Tuesday, August 15, 2017

ശ്രീരാമകഥാമൃതം ( 14 ) - ഭരതന്‍റെ പ്രതികരണം

പുത്രന്മാരടുത്തില്ലാത്ത സമയത്തുളള രാജാവിന്‍റെ നിര്യാണം കുറച്ച് പരിഭ്രമമുണ്ടാക്കിത്തീര്‍ത്തുവെങ്കിലും വസിഷ്ഠന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഉടനെ ദൂതന്മാരെ അയച്ച് ഭരതനെ വരുത്തി. ഭരതൻ വന്നപ്പോൾ അയോദ്ധ്യയെ ശോകമൂകമായി കണ്ടു സംഭ്രമിച്ചു. അച്ഛന്‍ അമ്മയുടെ കൊട്ടാരത്തിൽ ഉണ്ടാകുമെന്നു വിചാരിച്ച് അവിടെ ചെന്നു. കൈകേയി വളരെ സന്തോഷത്തോടു കൂടി വന്ന് സ്വീകരിച്ചു എങ്കിലും അച്ഛനെ കാണാനായിരുന്നു ഭരതന് തിടുക്കം. അവസാനം കൈകേയിക്ക് പറയേണ്ടി വന്നു രാമനെയും സീതയേയും ലക്ഷ്മണനേയും വിളിച്ചു വിലപിച്ചുകൊണ്ട് അച്ഛന്‍ ദേഹത്യാഗം ചെയ്തുവെന്ന്. ദുഃഖപരവശനായ ഭരതന്‍ സീതാരാമലക്ഷ്മണന്മാരെവിടെപ്പോയി എന്നു ചോദിച്ചപ്പോൾ കൈകേയി പറഞ്ഞു : 'മകനേ, നീ ഒട്ടും വ്യസനിക്കരുത്. അച്ഛന്‍ നമ്മളെ അറിയിക്കാതെ രാമന് അഭിഷേകം തുടങ്ങുവാന്‍ തീര്‍ച്ചപ്പെടുത്തി. അപ്പോള്‍ ഞാന്‍ പണ്ട് ദേവാസുര യുദ്ധത്തിൽ അച്ഛനെ രക്ഷിച്ചിട്ടുളളതിന് പ്രതിജ്ഞ ചെയ്തിട്ടുളള രണ്ടു വരങ്ങളില്‍ ഒന്നു കൊണ്ടു നിന്നെ രാജാവാക്കി അഭിഷേകം ചെയ്യണമെന്ന് അപേക്ഷിച്ചു. മറ്റൊന്നുകൊണ്ട് രാമനെ പതിനാലു വര്‍ഷം കാട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് കാട്ടിലേക്ക് അവര്‍ അച്ഛന്‍റെ സത്യ സംരക്ഷണത്തിനായി പോയിരിക്കയാണ്. നീ ഇവിടെ രാജ്യം ഭരിച്ച് സുഖമായിരിക്കുക.'
ഇതു കേട്ടതോടു കൂടി ഭരതന്‍ ഞെട്ടിപ്പോയി. ജ്യേഷ്ഠന്‍റെ വനവാസത്തിനും അതു മൂലമുണ്ടായ അച്ഛന്‍റെ മരണത്തിനും അമ്മയാണ് കാരണമെന്നറിഞ്ഞപ്പോള്‍ കോപാക്രാന്തനായ ഭരതന്‍, കൈകേയിയെ നിന്ദിക്കുവാനും ശകാരിക്കുവാനും തുടങ്ങി. 'ഭര്‍ത്താവിനെ കൊന്ന പാപേ! മഹാഘോരേ! നിസ്ത്രേപേ, നിര്‍ദ്ദയേ, ദുഷ്ടേ! നിശാചരീ' എന്നെല്ലാം ശകാരിക്കുവാനും തുടങ്ങി. കൈകേയിയുടെ വയറ്റില്‍ വന്നു പിറന്ന മഹാപാപിയാണ് താനെന്നും ജ്യേഷ്ഠന് ഇഷ്ടമാകുകയില്ലെന്ന് വിചാരിച്ചാണ് താനിപ്പോള്‍ കൈകേയിയെ വധിക്കാത്തതെന്നും മറ്റും ഭരതന്‍ വളരെ അധിക്ഷേപിച്ചു സംസാരിച്ചു. ഇതു കേട്ടപ്പോള്‍ കൈകേയിക്കുണ്ടായ നിരാശയും ദുഃഖവും ആലോചിക്കുകയാണ് നല്ലത്. അത് വിചാരിക്കുവാനോ വിസ്തരിക്കുവാനോ സാദ്ധ്യമല്ല.
പുത്രവാത്സല്യം നിമിത്തം മറ്റുളളവരുടെ ഏഷണി കേട്ട് ധര്‍മ്മത്തിനെതിരായി പ്രവര്‍ത്തിക്കുവാനാഗ്രഹിച്ച കൈകേയിയുടെ അനുഭവം നല്ലൊരു പാഠമാകേണ്ടതാണ്. *രാജമാതാവായി സര്‍വ്വസൗഭാഗ്യങ്ങളും അനുഭവിക്കണമെന്നാഗ്രഹിച്ച കൈകേയി അധര്‍മ്മാചരണത്തിന്‍റെ ഫലമായി എല്ലാവരുടെയും തിരസ്ക്കാരത്തിനും നിന്ദയ്ക്കും അപമാനത്തിനും പാത്രമായി പശ്ചാത്തപിക്കേണ്ടി വന്നതുകൊണ്ട് നമുക്ക് പഠിക്കാനുളളത് അന്യരുടെ ഏഷണി കേള്‍ക്കരുതെന്നും അതിസ്നേഹവും അധര്‍മ്മവും ഉപേക്ഷിക്കണമെന്നുമാണ്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment