Saturday, August 12, 2017

ശ്രീരാമകഥാമൃതം ( 11 ) ഗുഹസമാഗമം

ശ്രീരാമന്‍ വനത്തിലേക്കു പുറപ്പെട്ടു പോകുന്നതു കണ്ട് പൗരജനങ്ങളെല്ലാം വളരെ ദുഃഖാകുലരായി. ദശരഥൻ പിന്നിൽ നിന്ന് സുമന്ത്രരോട് തേരു നിര്‍ത്താന്‍ ആവശ്യപ്പെട്ടു എങ്കിലും ശ്രീരാമന്‍റെ നിര്‍ദ്ദേശമനുസരിച്ച് തേരു നിര്‍ത്താതെ ഓടിച്ചുപോയി. പക്ഷേ പൗരജനങ്ങള്‍ തങ്ങളും കാട്ടിലേക്കു വരുന്നുണ്ടെന്നു പറഞ്ഞ് തേരിനെ അനുഗമിച്ചു. എല്ലാവരും കൂടി രാത്രി തമസാനദീതീരത്തെത്തി. രാത്രി അവിടെ കഴിച്ചുകൂട്ടുവാന്‍ തീര്‍ച്ചപ്പെടുത്തി. അര്‍ദ്ധരാത്രിക്കു രാമന്‍ ഉണര്‍ന്നു നോക്കുമ്പോള്‍ എല്ലാവരും ഗാഢനിദ്രയിലാണെന്നു കണ്ടു. പ്രഭാതമായാല്‍ എല്ലാവരും തന്‍റെ കൂടെ വരുമെന്നും അതിനു മുന്‍പ് അവരറിയാതെ അവിടെനിന്നു പോകുന്നതാണ് നല്ലതെന്നു തീര്‍ച്ചപ്പെടുത്തി. സുമന്ത്രനെ വിളിച്ച് തേരു കൊണ്ടുവരുവാന്‍ പറഞ്ഞു. രാത്രി ആരുമറിയാതെ സീതാദേവിയും രാമലക്ഷ്മണന്മാരും തേരിലേറി. അയോദ്ധ്യാഭിമുഖമായി തേരുതെളിക്കുവാന്‍ പറഞ്ഞു. സുമന്ത്രന്‍ അനുസരിച്ചു. കുറച്ചു ദൂരം പോയപ്പോള്‍ രാമന്‍, വേറെ വഴിയിലൂടെ തേരു തെക്കോട്ടു തന്നെ തെളിക്കുവാന്‍ പറഞ്ഞു. പൗരജനങ്ങള്‍ തങ്ങളെ അനുഗമിക്കാതിരിക്കുവാന്‍ രാമന്‍ ചെയ്ത ഉപായമാണ് അത്. പൗരജനങ്ങള്‍ രാവിലെ രാമനെ കാണാതെ ദുഃഖാകുലരായി മടങ്ങിപ്പോയി.
പ്രഭാതമായപ്പോള്‍ അവര്‍ ഗംഗാതീരത്തുള്ള ശൃംഗിവേരപുരത്തെത്തി. ഗംഗാസ്നാനം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് ശൃംഗിവേരാധിപനായ ഗുഹന്‍ രാമാഗമന വാര്‍ത്തയറിഞ്ഞ് അവിടെ വന്നു. ഭക്തനായ ഗുഹന്‍ രാമനെ നമസ്കരിച്ച് സത്കരിച്ച് വനവാസക്കാലം മുഴുവൻ അവിടെ കഴിച്ചു കൂട്ടുവാന്‍ അപേക്ഷിച്ചു. പതിനാലുകൊല്ലം ഗ്രാമത്തിലോ നഗരത്തിലോ താമസിക്കയില്ലെന്നും വനവാസത്തിനാണ് തങ്ങള്‍ വന്നിട്ടുളളതെന്നും പറഞ്ഞ് ആ അപേക്ഷ ശ്രീരാമന്‍ നിരസിച്ചു. അദ്ദേഹം ഗുഹനെ സസ്നേഹം ആലിംഗനം ചെയ്ത് സന്തോഷിപ്പിച്ചു. അന്നു രാത്രി അവരെല്ലാം അവിടെ വിശ്രമിച്ചു.
സുമന്ത്രനു മടങ്ങിപ്പോകാന്‍ സമ്മതമുണ്ടായിരുന്നില്ലെങ്കിലും രാമന്‍ നിര്‍ബന്ധിച്ച് അദ്ദേഹത്തെ മടക്കി പറഞ്ഞയച്ചു. അച്ഛനും കൈകേയിക്കുമുളള സന്ദേശവും കൊടുത്തയച്ചു. അടുത്ത ദിവസം രാവിലെ നിത്യകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് ഗുഹനോടു തോണി കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഗുഹന്‍ നല്ല ഒരു തോണി കൊണ്ടുവന്ന് മൂന്നു പേരെയും അതില്‍ കയറ്റി ഗംഗാനദി കടത്തി. തന്നെയും കൂടെ വരുവാന്‍ അനുവദിക്കണമെന്ന് ഗുഹന്‍ അപേക്ഷിച്ചു എങ്കിലും പതിനാലു വര്‍ഷം വനവാസം കഴിഞ്ഞു മടങ്ങുമ്പോള്‍ കാണാമെന്നു പറഞ്ഞ് രാമന്‍ ഗുഹനെ സമാധാനിപ്പിച്ച് സന്തോഷമായി തിരിച്ചയച്ചു.
രാമന്‍ പിന്നീട് അടുത്തുതന്നെയുളള ഭരദ്വജാശ്രമത്തില്‍ ചെന്നു. ജ്ഞാനദൃഷ്ടി കൊണ്ട് എല്ലാം കണ്ടറിഞ്ഞ മഹര്‍ഷി രാമനെ ഭക്തിപൂര്‍വ്വം സ്വീകരിച്ച് സല്‍ക്കരിച്ച് കുശലപ്രശ്നങ്ങള്‍ ചെയ്തു. തന്‍റെ ആശ്രമത്തെ സജീവ സാന്നിദ്ധ്യം കൊണ്ട് പാവനമാക്കിത്തീര്‍ത്തതിലുളള സന്തോഷവും കൃതജ്ഞതയും അറിയിക്കുകയും ചെയ്തു. ഒരുദിവസം അവിടെ താമസിച്ച് അടുത്ത ദിവസം രാവിലെ സീതാലക്ഷ്മണ സഹിതനായ രാമന്‍ യാത്ര തുടര്‍ന്നു.

No comments:

Post a Comment