത്യേകം നന്ദി പറഞ്ഞു. ശ്രീ എം. മുംതാസ് അലി. പ്രഭാഷണം എല്ലാം കേട്ടു കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഈ പേര് എപ്പോഴോ കേട്ടിട്ടുണ്ടെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. കുറച്ചു നേരത്തെ അക്ഷീണ പ്രയത്നത്തിനൊടുവിൽ ഓർമ്മയുടെ ചുരുളുകൾ നിവർന്നു. 6 വർഷം മുൻപ് ശ്രീ രാജശേഖര വാര്യർ ശ്രീ മുംതാസ് അലിയെ കുറിച്ച് പറഞ്ഞത് ഓർമ്മയിൽ തെളിഞ്ഞു. 'ഒരു ആവശ്യത്തിനായി ഞാനും സുഹൃത്തും രാജശേഖര വാര്യരുടെ വീട്ടിൽ എത്തിയതായിരുന്നു. സംഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞു. "ഒരു മുസ്ലീം ഹിമാലയത്തിൽ പോയി വളരെ കഷ്ടപ്പെട്ട് ഗുരുവിനെ കണ്ടെത്തിയത്രേ'' "എന്താ അയാളുടെ പേര് " ഞാൻ തിരക്കി. "മുംതാസ് അലി. അത് മാത്രമല്ല അയാൾക്ക് ഉണ്ടായ അനുഭവങ്ങൾ പറഞ്ഞാ തീരില്ല ". എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ആ സംഭാഷണം മുൻപോട്ടു തുടരാൻ അനുവദിക്കാതെ മറ്റൊരു വിഷയത്തിലേക്ക് വ്യതിചലിപ്പിച്ചു. അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഈ വ്യക്തിയെ നേരിട്ടുകാണണം എന്ന അതിയായ ആഗ്രഹം മനസ്സിൽ അങ്കുരിച്ചു. " രാജേട്ടാ ആൾ എവിടെ ഉള്ളതാണ്"? " ആള് മലയാളിയാ തിര്വന്തൂരുത്തുകാരൻ" പിന്നീട് ഈ സംഭാഷണവും ഈ പേരും എന്റെ മനസ്സിന്റെ അഗാധതയിൽ വിസ്മൃതിയിൽ ആണ്ടു കിടന്നു. "ഗുരു സമക്ഷം എന്ന പുസ്തകം എന്റെ കൈകളിൽ എത്തുന്നതുവരെ. പിന്നീട് ഞാൻ ആ പുസ്തകം ആർത്തിയോടെ വായിച്ചു തീർത്തു. ഞാൻ ഉറപ്പിച്ചു ഇദ്ദേഹം തന്നെ എന്റെ ഗുരു. അദ്ദേഹത്തെ നേരിൽ കാണുവാനായി ഞാൻ അദ്ദേഹത്തിന്റെ വാസസ്ഥലമായ ആന്ധ്രയിലെ മദനപ്പള്ളിയിലേക്ക് കത്തുകൾ അയച്ചു. പക്ഷെ നിരാശാജനകമായിരുന്നു മറുപടി. മെയിൽ അയച്ച് അനുമതി വാങ്ങണം. ആ സമയം ഒരു തീയതി നൽകും അന്നു ചെല്ലണം. ഞാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മെയിൽ അയച്ചു. എനിക്ക് മൂന്നു മാസം കഴിഞ്ഞുള്ള തീയ്യതി ആണ് ലഭിച്ചത്. എന്റെ ദുഖം വീണ്ടും ഇരട്ടിച്ചു. ശ്രീ എം നെ കാണാനുള്ള എന്റെ ആഗ്രഹം അത്ര അദമ്യമായിരുന്നു. കാത്തിരുപ്പ് എനിക്ക് അസഹ്യമായി. ഞാൻ വീണ്ടും നാഗരാജ് ബാബാജിയെയും, യോഗാനന്ദജിയെയും അഭയം പ്രാപിച്ചു. അവരോട് കരഞ്ഞ് യാചിച്ചു കൊണ്ടിരുന്നു.

ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിൽ ഒരു കാര്യം ഉടലെടുത്തു. മൂകാംബിക ക്കു പോകണം. പിന്നെ ഒന്നും ചിന്തിച്ചില്ല മൂകാംബിക ക്ക് വച്ചുപിടിച്ചു. മൂകാംബികയിലെത്തി ദർശനം കഴിഞ്ഞ് ഇറങ്ങുന്നതിനിടയിൽ. ഒരു പുസ്തക ശാലയിൽ വയസ്സായ ഒരു അമ്മ ഇരിക്കുന്നത് ശ്രദ്ധയിൽ പ്പെട്ടു. ശ്രദ്ധിക്കാൻ കാരണം അവർ കറുപ്പു വസ്ത്രമാണ് ഉടുത്തിരുന്നത്.
അവരുടെ പേര് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. ഞാൻ അവിടെ നിന്ന് 4 ഉപനിഷത്തുക്കൾ വാങ്ങി. അവർ എല്ലാമാസവും ശബരിമല പോകുമത്രെ അതിനാലാണ് കറുപ്പ് വസ്ത്രം. നല്ല കറ കളഞ്ഞ ഭക്തയാണ് അവർ. സർവ്വവും ഈശ്വരനിലർപ്പിച്ച് ജീവിക്കുന്നു. അവർ ഷിർദ്ദിസായി ബാബയുടെ ആരാധികയും, ഭക്തയും കൂടിയാണ്. സംസാരത്തിനിടക്ക് Sri m നെ കുറിച്ച് അവർ പരാമർശിക്കുകയുണ്ടായി. അവർ ശ്രീ എം നോട് ഫോണിലൂടെ നേരിട്ട് ' സംസാരിച്ച കാര്യവും പറഞ്ഞു. ഞാൻ എം നെ കാണാൻ മെയിൽ അയച്ച കാര്യം അവരോട് പറഞ്ഞു. ഡിസംബർ വരെ വെയ്റ്റ് ചെയ്യണം എന്ന് അല്പം വ്യസനത്തോടെ തന്നെ അവതരിപ്പിച്ചു. "എന്തിനാ സിസംബർ വരെ കാത്തിരിക്കുന്നത്?.'ശ്രീ എം അടുത്ത ആഴ്ച കോട്ടയത്ത് വരുന്നുണ്ടെന്നാണ് അറിഞ്ഞത് " അവരുടെ മറുപടി കേട്ട് എന്റെ ഹൃദയം ആഹ്ലാദത്താൽ ആനന്ദനൃത്തമാടി. അവർ എനിക്ക് ഒരു നമ്പർ തന്നു. ആ നമ്പറിൽ വിളിച്ചാൽ വിശദ വിവരങ്ങൾ അറിയുമെന്ന് പറഞ്ഞു.

ഞാൻ തിരികെ വീട്ടിലെത്തി ആ നമ്പറിൽ വിളിച്ചു. ശ്രീ എം വരുന്നുണ്ട്. മുൻകൂട്ടി അറിയിക്കാത്ത പെട്ടെന്നുള്ള പ്രോഗ്രാം ആണ് വരികയാണെങ്കിൽ നേരിട്ട് കാണാം എന്ന് പറഞ്ഞു. ഞാൻ അദ്ദേഹം പറഞ്ഞ തീയതിയിൽ കോട്ടയത്ത് എത്തി. ശ്രീ എം ഒരു വീട്ടിലായിരുന്നു തങ്ങിയിരുന്നത്. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം വീടിനു പുറത്ത് വെള്ളാരം കല്ലുകൾ പാകിയ നിലത്ത് ഇരിക്കുകയായിരുന്നു. കാവി ജുബ്ബയും വെള്ള മുണ്ടും വേഷം. ഏതോ പത്ര മാധ്യമം അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്ന തിരക്കിലായിരുന്നു. എന്നിൽ നിന്ന് കരച്ചിൽ അണ പൊട്ടി ഒഴുകി. ഞാൻ അടുത്തുള്ള മരത്തിൽ ചാരി  അദ്ദേഹത്തെ തന്നെ തുറിച്ചു നോക്കി നിന്നു. കൺകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി. അദ്ദേഹം ഇടക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. മണിക്കൂറുകളോളം ഞാൻ നിന്നു കരഞ്ഞു. അദ്ദേഹം അവിടെ നിന്നും മാമൻ മാപ്പിള ഹാളിലേക്ക് പോകാനായി തിരിച്ചു. അദ്ദേഹം നടന്നു വരവെ അദ്ദേഹത്തിന്റെ കാൽക്കൽ പ്രണമിച്ചു. " എവിടെ നിന്നു വരുന്നു" അദ്ദേഹം ചോദിച്ചു. "ഗുരുവായൂർ ". അദ്ദേഹം പുഞ്ചിരിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കമായിരുന്നു ആ ചിരി. പിന്നീട് ഒരുപാട് തവണ അദ്ദേഹത്തെ ദർശിച്ചു. അദ്ദേഹത്തിന്റെ കൃപയാൽ അദ്ദേഹം എനിക്ക് ക്രിയാ യോഗ ദീക്ഷ നൽകി. ഇപ്പോൾ 3 വർഷം കഴിഞ്ഞിരിക്കുന്നു ഞാനും അദ്ദേഹവുമായി ഉള്ള ബന്ധം ഇന്നും നിലക്കാതെ തുടരുന്നു.

 ശ്രീ ഗുരുഭ്യോ നമഃ


കടപ്പാട് : കണ്ണൻ കെ സുന്ദരൻ



No comments:

Post a Comment