Tuesday, August 22, 2017

ശ്രീരാമകഥാമൃതം - ( 21 ) സീതാപഹരണം

രാമന്‍റെ സ്വരത്തിലുളള നിലവിളി കേട്ട് രാമന് അപകടം പറ്റിയെന്ന് വിചാരിച്ച് സീത ലക്ഷ്മണനോട് ഉടനെ ജ്യേഷ്ഠന്‍റെ സഹായത്തിന് ചെല്ലുവാന്‍ പറഞ്ഞു. രാമനെ നന്നായിട്ടറിയാവുന്ന ലക്ഷ്മണന്‍ യാതൊരു പരിഭ്രമവും കൂടാതെ സീതയോടു പറഞ്ഞു : 'ഭവതി പരിഭ്രമിക്കേണ്ട. ഇതെല്ലാം രാക്ഷസ മായയാണ്. ത്രൈലോക്യാധിപതിയായ രാമനെ ഉപദ്രവിക്കുവാന്‍ ഇന്നു ലോകത്തിലാര്‍ക്കും സാധിക്കുകയില്ല.' സീത കോപാന്ധയായി ലക്ഷ്മണനെ ശകാരിച്ചു. 'ലക്ഷ്മണാ, ജ്യേഷ്ഠന്‍ മരിക്കണമെന്നാണോ നിന്‍റെ ആഗ്രഹം ? ജ്യേഷ്ഠനെ കൊന്ന് എന്നെ തട്ടിയെടുക്കാനാണോ നീ കൂടെ വന്നിട്ടുളളത് . അത് ഒരിക്കലും നടക്കുകയില്ല. ഞാന്‍ രാമനെയല്ലാതെ മറ്റാരെയും മനസ്സുകൊണ്ടു പോലും സ്മരിക്കുകയില്ല.' സീതയുടെ കര്‍ണ്ണാരുന്തുദങ്ങളായ വാക്കുകള്‍ കേട്ട് ദുഃഖിതനായ ലക്ഷ്മണന്‍ ചെവി പൊത്തി. സീതയുടെ രക്ഷയ്ക്ക് വനദേവതമാരെ ഏല്പിച്ച് അവിടെനിന്ന് രാമന്‍റെ അടുത്തേയ്ക്കു പോയി.
ആ സമയത്ത് രാവണന്‍ ജടാവല്ക്കലങ്ങള്‍ ധരിച്ച് ഒരു സന്ന്യാസിയുടെ രൂപത്തിൽ അവിടെ വന്നു. പര്‍ണ്ണശാലയില്‍ വന്ന സന്ന്യാസിയെ വേണ്ടതുപോലെ സ്വീകരിച്ചു സത്കരിച്ചതിനു ശേഷം സീത പറഞ്ഞു : കുറച്ചു നേരം ഇവിടെ വിശ്രമിക്കുക. രാമലക്ഷ്മണന്മാര്‍ ഇപ്പോള്‍ വരും. വന്നതിനു ശേഷം അങ്ങയുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തരും. സന്ന്യാസി ചോദിച്ചു : ഭവതി ആരാണ് ? എന്തിനാണ് ഈ വനത്തില്‍ വന്ന് ഒറ്റയ്ക്ക് താമസിക്കുന്നത് ? ഭവതിയുടെ രക്ഷയ്ക്ക് ആരാണിവിടെയുളളത് ?' സീത വര്‍ത്തമാനമെല്ലാം പറഞ്ഞതിനു ശേഷം സന്ന്യാസി ആരാണെന്നറിവാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. രാവണന്‍ വേഷം മാറി സ്വന്തം വേഷം ധരിച്ചു പറഞ്ഞു: 'സുന്ദരീ, ഞാന്‍ ലങ്കാധിപതിയായ രാവണനാണ്. ഭവതിയുടെ രൂപസൗന്ദര്യത്തേപ്പറ്റി കേട്ട് കാമപരവശനായി ഭവതിയെ ലങ്കയിലേക്കു കൊണ്ടുപോകുവാന്‍ വന്നിരിക്കയാണ്. കാട്ടില്‍ അലഞ്ഞു നടക്കുന്ന ഒരു മനുഷ്യനെ ഭര്‍ത്താവായി കിട്ടിയിട്ടെന്താണു കാര്യം ? നമുക്ക് ലങ്കയില്‍ പോയി ലങ്കാധിപതിയുടെ പ്രിയ പത്നിയായി സര്‍വ്വ സൗഭാഗ്യങ്ങളോടു കൂടി വാഴാം.' സീത പേടിച്ചു വിറച്ച് നിലവിളിക്കുവാന്‍ തുടങ്ങി. രാവണന്‍ അവളെയെടുത്തു വിമാനത്തിൽ കയറ്റി ലങ്കയിലേക്കു യാത്ര തുടര്‍ന്നു.
ആത്മാര്‍ത്ഥമായി തന്നെ സേവിക്കുന്നവനും, നിഷ്കളങ്ക മനസ്കനും നിരപരാധിയുമായ ലക്ഷ്മണന്‍റെ മനസ്സില്‍ വളരെയധികം വേദനയുണ്ടാകത്തക്കവണ്ണം ശകാരിച്ചതിന്‍റെ ഫലം ഉടനെ തന്നെ സീതയ്ക്കു കിട്ടി. കുട്ടിക്കാലം മുതല്ക്കേ ഒന്നിച്ചു വളര്‍ന്നിട്ടുളള ലക്ഷ്മണന് രാമന്‍റെ യാഥാര്‍ത്ഥ്യം തന്നേക്കാളധികം അറിയാമെന്നു സീത വിചാരിക്കേണ്ടതായിരുന്നു. അതുകൊണ്ട് ലക്ഷ്മണന്‍ പറഞ്ഞത് വിശ്വസിക്കേണ്ടതുമായിരുന്നു. അതില്ലാതെ, ലക്ഷ്മണന് തന്നോടും രാമനോടുമുളള ഭക്തി തെറ്റിദ്ധരിക്കുകയാണ് സീത ചെയ്തത്. അതാണ് സീതയ്ക്കു പറ്റിയ ആപത്തിനു കാരണം. ലക്ഷ്മണന് മനസ്സുകൊണ്ടു പോലും ആലോചിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പറഞ്ഞാണ് സീത ലക്ഷ്മണനെ വേദനിപ്പിച്ചത്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment