Sunday, August 27, 2017

ശ്രീരാമകഥാമൃതം ( 26 ) ഹനുമാന്‍റെ സമുദ്രലംഘനം

വാനരന്മാര്‍ സീതയെ അന്വേഷിച്ചു പിന്നെയും തെക്കോട്ടു തന്നെ പോയി. എവിടെയും സീതയെ കാണാതെ വിഷാദവും നിരാശയും പൂണ്ടു ദക്ഷിണ സമുദ്ര തീരത്തു ഒരു ഗുഹാ മുഖത്തു പ്രായോപവേശം ചെയ്തു. ഗുഹയുടെ ഉള്ളില്‍ നിന്ന് ചിറകുകളില്ലാത്ത ഒരു ഗൃധ്രരാജന്‍ വന്ന് ഇത്രയധികം വാനരന്മാരെ ഭക്ഷണമായി കിട്ടിയതില്‍ സന്തോഷിച്ചു. പക്ഷേ അവരുടെ സംഭാഷണത്തില്‍ ജടായുവിന്‍റെ കാര്യം പറയുന്നതു കേട്ട് അവരോടു വിവരമന്വേഷിച്ചു. അപ്പോഴാണ് രാമദൂതന്മാരായ അവര്‍ സീതാന്വേഷണത്തിനു പുറപ്പെട്ടിരിക്കുകയാണെന്നും, സീതയെ രക്ഷിക്കുവാനുളള ശ്രമത്തില്‍ ജടായു മരിച്ചുവെന്നും അറിയുന്നത്. താന്‍ ജടായുവിന്‍റെ ജ്യേഷ്ഠനായ സമ്പാതിയാണെന്നു പറഞ്ഞ് തന്നെ കടലിലേക്ക് എടുക്കണമെന്ന് അപേക്ഷിച്ചു. കടലില്‍ കുളിച്ചു ജടായുവിന്‍റെ പ്രേതക്രിയകള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ സമ്പാതിക്കു ചിറകുകളുണ്ടായി. അങ്ങനെയായിരുന്നു ഗൃധ്രരാജന് കിട്ടിയിരുന്ന അനുഗ്രഹം. ഉടനെ സമ്പാതി വളരെ ഉയരത്തില്‍ പറന്ന് വാനനിരീക്ഷണം നടത്തുകയും അശോകവനികയിലിരിക്കുന്ന സീതയെ കാണുകയും ചെയ്തു.
''ലങ്കയില്‍ രാവണരാജധാനിയിലെ അന്തഃപുരത്തിലെ അശോകവനികയില്‍ സീതാദേവി ദുഃഖിതയായിരിക്കുന്നത് ഞാന്‍ കണ്ടു. നിങ്ങൾ കടല്‍ കടന്ന് അവിടെ പോയി, ദേവിയെ സമാധാനിപ്പിച്ച് ശ്രീരാമചന്ദ്രനെ വിവരം അറിയിക്കണം'' എന്ന് മടങ്ങി വന്ന് വാനരന്മാരോടു പറഞ്ഞു.
സമ്പാതിയുടെ വാക്കു കേട്ട് നൂറുയോജന വിസ്താരമുള്ള കടല്‍ കടക്കുവാനുള്ള ആലോചനയായി. ആര്‍ക്കും അതിനുളള ശക്തിയോ ധൈര്യമോ ഇല്ലെന്നായപ്പോള്‍ ജാംബവാന്‍ ഹനുമാന്‍റെ അടുത്തു ചെന്നു. ഹനുമാനുള്ള അമാനുഷിക ശക്തികളേപ്പറ്റി പുകഴ്ത്തി പറഞ്ഞ് ഹനുമാനില്‍ ആത്മ ധൈര്യവും ആത്മവിശ്വാസവും ഉണ്ടാക്കി. താന്‍ സമുദ്രം ചാടിക്കടന്ന് ലങ്കയില്‍ പോയി രാവണനെ കൊന്ന് സീതയെ കൊണ്ടു വരാമെന്ന് ഹനുമാന്‍ പറഞ്ഞു എങ്കിലും ജാംബവാന്‍ അതിനെ എതിര്‍ത്തു. ലങ്കയില്‍ പോയി ജാനകിയെ കണ്ടു സമാധാനിപ്പിച്ച് ലങ്കയെല്ലാം നോക്കിക്കണ്ടു വന്നാല്‍ മതിയെന്നും രാവണനെ കൊല്ലാൻ ശ്രീരാമനുണ്ടെന്നും പറഞ്ഞ് ഹനുമാനെ യാത്രയാക്കി. മഹേന്ദ്രപര്‍വ്വതത്തിന്‍റെ മുകളിൽ കയറി രാമനാമം ജപിച്ചുകൊണ്ട് ഹനുമാന്‍ ഒറ്റക്കുതിപ്പ്. ലങ്കയിലെത്തി ലങ്കാലക്ഷ്മിയെ ജയിച്ചു. ലങ്കയില്‍ പ്രവേശിച്ചു.
ആത്മവിദ്യയെ പ്രാപിക്കാനാഗ്രഹിച്ച് പലരും പുറപ്പെടാറുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്കു മാത്രമേ അവിടെ എത്തുവാന്‍ സാധിക്കാറുള്ളൂ. *ആത്മജ്ഞാനം ഉണ്ടാകണമെങ്കില്‍ ഒരുവന്‍ സംസാര സമുദ്രത്തെ തരണം ചെയ്യേണ്ടിയിരിക്കുന്നു. അതിനു പലര്‍ക്കും സാധിക്കുന്നില്ല. ഭഗവാന്‍റെ നാമം നാവിലും ഭഗവത്സ്മരണം മനസ്സിലും ഭഗവന്മൂര്‍ത്തി ഹൃദയത്തിലും ഉള്ളവര്‍ക്ക് എളുപ്പത്തിൽ സംസാരത്തെ തരണം ചെയ്ത് ആത്മവിദ്യയെ പ്രാപിക്കുവാൻ സാധിക്കുന്നു.* അതാണ് ഹനുമാന്‍റെ സമുദ്ര ലംഘനം കാണിക്കുന്നത്. *ഈശ്വരാനുഗ്രഹം ഉള്ളവര്‍ക്ക് അത് എളുപ്പവുമാണ്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment