Friday, August 18, 2017

ശ്രീരാമകഥാമൃതം - ( 17 ) കാമം ആപത്തുകള്‍ക്കു കാരണമാകുന്നു

ചിത്രകൂടത്തില്‍ ഇനിയും പൗരജനങ്ങള്‍ വന്നെങ്കിലോ എന്നു ഭയപ്പെട്ട് ശ്രീരാമന്‍ പിന്നെയും തെക്കോട്ടു യാത്ര ചെയ്തു. വഴിക്ക് വൈശ്രവണന്‍റെ ശാപം കൊണ്ടു രാക്ഷസനായിത്തീര്‍ന്ന തുംബുരു എന്ന ഗന്ധര്‍വ്വന് ശാപമോക്ഷം നല്‍കി. വിരാധനേയും ശാപമുക്തനാക്കി. ശരഭംഗമഹര്‍ഷിയെയും സുതീക്ഷ്ണമുനിയെയും കണ്ട് അനുഗ്രഹം വാങ്ങി അവരുടെ നിര്‍ദ്ദേശപ്രകാരം ദണ്ഡകാരണ്യത്തിലെത്തി. രാമലക്ഷ്മണന്മാരുടെ ആഗമനം കൊണ്ട് സന്തുഷ്ടരായ മഹര്‍ഷിമാര്‍ അവിടെയുളള രാക്ഷസന്മാരുടെ ഉപദ്രവങ്ങളെ പറ്റിയെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ശ്രീരാമന്‍ അവര്‍ക്ക് അഭയം വാഗ്ദാനം ചെയ്തു.
ലക്ഷ്മണന്‍ അവിടെ മനോഹരമായ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കി. അവിടെ താമസം തുടങ്ങി. രാവണന്‍റെ സഹോദരിയായ ശൂര്‍പ്പണഖ താമസിക്കുന്ന സ്ഥലമായിരുന്നു അത്. അതിസുന്ദരകളേബരനും ലോകാഭിരാമനുമായ ശ്രീരാമനെ കണ്ട് ശൂര്‍പ്പണഖ കാമപരവശയായി. അവള്‍ രാമനെ സമീപിച്ച് തന്നെ ഭാര്യയായി സ്വീകരിക്കുവാനപേക്ഷിച്ചു. പരിഹാസമായി ചിരിച്ചു കൊണ്ട് രാമന്‍ അല്പം തമാശയുണ്ടാക്കുവാനാഗ്രഹിച്ച് പറഞ്ഞു, 'ഞാന്‍ വിവാഹിതനാണ്. ഭാര്യ കൂടെയുണ്ട്. ഞാന്‍ നിന്നെ വിവാഹം ചെയ്താല്‍ സപത്നീ കലഹവുമുണ്ടാകും. അതുകൊണ്ട്, അതിസുന്ദരനായ എന്‍റെ അനുജന്‍ അപ്പുറത്തുണ്ട്. അയാൾ ഒറ്റയ്ക്കാണ്. ഒരു ഭാര്യയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ ചെല്ലൂ.'
അതുകേട്ട് ശൂര്‍പ്പണഖ ലക്ഷ്മണനെ സമീപിച്ചു. അപ്പോള്‍ ലക്ഷ്മണന്‍ പറഞ്ഞു : ഞാനൊരു ദാസനാണ്. എന്നെ വിവാഹം ചെയ്താല്‍ നീയൊരു ദാസിയായിത്തീരും. അതു ശരിയല്ല, ജ്യേഷ്ഠനോടു നിന്നെ ഇളയ ഭാര്യയായി സ്വീകരിക്കുവാന്‍ പറയൂ. നിനക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകും.' ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും കുറച്ചു പ്രാവശ്യം നടന്നപ്പോള്‍ സീതയുളളതുകൊണ്ടല്ലേ രാമന്‍ തന്നെ സ്വീകരിക്കാത്തത് എന്നു വിചാരിച്ച് സീതയെ ചെന്നു പിടിച്ചു. സീത വിലപിക്കുവാന്‍ തുടങ്ങിയപ്പോൾ രാമന്‍ പറഞ്ഞു: ലക്ഷ്മണാ, തമാശ മതിയാക്കൂ. ഇവളെ വിരൂപയാക്കി വിടൂ.' ലക്ഷ്മണന്‍ ഉടനെ വാളെടുത്തു രാക്ഷസിയുടെ മൂക്കും കാതും അരിഞ്ഞു വിരൂപയാക്കിത്തീര്‍ത്തു. ശൂര്‍പ്പണഖ വേദന സഹിക്കവയ്യാതെ ചോരയൊലിപ്പിച്ചുകൊണ്ട് അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു.
'കാമനു കണ്ണില്ല' എന്നൊരു പഴമൊഴിയുണ്ട്. ഒരു മനുഷ്യനെ കണ്ട് ഔചിത്യാനൗചിത്യങ്ങളെപ്പറ്റിയൊന്നും ആലോചിക്കാതെ പെരുമാറിയതു കൊണ്ട് ആപത്തില്‍ ചെന്നു ചാടി. രാമലക്ഷ്മണന്മാരുടെ പരിഹാസപൂര്‍വ്വമായ ഒരു തമാശയാണ് പിന്നീടുണ്ടായ എല്ലാ സംഭവങ്ങള്‍ക്കും ആപത്തുകള്‍ക്കും കാരണമായത്. അതുകൊണ്ട് കളിയായിട്ടാണെങ്കിലും മറ്റുളളവര്‍ക്കു വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്. അതു പിന്നീട് ആപത്തുകള്‍ക്ക് കാരണമാകും. രാവണസോദരിയായ ശൂര്‍പ്പണഖയുടെ വികാരപാരവശ്യത്തോടുകൂടിയുളള അവിവേക പ്രവൃത്തിയാണ് അവള്‍ക്ക് ആപത്തു വരുത്തി വച്ചത്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment