Monday, July 31, 2017

ശ്രീരാമകഥാമൃതം - അവതാരം (1 )


നമോസ്തു രാമചന്ദ്രായ 
രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ 

സീതായ പതയേ നമഃ



ലോകാഭിരാമനായ ശ്രീരാമചന്ദ്രന്‍റെ ദിവ്യമായ ജന്മത്തേയും കര്‍മ്മത്തേയും പറ്റി ആലോചിക്കാനും കീര്‍ത്തിക്കാനുമുളള സമയമാണ് കര്‍ക്കിടകമാസം.
ദശരഥ മഹാരാജാവിന് കൗസല്യ, സുമിത്ര, കൈകേയി എന്നീ മൂന്നു ഭാര്യമാരുണ്ടായിട്ടും പുത്രന്മാരുണ്ടായില്ല. അതുകൊണ്ട് അദ്ദേഹം വസിഷ്ഠന്‍റെ നിര്‍ദ്ദേശപ്രകാരം ഋഷ്യശൃംഗ മഹര്‍ഷിയെ വരുത്തി പുത്രലാഭത്തിനായി പുത്രകാമേഷ്ടി യാഗം നടത്തി. യാഗാഗ്നിയില്‍ നിന്ന് ഒരു ദിവ്യപുരുഷന്‍ പൊങ്ങിവന്ന് ഒരു പായസപാത്രം രാജാവിന് കൊടുത്ത്, ഇത് ഭവാന്‍റെ ഭാര്യമാര്‍ക്ക് കൊടുക്കുക എന്ന് പറഞ്ഞു. ദൈവികാംശമുളള പായസം അദ്ദേഹം തന്‍റെ ഭാര്യമാരായ കൗസല്യയ്ക്കും കൈകേയിക്കും ഭാഗിച്ചു കൊടുത്തു. അവര്‍ രണ്ടുപേരും അതില്‍ ഓരോ ഭാഗം മറ്റൊരു ഭാര്യയായ സുമിത്രയ്ക്കും കൊടുത്തു. ഇങ്ങനെ നാലു ഭാഗമായിത്തീര്‍ന്ന ദിവ്യമായ ആ പായസം കഴിച്ച് രാജ്ഞിമാര്‍ ഗര്‍ഭിണികളായി. അതിന്‍റെ ഫലമായി അവര്‍ പ്രസവിച്ച നാലുപേരാണ് സാക്ഷാൽ *നാരായണന്‍റെ അവതാരമായ ശ്രീരാമചന്ദ്രനും, അനന്തന്‍റെ അവതാരമായ ലക്ഷ്മണനും, ആയുധങ്ങളായ ശംഖുചക്രങ്ങള്‍ രൂപം ധരിച്ച ഭരത ശത്രുഘ്നന്മാരും.

അവരുടെ മനോഹര കഥയാണ് രാമായണം. ആ രാമായണം നിത്യവും പാരായണം ചെയ്യുന്ന സ്ഥലങ്ങളില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍റെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകും. 'മദ്ഭക്താ യത്ര ഗായന്തി തത്ര നിത്യം തത്ര വസാമ്യഹം' എന്ന് ഭഗവാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഭഗവാന്‍റെ സാന്നിദ്ധ്യമുളളിടത്ത് ഐശ്വര്യദേവതയായ ലക്ഷ്മീ ഭഗവതിയും ഉണ്ടായിരിക്കും. അങ്ങനെ ക്ഷാമകാലമായ കര്‍ക്കിടക മാസത്തില്‍ ഭഗവാന്‍റെ അനുഗ്രഹവും ഐശ്വര്യ ദേവതയുടെ സാന്നിദ്ധ്യവും ഉണ്ടാകണം. ഈ പഞ്ഞ മാസത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും ഇല്ലാതാകണം എന്നു വിചാരിച്ചിട്ടാണ് എല്ലാ വീടുകളിലും കര്‍ക്കിടക മാസത്തില്‍ രാമായണം വായന നടന്നിരുന്നത്. പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ അതിപ്രസരം കൊണ്ട് നഷ്ടപ്പെട്ട ശീലം ഇന്ന് പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു. വീടുകളിൽ മാത്രമല്ല, പല ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ഇന്ന് രാമായണ പാരായണ പ്രഭാഷണങ്ങള്‍ നടക്കുന്നുണ്ട്.

സര്‍വ്വേശ്വരന്‍റെ അവതാരമായ ശ്രീരാമചന്ദ്രനെ ആശ്രയിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് നമ്മുടെ മനസ്സിലും ദൈവീക സമ്പത്തായ ഈശ്വരീയ ഗുണങ്ങള്‍ ഉണ്ടാകും. ഈശ്വരീയ ഗുണങ്ങള്‍ കൊണ്ട് സുപ്രസന്നമായിത്തീരുന്ന മനസ്സില്‍ സര്‍വ്വഥാ ശാന്തിയും സമാധാനവും ഉണ്ടാകും. സാര്‍വജനീനമായ ആദര്‍ശങ്ങളും പാഠങ്ങളും നല്‍കുന്ന ഒരു പുണ്യഗ്രന്ഥമാണ് രാമായണം. ജാതി മതാദി ഭേദങ്ങളൊന്നും അതിനെ ബാധിക്കുന്നില്ല.
(തുടരും) 



തൃശൂർ ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച മൃഡാനന്ദസ്വാമികളുടെ ശ്രീരാമകഥാമൃതം എന്ന ചെറുപുസ്തകമാണ് ഈ വിവരണങ്ങൾക്ക് ആധാരം.


Sunday, July 30, 2017

ധര്‍മശാസ്താവും ശാസ്തൃതത്ത്വവും

തിപുരാതനമാണ് ശബരിമലക്ഷേത്രം. പരശുരാമപ്രതിഷ്ഠിതമെന്നാണ് പരമ്പരാഗതമായ വിശ്വാസം. ശിവശക്ത്യാത്മകമായ ഈശ്വരഭാവനയാണ്, ധര്‍മശാസ്തൃസങ്കല്‍പ്പം. അതു വിഷ്ണുമഹേശശക്തി സംപുടിതമായ ഏകസന്താനമായി ചിത്രീകരിച്ചതായി ക്കൂടെന്നില്ല . വിഷ്ണു വിശ്വരൂപനാണ്. ശിവന്‍ അഷ്ടമൂര്‍ത്തിയാണ്. ഹരിഹരന്മാരുടെ സാരം ഒന്നിച്ചുചേര്‍ന്ന ദേവനാണ് ശാസ്താവ്. മഹിഷീശാപ മോചനത്തിനായി ശാസ്താവ് സ്വയംഭൂവായി അവതരിച്ചതാണ് അയ്യപ്പന്‍. ധര്‍മശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ യോഗിയും ബ്രഹ്മചാരിയും ആയിരുന്നു. ഭഗവാന്‍ അയ്യപ്പനാല്‍ ശുദ്ധീകരിക്കപ്പെട്ട മഹിഷി അല്ലെങ്കില്‍ വിഷ്ണുമോഹിനി മാളികപ്പുറത്തമ്മയിലും, അവതാരോദ്ദേശ്യമെല്ലാം സാധിച്ചശേഷം ഒരു തേജഃപുഞ്ജമായി അയ്യപ്പന്‍ ശാസ്താവിലും വിലയിച്ചുവെന്നു വിശ്വസിച്ചുപോരുന്നു.

വലതുകൈ കൊണ്ട് തള്ളവിരലും ചൂണ്ടാണിവിരലും ചേര്‍ത്തു ചിന്‍മുദ്ര കാണിച്ചുകൊണ്ട് വിരാജിക്കുന്ന രൂപത്തിലാണ് ധര്‍മശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. തള്ളവിരലിനെ ആത്മാവായും ചൂണ്ടാണിവിരലിനെ ജീവനായും കല്പിച്ചിരിക്കുന്നു. കോപാവേശത്തില്‍ ഉയര്‍ത്തിക്കാട്ടാറുള്ള ചൂണ്ടുവിരല്‍, അടങ്ങിമടങ്ങിയിരിക്കുന്നത് അജ്ഞാനാവരണം നീങ്ങിയ ജീവന്‍ സ്വരൂപാവസ്ഥയെ പ്രാപിക്കുന്നതിന്റെ ജ്ഞാപകമാണ്. ആത്മസാക്ഷാത്കാരം സിദ്ധിച്ചാല്‍ ആത്മാവും ജീവനും തമ്മിലുള്ള ദൂരം മായകൊണ്ടു തോന്നിക്കുന്നത് മാത്രമാണെന്നും, വാസ്തവത്തില്‍ ദൂരമില്ലെന്നുമുള്ളതിന്റെ സൂചനയാണ് വിരലുകള്‍ക്കിടയിലുള്ള ശൂന്യാവസ്ഥ.

ശബരിമല തീര്‍ഥാടനത്തിന്റെ സന്ദേശം- 
ക്ലേശസഹിഷ്ണുവായി ബ്രഹ്മചര്യബലത്തോടെ അധര്‍മം നശിപ്പിക്കുവാന്‍ കരുത്താര്‍ജിച്ച്, ധര്‍മം സ്ഥാപിക്കുകയാണ് തങ്ങളുടെ ഉന്നമെന്ന് മലയാത്രയിലെ ചടങ്ങുകള്‍ സൂചിപ്പിക്കുന്നു. അയ്യപ്പന്മാരുടെ ഇടയ്ക്ക് സ്ഥാനവലിപ്പത്തിനോ ജാതിശ്രേഷ്ഠതയ്‌ക്കോ സ്ഥാനമില്ല. എല്ലാ ജീവരാശികളിലും ഈശ്വരനെ കണ്ടെത്തുവാനാണ് ശബരിമല തീര്‍ഥാടനവും വ്രതാനുഷ്ഠാനങ്ങളും ഉദ്‌ബോധിപ്പിക്കുന്നത്.

ഒരു മതമൊരു ദൈവം ജാതിയൊന്നൊന്നില്‍ നിന്നാ-
ണുരുതിരിവിതു സര്‍വം ചെന്നുചേരുന്നതൊന്നില്‍
കരുതരുതൊരുഭേദം നമ്മളന്യോന്യമെല്ലാ-
വരുമൊരു മഹിമാവിന്‍ പൂര്‍ണതാദാത്മ്യമത്രേ
                                                                                                  (ആര്യാമൃതം)
വൈരുധ്യങ്ങളും വൈവിധ്യങ്ങളും വെടിഞ്ഞ് അവിദ്യാവാസനയാലുള്ള മാലിന്യങ്ങളെ ശരണംവിളികൊണ്ട് ദൂരീകരിച്ച്, സമസൃഷ്ടങ്ങളെ ഭഗവദര്‍പ്പണബുദ്ധിയോടുകൂടി, അയ്യപ്പന്മാരായി കണ്ട്, ആകൃതിയിലും പ്രകൃതിയിലും സമാനരായി - സമദര്‍ശികളായിട്ടാണ് - അവരുടെ തീര്‍ഥയാത്ര.അനാര്‍ഭാടമായ കറുത്ത വേഷം ജീവിതവിരക്തിയേയും, പ്രാര്‍ഥനാനിരതത്വം ആത്മീയജീവിതചര്യയേയും. ഇരുമുടിക്കെട്ടിന്റെ മുന്‍ഭാഗം തീര്‍ഥാടനമാര്‍ഗത്തേയും, പിന്‍ഭാഗം ജീവിതപ്രാരാബ്ധങ്ങളേയും കാണിക്കുന്നു. സത്യധര്‍മങ്ങളില്‍നിന്ന് വ്യതിചലിക്കാതെ, സന്നിധാനത്തെ മാത്രം ലക്ഷ്യമാക്കി, ഏകാഗ്രധ്യാനനിഷ്ഠയോടും, വ്രതാനുഷ്ഠാനത്തോടും പതറാത്ത മനസ്സോടും കൂടി മല ചവിട്ടുന്ന അയ്യപ്പന്മാര്‍ സമഭാവനയെ വളര്‍ത്തി, നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുവാന്‍ ശ്രമിക്കുകയാണ്.


പതിനെട്ടാംപടിയുടെ തത്ത്വരഹസ്യം
പുരാണങ്ങള്‍ 18 ആകുന്നു. ഭാരതത്തിന് 18 പര്‍വങ്ങളുണ്ട്. ഗീത 18 അധ്യായങ്ങളോടു കൂടിയതാണ്. ശബരിമല സന്നിധാനത്തിലെ തൃപ്പടികളും 18 ആണ്. സത്യധര്‍മങ്ങളാണ് തൃപ്പടിയിലെ അധിഷ്ഠാനദേവതകള്‍. 18 തൃപ്പടിയിലെ ആദ്യത്തെ 17 പടികള്‍ ശരീരത്തിന്റെ 17 ഘടകങ്ങളുടെ ഉദ്‌ബോധനങ്ങളാണ്. ഈ ശരീരഘടകങ്ങളും, അവയുടെ വൃത്തികളുമാണ് ജീവന്ന് ഈശ്വരദര്‍ശനത്തിന് പ്രതിബന്ധമായി നില്‍ക്കുന്നത്. അവയെ അതിലംഘിച്ചാലേ ഈശ്വരസാക്ഷാത്കാരം ഉണ്ടാവുകയുള്ളൂ എന്ന തത്ത്വരഹസ്യത്തിന്റെ ജ്ഞാപകമാണ് 17 പടികള്‍. 18ാംപടി ജീവാത്മാതത്ത്വമാണ്. ജീവാത്മാഭാവത്തേയും അതിക്രമിക്കുമ്പോഴാണ് ഈശ്വരസാക്ഷാത്കാരം ഉണ്ടാകുന്നത്. ശാന്തിപ്രദങ്ങളായ ഈ തത്ത്വങ്ങളെ ഉദ്‌ബോധിപ്പിക്കുന്നവയാണ് പൊന്നുപതിനെട്ടാം പടി. ഇത്തരം അനേകം തത്ത്വ രഹസ്യങ്ങള്‍ ശബരിമല തീര്‍ഥാടനത്തിലും വ്രതാനുഷ്ഠാനങ്ങളിലും ഒളിഞ്ഞുകിടക്കുന്നുണ്ട്.


പേട്ടതുള്ളലിന്റെ ആന്തരാര്‍ഥം
മഹിഷിയുടെ മേല്‍ (എരുമമേല്‍) അയ്യപ്പന്‍ നൃത്തംചെയ്ത സ്ഥലത്തിന് 'എരുമേലി' എന്നു പറഞ്ഞുവരുന്നു. സ്വാമിയുടെ പൂങ്കാവനം ചവിട്ടുന്ന ഭക്തന്മാരുടെ ഒരു താവളം കൂടിയായ ഈ സ്ഥലത്താണ് അയ്യപ്പന്മാര്‍ പേട്ട തുള്ളുന്നത്. ധര്‍മത്തിന് വേണ്ടി യുദ്ധംചെയ്യുവാനുള്ള ആഹ്വാനമാണ് പേട്ടതുള്ളലില്‍ അടങ്ങിയിരിക്കുന്നത്. കാട്ടുകഴയും ശരക്കോലും കൈയിലെടുത്ത് എരുമേലി ശാസ്താക്ഷേത്രത്തിന് പ്രദക്ഷിണമായിട്ടാണ് പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. പണ്ട്, പേട്ട കെട്ടിയിരുന്നത് മുഖ്യമായും അമ്പലപ്പുഴ യോഗക്കാരും ആലങ്ങാട്ടുയോഗക്കാരുമായിരുന്നു. 'തിന്തിക്കത്തോം, അയ്യപ്പത്തിന്തിക്കത്തോം' എന്നുള്ള താളത്തിലാണ് ഭക്തസഞ്ചയം എരിവെയിലില്‍ ആനന്ദനൃത്തം ചെയ്യുന്നത്. ഇതുകൊണ്ട്, സര്‍വപാപങ്ങളും നശിച്ച്, വനം ചവിട്ടുന്നതിനുള്ള പരിശുദ്ധി സിദ്ധിക്കുമെന്നു വിശ്വസിച്ചുപോരുന്നു.


ആദ്യം അമ്പലപ്പുഴയോഗക്കാരുടെ പേട്ടയാണ് പതിവ്. അമ്പലപ്പുഴ കൃഷ്ണസ്വാമിയുടെ വാഹനമായ ഗരുഡനെ ആകാശത്ത് കാണുമ്പോഴാണ് അവര്‍ പേട്ട അവസാനിപ്പിക്കാറുള്ളത്. പിന്നീടാണ് ആലങ്ങാട്ടു യോഗക്കാരുടെ പേട്ട. പകല്‍വെളിച്ചത്തില്‍ ആകാശത്ത് നക്ഷത്രമുദിക്കുകയും ഗരുഡന്‍ വട്ടമിട്ടു പറന്നുതുടങ്ങുകയും ചെയ്യുമ്പോഴാണ് ആലങ്ങാട്ടുയോഗത്തിന്റെ പേട്ടയും സമാപിക്കാറുള്ളത്. പേട്ടതുള്ളലില്‍ അയ്യപ്പന്മാര്‍ ബാഹ്യലോകം മുഴുവന്‍ മറന്ന്, ഈശ്വരമഹിമയില്‍ ലയിച്ചുകഴിഞ്ഞിരിക്കും. ഈശ്വരന്‍ ഹൃദയാന്തര്യാമിയാണെന്ന് അനുഭവിച്ചറിയാന്‍ ഉതകുന്ന ഒരു സന്ദര്‍ഭമാണത്. 'നൂലില്‍ മണികള്‍ പോലെ ജഗത്ത് മുഴുവന്‍ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു' എന്നു ഭഗവാന്‍ ഗീതയില്‍ അരുളിച്ചെയ്തിട്ടുള്ളത് പ്രത്യക്ഷപ്പെടുന്ന ഒരു നിമിഷമാണത്. ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സ് ആ മഹിമയില്‍ കോര്‍ക്കപ്പെട്ടിരിക്കുകയാണ്. ഗരുഡന്‍ വരുന്നതും പോകുന്നതും ആ ശക്തികൊണ്ട് ആ ശക്തിയില്‍ തന്നെയാണ്. അതിനു കഴിയാത്തത് എന്തുണ്ട്? ഗരുഡനെക്കുറിച്ചും മകരജ്യോതിസ്സിനെക്കുറിച്ചും പലരും പലതും പറയുമായിരിക്കാം. അതൊന്നും ഇവിടെ പ്രശ്‌നമാക്കുന്നില്ല.


ശാസ്താവിന് ശനിയാഴ്ച -
പ്രത്യേകിച്ചും മകരമാസത്തിലെ മുപ്പട്ടു ശനിയാഴ്ചയാണ് പ്രധാനം. 'ഓം ഘ്രൂം നമഃ പരായ ഗോപ്‌ത്രേ നമഃ' എന്നാണു ശാസ്താവിന്റെ ഉപാസനാമന്ത്രം. ഒരു ധ്യാനശ്ലോകം താഴെ ഉദ്ധരിക്കുന്നു.

സുശ്യാമകോമളവിലാസതനും വിചിത്ര-
വാസോവസാന മരുണോല്‍പലദാമഹസ്തം
ഉത്തുംഗരത്‌നമകുടം കുടിലാഗ്രകേശം
ശാസ്താരമിഷ്ടവരദം ശരണം പ്രപദ്യേ.




കടപ്പാട്ടി  : .പി. ബാലകൃഷ്ണന്‍ നായര്‍

Saturday, July 29, 2017

ചട്ടമ്പിസ്വാമി – വിവേകാനന്ദ സമാഗമം

വിവേകാനന്ദസ്വാമികള്‍ സ്വഗുരുവായ ഭഗവാന്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ മഹാസമാധിക്കുശേഷം ബംഗാളില്‍നിന്നും ആരംഭിച്ച പരിവ്രാജക വൃത്തിക്കിടയില്‍ ബാംഗ്ലൂരില്‍ വച്ച് കണ്ടുമുട്ടിയ ഡോ. പല്പുവാണ് സ്വാമികളെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ ബാംഗ്ലൂരില്‍ നിന്ന് ഷൊര്‍ണ്ണൂര്‍, തൃശ്ശിവപേരൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, തിരുവനന്തപുരം, ശുചീന്ദ്രം വഴി കന്യാകുമാരിയിലെത്തിയ വിവേകാനന്ദസ്വാമികള്‍ മൂന്നുദിവസം ശ്രീപാദപാറയില്‍ ധ്യാനനിമഗ്‌നനായി. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ തുടര്‍ന്നുള്ള കരുത്തുറ്റ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തത് കന്യാകുമാരിയില്‍ വച്ചാണ്.
കൊടുങ്ങല്ലൂരില്‍ നിന്ന് വഞ്ചിയില്‍ പുറപ്പെട്ട് എറണാകുളത്ത് എത്തിയ വിവേകാനന്ദസ്വാമികള്‍ അവിടെയടുത്ത് ദിവ്യനായൊരു സ്വാമി (ചട്ടമ്പിസ്വാമികള്‍) താമസിക്കുന്ന വിവരം അറിഞ്ഞ് ആ വീട്ടിലേക്ക് പുറപ്പെട്ടു. വിവേകാനന്ദസ്വാമികള്‍ പടികടന്നെത്തിയപ്പോഴേക്കും ചട്ടമ്പിസ്വാമികള്‍ ഓടിച്ചെന്ന് കെട്ടിപിടിച്ചു. അവര്‍ വീട്ടിന്റെ തെക്കുപുറത്ത് ഒരു തണല്‍മരത്തിന്റെ ചുവട്ടില്‍ വെള്ളമണലില്‍ പോയിരുന്ന് സത്‌സംഗസംവാദത്തില്‍ ഏര്‍പ്പെട്ടു.
വിവേകാനന്ദസ്വാമികളുടെ അഭിലാഷപ്രകാരം ചട്ടമ്പിസ്വാമികള്‍ ചിന്മുദ്രയുടെ തത്ത്വം വിശദമാക്കാന്‍ ശ്രമിച്ചു. ‘ഇത് എനിക്കും അറിയാം. അദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഇത് ഉപകരിക്കും എന്നാണ് അറിയേണ്ടത്’, വിവേകാനന്ദസ്വാമികള്‍ ചോദിച്ചു. കൈവിരലുകള്‍ ഒരു പ്രത്യേകരീതിയില്‍ മടക്കി യോജിപ്പിക്കുമ്പോള്‍ സിരാപടലങ്ങളിലെ പ്രാണപ്രവാഹം മസ്തിഷ്‌കത്തിലെ ഒരു പ്രത്യേക ഭാഗത്ത് പ്രതിസ്പന്ദങ്ങള്‍ ഉണ്ടാക്കുമെന്നും അതിന്റെ ഫലമായി രക്തചംക്രമണം വേഗത്തിലായി മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിക്കുമെന്നും ചട്ടമ്പിസ്വാമികള്‍ ബൃഹദാരണ്യകോപനിഷത്തിലെ പ്രസക്തഭാഗം ഉദ്ധരിച്ച് പ്രമാണസഹിതം വിവേകാനന്ദസ്വാമികള്‍ക്ക് വിവരിച്ചുകൊടുത്തു. (അവര്‍ തമ്മില്‍ സംവദിച്ചത് ഖേചരീമുദ്രയെ കുറിച്ചാണെന്നും വാദമുണ്ട്.) ചില തമിഴ് കൃതികളെ ആസ്പദമാക്കിയായിരുന്നു തമിഴില്‍ അഗാധ പണ്ഡിതനായിരുന്ന ചട്ടമ്പിസ്വാമികള്‍ സംസാരിച്ചത്. ഇരുവരും സംസ്‌കൃത ഭാഷയിലാണ് ആശയവിനിമയം നടത്തിയത്. ഇവരുടെ സമാഗമ സമയത്ത് പത്മനാഭനാചാരി എന്നൊരാളും അവിടെ സന്നിഹിതനായിരുന്നുവത്രെ.
ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു, ‘പരമഗുരുപാദരോടുകൂടി ശ്രീമന്മിത്രവും സര്‍വ്വശാസ്ത്രകുശലനും പ്രസംഗകനുമായ പദ്മനാഭനാചാരിയും ഉണ്ടായിരുന്നു. ആചാരിക്ക് ഇംഗ്ലീഷ് ഭാഷ പരിചിതമായിരുന്നതിനാല്‍ ആ ഭാഷയില്‍ സംസാരിച്ചു. പരമഗുരുപാദര്‍ ഗീര്‍വ്വാണിയിലായിരുന്നു സ്വാമികളോട് സംഭാഷണം ചെയ്തത് . . . . . അടുത്ത ദിവസം താല്പര്യപ്രകാരം പരമഗുരുപാദര്‍ തനിച്ചുചെന്ന് അദ്ദേഹത്തെ ദര്‍ശിക്കുകയുണ്ടായി’ (പുറം 62 – 63).
വിവേകാനന്ദസ്വാമികളുടെ എറണാകുളം താമസത്തെക്കുറിച്ച് ബോധേശ്വരന്‍ പറഞ്ഞ കാര്യങ്ങള്‍ ഡോ. ശങ്കരീപ്രസാദ് ബസു രേഖപ്പെടുത്തിയിട്ടുള്ളതുമാകുന്നു (Life of Swami Vivekananda Vol.I p.327). അവ യഥാര്‍ത്ഥ വസ്തുതകളിലേക്ക് വെളിച്ചം വീശുന്നവയാണ്. ബോധേശ്വരന്റെ അഭിപ്രായം ഇപ്രകാരമാകുന്നു – “വിവേകാനന്ദന് വളരെ സന്തോഷമായി. ചട്ടമ്പിസ്വാമികളുടെ കൈപിടിച്ച് സ്വന്തം തല കുനിച്ചുകൊണ്ട് വിവേകാനന്ദന്‍ പറഞ്ഞു, ‘വളരെ നന്നായി.’ വിവേകാനന്ദന്‍ സ്വന്തം ശിരസ്സില്‍ ചട്ടമ്പിസ്വാമികളുടെ കൈതൊടുവിയ്ക്കുകയാണ് ചെയ്തതെന്ന് ചിലര്‍ പറയാറുണ്ടെങ്കിലും, അതു ശരിയല്ല. കൃതജ്ഞത കാണിക്കുക മാത്രമാണ് വിവേകാനന്ദന്‍ ചെയ്തതെന്നാണ് ചട്ടമ്പിസ്വാമികള്‍ പറഞ്ഞത്. എന്നെ കാണുമ്പോഴൊക്കെ ചട്ടമ്പിസ്വാമി വിവേകാനന്ദനെക്കുറിച്ച് സംസാരിക്കുമായിരുന്നു.” (329).
രണ്ട് സ്വാമിമാരുടെയും സമാഗമത്തെക്കുറിച്ച് പി. ശേഷാദ്രി എഴുതുന്നു, “ചില രാത്രികളില്‍ മുഴുവന്‍ സമയവും വിവേകാനന്ദനും ചട്ടമ്പിസ്വാമികളും സംഭാഷണം ചെയ്തിരുന്നുവത്രെ. വിവേകാനന്ദന്‍ സ്വന്തം ഡയറിയില്‍ ചട്ടമ്പിസ്വാമികളുടെ പേരും വിലാസവും എഴുതിയെടുത്തു. ‘മലബാറില്‍ (കേരളത്തില്‍) ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു.’ എന്നവിടെ എഴുതുകയാണെന്ന് വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളോട് പറഞ്ഞു. ചട്ടമ്പിസ്വാമിക്ക് വിവേകാനന്ദനെ അങ്ങേയറ്റം ബഹുമാനമായിരുന്നു. ‘അദ്ദേഹം ഒരു ഗരുഡനാണെങ്കില്‍ ഞാനൊരു കൊതുകാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള വിത്യാസം’ എന്ന് ചട്ടമ്പിസ്വാമികള്‍ പറയാറുണ്ടായിരുന്നു.” (വിവേകാനന്ദ ശതാബ്ദ സുവനീര്‍, പുറം.168).
ചട്ടമ്പിസ്വാമികള്‍ തന്നെ, അദ്ദേഹം സമാധിയോട് അടുപ്പിച്ച് പന്മനയിലെ സി. പി. പി. സ്മാരക വായനശാലയില്‍ വിശ്രമിക്കുന്ന സമയത്ത് ശ്രീ കുമ്പളത്ത് ശങ്കുപിള്ളയോട് നേരിട്ടു പറഞ്ഞ കാര്യങ്ങള്‍ക്കൂടി അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. ”’ഞാന്‍ ബംഗാളത്തുനിന്നും ബഹുദൂരമുള്ള ഇവിടെയെത്തി. യാത്രയില്‍ പല സന്ന്യാസിമാരേയും കണ്ടു. ഈ ചോദ്യം ഞാന്‍ അവരോടെല്ലാം ചോദിച്ചതാണ്. ഇത്ര തൃപ്തികരമായ മറുപടി പറയാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചില്ല.’ ചിന്മുദ്രയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണമതായിരുന്നു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നതിനടുത്തൊരു മരക്കൊമ്പില്‍ ഒരു കുരങ്ങിരുന്ന് കളിക്കുന്നുണ്ടായിരുന്നു. അതുകണ്ട് യുവസന്ന്യാസി ഇങ്ങനെ പറഞ്ഞു, ‘അതാ, ആ മരക്കൊമ്പില്‍ മനുഷ്യചിന്ത വിളയാടുന്നു.’ ഞങ്ങള്‍ മരക്കൊമ്പിലെ ആ മനുഷ്യനെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചു. വളരെ സമയം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചെങ്കിലും സ്വാമി വിവേകാനന്ദനായിരുന്നു ആ യുവസന്ന്യാസിയെന്ന് പിന്നീട് ഒരിക്കലാണ് എനിയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. മാസങ്ങള്‍ ചിലതു കഴിഞ്ഞപ്പോള്‍ ഒരു സന്ന്യാസി ഞാന്‍ വിശ്രമിച്ചിരുന്ന ഇടപ്പള്ളിയില്‍ വന്നു. ആനന്ദജി എന്നുപേരുള്ള അദ്ദേഹം ബംഗാളത്തുകാരനായിരുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞയച്ചതാണ് എന്ന് ആ സന്ന്യാസി പറഞ്ഞു. ചട്ടമ്പി, ചട്ടമ്പി എന്ന പേരും ഉച്ചരിച്ച് എറണാകുളം മുഴുവന്‍ ചുറ്റിതിരിഞ്ഞിട്ടാണ് ഇപ്പോള്‍ അവിടെ എത്തിയതെന്നു ആനന്ദജി പറഞ്ഞു. ഞാന്‍ എറണാകുളത്തുവച്ച് കണ്ടുമുട്ടി സംസാരിച്ച യുവസന്ന്യാസി വിവേകാനന്ദനായിരുന്നു എന്ന് അങ്ങനെയാണ് മനസ്സിലായത്. ആനന്ദജി കുറെനാള്‍ എന്നോടുകൂടി അങ്ങനെ ഇടപ്പള്ളിയില്‍ താമസിക്കുകയും ചെയ്തു. നീലകണ്ഠതീര്‍ത്ഥരും അന്ന് എന്റെ കൂടെയായിരുന്നു” (കഴിഞ്ഞകാല സ്മരണകള്‍, പുറം.183). അതിനുശേഷം വിവേകാനന്ദസ്വാമികളുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും ചട്ടമ്പിസ്വാമികളുടെ സിദ്ധിവിശേഷങ്ങളെക്കുറിച്ച് മനസ്സിലാക്കിയ അമൃതാനന്ദജിയും കേരളത്തിലെത്തി സ്വാമികളെ സന്ദര്‍ശിച്ചു.
ചരിത്രത്തില്‍ സംഭവങ്ങള്‍ക്ക് മുഖ്യസ്ഥാനവും വ്യക്തികള്‍ക്ക് രണ്ടാം സ്ഥാനമേയുള്ളൂവെന്ന് ഒരു വാദഗതിയുണ്ട്. ചരിത്ര പുരുഷന്മാരെ കേന്ദ്രീകരിച്ചുകൊണ്ട് ഒരു സമൂഹത്തിന്റെ ജീവിത പരിണാമങ്ങള്‍ വിവരിക്കുമ്പോള്‍ സംഭവങ്ങളോടൊപ്പം വ്യക്തികള്‍ക്കും പ്രാധാന്യം ലഭിക്കുകയെന്നത് സ്വാഭാവികമാണ്. അതില്‍ ചരിത്രപരമായ അംശം ശാസ്ത്രീയവും വ്യക്തിപരമായ അംശം കലാത്മകവുമായിരിക്കും. മഹാകവി വെണ്ണിക്കുളം ഈ യുഗപുരുഷന്മാരുടെ സമാഗമത്തെക്കുറിച്ച് കലാത്മകമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേവലം ഭിക്ഷാദേഹി-
യെന്നപോലവിടുന്നി
കേരളഗ്രാമങ്ങളില്‍
ജീവിച്ചുപോരുംകാലം
ഭാവുകം വാരിത്തൂവാ-
നെത്തീടും മഹാത്മാവാം
ദേവദൂതനെന്നാരു-
മോര്‍ത്തതില്ലൊരുനാളും
ആ മനോഹര കല്പ-
ശാഖിയെ ചുറ്റിപ്പറ്റി
നാ, മുറുമ്പുകള്‍പോലെ
ചാലുകള്‍ കീറീടുമ്പോള്‍
പൂവിതള്‍ക്കുള്ളില്‍ പാറും
ഭൃംഗമായ് പറന്നെത്തീ
ശ്രീവിവേകാനന്ദന്റെ ലോചനം,
ലോകാരാധ്യം.

കടപ്പാട്  : ചട്ടമ്പി സ്വാമി

Friday, July 28, 2017

ശ്രീചട്ടമ്പിസ്വാമിതിരുവടികളും ശ്രീനാരായണഗുരുപാദരും

ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ‘അദ്വൈതചിന്താപദ്ധതി’ 1945 ല്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചപ്പോള്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ എഴുതിയ പ്രസ്താവനയില്‍ നിന്നും.




ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ പ്രഥമശിഷ്യന്‍ ശ്രീനാരായണഗുരുസ്വാമികളായിരുന്നു. ശ്രീചട്ടമ്പിസ്വാമിതിരുവടികളെ നാരായണഗുരുസ്വാമികള്‍ ആദ്യമായി കാണുന്നത് 1058-ാമാണ്ടാണ്. 1തിരുവനന്തപുരത്ത് പരേതനായ കല്ലുവീട്ടില്‍ ശ്രീമാന്‍ കേശവപിള്ള ഓവര്‍സീയര്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കല്ലുവീട്ടില്‍ മി.ഗോവിന്ദപിള്ളയുടെ അച്ഛന്‍) അവര്‍കളോടുകൂടി ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ അന്ന് വാമനപുരത്തു വിശ്രമിക്കുകയായിരുന്നു. ശ്രീ കേശവപിള്ള ഓവര്‍സീയര്‍ അവര്‍കള്‍ സ്വാമിപാദങ്ങളുടെ ഒരു വിസോദര്യസഹോദരനായിരുന്നതുകൊണ്ടും ബോംബെ, കല്‍ക്കട്ട മുതലായ സ്ഥലങ്ങളില്‍നിന്ന് അവിടുന്ന് ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വരുത്തിക്കൊടുത്തും മറ്റും വേണ്ട സഹായങ്ങള്‍ നിരന്തരമായി ചെയ്തിരുന്നതുകൊണ്ടും അവരൊന്നിച്ചുള്ള താമസം കുറെക്കാലം തുടര്‍ന്നുകൊണ്ടേയിരുന്നു. അവിടെ അടുത്തുള്ള ‘അണിയൂര്‍’ ക്ഷേത്രത്തില്‍ പോയി മിക്കവാറും സമയങ്ങളില്‍ സ്വാമികള്‍ ഏകാന്തമായി കഴിച്ചൂകൂട്ടുന്ന പതിവുമുണ്ടായിരുന്നു.
അക്കാലത്തു നാരായണഗുരുസ്വാമികളാകട്ടെ തീവ്രവൈരാഗ്യത്തോടുകൂടി ഒരു മുമുക്ഷുവിന്റെ നിലയില്‍ മനസ്സിനുയാതൊരു സ്വസ്ഥതയുമില്ലാതെ അലഞ്ഞു തിരിയുകയായിരുന്നു. അന്നൊരിക്കല്‍ കഴക്കൂട്ടത്ത് ഒരു സഞ്ചാരിയായ പരദേശബ്രാഹ്മണന്‍ വന്നിരുന്നു. യോഗവേദാന്തശാസ്ത്രങ്ങളില്‍ വളരെ വിദ്വാനായിരുന്ന അദ്ദേഹത്തെക്കണ്ട് തന്റെ അദ്ധ്യാത്മജിജ്ഞാസയ്ക്കു ശമനം വരുത്താമെന്നു കരുതി നാരായണഗുരുസ്വാമികള്‍ അവിടെ എത്തുകയും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. എന്നാല്‍ യാഥാസ്തിതികനായ ആ ബ്രാഹ്മണന്‍ ‘നീയാരാണെന്നു നിനക്കറിയാമോ? രാമനാമം ജപിക്കാനല്ലാതെ വേദവേദാന്താദിരഹസ്യങ്ങളറിയുവാന്‍ നിനക്കധികാരമുണ്ടോ? എന്നും മറ്റുമുള്ള അധിക്ഷേപവചനങ്ങള്‍കൊണ്ടു നാരായണഗുരുസ്വാമികളെ ഭഗ്നാശനാക്കി. ജന്മനാ സാത്ത്വികനും ഋജൂബുദ്ധിയുമായിരുന്ന നാരായണഗുരുസ്വാമികള്‍ക്ക് അതേറ്റവും സങ്കടകരമായിത്തീര്‍ന്നു. ഈ വിവരം തന്റെ അയല്‍പക്കക്കാരനും ഒരു ക്ലാസിഫയരുമായിരുന്ന ചെമ്പഴന്തി, പൊടിപ്പറമ്പില്‍ നാരായണപിള്ള എന്ന മാന്യനെ (റി: ആയുര്‍വ്വേദകാളേജു പ്രിന്‍സിപ്പാള്‍ ഡാ: കെ.ജി.ഗോപാലപിള്ള അവര്‍കളുടെ അച്ഛന്റെ അമ്മാവന്‍) നാരായണഗുരുസ്വാമികള്‍ അറിയിച്ചു. അദ്ദേഹത്തോടു വളരെ സ്‌നേഹമുണ്ടായിരുന്ന മി.നാരായണപിള്ള ഈ വിവരം കേട്ട്, ‘കൂട്ടാക്കേണ്ട. തക്കതായ ഒരു മഹാനെ ഞാന്‍ കാണിച്ചുതരാം’ എന്നുപറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് ശ്രീചട്ടമ്പിസ്വാമിതിരുവടികളെക്കാണാന്‍ അണിയൂര്‍ ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. മി: നാരായണപിള്ള മുമ്പുതന്നെ ചട്ടമ്പിസ്വാമിതിരുവടികളുടെ ഒരു ആശ്രിതനായിരുന്നു. ആ ക്ഷേത്രത്തിന്റെ തെക്കേ പുരയിടത്തില്‍ നാരായണഗുരുസ്വാമികളെ നിറുത്തിയിട്ട് മി. നാരായണപിള്ളക്ഷേത്രത്തില്‍ ചെന്ന് സ്വാമിതിരുവടികളെ വിവരമറിയിക്കയാല്‍ അവിടുന്ന് പുറത്തിറങ്ങിവന്നു നാരായണഗുരുസ്വാമികളെ കണ്ടു. അന്ന് പരമഭക്തനായിരുന്ന നാരായണഗുരുസ്വാമികളെക്കണ്ട മാത്രയില്‍ത്തന്നെ അദ്ദേഹം ഒരു ഉത്തമാധികാരിയാണെന്നു സ്വാമിതിരുവടികള്‍ തീരുമാനിച്ചു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം സ്വാമിതിരുവടികള്‍, അവരൊന്നിച്ച് മി: കേശവപിള്ള ഓവര്‍സീയര്‍ താമസിക്കുന്ന സ്ഥലത്തുപോയി കുറച്ചുദിവസം അവിടെ കഴിച്ചൂകൂട്ടി. അക്കാലത്ത് ശ്രീ ചട്ടമ്പിസ്വാമികളുടെ മാഹാത്മ്യം ഏതാണ്ടറിയുവാന്‍ കഴിഞ്ഞ ശ്രീ നാരായണഗുരുസ്വാമികള്‍ അദ്ദേഹത്തെ ഗുരുവായി വരിച്ചു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ സ്വഭവനത്തിലേക്കു പോയിട്ട് ഒരു മാസം കഴിഞ്ഞാണ് വീണ്ടും സ്വാമിതിരുവടികളുടെ സന്നിധിയില്‍വന്നത്. അതു വീട്ടില്‍നിന്നു സന്ന്യാസത്തിനു വേണ്ടിയുള്ള യാത്രയായിരുന്നു. അതുമുതല്‍ അവര്‍ ഒരുമിച്ചു തന്നെ ആയിരുന്നു കഴിച്ചുകൂട്ടിയത്.
അങ്ങനെ കഴിഞ്ഞുവരവെ ഒരു ദിവസം സന്ധ്യയോടുകൂടി സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമിയുമൊന്നിച്ച് അണിയൂര്‍ ക്ഷേത്രനടയില്‍നിന്ന് ഒരു യാത്ര പുറപ്പെട്ടു. അഞ്ചാറു മൈല്‍ ദൂരം ചെന്നപ്പോള്‍ തിരിഞ്ഞുനിന്ന് ഇങ്ങനെ പറഞ്ഞു. ‘ഓ! എന്റെ ഒരു പൊതിക്കെട്ട് അവിടെ എവിടെയോവച്ച് മറന്നുപോയല്ലോ, അതത്യാവശ്യമായി കയ്യിലിരിക്കേണ്ടതായിരുന്നു. തിരിച്ചുപോയി എടുത്തുകൊണ്ടുവരാമെന്നുവച്ചാല്‍ വളരെ ദൂരവുമായിപ്പോയി. നടക്കുവാന്‍ മടിയും തോന്നുന്നു.’ ഇതുകേട്ട ഉടന്‍തന്നെ ‘അതു വച്ചിരിക്കുന്ന സ്ഥലം പറഞ്ഞുതന്നാല്‍ ഇപ്പോള്‍ത്തന്നെ പോയി എടുത്തുകൊണ്ടുവരാം. യാതൊരു വിഷമവുമില്ല. ഇവിടെയിരുന്നു വിശ്രമിച്ചുകൊണ്ടാല്‍ മതി.’ എന്നു നാരായണഗുരുസ്വാമികള്‍ പറഞ്ഞു. ‘വെളിച്ചവുമില്ല. കൂരിരുട്ടുമാണല്ലൊ’, എന്നായി സ്വാമിതിരുവടികള്‍. അതൊന്നും സാരമില്ല. ഇപ്പോള്‍തന്നെ കൊണ്ടുവരാം’ എന്നുപറഞ്ഞ് പൊതിക്കെട്ടുവച്ചിരുന്ന സ്ഥലം ഏതാണ്ടൊന്നു ചോദിച്ചുമനസ്സിലാക്കി നാരായണഗുരുസ്വാമികള്‍ യാത്രയായിക്കഴിഞ്ഞു. കുറച്ചുദൂരം ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വാമിതിരുവടികള്‍ തിരികെ വിളിച്ച് ‘പോകേണ്ട, നാം ഉദ്ദേശിച്ച സ്ഥലത്തേക്കുതന്നെ പോകാം’ എന്നുപറഞ്ഞ് അവര്‍ ഒരുമിച്ച് മുന്നോട്ടുതന്നെ യാത്രയായി. ആയിടയ്ക്കു സ്വാമിതിരുവടികളുടെ അടുക്കല്‍ നാരായണഗുരുസ്വാമികള്‍ ഉപദേശത്തിനുവേണ്ടി നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യത്വം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ആളിനെ ഒന്നു പരീക്ഷിക്കാനായിരുന്നു സ്വാമികള്‍ ആ പൊതിയുടെ കാര്യം പറഞ്ഞത്. നാരായണഗുരുസ്വാമികള്‍ ആ പരീക്ഷയില്‍ വിജയിയായി. അദ്ദേഹം ധീരനും ഉപദേശാര്‍ഹനുമാണെന്നു സ്വാമികള്‍ക്കു മനസ്സിലായി.
പിന്നേയും അവര്‍ ഒന്നിച്ചുതന്നെ കഴിഞ്ഞുവന്നു. അതിനിടയ്ക്ക് ഒരു വെളുത്ത ഷഷ്ഠിദിവസം സന്ധ്യ കഴിഞ്ഞ് വാമനപുരം ആറ്റുകരയിലുള്ള ഒരു മണല്‍തിട്ടയില്‍വച്ച് ബാലാസുബ്രഹ്മണ്യമെന്നു സുപ്രസിദ്ധമായിട്ടുള്ള ചതുര്‍ദ്ദശാക്ഷരിമന്ത്രം നാരായണഗുരുസ്വാമികള്‍ക്ക് സ്വാമിതിരുവടികള്‍ ഉപദേശിച്ചുകൊടുത്തു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ തുടര്‍ച്ചയായി വളരെനാള്‍, സ്വാമിതിരുവടികളോടുകൂടി ശുശ്രൂഷാതല്പരനായി വാമനപുരം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ചിരുന്നു.
അക്കാലത്താണ് നാരായണഗുരുസ്വാമികളെ യോഗവേദാന്താദികള്‍, സ്വാമിതിരുവടികള്‍ പരിശീലിപ്പിച്ചത്. ഖേചരി മുതലായ യോഗമുദ്രകളും തമിഴിലും സംസ്‌കൃതത്തിലുമുള്ള വേദാന്തശാസ്ത്രങ്ങളും മഹാബുദ്ധിമാനായ നാരായണഗുരുസ്വാമികള്‍ വളരെ വേഗത്തില്‍ ഗ്രഹിച്ചു. സത്താസാമാന്യബോധത്തില്‍ ആ ഗുരുശിഷ്യന്മാര്‍ക്ക് അനുഭവസാമ്യം സിദ്ധിച്ചതോടുകൂടി സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളെ തുല്യനിലയില്‍ തന്നെ കരുതിയിരുന്നു. പ്രായത്തിലും അവര്‍ക്ക് വലിയ അന്തരമുണ്ടായിരുന്നില്ല. അന്ന് അവര്‍ രണ്ടുപേരും ഒന്നിച്ച് പല ഗ്രന്ഥപ്പുരകളിലും പോയി പുതിയ പുതിയ ഗ്രന്ഥങ്ങള്‍ എടുത്തു പരിശോധിച്ചുകൊണ്ടിരുന്നു. കൂടാതെ സ്വാമി തിരുവടികള്‍ ഗീതം, വാദ്യം മുതലായ അന്യകലകളില്‍ക്കൂടി പ്രാവീണ്യം സമ്പാദിച്ചു. എന്നാല്‍ നാരായണഗുരുസ്വാമികള്‍ക്ക് അതുകളില്‍ രസബോധമുണ്ടായിരുന്നെങ്കിലും, പരിശീലനവാസനയോ പരിശ്രമമോ ഉണ്ടായിരുന്നില്ല.
അക്കാലത്ത് അവര്‍ രാപകലൊഴിവില്ലാതെ മരുത്വാമല മുതലായ വനപ്രദേശങ്ങളിലും മറ്റും സഞ്ചരിക്കാറുണ്ടായിരുന്നു. ഒരു ദിവസം നെയ്യാറ്റിന്റെ തീരത്തെത്തി. നല്ല വേനല്‍ക്കാലമായിരുന്നതിനാലും ചന്ദ്രികയുള്ള രാത്രിയായിരുന്നതുകൊണ്ടും ആ മണല്‍പ്പുറംവഴി മേല്‌പോട്ട് ഒരു യാത്രചെയ്യാമെന്ന് അവര്‍ തീരുമാനിച്ച് ഇടയ്ക്കിടയ്ക്കു വിശ്രമിച്ചും നടന്നും കിടന്നും നേരം വെളുത്തപ്പോഴേയ്ക്ക് ഒരു അരുവിസ്ഥലത്ത് ചെന്നുചേര്‍ന്നു. അവിടെ സ്‌നാനാദികള്‍ കഴിച്ച് മലമുകളിലുള്ള ഒരു നല്ല ശിലാതലത്തില്‍ ഇരുന്നു വിശ്രമിച്ചു. തലേദിവസത്തെ നടപ്പും ഉറക്കമിളപ്പും അവരെ വളരെ ക്ഷീണിപ്പിച്ചിരുന്നു. അടുക്കലെങ്ങും ജനവാസമില്ലാതിരുന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ കിട്ടുവാനും സൗകര്യമുണ്ടായിരുന്നില്ല. രണ്ടുപേര്‍ക്കും നല്ലതുപോലെ വിശന്നു. ഏകദേശം പകല്‍ 11 മണി സമയമായതോടുകൂടെ സ്വാമിതിരുവടികളെ അവിടെയിരുത്തിയിട്ടു നാരായണഗുരുസ്വാമികള്‍ അവിടെനിന്നും പോയി അകലെ എവിടെയോനിന്നു കുറെ ഭക്ഷണപദാര്‍ത്ഥങ്ങളും കൊണ്ട് രണ്ടുമണിക്കുശേഷം തിരിയെവന്ന് ആ ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ സ്വാമിതിരുവടികളുടെ സന്നിധിയില്‍ സമര്‍പ്പിച്ചു. അപ്പോള്‍ ധീരനായിരുന്ന നാരായണഗുരുസ്വാമികളുടെ നേത്രങ്ങളില്‍നിന്നു ധാരധാരയായി കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു. കരുണാശീതളസ്വാന്തനായ സ്വാമിതിരുവടികള്‍ ആ കണ്ണുനീരിനുള്ള കാരണം ചോദിച്ചപ്പോള്‍ ‘അവിടുന്ന് ഇത്രയും സമയം വിശന്നിരിക്കേണ്ടിവന്നല്ലോ, എന്നു വിചാരിച്ചാണ്’ എന്നു നാരായണഗുരുസ്വാമികള്‍ മറുപടി പറഞ്ഞു. ഈ സംഭവത്തെ അനുസ്മരിച്ചുകൊണ്ട്, വിനോദപ്രിയനായിരുന്ന പരമഗുരുപാദര്‍ നാരായണഗുരുസ്വാമികള്‍ ഇരിക്കുന്ന സദസ്സുകളില്‍ പല നേരമ്പോക്കുകളും പറയുമായിരുന്നു.
അന്ന് ആ ഭക്ഷണം അവര്‍ രണ്ടുപേരും തൃപ്തികരമായിക്കഴിച്ച് അവിടെത്തന്നെ വിശ്രമിച്ചു. അങ്ങിനെ ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ സ്ഥലത്തിന്റെ നാതിദൂരപരിസരങ്ങളില്‍ പാര്‍ത്തിരുന്ന കുറെ ഈഴവരും മറ്റും അവിടെവന്ന് ആ മഹാത്മാക്കളെ സന്ദര്‍ശിച്ചു. ഇവര്‍ അമാനുഷപ്രഭാവരായ രണ്ടു യതീശ്വരന്മാരാണെന്നു മനസ്സിലാക്കിയ ആ ഭക്തന്മാര്‍ അവര്‍ക്കു വിശ്രമിക്കാന്‍ യോഗ്യമായ പര്‍ണ്ണശാലയും മറ്റു സൗകര്യങ്ങളും അവിടെ ഉണ്ടാക്കിക്കൊടുത്തു. അതിനെത്തുടര്‍ന്നു മൂന്നുമാസക്കാലത്തോളം അവര്‍ രണ്ടുപേരും ആ സ്ഥലത്തുതന്നെ കഴിച്ചൂകൂട്ടി. ഈ വിവരം നാടൊട്ടുക്കു പരക്കുകയാല്‍ നാട്ടിന്റെ നാനാഭാഗങ്ങളില്‍നിന്നും അനവധി ഭക്തന്മാര്‍വന്ന് ആ പരിപൂതചരണന്മാരുടെ അനുഗ്രഹം വാങ്ങിക്കൊണ്ടിരുന്നു. ബ്രഹ്മവിദ്വരന്മാരായ ആ പൂജ്യപാദന്മാരുടെ വിശ്രമസങ്കേതമായിരുന്ന ആ സ്ഥലമാണ് സുപ്രസിദ്ധമായ അരുവിപ്പുറം. അന്നായിരുന്നു സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളെ ഈഴവസമുദായോന്നമനത്തിനൂകൂടി പ്രേരിപ്പിച്ചത്. ആ വിഷയത്തെപ്പറ്റി കരുവാ കൃഷ്ണനാശാന്‍ അവര്‍കള്‍ ഇങ്ങനെ പറയുന്നു. ‘ഈഴവരുടെ വംശത്തിനു എന്തെങ്കിലും ഉയര്‍ച്ച ഉണ്ടാക്കുവാനായി ശ്രമിക്കുന്നതിനു നാരായണഗുരുസ്വാമികളെ പ്രേരിപ്പിച്ച മഹാപുരുഷന്‍ ശ്രീ ചട്ടമ്പിസ്വാമിതിരുവടികളാണ്. അത് ഈഴവര്‍ മറക്കത്തക്കതല്ല, നാരായണഗുരുവിനെ ക്ഷേത്രപ്രതിഷ്ഠ നിര്‍വ്വഹിക്കാന്‍ പഠിപ്പിച്ചതു ചട്ടമ്പിസ്വാമികളാണ്. അരുവിപ്പുറത്ത് നാരായണഗുരു ആദ്യമുണ്ടാക്കിയ ക്ഷേത്രത്തില്‍ ശിവലിംഗപ്രതിഷ്ഠ നടത്തിയിരിക്കുന്നത് ചട്ടമ്പിസ്വാമികള്‍ കുറേക്കാലം വിശ്രമിച്ച സ്ഥലത്താണ്. അവിടെയൊരു അമ്പലമുണ്ടാക്കണമെന്നു പറഞ്ഞു പ്രതിഷ്ഠിക്കാനുള്ള സ്ഥാനം കാണിച്ചുകൊടുത്തതുപോലും ചട്ടമ്പിസ്വാമികളായിരുന്നു എന്ന് എനിക്കു നല്ലതുപോലെയറിയാം.’2 ഇതില്‍നിന്നും ഈഴവസമുദായോദ്ധാരണത്തിനു സ്വാമി തിരുവടികള്‍ക്ക് എത്രമാത്രം താല്പര്യമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലൊ.
അങ്ങനെ അരുവിപ്പുറത്തു വിശ്രമിച്ചുവരവെ ഓവര്‍സീയര്‍ ശ്രീ കേശവപിള്ള അവര്‍കളുടെ ആളുകള്‍ അന്വേഷിച്ചുവന്നു സ്വാമിതിരുവടികളെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. നാരായണഗുരുസ്വാമികളും അനുഗമിക്കാന്‍ തയ്യാറായി. എന്നാല്‍ അവരെ ഉപചരിച്ചുകൊണ്ടിരുന്ന ഭക്തന്മാര്‍ക്ക് അതു വളരെ സങ്കടകരമായി തോന്നുകയാല്‍ ‘നാരായണന്‍ ഇവിടെ താമസിക്കും. ഞാന്‍ ഒരു മാസം കഴിഞ്ഞു തിരിയെവരാം’ എന്നുപറഞ്ഞിട്ടായിരുന്നു സ്വാമിതിരുവടികള്‍ പിരിഞ്ഞത്. നാരായണഗുരുസ്വാമികള്‍ ബ്രഹ്മജ്ഞാനത്താല്‍ നിര്‍മ്മമനായിരുന്നെങ്കിലും തന്റെ ഗുരുനാഥന്റെ വേര്‍പാട് അദ്ദേഹത്തിനു വളരെ ക്ലേശകരമായിരുന്നു.
പരുമഗുരുപാദരാകട്ടെ തിരുവനന്തപുരത്തു ചെന്നപ്പോള്‍, കേശവപിള്ള ഓവര്‍സിയരവര്‍കള്‍ക്കു മൂവാറ്റുപുഴയ്ക്കു സ്ഥലംമാറ്റമാണെന്നും, അദ്ദേഹത്തോടൊന്നിച്ചു സ്വാമിതിരുവടികളും അങ്ങോട്ടു ചെല്ലണമെന്നു നിര്‍ബന്ധമായിരിക്കുന്നു എന്നും അവിടുത്തേക്കറിയാന്‍ കഴിഞ്ഞു. അങ്ങനെ അവരെല്ലാം ഒന്നിച്ച് തിരുവടികള്‍ മൂവാറ്റുപുഴയ്ക്കുതന്നെ പോയി. കുറച്ചുകഴിഞ്ഞു ശ്രീനാരായണഗുരുസ്വാമികള്‍ അരുവിപ്പുറത്തുനിന്ന് കാല്‍നടയായി മൂവാറ്റുപുഴവന്നു, സ്വാമിതിരുവടികളെ സന്ദര്‍ശിച്ചു. അവര്‍ ഒരുമിച്ചു മൂവാറ്റുപുഴ, ആലുവാ, പറവൂര്‍ മുതലായ സ്ഥലങ്ങളില്‍ കുറച്ചുനാള്‍ വിശ്രമിച്ചു. അന്നാണ് വടക്കന്‍ തിരുവിതാംകൂറിലെ ഈഴവപ്രമാണികള്‍ക്കു നാരായണഗുരുവിനെ പരിചയപ്പെടുവാന്‍ കഴിഞ്ഞത്. ശ്രീ ചട്ടമ്പിസ്വാമിപാദങ്ങള്‍ക്കു തെക്കന്‍ തിരുവിതാംകൂറിലും പല ശിഷ്യന്മാരും ഉണ്ടായിരുന്നു. ശ്രീ പെരുംനെല്ലി കൃഷ്ണന്‍വൈദ്യന്‍, ശ്രീ വെളുത്തേരി കേശവന്‍ വൈദ്യന്‍ മുതലായ പ്രസിദ്ധന്മാര്‍ അക്കൂട്ടത്തില്‍പ്പെട്ടവരാണ്. അന്നത്തെ കാലത്തു തീണ്ടലുള്ളവരെന്നു ഗണിക്കപ്പെട്ടിരുന്നവരുടെ ഗൃഹങ്ങളില്‍നിന്നു ഭക്ഷണം കഴിക്കുന്നതിനു സ്വാമിതിരുവടികള്‍ക്കു യാതൊരു മടിയുമില്ലായിരുന്നു എന്നുള്ളത് അവിടുത്തെ സമബുദ്ധിയെയാണ് പ്രഖ്യാപനം ചെയ്യുന്നത്.
ഇത്രയും പ്രസ്താവിച്ചതില്‍നിന്നു നാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികമായ സകല ഉല്‍ക്കര്‍ഷത്തിനും കാരണഭൂതനായിരുന്നതു പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളാണെന്നും, നാരായണഗുരുസ്വാമികളുടെ സന്ന്യാസപരമ്പര ചട്ടമ്പിസ്വാമി തിരുവടികളില്‍നിന്നുണ്ടായതാണെന്നും വ്യക്തമായല്ലൊ.
എന്നാല്‍ നാരായണഗുരുസ്വാമികളുടെ ഗുരു, ശ്രീ ചട്ടമ്പിസ്വാമിതിരുവടികളല്ലെന്നു സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിച്ചുവരുന്നതായിക്കാണുന്നു. അത് അടിസ്ഥാനരഹിതമായ ശ്രമമാണെന്നുള്ളതിന് ഗുരുശിഷ്യന്മാരായ അവര്‍രണ്ടുപേരുടെയും വാക്കുകള്‍തന്നെ പ്രമാണങ്ങളാണ്. ബ്രഹ്മശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ എഴുതിയിട്ടുള്ള ‘ദേവാര്‍ച്ചപദ്ധതി’ എന്ന ഗ്രന്ഥത്തിനു 10.04.1092 ല്‍ ആലുവയില്‍വെച്ച് ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ ഒരു ഉപോദ്ഘാതം എഴുതിയിട്ടുണ്ട്. അതില്‍ യോഗജ്ഞാനപാരംഗതയ്ക്ക് യോഗജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാ ഗ്രഹിക്കയും പരിശീലിക്കയും ചെയ്ത് ആരൂഢപദത്തിലെത്തുന്നതിന് അനേകസംവത്സരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാരായണഗുരു എന്നുപറയുന്ന ആള്‍ ആ സമുദായത്തിന്റെ അഭ്യുത്ഥാനത്തിനായി അവരുടെ ഇടയില്‍ ദേവാര്‍ച്ചാദിയെ പുരസ്‌കരിച്ചു ബഹുവിധകാര്യങ്ങളില്‍ സ്വാതന്ത്ര്യമുണ്ടാക്കിയതുപോലെ മറ്റൊരു സമുദായത്തിനു സ്വയം കൃതാനര്‍ത്ഥനിലയില്‍ വന്നുകൂടിയ അന്യേച്ഛാധീനവൃത്തിയെ നിഷ്‌കാസനം ചെയ്യുവാന്‍ ദ്വിതീയശിഷ്യന്‍ (ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍) ഇങ്ങനെ ഗ്രന്ഥകരണാദിയില്‍ പ്രവര്‍ത്തിക്കുന്നത് ഗൗണാത്മതാദ്ധ്യാസദൃഷ്ട്യാ ചാരിതാര്‍ത്ഥ്യജനകമായിരിക്കുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ, സ്വാമിതിരുവടികള്‍ ‘മോക്ഷപ്രദീപഖണ്ഡനം’ എഴുതാന്‍ തുടങ്ങിയപ്പോള്‍, ‘അവിടുന്ന് ആ ഗ്രന്ഥമെഴുതരുതേ!’ എന്നു കാണിച്ച് ആലത്തൂര്‍ ശിവയോഗിയുടെ ശിഷ്യന്മാരായ തെക്കേടത്തു രാമന്‍പിള്ള മുതലായ മാന്യന്മാര്‍ കടുത്തുരുത്തിയില്‍നിന്ന് 26.01.1090 ല്‍ ഒരു എഴുത്തയച്ചിരുന്നു. 3അതില്‍, ‘അവിടുത്തെ ശ്രമങ്ങള്‍ക്കൊന്നിനും മോക്ഷപ്രദീപമാകട്ടെ അതിന്റെ കര്‍ത്താവാകട്ടെ എതിരായി നില്‍ക്കുന്നില്ല. ഈ സ്ഥിതിക്ക് അവിടുന്ന് മോക്ഷപ്രദീപത്തെ എതിര്‍ക്കുന്നതിന് എന്തു ന്യായയുക്തതയാണുള്ളത്? നാരായണഗുരുസ്വാമിയുടെ ക്ഷേത്രസ്ഥാപനങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ ഉണ്ടാക്കുന്നതിനൊരുമ്പെട്ടിരുന്ന ചില ഈഴവര്‍ക്ക് മോക്ഷപ്രദീപം ഒരു സഹായമായി ഭവിച്ചിരിക്കാം. അതിനിടയ്ക്ക് അവിടുന്നെന്തിനു ചാടിവീഴുന്നു? നാരായണഗുരുസ്വാമിതന്നെ നേരിടട്ടെ! വാദിക്കട്ടെ! ജയിക്കട്ടെ! അഥവാ തോല്ക്കട്ടെ! നാരായണഗുരുസ്വാമി, അവിടുത്തെ ആശ്രിതനോ ശിഷ്യനോ സഹപാഠിയോ ആയിരിക്കാം. ആയിരിക്കട്ടെ! അവിടുത്തോടു വല്ലസംശയം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കണം. അല്ലാതെ നാരായണഗുരുസ്വാമിയെ അവിടുന്നു മാറ്റിനിറുത്തിയിട്ട് അവിടുന്നു നേരിടണമോ?’ എന്നു ചോദിച്ചിട്ടുള്ളതിന് ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ അയച്ച മറുപടിയില്‍ ഇങ്ങനെ കാണുന്നു; 4ഞാനും, മുമ്പ് യോഗജ്ഞാനവിഷയങ്ങളില്‍ എന്റെ ശിഷ്യനായിരുന്നതുകൊണ്ടു നാരായണഗുരു സ്വാമിയെന്ന ആളും, ഈഴവരില്‍ ചിലരും തങ്ങളില്‍ പഴയ പരിചയക്കാരാണ്. അവര്‍ സ്വജനക്ഷേമാര്‍ത്ഥം ക്ഷേത്രപ്രതിഷ്ഠ മുതലായവ നടത്തുന്നതായി കേള്‍വി ഉണ്ട്. ടി ആളിന് (നാരായണഗുരു സ്വാമികള്‍ക്ക്) മതവാദത്തിനിറങ്ങേണമെന്നു തോന്നുന്ന കാലത്ത് അതിലേക്കായിട്ടു മറ്റൊരുത്തരുടെ സഹായമോ ഉപദേശമോ വേണ്ടതായി വരുമെന്നു തോന്നുന്നില്ല.’
നാരായണഗുരുസ്വാമികളുടെ ജീവിതകാലത്തുതന്നെ സ്വാമിതിരുവടികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രണ്ടു പ്രസ്താവനകളില്‍നിന്നും അവിടുത്തെ സുസമ്മതനായ ഒരു ശിഷ്യപ്രധാനനാണ് നാരായണഗുരുസ്വാമികളെന്നു സിദ്ധിക്കുന്നു.
ഇതുപോലെ തന്നെ ശ്രീനാരായണഗുരുസ്വാമികള്‍ നവമഞ്ജരികാസ്‌തോത്രത്തില്‍ തന്റെ ഗുരുനാഥനായ ചട്ടമ്പിസ്വാമിതിരുവടികളെ സ്മരിച്ചുകാണുന്നു. അതിങ്ങനെയാണ്.
‘ശിശുനാമഗുരോരാജ്ഞാം
കരോമിശിരസാവഹന്‍
‘നവമഞ്ജരികാം’ ശുദ്ധീ-
കര്‍ത്തുമര്‍ഹന്തികോവിദാഃ’
ഇതിലെ ‘ശിശുനാമ’ പദം ‘കുഞ്ഞന്‍’ എന്ന പദത്തിന്റെ സംസ്‌കൃതരൂപമാണ്. ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ ‘അദൈ്വതപാരിജാതം’ എന്ന സംസ്‌കൃത ഗ്രന്ഥത്തില്‍ ‘ശിശുനാമമുനേഃ പദാരണീം…….’ എന്നു തുടങ്ങിയ പദ്യവും അദ്ദേഹത്തിന്റെ ‘ശിശുഭഗവത്പഞ്ചകം’ എന്ന സ്‌തോത്രവും ഇതിനു തെളിവാണ്.
എന്നാല്‍ ഇക്കൊല്ലം വര്‍ക്കലനിന്ന് ‘ശ്രീനാരായണധര്‍മ്മപ്രചരണസഭ’ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘ഗുരുതിരുനാള്‍സോവനീര്‍’ എന്ന പുസ്തകത്തില്‍ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ശ്രീനാരായണഗുരുസ്വാമികളുടെ സതീര്‍ത്ഥ്യനാണെന്ന് ‘ശിശുനാമ’ ഗുരുപദംകൊണ്ടു സ്ഥാപിക്കാന്‍ വളരെ പണിപ്പെട്ടിട്ടുള്ളതായിക്കാണുന്നു. സോവനീറില്‍ പറയുന്ന ഭാഗം ഇങ്ങനെയാണ്. ‘കുറെക്കഴിഞ്ഞപ്പോള്‍ സ്വാമി (നാരായണഗുരുസ്വാമി) പുതുപ്പള്ളില്‍ ശ്രീമാന്‍ കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ ശിഷ്യത്വം സ്വീകരിക്കയും ഉപരിഗ്രന്ഥങ്ങള്‍ വായിക്കയും ചെയ്തതായി ജീവചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തു സ്വാമി രചിച്ചിട്ടുള്ള സംസ്‌കൃതകൃതികളുടെ ഒടുവില്‍ക്കാണുന്ന സംസ്‌കൃതക്കുറിപ്പില്‍നിന്ന് ഇക്കാര്യം വ്യക്തമാകുന്നുണ്ട്. ‘ബാലരാമാന്തേവാസിനാ നാരായണേന വിരചിതം’ ഇങ്ങനെയാണ് ആ കുറിപ്പു കാണുന്നത്. ഇക്കൂട്ടത്തില്‍ ‘നവമഞ്ജരി’യുടെ ആരംഭത്തില്‍ ‘ശിശുനാമഗുരോരാജ്ഞാം’ എന്നു തുടങ്ങിയ ഒരു ‘അനുഷ്ടുപ്പ്’ ഉണ്ട്. കുഞ്ഞന്‍പിള്ളച്ചട്ടമ്പി പറഞ്ഞിട്ടെഴുതിയതാണ് ആ മഞ്ജരിയെന്ന് മനസ്സിലാക്കാം. ‘ചട്ടമ്പി’ എന്ന വാക്ക് ഒരു ഗുരുവിന്റെ കീഴില്‍ പ്രധാനനായ ഒരു വിദ്യാര്‍ത്ഥിക്കുള്ള ‘ടൈറ്റില്‍’ ആണ്. പക്ഷെ അത് ആശാന്‍ (ഗുരു) എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചു കാണുന്നത്. ശ്രീചട്ടമ്പിസ്വാമികളുടെ ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ സ്വാമി സ്‌നേഹിച്ചു ബഹുമാനിച്ചിരുന്നു. പലേ മഹാന്മാരുമായി സ്വാമിയെ പരിചയപ്പെടുത്തിയിരുന്ന ചട്ടമ്പിസ്വാമികള്‍ തന്നെയാണ് തിരുവനന്തപുരം റസിഡന്‍സിയിലെ സൂപ്രണ്ടായിരുന്ന ശ്രീ തയ്ക്കാട്ടയ്യാവവര്‍കളേയും പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു രണ്ടുപേരും യോഗാഭ്യാസമാര്‍ഗ്ഗങ്ങള്‍ കുറേക്കാലം ശീലിച്ചിരുന്നു. പിന്നീടു രണ്ടുപേരും ഒന്നിച്ചു പല സ്ഥലങ്ങളിലും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.’
മേല്‍ കാണിച്ച പ്രസ്താവനയുടെ ആദ്യഭാഗംകൊണ്ട്, ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളുമൊന്നിച്ച് കുമ്മമ്പിള്ളി ആശാന്റെ കീഴില്‍ പഠിച്ചിരുന്നു എന്നും അന്നത്തെ ‘മോണിറ്റര്‍’ സ്ഥാനം സ്വാമിതിരുവടികള്‍ക്കായിരുന്നെന്നുമാണ് സോവനീര്‍കാര്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്നു തോന്നുന്നു. പക്ഷേ ‘ബാലരാമാന്തേവാസിനാ നാരായണേന വിരചിതം’ എന്നുള്ളതുകൊണ്ട് ആ ഉദ്ദേശ്യം സഫലമായി എന്നു തോന്നുന്നില്ല.
സ്വാമിതിരുവടികള്‍ പഠിച്ചത് കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ കൂടെയല്ലെന്നും പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ കൂടെയാണെന്നും മേല്പറഞ്ഞ ചരിത്രഭാഗങ്ങള്‍ കൊണ്ടറിയാവുന്നതാണ്. എന്നുമാത്രമല്ല, കുമ്മമ്പിള്ളിയാശാന്റെ കളരിയിലെ ‘ചട്ടമ്പി’ നാരായണഗുരുസ്വാമികളായിരുന്നെന്നു മി. മൂര്‍ക്കോത്തു കുമാരനെഴുതിയ നാരായണഗുരുസ്വാമികളുടെ ജീവചരിത്രം ഒന്നാംഭാഗം 94-ാം പേജില്‍ കാണുന്നുമുണ്ട്. വാദത്തിനുവേണ്ടി സോവനീര്‍കാരുടെ അഭിപ്രായം സ്വീകരിച്ചാല്‍തന്നെയും, തന്റെ ഗുരുനാഥനെന്നു പറയപ്പെടുന്ന കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ കൂടെ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്, ആ ഗ്രന്ഥം രചിച്ചതെങ്കില്‍ അദ്ദേഹത്തെ സ്മരിക്കാതെ ക്ലാസ്സിലെ മോണിറ്ററെ ഗുരുവാക്കുന്ന ആളാണു ശ്രീ നാരായണഗുരുസ്വാമികളെന്ന് ബുദ്ധിയുള്ളവര്‍ക്കു വിചാരിക്കാന്‍ കഴിയുന്നതല്ല. ഇതില്‍നിന്നും ഗ്രഹിക്കേണ്ടത് നാരായണഗുരുസ്വാമികള്‍ കുമ്മമ്പിള്ളിയാശാന്റെകൂടെ സംസ്‌കൃതം പഠിച്ചിട്ടുണ്ടെങ്കിലും നവമഞ്ജരിക മുതലായവ എഴുതിയത് ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ശിഷ്യനായതിനുശേഷമാണെന്നാണ്.
നാരായണഗുരുസ്വാമികള്‍ കുമ്മമ്പിള്ളിയാശാന്റെ അടുക്കല്‍നിന്നു പഠിത്തം നിറുത്തിപ്പോന്നത് 1055-ാമാണ്ടാണെന്നും ശ്രീ ചട്ടമ്പിസ്വാമിതിരുവടികളെ കാണുന്നത് (1058ലാണ് അവര്‍ തമ്മില്‍ കണ്ടതെന്ന് ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികളില്‍ നിന്നറിയുന്നു.)5 1060-ാമാണ്ടാണെന്നും ‘നവമഞ്ജരിക’ യെഴുതിയത് 1084-ാമാണ്ടാണെന്നും ശ്രീ നാരായണഗുരുസ്വാമികളുടെ ജീവചരിത്രങ്ങളില്‍ പറഞ്ഞുകാണുന്നുണ്ട്.
‘ഗുരുതിരുനാള്‍ സോവനീറില്‍’ പറയുന്നപ്രകാരം ശ്രീചട്ടമ്പിസ്വാമികള്‍ക്ക് തൈക്കാട്ട് അയ്യാവ് അവര്‍കളില്‍നിന്ന് ഹഠയോഗവിഷയകമായി ചില പരിശീലനങ്ങള്‍ സിദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീനാരായണഗുരുസ്വാമികളുടെ യോഗജ്ഞാനോപദേഷ്ടാവ് പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണെന്ന് ആ മഹാത്മാക്കള്‍ രണ്ടുപേരും സമ്മതിച്ചിട്ടുള്ളതിനാല്‍ ശ്രീ നാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികഗുരു തൈക്കാട്ട് അയ്യാവ് ആണെന്ന് സോവനീര്‍കാര്‍ പറയുന്നത് ശരിയല്ല. തൈക്കാട്ട് അയ്യാവ് അവര്‍കള്‍ ഒരു ഹഠയോഗി മാത്രമായിരുന്നു. അദ്ദേഹത്തിന് ജ്ഞാനയോഗം ഹിതവും വശവും അല്ലാതിരുന്ന കഥ അദ്ദേഹത്തെ പരിചയമുണ്ടായിരുന്ന പല പണ്ഡിതന്മാരില്‍നിന്നും എനിക്കറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീ ചട്ടമ്പിസ്വാമികളോ ശ്രീനാരായണഗുരുസ്വാമികളോ ഹഠയോഗം മോക്ഷസാധനമായി കരുതിയിരുന്നില്ല. ഹഠയോഗമാര്‍ഗ്ഗത്തിലും രാജയോഗമാര്‍ഗ്ഗത്തിലും ഉള്ള പല അഭ്യാസങ്ങളും ആദ്യകാലങ്ങളില്‍ സിദ്ധവല്‍കരിച്ചിരുന്ന ആ മഹാത്മാക്കള്‍ സാക്ഷാല്‍ മോക്ഷസാധനമായിട്ടു കരുതിയിരുന്നത് അദൈ്വതജ്ഞാനത്തെ മാത്രമായിരുന്നുവെന്ന് ആത്മസാക്ഷാത്ക്കാരത്തിനുവേണ്ടി അവരെ സമീപിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്.
ശ്രീനാരായണഗുരുസ്വാമികള്‍ വിരചിച്ചിട്ടുള്ള, ‘ആത്മോപദേശശതകം’, ‘ദര്‍ശനമാല’ മുതലായ അദൈ്വതവേദാന്തശാസ്ത്രഗ്രന്ഥങ്ങള്‍ അദ്ദേഹം ഒരു ജ്ഞാനാചാര്യനായിരുന്നുവെന്ന വാസ്തവത്തെ പ്രഖ്യാപനം ചെയ്യുന്നു. ആ സമ്പ്രദായം അദ്ദേഹം എവിടെനിന്നെങ്കിലും പരിശീലിച്ചതായിരിക്കണം. ശ്രീ അയ്യാവ് അവര്‍കളില്‍നിന്ന് ആരും വേദാന്തം അഭ്യസിച്ചിതായിട്ടറിയുന്നില്ല. ശ്രീചട്ടമ്പിസ്വാമികള്‍, ചാടിയറ ശ്രീ മാധവന്‍പിള്ള, മണക്കാട് ശ്രീ കൃഷ്ണപിള്ളവൈദ്യന്‍, ഒരു ഗണകന്‍, ഇത്രയും പേര്‍ ഹഠയോഗവിഷയത്തില്‍ ശ്രീ തൈക്കാട്ട് അയ്യാവ് അവര്‍കളുടെ ശിഷ്യന്മാരാണ്. ഇവരില്‍ ശ്രീ ചട്ടമ്പിസ്വാമിപാദങ്ങളും പൂജപ്പുര ശ്രീ ചാടിയറ മാധവന്‍പിള്ള അവര്‍കളും മാത്രമേ വേദാന്തികളായിരുന്നുള്ളൂ. ശ്രീ ചട്ടമ്പിസ്വാമികളുടെ വേദാന്താഭ്യസനം ഈ ലേഖനത്തില്‍തന്നെ വെളിവാക്കീട്ടുണ്ടല്ലോ. സുപ്രസിദ്ധനായ രാമബ്രഹ്മസ്വാമികളില്‍നിന്നാണ് ചാടിയറ മാധവന്‍പിള്ള അവര്‍കള്‍ വേദാന്തം അഭ്യസിച്ചത്. ഇതില്‍നിന്ന് അയ്യാവ് അവര്‍കള്‍ക്ക് മഹാജ്ഞാനിയായ ഒരു ശിഷ്യനെ സമ്പാദിക്കാന്‍ ലേശവും കഴിവില്ലായിരുന്നുവെന്ന് വ്യക്തമായല്ലോ. ശ്രീനാരായണഗുരുസ്വാമികള്‍ക്ക് അയ്യാവിനെ പരിചയപ്പെടുത്തിക്കൊടുത്തത് ചട്ടമ്പിസ്വാമികളാണെന്നുള്ള കാര്യത്തില്‍ ആരും വിസമ്മതിക്കുന്നില്ല. നാരായണഗുരുസ്വാമികള്‍ സമീപിക്കുന്ന കാലത്തുതന്നെ ചട്ടമ്പിസ്വാമികള്‍ യോഗജ്ഞാനവിഷയങ്ങളില്‍ അപാരപാണ്ഡിത്യം സമ്പാദിച്ചിരുന്നതായി നാരായണഗുരുസ്വാമികളുടെ ജീവചരിത്രകാരന്മാര്‍പോലും രേഖപ്പെടുത്തിക്കാണുന്നു. ആ സ്ഥിതിക്ക് യോഗജ്ഞാന പരിശീലനത്തിനുവേണ്ടി ശ്രീ നാരായണഗുരു അയ്യാവിനെ ആശ്രയിച്ചുവെന്ന് പറയുന്നത് ശരിയല്ല. ‘വാഴവിളമറ്റത്ത്’ ജി. നാണു എന്ന മാന്യന്‍ എഴുതിയ ശ്രീനാരായണ പരമഹംസചരിതം വഞ്ചിപ്പാട്ടില്‍,
‘ഷണ്‍മുഖപാദം ഭജിച്ചനന്തപുരത്തമര്‍ന്നൊരു
ഷണ്‍മുഖദാസാഹ്വയനാം യോഗിയെക്കണ്ടു
സ്വാഗതോക്തികളും ചൊല്ലിയാഗമജ്ഞനോടുചേര്‍ന്നു
യോഗവിദ്യാഭ്യാസവും ചെയ്തമര്‍ന്നദ്ദേഹം.’
എന്നും കിഴക്കേകല്ലട ശീവേലിക്കര എം.സി.കുഞ്ഞുരാമന്‍ വൈദ്യന്‍ അവര്‍കളാല്‍ എഴുതപ്പെട്ട ശ്രീനാരായണഗുരുസ്വാമിചരിതം താരാട്ടില്‍,
‘ഷണ്‍മുഖദാസനെന്നുള്ള – മഹാ-
നിര്‍മ്മലനാം യോഗിയേകന്‍,
ചെമ്മേയനന്തപുരത്തു – സര്‍വ്വ-
സമ്മതനായന്നമര്‍ന്നാന്‍.
യോഗതന്ത്രത്തില്‍ സമര്‍ത്ഥനായ
യോഗിയാമദ്ദേഹത്തോട്
ലോകഗുരുസ്വാമിയക്കാലത്തു
യോഗാഭ്യാസാദി പഠിച്ചു.
ഊണുറക്കം ക്ലിപ്തമായിന്നിടം
വേണമെന്നുള്ളതില്ലാതെ
നാണുഗുരുസ്വാമി, യോഗിയോടും
വാണുകുറേക്കാലമുണ്ണി.’
എന്നും പ്രസ്താവിച്ചുകാണുന്നതില്‍നിന്നു ശ്രീനാരായണഗുരുസ്വാമികളുടെ യോഗാചാര്യന്‍ ഷണ്മുഖദാസനെന്ന അപരാഭിധാനത്താലറിയപ്പെടുന്ന ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണെന്നു സ്പഷ്ടമാകുന്നുണ്ട്. 1088-ാമാണ്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ് ‘ശ്രീനാരായണ ഗുരുസ്വാമിചരിതം താരാട്ട്’ എന്ന പുസ്തകം. അതില്‍ അയ്യാവും നാരായണഗുരുസ്വാമികളും തമ്മിലുള്ള ബന്ധത്തെപ്പറ്റി,
ദിക്കില്‍ പുകള്‍ പൊങ്ങിടുന്ന – നല്ല
തൈയ്ക്കാട്ടയ്യാവെന്ന മാന്യന്‍
ഇഗ്ഗുരുനാഥനനുഗ്രഹങ്ങ-
ളക്കാലം നല്‍കിയിട്ടുണ്ട്.
എന്നു മാത്രമേ എഴുതിയിട്ടുള്ളൂ. ഈ താരാട്ടിലെ കഥാഭാഗത്തിന് പറയത്തക്ക യാതൊരു മാറ്റവും വരുത്താതെ തന്നെയാണു ശ്രീ.കെ.ദാമോദരന്‍ ബി.എ.യും ശ്രീ മൂര്‍ക്കോത്തു കുമാരനും നാരായണഗുരുസ്വാമികളുടെ ജീവചരിത്രം എഴുതിയത്. എന്നാല്‍ അവര്‍ എഴുതിയ ജീവചരിത്രത്തില്‍ ചട്ടമ്പിസ്വാമികളും നാരായണഗുരുസ്വാമികളും സതീര്‍ത്ഥ്യന്മാരാണെന്നുമാത്രം ഒരു ഭേദം ചെയ്തുകാണുന്നു. ശ്രീ മൂര്‍ക്കോത്തുകുമാരന്‍ എഴുതിയ ജീവചരിത്രത്തില്‍ ശ്രീ കരുവാ കൃഷ്ണനാശാന്‍, സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ മുതലായ മാന്യന്മാര്‍ നാരായണഗുരുസ്വാമികളെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാമാണ്യം കൊടുത്തിട്ടുണ്ട്. എന്നാല്‍ ശ്രീ കരുവാ കൃഷ്ണനാശാനും, മൂലൂര്‍ പത്മനാഭപണിക്കരും, ശ്രീനാരായണഗുരുവിന്റെ ഗുരു ചട്ടമ്പിസ്വാമികളാണെന്നു പ്രസ്താവിച്ചിട്ടുള്ള കാര്യം ശ്രീ മൂര്‍ക്കോത്തുകുമാരന്‍ താനെഴുതിയ പുസ്തകത്തില്‍ ചേര്‍ക്കാഞ്ഞതിന്റെ രഹസ്യം മനസ്സിലാകുന്നില്ല. ചട്ടമ്പിസ്വാമികളുടെ സമാധി സംബന്ധിച്ച് സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍ എഴുതിയ കവിതയില്‍,
‘ശ്രീനാരായണഗുരുസ്വാമിയും ഗുരുവാക്കി
മാനിച്ച മഹാഭാഗ്യം തികഞ്ഞ ദിവ്യഗാത്രം.’
എന്നും ശ്രീ കൃഷ്ണനാശാന്‍ എഴുതിയ സ്മരണയില്‍, ‘ഇടക്കാലത്തു നാരായണഗുരുവിന്റെ ഗുരുസ്ഥാനം ചട്ടമ്പിസ്വാമിതിരുവടികളില്‍ നിന്നും ചോര്‍ത്തി എടുത്ത് അത് തൈക്കാട്ട് അയ്യാവിന്റെ തലയില്‍ കെട്ടിവെയ്പാന്‍ ശ്രമിച്ചതായി ഞാന്‍ അറിയുന്നു. ഇത്രമാത്രം ഗുരുദ്രോഹമായ ഒരു കര്‍മ്മം വേറെ, ഇല്ല’ എന്നും എഴുതിയിട്ടുണ്ട്.
ശ്രീ ചട്ടമ്പിസ്വാമികളോടും ശ്രീ നാരായണഗുരുസ്വാമികളോടും വളരെ അടുത്തു സഹവസിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള രണ്ടു മഹത്തുക്കളായിരുന്നു വിദ്വല്‍കേസരികളായ കരുവാ കൃഷ്ണനാശാന്‍ അവര്‍കളും മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ അവര്‍കളും. അവരുടെ രണ്ടുപേരുടേയും വാക്കുകള്‍ ഈ ഗുരുശിഷ്യവിഷയകമായ വാദങ്ങള്‍ക്കൊരു തീര്‍ച്ച വരുത്തിയതായിട്ടേ സുജനങ്ങള്‍ പരിഗണിക്കയുള്ളു. അതിനാല്‍ മഹാജ്ഞാനിയായിരുന്ന നാരായണഗുരുസ്വാമികളുടെ ആചാര്യസ്ഥാനത്തിന് ഏതുകൊണ്ടും അര്‍ഹന്‍ പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണ് എന്നു തീരുമാനിക്കാം. അദ്ദേഹത്തിനു നാരായണഗുരുവിനെ കൂടാതെ ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍, ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍, ശ്രീ ബാലസുബ്രഹ്മണ്യശിവം, ഐക്കരനാട്ടു രാമന്‍പിള്ള മുതലായ യോഗജ്ഞാനപാരംഗതന്മാരെ ശിഷ്യത്വേന സമ്പാദിക്കുവാന്‍ കഴിഞ്ഞിരുന്നതില്‍നിന്നും ശ്രീ അയ്യാവിന് അതിനു കഴിവില്ലാതിരുന്നതില്‍നിന്നും നാരായണഗുരുസ്വാമികളുടെ ഗുരു ചട്ടമ്പിസ്വാമികള്‍തന്നെയാണെന്നു തീരുമാനിക്കാവുന്നതാണ്. എന്നാല്‍ 10.09.120 ല്‍ തൈക്കാട്ട് അയ്യാവ് അവര്‍കളുടെ മകനാണെന്നു പറഞ്ഞ് എസ്.ലോകനാഥപ്പണിക്കര്‍ എന്ന ഒരാള്‍ ശ്രീനാരായണഗുരുസ്വാമികളുടെ ഗുരു തന്റെ അച്ഛനായ തൈക്കാട്ട് അയ്യാവായിരുന്നു എന്നു കാണിച്ച് ശിവഗിരി മഠാധിപതി ശ്രീ ശങ്കരാനന്ദസ്വാമികളുടെ പേര്‍ക്ക് ഒരെഴുത്തയച്ചിരുന്നതായി ‘നവജീവനിലും’ ‘കേരളകൗമുദിയിലും’ കാണുകയുണ്ടായി. അതിന് ‘ഇതാണുവാസ്തവം’ എന്ന തലക്കെട്ടില്‍ ആയുര്‍വ്വേദാചാര്യന്‍ പണ്ഡിറ്റ് സി.രാമകൃഷ്ണന്‍ നായര്‍ (ചെറുവള്ളി) ‘ചക്രവാളത്തില്‍’ (120 കര്‍ക്കടകം 28-ാം തീയതിയിലെ 15-ാം ലക്കം) ശരിയായ ഒരു സമാധാനമെഴുതി, ശ്രീനാരായണഗുരുസ്വാമികള്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ശിഷ്യന്‍തന്നെയാണെന്ന് ആ മഹാത്മാക്കളുടെ രണ്ടുപേരുടെയും വാക്യങ്ങള്‍ ഉദ്ധരിച്ചു സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ ശ്രീ ലോകനാഥപ്പണിക്കരുടെ വാക്കിനേക്കാള്‍ ഈ വിഷയത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുടേയും ശ്രീ നാരായണഗുരുസ്വാമികളുടേയും അഭിപ്രായത്തിനാണ് പ്രാമാണ്യമെന്നു മി.പണിക്കര്‍ തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗുരുശിഷ്യബന്ധത്തെപ്പറ്റി ഗുരുവിനും ശിഷ്യനും അറിയാവുന്നതുപോലെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയുന്നതല്ലല്ലൊ. മി.ലോകനാഥപ്പണിക്കര്‍ എഴുത്തില്‍ കാണിച്ചിരിക്കുന്ന ഉപദേശസമ്പ്രദായംതന്നെ ഉപാസനാ മാര്‍ഗ്ഗത്തിലേക്കുള്ള താന്ത്രികമായ പ്രാരംഭച്ചടങ്ങുമാത്രമാണ്. അത് നാരായണഗുരു അയ്യാവില്‍നിന്നു ഗ്രഹിച്ചുവെന്നു സമ്മതിച്ചാല്‍ തന്നെയും അദ്ദേഹത്തിന്റെ ജ്ഞാനോപദേഷ്ടാവ് അയ്യാവാണെന്നു മി. ലോകനാഥപ്പണിക്കരുടെ എഴുത്തില്‍ നിന്നു മനസ്സിലാക്കാവുന്നതല്ല. ചട്ടമ്പിസ്വാമികള്‍ക്കും ഗുരുസ്വാമികള്‍ക്കും യോഗമാര്‍ഗ്ഗത്തെ പലപ്പോഴും അതിനുശേഷം ഉപദേശിക്കയും അഭ്യാസമാര്‍ഗ്ഗം അനുഭവത്തില്‍ കാണിച്ചുകൊടുക്കുകയും പതിവുണ്ടായിരുന്നു,’ എന്നു ലോനാഥപ്പണിക്കര്‍ തന്റെ എഴുത്തില്‍ പ്രത്യേകം എടുത്തുകാണിച്ചിട്ടുള്ള ഭാഗം വായിക്കുമ്പോള്‍ യോഗജ്ഞാനവിഷയങ്ങളില്‍ അല്പമെങ്കിലും പുരോഗമിക്കാന്‍ കഴിഞ്ഞിട്ടുള്ള ആളുകള്‍ പൊട്ടിച്ചിരിച്ചു പോകതന്നെ ചെയ്യും.
‘ത്രിഭുവനസീമകടന്നുതിങ്ങിവിങ്ങും
ത്രിപുടിമുടിഞ്ഞുതെളിഞ്ഞിടുന്നദീപം
കപടയതിക്കുകരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.’
എന്നു പാടിയിട്ടുള്ള ബ്രഹ്മവിദ്വരനായ നാരായണഗുരുസ്വാമികള്‍ ‘സ്വരൂപസമാധി’യില്‍ വിശ്രമസുഖം അനുഭവിച്ചുകൊണ്ടിരുന്നത് മി.പണിക്കര്‍ കാണിച്ച അഭ്യാസമാര്‍ഗ്ഗം കൊണ്ടല്ലായിരുന്നുവെന്നും നേരേമറിച്ചു തനിക്കു തന്റെ ജ്ഞാനാചാര്യനില്‍നിന്ന് സിദ്ധിച്ച അനുഭവൈകവേദ്യമായ ജ്ഞാനോപദേശം കൊണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ അന്തേവാസികളില്‍ അപൂര്‍വ്വം ചിലര്‍ക്കെങ്കിലും അറിയുവാനിടയായിട്ടുണ്ട്. പക്ഷേ ശ്രീ ലോകനാഥപ്പണിക്കര്‍, ശ്രീ ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുസ്വാമികളും അവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രസ്താവിച്ചിട്ടുള്ള ഭാഗം കണ്ടിരുന്നുവെങ്കില്‍ ഈ സാഹസത്തിനു മുതിരുകയില്ലായിരുന്നുവെന്നാണ് എന്റെ വിശ്വാസം.
ഈ വിഷയത്തെപ്പറ്റി പത്രപംക്തികളില്‍ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരുന്നകാലത്ത് 99-ാമാണ്ട് മീനമാസം 13-ാം തീയതി പ്രാക്കുളത്തു ശ്രീ പരമേശ്വരന്‍പിള്ള അവര്‍കളുടെ വസതിയില്‍വെച്ചു പന്നിശ്ശേരി ശ്രീ നാണുപിള്ള അവര്‍കളും നാരായണഗുരുസ്വാമികളുമായി ഒരു സംഭാഷണം നടന്നു. 6അന്നു ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ശരീരാസ്വാസ്ഥ്യം മൂലം അവിടെ വിശ്രമിക്കുകയായിരുന്നു. ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍, ശ്രീ കരുവാ കൃഷ്ണനാശാന്‍, കൊറ്റനാട്ടു ശ്രീ നാരായണപിള്ള, പ്രാക്കുളം ശ്രീ പരമേശ്വരന്‍ പിള്ള മുതലായ മറ്റുപല മാന്യന്മാരും അപ്പോള്‍ അവിടെയുണ്ടായിരുന്നു.
സംഭാഷണം
ശ്രീ പന്നിശ്ശേരി:- അവിടത്തെ ഗുരുവിഷയത്തില്‍ അഭിപ്രായവ്യത്യാസം പുറപ്പെട്ടുകാണുന്നു. ഗുരു ശ്രീ ചട്ടമ്പിസ്വാമി തിരുവടികളല്ലെ?
ശ്രീനാരായണഗുരു:- അതെ. അതിന് അഭിപ്രായവ്യത്യാസമെന്താണ്?
പന്നിശ്ശേരി:- കുമാരനാശാനും മറ്റും തയ്ക്കാട്ടയ്യാവെന്നെഴുതിക്കണ്ടു.
നാരായണഗുരു:- ആ അഭിപ്രായം അവര്‍ക്കല്ലേ? അതു സാരമില്ല.
പന്നിശ്ശേരി:- അവിടുത്തേയും ശ്രീ സ്വാമിതിരുവടികളേയും ആദ്യം കൂട്ടിമുട്ടിച്ചേര്‍ത്തതു ചെമ്പഴന്തി നാരായണപിള്ളയല്ലേ?
നാ: ഗുരു:- ഇതാരു പറഞ്ഞു?
പ:- സ്വാമിതിരുവടികള്‍തന്നെ പറഞ്ഞു.
നാ: ഗുരു:- ഓ! ഇതൊക്കെയിപ്പോള്‍ ഓര്‍ക്കുന്നോ? വലിയ മേധാബലമുള്ള ആളല്ലേ? അത്രയും ബുദ്ധിയും ഓര്‍മ്മയും ആര്‍ക്കുമില്ല.
പ:- ശിശുനാമഗുരോരാജ്ഞാം……..
ഭാവയേ ഭാവനാകാരം – എന്നു തുടങ്ങുന്ന ശ്രീ ചട്ടമ്പിസ്വാമികളെപ്പറ്റിയുള്ള രണ്ടു ശ്ലോകങ്ങള്‍ അവിടുന്നെഴുതിയതല്ലെ?
നാ: ഗുരു:- അതെ.
പ:- ഒരു ക്ഷേത്രത്തിന്റെ നടയില്‍ വെച്ചാണ് ആദ്യം തമ്മില്‍ കണ്ടതെന്നു കേട്ടു. ആ ക്ഷേത്രത്തിന്റെ പേരെന്താണോ?
നാ:ഗുരു:- അണിയൂര്‍ ക്ഷേത്രമെന്നാണ്.
പ:- യോഗം ഉപദേശിച്ചതും അഭ്യസിപ്പിച്ചതും നെയ്യാറ്റുങ്കരെ ഒരു പോറ്റിയുടെ ഗൃഹത്തില്‍വെച്ചല്ലെ?
നാ:ഗുരു:- അതെ.
പ:- ഖേചരിസിദ്ധിവരെ യോഗം ചെയ്തിട്ടുണ്ടല്ലൊ?
നാ:ഗുരു: ഓ! കുറെ കഫം പോരും. കുറെയൊക്കെ സാധിച്ചിട്ടുണ്ട്.
പ:- മോക്ഷത്തിനതു നേരേ സഹായിക്കുമോ?
നാ:ഗുരു- നമുക്കങ്ങനെ പക്ഷമില്ല. അതും പരമ്പരയാകാരണമായിരിക്കാം. മോക്ഷം തത്ത്വവിചാരംകൊണ്ടേ സാധിക്കൂ. പ്രപഞ്ചത്തിനു സത്തയുണ്ടെന്നുള്ള വിചാരമാണ് സാധാരണയായിരിക്കുന്നത്. അതാണു ബന്ധം. വിചാരംകൊണ്ടു കണ്ണാടിയിലെ ദീപംപോലെ ഇതിനു സത്തയില്ലെന്നും കേവലബോധത്തിനേ സത്തയുള്ളൂ എന്നും കാണാറാകും. അപ്പോള്‍ എല്ലാം പ്രാതിഭാസികം എന്നുവരും. ആ ബോധം ഉറയ്ക്കുമ്പോള്‍ ഇപ്പോഴത്തെ ജീവബോധം മാറും. പിന്നെ ബന്ധമില്ല. മുക്തിയായി.
ഈ സംഭാഷണവും മേല്പറഞ്ഞ വാസ്തവത്തെ തെളിയിക്കുന്നതാണല്ലൊ?
ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ മദ്ധ്യത്തിലും ശിഷ്യപ്രധാനികളായ ശ്രീനാരായണഗുരുസ്വാമികളും ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളും ഇരുഭാഗങ്ങളിലുമായി ഇരുന്നു ഒരു ഫോട്ടോയെടുത്തതും ഈ സംഭാഷണദിവസമായിരുന്നു. അതിനെപ്പറ്റി,
‘നേരേ നടുക്കു ഗുരുപാദരിടംവലംതന്‍-
പേരാര്‍ന്ന ശിഷ്യരിതുമട്ടിലിരുന്നു നന്നായ്
തോരാതെ ബാഷ്പനിരയോടു നമുക്കു കണ്ടി-
ങ്ങാരാന്‍ നമിപ്പതിനുടന്‍ പടമൊന്നെടുത്തു.’
എന്നു ശ്രീ ഭട്ടാരശതകത്തില്‍ ഒരു പദ്യവും കാണുന്നുണ്ട്. കൂടാതെ ചട്ടമ്പിസ്വാമിതിരുവടികളുടെ സമാധികാലത്തോടടുത്ത് നാരായണഗുരുസ്വാമികള്‍ അവിടുത്തെ അടുക്കല്‍വന്ന് വേണ്ട ഉപചാരങ്ങള്‍ ചെയ്തതും അദ്ദേഹത്തെ ശിവഗിരിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചതും അക്കാലങ്ങളിലെ വര്‍ത്തമാനപ്പത്രങ്ങളില്‍ നിന്നുപോലും അറിയാവുന്നതായിരുന്നു.
ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ സമാധി സംബന്ധിച്ച് നാരായണഗുരുസ്വാമികള്‍ രണ്ടു ശ്ലോകം എഴുതിയിട്ടുണ്ട്. അതിനെപ്പറ്റി ശ്രീ നാരായണഗുരുസ്വാമികളുടെ ശിഷ്യന്‍ സ്വാമി സുഗുണാനന്ദഗിരി ഇങ്ങനെ പറയുന്നു.
‘ഞാന്‍ നാരായണഗുരുസ്വാമികളുടെ സന്നിധിയിലിരിക്കുമ്പോഴാണ് ചട്ടമ്പിസ്വാമികളുടെ ചരമശ്ലോകം നാരായണഗുരുസ്വാമി എനിക്കു പറഞ്ഞുതന്ന് എന്നെക്കൊണ്ടെഴുതിച്ചത്. ആ ചരമപദ്യം വായിച്ചാല്‍ കുഞ്ഞന്‍പിള്ളച്ചട്ടമ്പിയില്‍ നാരായണഗുരുസ്വാമിക്കുണ്ടായിരുന്ന ബഹുമാനാതിരേകം നല്ലതുപോലെ അറിയാം.’ അതിതാണ്:
‘സര്‍വ്വജ്ഞ ഋഷിരുല്‍ക്രാന്തസ്സദ്ഗുരുശ്ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്‌നി പരിപൂര്‍ണ്ണകലാനിധിഃ
ലീലയാ കാലമധികം നീത്വാന്തേ സ മഹാപ്രഭുഃ
നിസ്സ്വംവപുഃ സമുത്സൃജ്യ സ്വംബ്രഹ്മവപുരാസ്ഥിതഃ.’7
ഈ രണ്ടു ശ്ലോകങ്ങളില്‍നിന്നും തന്റെ ഗുരുനാഥനായ ചട്ടമ്പിസ്വാമിതിരുവടികളില്‍ സര്‍വ്വജ്ഞത്വവും ഋഷിത്വവും മഹാപ്രഭുത്വവും പരിപൂര്‍ണ്ണകലാനിധിത്വവും കാണാന്‍ കഴിഞ്ഞ നാരായണഗുരുസ്വാമികള്‍ക്ക്, ശുകവര്‍ത്മാവില്‍ക്കൂടെ (ശുകബ്രഹ്മര്‍ഷി മുക്തിപ്രാപിച്ച സദ്യോമുക്തിദ്വാരാ) ഉയര്‍ന്നു പരമവ്യോമത്തില്‍ അവിടുന്ന് ആഭാനം ചെയ്യുന്നതും കാണാന്‍ കഴിഞ്ഞു.
കഷ്ടം! ഇത്രയൊക്കെയായിട്ടും മഹാത്മാവായ ശ്രീനാരായണഗുരുസ്വാമികളുടെ ‘ഗുരുത്വത്തെ’ ചോദ്യം ചെയ്യാന്‍ ചിലര്‍ സന്നദ്ധരാകുന്നത് ചട്ടമ്പിസ്വാമിതിരുവടികളുടെ ‘ലഘുത്വ’ത്തെ സ്ഥാപിക്കാനാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പക്ഷേ ആ മഹാത്മാക്കള്‍ക്കു രണ്ടുപേര്‍ക്കും ഉഭയഥാ ‘ഗുരുത്വ’മുണ്ടായിരുന്നു എന്ന് അവരുടെ മാര്‍ഗ്ഗത്തെ പിന്‍തുടരാന്‍ കഴിഞ്ഞിട്ടുള്ള ആര്‍ക്കും കാണാവുന്നതാണ്. ആ നിലയ്ക്ക് അന്യന്മാരുടെ അദ്ധ്യാസം ഒരു വിധത്തിലും അധിഷ്ഠാനത്തെ സ്പര്‍ശിക്കുന്നതല്ലല്ലൊ, എന്നു സമാധാനിക്കാം.
ഈ ഗുരുശിഷ്യബന്ധത്തെപ്പറ്റിയുള്ള പ്രസ്താവന അല്പം ദീര്‍ഘിച്ചുപോയിട്ടുണ്ടെങ്കിലും, ഈ വിഷയത്തെക്കുറിച്ചു വളരെ നാളായി നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങള്‍ക്ക് ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ഒരു എളിയ പ്രശിഷ്യനെന്ന നിലയില്‍ ഒരു സമാധാനം പറയേണ്ട കടമ എനിക്കുള്ളതുകൊണ്ട് ഇത്രയും എഴുതിപ്പോയതാണ്.
എന്ന് പ്രസാധകന്‍,
വിദ്യാനന്ദതീര്‍ത്ഥപാദസ്വാമി
തീര്‍ത്ഥപാദാശ്രമം, വാഴൂര്‍
22.06.1121

അടിക്കുറിപ്പുകള്‍
1. ഈ ചരിത്രഭാഗങ്ങള്‍ ബ്രഹ്മശ്രീമാന്മാരായ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍, പരമാനന്ദനാഥര്‍, ശ്രീ പന്നിശ്ശേരി നാണുപിള്ള എന്നീ മഹാന്മാരില്‍നിന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്.
2. ശ്രീ. പറവൂര്‍ ഗോപാലപിള്ള എഴുതിയ ‘ശ്രീ ചട്ടമ്പിസ്വാമികള്‍’ 364-ാം പേജ്.
3. ഈ എഴുത്ത് ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം എന്ന ഗ്രന്ഥത്തില്‍ 53-ാം പേജില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
4. ശ്രീ നീ. തീ. പാ. ചരിത്രസമുച്ചയം 60-ാം പേജ്.
5. 1058-ല്‍ ആണ് അവര്‍ തമ്മില്‍ കണ്ടതെന്നു ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളില്‍നിന്നറിയുന്നു.
9. പന്നിശ്ശേരി നാണുപിള്ള അവര്‍കളുടെ കുറിപ്പില്‍നിന്നെടുത്തത്.

7. ശ്രീ പറവൂര്‍ ഗോപാലപിള്ള എഴുതിയ ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം, 399-ാം പേജ്.

കടപ്പാട്  : ചട്ടമ്പി സ്വാമി

Thursday, July 27, 2017

ചട്ടമ്പിസ്വാമികളും സംഗമഗ്രാമവും

രശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട കേരളം പിന്നീട് അറുപത്തിനാല് ഗ്രാമങ്ങളായി വിഭജിക്കപ്പെട്ടുവെന്നാണല്ലൊ ഐതിഹ്യം. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ നീണ്ടുകിടക്കുന്ന ഈ ഗ്രാമങ്ങളില്‍ 32 എണ്ണം തുളുനാട്ടിലും 32 എണ്ണം മലനാട്ടിലുമായിരുന്നു. ശുചീന്ദ്രം മുതല്‍ തളിപ്പറമ്പുവരെയുള്ള മലനാട്ടിലെ 32 ഗ്രാമങ്ങളില്‍ പ്രസിദ്ധമായിരുന്നു സംഗമഗ്രാമം. വെള്ളാങ്ങല്ലൂരിന് തെക്കോട്ടും കുറുമാലിക്ക് വടക്കോട്ടും കാക്കതുരുത്തിപ്പുഴയ്ക്ക് കിഴക്കോട്ടും ചാലക്കുടിപ്പുഴയ്ക്ക് പടിഞ്ഞാറോട്ടുമായുള്ള അതിരുകളോടെ സംഗമഗ്രാമം സ്ഥിതിചെയ്തിരുന്നുവെന്നാണ് സാമാന്യധാരണ.
ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഗ്രാമങ്ങളുണ്ടായതെന്നും 7നും 12നും ഇടയിലുള്ള നൂറ്റാണ്ടുകള്‍ക്കിടയിലാണ് ക്ഷേത്രങ്ങളുടെ ആവിര്‍ഭാവമെന്നുമാണ് പൊതുവെ ചരിത്രകാരന്മാരുടെ നിഗമനം. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ഗ്രാമം, ദേശം, ഗൃഹം എന്നിങ്ങനെയായിരുന്നു അക്കാലത്തുണ്ടായ ഭരണപരമായ വിഭജനമെന്ന് ഡോ.കേശവന്‍ വെളുത്താട്ടിനെ പോലുള്ള ചരിത്രകാരന്മാരുടെ അഭിപ്രായം. ഇങ്ങനെ ചരിത്രവും ഐതിഹ്യവും എല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന സന്ദര്‍ഭത്തിലാണ് ചട്ടമ്പിസ്വാമികളുടെ ഏറെക്കാലം മറഞ്ഞുകിടന്നിരുന്ന ഒരു ചരിത്രകൃതി പ്രകാശിതമായത്. കൈകൊണ്ട് തൊടാന്‍ പോലും കൊള്ളാത്തവയാണ് കേരളോല്പത്തി പോലുള്ള കൃതികളിലെ കഥകളെന്ന വിദ്യാധിരാജാ ചട്ടമ്പിസ്വാമികളുടെ നിഗമനങ്ങളെ ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ഈയടുത്ത് പ്രസിദ്ധീകൃതമായ സ്വാമികളുടെ ‘കേരളചരിത്രവും തച്ചുടയ കയ്മകളും’ എന്ന ഗ്രന്ഥം. തുടര്‍ച്ചയായ കയ്മളുടെ പത്രാധിപത്യത്തിന്‍ കീഴില്‍ 1921മുതല്‍ (കൊല്ലവര്‍ഷം1096മേടം) പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ‘സദ്ഗുരു’ മാസികയില്‍ ‘അഗസ്ത്യന്‍’ എന്ന തൂലികാനാമത്തില്‍ ചട്ടമ്പിസ്വാമികള്‍ എഴുതിയ ലേഖനങ്ങള്‍ കണ്ടെത്തി സമാഹരിച്ച് പന്മന ആശ്രമത്തില്‍ നിന്നും പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം.
സംഗമഗ്രാമം ഉടലെടുക്കുന്നതിനുമുമ്പ് ഇന്ന് കൂടല്‍മാണിക്യം ക്ഷേത്രം ഇരുന്നിരുന്ന സ്ഥലം ഒരു ജൈന വിഹാര കേന്ദ്രമായിരുന്നുവെന്നും ശ്രീശങ്കരാചാര്യരുടെ കാലത്തുണ്ടായ സനാതനധര്‍മ്മനവോത്ഥാനവേളയില്‍ അവ വൈഷ്ണവവല്‍ക്കരിക്കപ്പെട്ടതാണെന്നുമാണ് പരക്കെ പ്രചരിച്ചത്. എന്നാല്‍ ഈ നിഗമനത്തെ പാടേ നിഷേധിക്കുന്നതാണ് ചട്ടമ്പി സ്വാമികളുടെ പ്രസ്തുത ഗ്രന്ഥം. കേരളത്തിലെ ജൈനമതകേന്ദ്രങ്ങളെക്കുറിച്ച് എഴുതിയ ചട്ടമ്പിസ്വാമികള്‍ കൂടല്‍മാണിക്യം ക്ഷേത്രത്തെക്കുറിച്ച് അവയില്‍ പരാമര്‍ശിച്ചിട്ടേയില്ല. ‘മാണിക്കന്‍’ ശിവനാണെന്നും ക്ഷേത്രം ശിവക്ഷേത്രമായിരുന്നുവെന്നുമാണ് സ്വാമികളുടെ നിലപാട്.
ദ്രാവിഡവംശരായ നാഗന്മാരുടെ കാവുകളായിരുന്നു ഇവിടുത്തെ ആദ്യകാല ആരാധനാസങ്കേതങ്ങള്‍. നാഗാരാധകന്മാരായിരുന്ന നാഗന്മാരില്‍നിന്നുമാണ് നായര്‍ എന്ന വംശം ഉണ്ടായതെന്ന ചട്ടമ്പിസ്വാമികളുടെ നിഗമനത്തെ ‘കേരളം’ എന്ന കാവ്യകൃതിയില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും അംഗീകരിക്കുന്നുണ്ട്. ആയുധവിദ്യാചാര്യന്മാരായിരുന്ന നായന്മാരില്‍ കാലക്രമേണ 18 ഉപവിഭാഗങ്ങളുണ്ടായി. എങ്കിലും ഇവരില്‍ ബ്രഹ്മതേജസ്സും ക്ഷാത്രബലവും കൂടിച്ചേര്‍ന്നിരുന്ന കാലം ഗ്രാമസമൂഹങ്ങളുടെ സുവര്‍ണ്ണകാലമായിരുന്നു. ഓരോ ഗ്രാമത്തിനും ഓരോ തമ്പുരാക്കന്മാരുമുണ്ടായിരുന്നു. ശുകപുരം, പന്നിയൂര്‍, പെരുമനം തുടങ്ങിയ പ്രബലരായ ഗ്രാമക്കാര്‍ക്ക് അവരവരുടേതായ ഓരോ തമ്പുരാനുണ്ടായിരുന്നു. ശുകപുരത്തിന് ആഴ്വഞ്ചേരി തമ്പ്രാക്കളുണ്ടായിരുന്നു. സംഗമഗ്രാമത്തിന് തച്ചുടയ കയ്മളും. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്‍റെ അധികാരിയായി അവരോധിക്കപ്പെടുന്ന വ്യക്തിക്ക് മാണിക്കന്‍ കേരളന്‍ തച്ചുടയ കയ്മള്‍ എന്ന സ്ഥാനപ്പേരാണ് നല്‍കിയിരുന്നത്. കൊ.വ 517 മുതലാണ് കായംങ്കുളം രാജാവ് തച്ചുടയ കയ്മളെ അപരോധിച്ചുപോന്നത്. കായംകുളം തിരുവിതാംകൂറിന്റെ അധീനതയിലായ (കൊ.വ. 924-25) കാലത്തു മുതല്‍ തച്ചുടയ കയ്മളെ അവരോധിക്കാനുള്ള അവകാശം തിരുവിതാംകൂറിന് ലഭിച്ചു. കൊച്ചി മഹാരാജാവ് തിരുവിതാംകൂര്‍ മഹാരാജാവിന് 941 കന്നി 24ന് അയച്ച കത്തില്‍ പറയുന്നു, “ഇരിങ്ങാലക്കുട തച്ചുടയ കയ്മളുടെ സ്ഥാനം പണ്ടേ ഉള്ളതുകൊണ്ട് കീഴുമാര്യാദപോലെ നടത്തിച്ചുകൊള്ളണം”. എന്നിരുന്നാലും 983 മുതല്‍ രാജാധികാരങ്ങള്‍ നഷ്ടപ്പെടുന്നതുവരെ തച്ചുടയ കയ്മളുടെ അവരോധത്തെചൊല്ലി കൊച്ചിയും തിരുവിതാംകൂറുമായി കേസ്സും വഴക്കുമായിരുന്നു. ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെട്ട് അവരോധാവകാശം തിരുവിതാംകൂറിനാണെന്ന് വിധിച്ചു. അന്നുമുതല്‍ കൊച്ചീരാജ്യവും ക്ഷേത്രയോഗക്കാരായ നമ്പൂതിരിമാരില്‍ പലരും തിരുവിതാംകൂറുമായി ശത്രുതയിലുമായി.
കൊച്ചി രാജ്യത്തുള്ള ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിനുമേലുള്ള അധികാരം ഏവരും ആഗ്രഹിക്കാന്‍ പ്രധാന കാരണം, അതിന്റെ സമ്പദ് സമൃദ്ധിതന്നെ. അവസാനത്തെ തച്ചുടയ കയ്മള്‍ തയ്യാറാക്കിയ 1964-ലെ കണക്കുപ്രകാരം ക്ഷേത്രത്തിന് 8,122 ഏക്കര്‍ ഭൂമിയും 55,578 പറനെല്ലും ഉണ്ടായിരുന്നു. വര്‍ത്തമാനകാല സ്ഥിതിയോ? വര്‍ത്തമാനകാലം ദുസ്സഹമാകുമ്പോള്‍ മനുഷ്യമനസ്സ് ഭൂതകാല മഹാത്മ്യത്തിലേക്ക് തിരിയുമെന്ന മനശാസ്ത്രാപഗ്രഥനം ഇവിടെ പ്രസക്തമാകുന്നു. സംഗമഗ്രാമമായി അറിയപ്പെട്ടിരുന്ന ഇരിങ്ങാലക്കുടയുടെ ചിരന്തനമായ പ്രസക്തിയെക്കുറിച്ച് പി.ഭാസ്ക്കരനുണ്ണി എഴുതുന്നു, “സാമൂഹ്യവീക്ഷണത്തിന്റെ ചില്ലുകളിലൂടെ നോക്കുമ്പോള്‍ ഇവിടെ തെളിഞ്ഞു കാണുന്നത് നാലു വര്‍ണ്ണമല്ല, നാലായിരം വര്‍ണ്ണങ്ങളാണ്.”
നമ്പൂതിരി സ്വന്തം ആഢ്യത്വവും ജാതിപ്രഭുത്വവും കുലമേന്മയും ചാരിത്രശുദ്ധിയും രാജാവിനും ഉപരിയായി ഒരു ശൂദ്രന് – നായര്‍ക്ക് – കയ്മളവരോധത്തിലൂടെ അടിയറവച്ചു എന്നറിയുന്നതിനേക്കാള്‍ ആശ്ചര്യകരമായ ഒരു സംഭവം എന്റെ സങ്കീര്‍ണ്ണമായ ഗവേഷണ സഞ്ചാരത്തില്‍, 19-‍‍ാ‍ം നൂറ്റാണ്ടില്‍ വേറെ ഉണ്ടായിട്ടില്ല. മറ്റെല്ലാം കാലാവൈഭവത്തിന്റെയും യുഗപ്രഭാവന്മാരായ മഹാത്മക്കളുടെയും ജനങ്ങളുടെയും അമേയമായ കര്‍മ്മശക്തിയില്‍ നിന്ന് തേജോമയമായി ഉരുത്തിരിയുമ്പോള്‍, ഇതാവട്ടെ ഏതോ ഗര്‍വു നിറഞ്ഞ പൂര്‍വകാലത്തിന്റെ അഗ്നിഗോളമായി ജ്വലിച്ചുനിന്നിരുന്നത്. “(പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പുറം 833) ഇതുകൊണ്ടുതന്നെയായിരിക്കും അവധൂതനും അതിവര്‍ണ്ണാശ്രമിയുമെല്ലാമായിരുന്ന ചട്ടമ്പിസ്വാമികളും കേരളചരിത്രത്തില്‍ തച്ചുടയകയ്മകളുടെ സവിശേഷസ്ഥാനത്തെക്കുറിച്ച് ചിലതെല്ലാം കുത്തിക്കുറിക്കാനിടയായത് മറ്റൊന്നും കൊണ്ടല്ല
ദ്രാവിഡ ദേശത്തെ (ഇന്നത്തെ തമിഴ്‍നാട്) കൂടല്‍ ഗ്രാമത്തില്‍നിന്നും വന്നവ‍ര്‍ തങ്ങളുടെ ഉപാസനാദേവനായ ശിവനെ (മാണിക്കനെ) വെച്ചാരാധിച്ച സ്ഥലമാണ് കൂടല്‍മാണിക്യം എന്നാണ് സ്വാമികളുടെ കണ്ടെത്തല്‍ . ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ഉടലെടുത്ത സംഗമഗ്രാമം സമ്പന്നമായിരുന്നുവെന്നതില്‍ സംശയമില്ല. ഐതിഹ്യപ്രകാരം പരശുരാമന്റെ നിര്‍ദ്ദേശപ്രകാരം ഗോദാവരീതീരത്ത് നിന്നും ആനയിക്കപ്പെട്ട തരണനെല്ലൂരിന്റെ ആസ്ഥാനവും സംഗമഗ്രാമത്തിലാണല്ലോ. തന്ത്രശാസ്ത്രവിശാരദരായ തരണനെല്ലൂരുണ്ടായിട്ടുകൂടി സംഗമഗ്രാമത്തിന്റെ ഉപാസനാമൂര്‍ത്തിയായ ശ്രീകൂടല്‍മാണിക്യത്തിന്റെ കോയ്മ തച്ചുടയകയ്മള്‍ക്കാണ് ലഭിച്ചത്. തരണനെല്ലൂരിലുള്ള ഒരു നമ്പൂതിരിക്ക് തിരുവിതാംകൂറില്‍ ഒരു പോറ്റികുടുംമ്പത്തിലെ സ്ത്രീക്കുണ്ടായ ബന്ധത്തില്‍നിന്നുമാണ് ശബരിമല തന്ത്രികള്‍ കൂടിയായ താഴമണ്ണുണ്ടായതെന്ന് ചട്ടമ്പിസ്വാമികള്‍ (പ്രാചീനമലയാളം രണ്ടാംഭാഗം) അഭിപ്രായപ്പെട്ടിരിക്കുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രം താഴമണ്ണിനല്ല, തരണനെല്ലൂരിനാണെന്നതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനവിളംമ്പരം പ്രഖ്യാപിച്ചപ്പോള്‍ അതിന് മൗനാനുവാദം നല്കാന്‍ നിര്‍ബന്ധിതനായ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിയായ നെടുമ്പിള്ളി തരണനെല്ലൂരിന് സംഗമഗ്രാമം ഉള്‍പ്പെടുന്ന കൊച്ചീരാജ്യത്ത് ഭ്രഷ്ട് കല്‍പ്പിക്കാനുള്ള ശ്രമം വരെയുണ്ടായി. തിരുവിതാംകൂറില്‍ 1936- ല്‍ ക്ഷേത്രപ്രവേശന വിളംമ്പരം പുറപ്പെടുവിച്ചപ്പോള്‍ കൊച്ചിയില്‍ അങ്ങനെയൊരു തീരുമാനത്തിന് 1947 -വരെ കാത്തിരിക്കേണ്ടിവന്നുവെന്നതും ആലോചനാമൃതമാണ്.
ശ്രീശങ്കരശിഷ്യരാല്‍ സ്ഥാപിതമായ നാല് മഠങ്ങളിലേക്ക്, പില്‍ക്കാലത്ത് കൂടിചേര്‍ന്ന മുഞ്ചിറമഠത്തിലേക്ക് സന്ന്യസിച്ചിരുന്നത് പ്രധാനമായും സംഗമഗ്രാമത്തില്‍നിന്നുള്ള നമ്പൂതിരിമാരായിരുന്നു. ‘കാമ്യനാം കര്‍മ്മണ്യാസം സന്ന്യാസം’ എന്ന സനാതനധര്‍മ്മാശയത്തോട് എന്നും വൈമുഖ്യം പുലര്‍ത്തിപോന്ന സമൂഹത്തിന് കര്‍മ്മത്യാഗികളെ ആദരിക്കാന്‍ കഴിയില്ലല്ലൊ. മുഞ്ചിറ മഠത്തിലേക്ക് സംഗമഗ്രാമത്തില്‍ നിന്നും സന്ന്യാസിമാരായി ആരുമില്ലെന്നുള്ളതാണ് വര്‍ത്തമാനകാല അവസ്ഥ. ചട്ടമ്പിസ്വാമികളേയും അദ്ദേഹത്തിന്റെ സന്ന്യാസിശിഷ്യരേയും ആദരിച്ചിരുന്ന വ്യക്തിയായിരുന്നു പ്രധാനമായും കയ്മള്‍. അദ്ദേഹം സന്ന്യാസവൃത്തിയില്‍നിന്നും വ്യതിചലിച്ചുവെന്നതാണ് അദ്ദേഹത്തിനെതിരായി നീങ്ങാന്‍ യോഗക്കാരെ പ്രേരിപ്പിച്ചതെന്നാണ് പ്രധാന പ്രചരണം. എന്നാല്‍ കര്‍മ്മികളും കര്‍മ്മത്യാഗികളും തമ്മിലുള്ള ആശയപരമായ അഭിപ്രായ വിത്യാസത്തിനുപരിയായി ജാതീയമായ വിഭാഗീയതയാണ് സാംസ്ക്കാരികമായും സാമ്പത്തികമായും സമുന്നതനിലയിലായിരുന്ന സംഗമഗ്രാമത്തേയും ശ്രീകൂടല്‍ മാണിക്യം ക്ഷേത്രത്തേയും തകര്‍ത്തത്. പ്രശസ്തമായ തൃക്കണാമതിലകത്തിന്‍റെ അവസ്ഥയിലേക്കാണ് സംഗമഗ്രാമവും നയിക്കപ്പെട്ടത്.
സുപ്രസിദ്ധമായ തൃക്കണാമതിലകം ശിവക്ഷേത്രത്തിന്റെ കീഴേടമായിരുന്നു കൂടല്‍മാണിക്യം ക്ഷേത്രം. (തൃശ്ശൂര്‍ ജില്ല ഗസറ്റിയര്‍, (1962) പുറം 79). ഇരിങ്ങാലക്കുടയില്‍ നിന്നും 16 മൈല്‍ മാറിയാണ് തൃക്കണാമതിലകം സ്ഥിതിചെയ്തിരുന്നത്. ഏഴ് ചുറ്റുമതിലും ഏഴ് ഗോപുരങ്ങളുമുള്ള സപ്തപ്രാകാരപ്രകാരം പണിതുയര്‍ത്തിയ അപൂര്‍വ്വക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു തൃക്കാണാമതിലകം മഹാശിവക്ഷേത്രം. എ.ഡി. 1341- ലെ വെള്ളപ്പൊക്കത്തില്‍ കൂടല്‍മാണിക്യക്ഷേത്രത്തിന് വടക്കുകൂടിയൊഴുകിയിരുന്ന കരുവന്നൂര്‍പ്പുഴ രാപ്പാളില്‍ വെച്ച് ഗതിമാറി മണലിപ്പുഴയോട് ചേരുകയും പടിഞ്ഞാറ് ഭാഗത്തുകൂടിയൊഴുകിയിരുന്ന ചാലക്കുടിപ്പുഴ കൂടപ്പുഴവെച്ച് ഗതിമാറി മൂഴിക്കുളത്തുവെച്ച് പെരിയാറില്‍ ചേരുകയും ചെയ്തപ്പോള്‍ പുഴയില്ലാതായി നികന്ന പ്രദേശം സ്വന്തമാക്കുന്നതിനായി തൃക്കാണാമതിലകം ഊരാളരും സംഗമഗ്രാമക്കാരുമായി തര്‍ക്കമുണ്ടായി. തൃക്കാണാമതിലകം ക്ഷേത്രത്തിന്റെ ഏഴാമത്തെ ചുറ്റുമതിലിന്നു കിഴക്കുഭാഗത്ത് പുഴ കരയായി മാറിയ സ്ഥലം തൃക്കണാമതിലകത്തോടു ചേര്‍ക്കാന്‍ ക്ഷേത്ര ഊരാളന്മാരായ തെക്കേടത്ത്, വടക്കേടത്ത് നായര്‍ വീട്ടുകാര്‍ ശ്രമിച്ചു. അതിനെ സംഗമഗ്രാമക്കാരായ യജുര്‍വേദികള്‍ എതിര്‍ത്തു. മതിലുപണിയാന്‍ തോടുകീറിയപ്പോള്‍ അതിലിറങ്ങിയിരുന്നു സംഗമഗ്രാമത്തിലെ യോഗക്കാര്‍ എതിര്‍ത്തു. അതിനെയും വകവെക്കാതെ മതിലുകെട്ടല്‍ തുടര്‍ന്നപ്പോള്‍ സംഗമഗ്രാമക്കാര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍വെച്ച് ഒരു യജ്ഞം തുടങ്ങി. എ.ഡി. 1641-ല്‍ നടന്ന ഈ സംഭവം ‘പട്ടിണിവ്രതം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പട്ടിണിവ്രതം നടക്കുന്നതിനിടയില്‍ സാമൂതിരി രാജാവും ഡച്ചുകാരുമായുള്ള യുദ്ധത്തില്‍ തൃക്കണാമതിലകം ശിവക്ഷേത്രം തകരുകയും അവിടെയുണ്ടായിരുന്ന കൂറ്റന്‍ ശിവലിംഗവും മുഖമണ്ഡപത്തിന്റെ തൂണും മറ്റും കടപുഴക്കിയെടുത്ത് കൊച്ചിക്കായാലില്‍ കൊണ്ടിടുകയും ചെയ്തുവത്രേ? അന്നേദിവസം പട്ടിണിവ്രതത്തിന്റെ ഭാഗമായി നമ്പൂതിരിമാര്‍ ഉണ്ണാതിരുന്ന് കുടുക്കനീര്‍ വീഴ്ത്തുമ്പോള്‍ ‘തൃക്കണാമതിലകം ക്ഷേത്രം’ നശിച്ചുവോ?” എന്ന് ഉറക്കെ ചോദിക്കുകയും ‘നശിച്ചു’ എന്നുകേട്ടപ്പോള്‍ കുടുക്കനീര്‍ വീഴ്ത്താന്‍ രണ്ടാമതെടുത്ത വെള്ളം സന്തോഷത്തോടെ മന്ത്രംചൊല്ലി കുടിക്കുകയും പ്രാണഹൂതി ചെയ്ത് ഊണ് കഴിക്കുകയും ചെയ്തുവത്രേ. ഒരു മഹാക്ഷേത്രം നശിപ്പിക്കാനായി യജ്ഞം ചെയ്തവരെന്ന നിലയ്ക്ക് പിന്നീട് സംഗമഗ്രാമത്തിലെ ബ്രാഹ്മണര്‍ക്ക് മറ്റ് ഗ്രാമക്കാര്‍ പതിത്വം കല്പിക്കുകയുണ്ടായി.
ബ്രാഹ്മണരും ക്ഷത്രിയരും പരസ്പരം സംരക്ഷിക്കാന്‍ കടപ്പെട്ടവരും അവരിലൂടെ വേദോക്തധര്‍മ്മം പ്രചരിക്കപ്പെടേണ്ടതുമാണെന്നാണ് ധര്‍മ്മസംഹിതകള്‍ അനുശാസിക്കുന്നത്. എന്നാല്‍ ബ്രഹ്മസ്വവും ദേവസ്വവും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഗ്രാമസമൂഹത്തെ തകര്‍ക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നതിന്റെ ഉത്തമോദാഹരമാണ് തൃക്കണാമതിലകത്തിന്റെ തകര്‍ച്ച. ഇതേകാരണം തന്നെയാണ് പ്രതാപത്തിലിരുന്ന സംഗമഗ്രാമത്തിന്റെ തകര്‍ച്ചക്കും ഇടയാക്കിയത്. ഈ ഗ്രാമത്തിന്റെ മാത്രമല്ല കേരളചരിത്രത്തില്‍ തന്നെ സവിശേഷസ്ഥാനം വഹിച്ചിരുന്ന മാണിക്യന്‍ കേരളന്‍ തച്ചുടയ കയ്മളുടെ സ്ഥാനഭ്രംശംത്തിനും പ്രധാന കാരണം ഇതു തന്നെയായിരുന്നു.
കേരളത്തിലെ ആരാധനാലയങ്ങളുടെ ആദ്യകാല ഉടമസ്ഥന്മാര്‍ അബ്രാഹ്മണന്മാരായിരുന്നുവെന്നും ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ അകക്കോയ്മയായിരുന്ന തച്ചുടയ കയ്മളെന്നുമാണ് ‘കേരളചരിത്രവും തച്ചുടയ കയ്മളും’ എന്ന ഗ്രന്ഥത്തിലൂടെ ചട്ടമ്പിസ്വാമികള്‍ സ്ഥാപിക്കുന്നത്. ‘കൂടല്‍’ എന്ന സ്ഥലത്തെ ദേവനാണ് കൂടല്‍മാണിക്യം. ‘കൂടല്‍’ എന്ന ദ്രാവിഡപദത്തിന്റെ അര്‍ത്ഥം കൂടിചേരുന്ന സ്ഥലം. മാണിക്ക്യനെന്നത് തമിഴില്‍ ശിവനെന്നാണ് അര്‍ത്ഥം. കൂടല്‍ മാണിക്യം ദേവന് പിന്നീട് സംഗമേശന്‍ എന്ന നാമം നല്കിയത് ആര്യബ്രാഹ്മണന്മാരായ സംസ്കൃതവ്യുല്പന്നന്മാരായിരിക്കുമെന്നാണ് സ്വാമികളുടെ കണ്ടെത്തല്‍ .
പരശുരാമന്‍ ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയെന്നാണ് പഴമക്കാരുടെ വിശ്വാസം. ക്ഷത്രിയകുലാന്തകനായ പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത് ഭൂമിയില്‍ ക്ഷത്രിയോത്തമനായ ഭരതനെ പ്രതിഷ്ഠിക്കുന്നതെങ്ങനെയെന്നാണ് ഐതീഹ്യവാഹകന്മാരായ പ്രാകൃത ചരിത്രകാരന്മാരോട് സ്വാമികള്‍ ചോദിക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇരിഞ്ഞാലക്കുടയിലല്ല, ഇരിങ്ങാലക്കുടയിലാണെന്നും സ്വാമികള്‍ സ്ഥാപിക്കുന്നു. ഇരിങ്ങാലക്കുട എന്നപദം ദ്രാവിഡാര്‍ത്ഥത്തില്‍ വ്യവഛേദിച്ചാല്‍ ‘വലിയ കുന്നുള്ള പ്രദേശം’ എന്നാകുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ സ്ഥാപകനായാണ് തച്ചുടയ കയ്മകള ചട്ടമ്പിസ്വാമികള്‍ കാണുന്നത്. അല്ലാത്തപക്ഷം ബ്രാഹ്മണമതം പ്രബലമായിരുന്ന കാലത്ത് ഒരു നായര്‍ കുടുംബജാതനെ ഇത്ര ഉന്നപദവിയിലാക്കി അവര്‍ പൂജിക്കുമായിരുന്നില്ല. നായരെ വെറും ശൂദ്രരരായി കണ്ട ബ്രാഹ്മണ യഥാസ്ഥിതികത്വം പടച്ചുവിട്ട കള്ളകഥകളെ ഇതര ഗ്രന്ഥങ്ങളിലെന്ന പോലെ തച്ചുടയ കയ്മളുടെ ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിലും ചട്ടമ്പി സ്വാമികള്‍ ചോദ്യം ചെയ്യുന്നു.
സമൂഹത്തെ അടിമത്വത്തിലേക്കും അരാജകത്വത്തിലേക്കും നയിച്ച ചരിത്രവികൃതികളെ തിരുത്താന്‍ ശ്രമിച്ച യഥാര്‍ത്ഥ വിപ്ലവകാരിയായിരുന്നു ചട്ടമ്പിസ്വാമികളെന്ന് ‘കേരളചരിത്രവും തച്ചുടയ കയ്മളും’ എന്ന കൃതി സശ്രദ്ധം വായിക്കുന്ന ഏതൊരു സത്യാന്വേഷകനും തിരിച്ചറിയാന്‍ കഴിയും. സ്വാമികള്‍ക്ക് സംഗ്രമഗ്രാമവുമായുള്ള ബന്ധം തച്ചുടയ കയ്മളിലൂടെയായിരുന്നുവല്ലൊ. സ്വാമികളുടെ ആശയപ്രപഞ്ചം അക്ഷരങ്ങളിലേക്ക് ആവാഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യഥാര്‍ത്ഥത്തില്‍ ‘സദ്ഗുരു’ എന്ന മാസിക തച്ചുടയ കയ്മള്‍ ഇരിങ്ങാലക്കുടയില്‍നിന്നും ആരംഭിച്ചത്. നരവംശചരിത്രവും രാജ്യചരിത്രവുമെല്ലാം സ്വാമികളുടെ ചിന്തയ്ക്ക് ചിന്തേരിട്ടിരുന്നുവന്നതിന്റെ തെളിവാണ് ‘സദ്ഗുരു’വിന്റെ താളുകള്‍. ആ താളുകളിലൂടെ തീര്‍ത്ഥാടനം നടത്തിയതിന്റെ ഗുണപരമായ ഫലം സംഗമഗ്രാമത്തിന്റെ ചരിത്രം അന്വേഷിച്ചിറങ്ങുന്ന ഭാവിതലമുറയ്ക്ക് സഹായകരമായിത്തീരും.



കടപ്പാട്  : ചട്ടമ്പി സ്വാമി

Wednesday, July 26, 2017

ശ്രീ ചട്ടമ്പി സ്വാമികള്‍ – നവോത്ഥാനത്തിന്റെ മഹാപ്രഭു

പ്രവൃത്തിയും ഗുണവുമാണ് മനുഷ്യന്റെ ജാതി നിശ്ചയിക്കുന്നതിന് അടിസ്ഥാനമെന്ന് ഓര്‍മ്മിപ്പിക്കാന്‍ നമുക്കൊരു ആത്മജ്ഞാനി 19–‍ാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു. ജാതിശ്രേഷ്ഠതയാണ് മറ്റെന്തിനെക്കാളും മീതെയെന്ന തെറ്റിദ്ധാരണയില്‍ കേരളം ഭ്രമിച്ചിരുന്ന നാളുകളിലാണ് ഈ ക്രാന്തദര്‍ശിയുടെ ജനനവും ജീവിതവും.
കേരളീയ നവോത്ഥാനത്തിന്റെ സമാരംഭകരില്‍ ഒരാളായ ചട്ടമ്പിസ്വാമികള്‍ക്ക് (1853–1924) ജന്മസ്ഥലത്ത് ഉചിതമായ ഒരു സ്മാരകം ഇനിയും ഉണ്ടാകാത്തത് എന്തുകൊണ്ടാവാം?
തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ ഉള്ളൂര്‍ക്കോട്ട് വീട് നിന്നിരുന്ന സ്ഥലത്താണ് ചട്ടമ്പിസ്വാമികള്‍ക്ക് സ്മാരകം ഉണ്ടാകേണ്ടതെന്ന് വാദിച്ചുകൊണ്ട് ഏതാനും മാസങ്ങളായി നടന്നുവരുന്ന ജനകീയപ്രക്ഷോഭണങ്ങള്‍ നേരില്‍ക്കണ്ടപ്പോള്‍ സ്വയം ചോദിച്ചുപോയി. ചട്ടമ്പിസ്വാമികള്‍ ജനിച്ചത് കണ്ണമ്മൂലയിലല്ലെന്നും മലയിന്‍കീഴിനടുത്തുള്ള മച്ചേല്‍ എന്ന ഗ്രാമത്തിലെ വേണിയത്തു വീട്ടിലാണെന്നുമാണ് ഈ സമരത്തെ എതിര്‍ക്കുന്നവര്‍ക്ക് പറയാനുള്ളത്. ചട്ടമ്പിസ്വാമികളുടെ അമ്മയുടെ തറവാട് മച്ചേലുള്ള വേണിയത്തുവീടാണെന്നും അവര്‍ വാദിക്കും. കണ്ണമ്മൂലയില്‍ തന്നെയുള്ള കുന്നിന്‍പുറത്തു വീട്ടിലാണ് (സര്‍വ്വേ നമ്പര്‍ 2300) ചട്ടമ്പിസ്വാമികള്‍ ജനിച്ചതെന്ന് പ്രശസ്ത ചരിത്രകാരനായ എ.ശ്രീധരമേനോനും മറ്റും പ്രസ്താവിച്ചിട്ടുണ്ട്.
നൂറ്റിയമ്പത്തിയഞ്ചുവര്‍ഷം മുമ്പു ജനിച്ച ഒരാത്മജ്ഞാനിയുടെ ജന്മസ്ഥലത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാകുന്നതും അതേച്ചൊല്ലി കലഹിക്കുന്നതും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മലയാളിയുടെ ഗുരുത്വമില്ലായ്മകൊണ്ടാണ്.
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്തെപ്പറ്റി ഗവേഷണം നടത്തിയ പ്രൊഫ. ജഗതി വേലായുധന്‍നായര്‍ 1853–ാമാണ്ട് ആഗസ്റ്റ് മാസം 25–‍ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭരണിനക്ഷത്രത്തില്‍ ഉള്ളൂര്‍ക്കോട് വീട്ടില്‍ നങ്ങമ്മപ്പിള്ളയുടെ മകനായി കുഞ്ഞന്‍ ജനിച്ചു എന്ന് രേഖപ്പെടുത്തുന്നു. (ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍, 1995).
കണ്ണമ്മൂല കവലയില്‍ നിന്ന് കണ്ണമ്മൂല പാലത്തിലേക്കുള്ള പ്രധാന പാതയിലൂടെ ഉദ്ദേശം ഇരുന്നൂറടി ചെല്ലുമ്പോള്‍ പാതയുടെ കിഴക്കുവശത്തായാണ് ഉള്ളൂര്‍ക്കോട് വീട് സ്ഥിതിചെയ്തിരുന്നതെന്നും ഇന്ന് ആ വീടില്ലെന്നും പ്രൊഫ. ജഗതി വേലായുധന്‍നായര്‍ അറിയിക്കുന്നു. വഞ്ചിയൂര്‍ വില്ലേജില്‍ സര്‍വ്വേ2288–ല്‍പ്പെട്ട ഈ വസ്തുവിന്റെ പ്രമാണം താന്‍ വായിച്ചതായും പ്രൊഫ. ജഗതി വേലായുധന്‍നായര്‍ അറിയിക്കുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന എട്ടരയോഗത്തില്‍പ്പെട്ട കൊല്ലൂര്‍ അത്തിയറ മഠത്തിന് ഏതാണ്ട് രണ്ടു വിളിപ്പാട് പടിഞ്ഞാറു മാറിയാണ് ഉള്ളൂര്‍ക്കോട് വീട് സ്ഥിതിചെയ്തിരുന്നതെന്നും വേലായുധന്‍നായര്‍ ഉറപ്പിക്കുന്നു.
കൊല്ലൂര്‍ അത്തിയറമഠം ഒറ്റനിലയിലുള്ള ഓലമേഞ്ഞ ഒരു നാലുകെട്ടായിരുന്നുവെന്ന് പഴയ തലമുറ ഓര്‍ക്കാറുണ്ട്. ഈ മഠത്തിനു തെക്കുവശത്തായി നിലകൊണ്ടിരുന്ന ദേവീക്ഷേത്രത്തിന് ഇപ്പോള്‍ കുറേക്കൂടി പ്രതാപമായി. ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു ചട്ടമ്പിസ്വാമികളുടെ പിതാവായ വാസുദേവശര്‍മ്മ. ഇദ്ദേഹം ഇവിടെ വരുംമുമ്പ് മലയിന്‍കീഴ് ശ്രീകൃഷ്ണക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നുവെന്നും ജീവചരിത്രകാരന്മാര്‍ അനുസ്മരിക്കുന്നു.
കുഞ്ഞന്‍ എന്നാണ് സ്വാമിക്ക് മാതാപിതാക്കള്‍ പേരിട്ടതെങ്കിലും അയ്യപ്പന്‍ എന്ന വിളിപ്പേരാണ് അദ്ദേഹത്തെ അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്. കണ്ണമ്മൂലയിലെ ദേവീക്ഷേത്രത്തിലും ശാസ്താക്ഷേത്രത്തിലും പതിവായി പോകാറുണ്ടായിരുന്ന ബാലന് അയ്യപ്പന്‍ എന്ന പേരും ഹൃദ്യമായി തോന്നിയിരിക്ക‍ാം. ജനിച്ചത് ഉള്ളൂര്‍ക്കോട്ട് വീട്ടിലാണെങ്കിലും കുഞ്ഞന്‍ വളര്‍ന്നത് കണ്ണമ്മൂലയിലെ കുന്നുംപുറത്തു വീട്ടിലായിരുന്നു. മണ്ണുകുഴച്ചുണ്ടാക്കിയ ചുമരുകളോടുകൂടിയ ഓലമേഞ്ഞ ചെറിയൊരു വീടായിരുന്നു കുന്നുംപുറത്തു വീടെന്നും ചട്ടമ്പിസ്വാമികള്‍ 16 വയസ്സുവരെ താമസിച്ചിരുന്നത് ഈ വീട്ടിലാണെന്നും ജഗതി വേലായുധന്‍നായര്‍ പ്രസ്താവിക്കുന്നു.
വീട്ടിലെ ദാരിദ്യ്രം കുഞ്ഞന്റെ വിദ്യാഭ്യാസത്തെ പലപ്പോഴും തടസ്സപ്പെടുത്തിയിരുന്നു. അയല്‍വക്കത്തുള്ള കുട്ടികള്‍ ആശാന്‍പള്ളിക്കൂടത്തില്‍ പോകുന്നത് നോക്കിനില്‍ക്കാനായിരുന്നു കുഞ്ഞന്റെ ദുര്‍വിധി. പള്ളിക്കൂടത്തില്‍ നിന്ന് മടങ്ങിവരുന്ന സമപ്രായക്കാരുടെ ഓലകള്‍ നോക്കി പഠിക്കാനായി കുഞ്ഞന്റെ പിന്നീടത്തെ പരിശ്രമങ്ങള്‍. എല്ലാവരും ‘ഹരിഃ ശ്രീ’ എന്നാദ്യം എഴുതിപ്പഠിച്ചപ്പോള്‍ ‘ഇതാവത്’ എന്ന വാക്കാണ് താന്‍ ആദ്യമായി വായിച്ചതെന്ന് പില്‍ക്കാലത്ത് ചട്ടമ്പിസ്വാമികള്‍ പറഞ്ഞിട്ടുണ്ട്.
അസാധാരണമായൊരു ജന്മാന്തരവാസനയാല്‍ എഴുത്തുവിദ്യയും കൂട്ടിവായനയും സ്വയം ശീലിക്കാന്‍ കുഞ്ഞന് കഴിഞ്ഞു. കൊല്ലൂര്‍മഠം വകയുള്ള ദേവീക്ഷേത്രത്തില്‍ മാലകെട്ടിക്കൊടുക്കുവാനും കുഞ്ഞന്‍ പതിവായി പോയിരുന്നു.
അച്ഛന്‍ അതേ ക്ഷേത്രത്തിലെ ശാന്തിക്കാരനാണെന്നതും അമ്മ ക്ഷേത്രം ഉടമസ്ഥരായ കൊല്ലൂര്‍ അത്തിയറമഠത്തിലെ അടിച്ചുതളിക്കാരിയാണെന്നതും ക്ഷേത്രവുമായി വിശേഷാല്‍ അടുപ്പമുണ്ടാക്കാന്‍ ബാലനെ പ്രേരിപ്പിച്ചിരിക്ക‍ാം. ഉച്ചപൂജ കഴിയുമ്പോള്‍ കിട്ടുന്ന നിവേദ്യച്ചോറും മറ്റൊരു ആകര്‍ഷണമായിരിക്ക‍ാം.
കൊല്ലൂര്‍മഠത്തിലെ പുറംജോലികളില്‍ പലതും കുഞ്ഞനാണ് നിര്‍വ്വഹിച്ചിരുന്നത്. പറമ്പില്‍പ്പോയി കായ്കറികള്‍ ശേഖരിക്കുക, കന്നുകാലികളെ അഴിച്ചുകെട്ടുക എന്നിവയെല്ല‍ാം കുഞ്ഞന്റെ അന്നത്തെ ജോലികളില്‍ ഉള്‍പ്പെട്ടിരുന്നു.
മഠത്തിലെ പോറ്റിക്കുട്ടികളെ സംസ്കൃതം പഠിപ്പിക്കാന്‍ ഇക്കാലത്ത് ഒരു ശാസ്ത്രികളെ പരദേശത്തുനിന്ന് കൊണ്ടുവന്നു. ശാസ്ത്രികള്‍ കുട്ടികളെ പൂമുഖത്തിരുത്തി സംസ്കൃതം പഠിപ്പിക്കുമ്പോള്‍ അടിച്ചുതളിക്കാരിയുടെ മകന് വെളിയിലിരുന്ന് കേള്‍ക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. താന്‍ പഠിപ്പിച്ച പാഠത്തില്‍നിന്ന് ശാസ്ത്രികള്‍ ചില ചോദ്യങ്ങള്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ശിഷ്യന്മാര്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ വന്നുവെന്നും എല്ല‍ാം ശ്രദ്ധിച്ച് വെളിയില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞന്‍ ശരിയായ ഉത്തരം വിളിച്ചു പറഞ്ഞുവെന്നും തുടര്‍ന്ന് ശാസ്ത്രികള്‍ അവനെക്കൂടി ഉള്ളിലിരുത്തി പഠിക്കാന്‍ അനുവദിച്ചെന്നും ജീവചരിത്രങ്ങളില്‍ കാണുന്നു.
ക്ഷേത്രാരാധനയും ജപവുമെല്ല‍ാം കുട്ടിക്കാലം മുതല്‍ കുഞ്ഞന് ഒഴിവാക്കാന്‍ വയ്യാത്ത നിഷ്ഠകളായിരുന്നു. ഭജനം ഏതു ദുഃഖത്തിനും പരിഹാരമാണെന്ന പാഠം, പെറ്റമ്മയില്‍ നിന്ന് കുഞ്ഞന്‍ പഠിച്ചിരുന്നു. കൊല്ലൂര്‍മഠത്തിനടുത്തുള്ള ശാസ്താക്ഷേത്രത്തില്‍വച്ച് അജ്ഞാതനായ ഒരവധൂതനെ കുഞ്ഞന്‍ ഇക്കാലത്ത് പരിചയപ്പെട്ടു. ഇതു ജപിച്ച് സിദ്ധി വരുത്തിക്കൊള്ളണം എന്ന ഉപദേശത്തോടെ അദ്ദേഹം കുഞ്ഞന് ബാലാസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചു.
കേരളീയരുടെ ധ്യാനമന്ത്രങ്ങളില്‍ ഉള്‍പ്പെടാത്ത ബാലാസുബ്രഹ്മണ്യമന്ത്രം (ബാലയോടുകൂടിയ അതായത് പാര്‍വതിയോടുകൂടിയ സുബ്രഹ്മണ്യന്റെ മന്ത്രം) ഉപദേശിച്ച അവധൂതന്‍ ശാക്തേയ – ഷണ്‍മുഖമതങ്ങളെ സമന്വയിപ്പിച്ച ഒരു പരദേശിയാകാനാണ് സാദ്ധ്യത. ചൂണ്ടുവിരല്‍കൊണ്ട് നെറുകയില്‍ സ്പര്‍ശിച്ചശേഷം വലതുകര്‍ണ്ണത്തില്‍ ബാലാസുബ്രഹ്മണ്യമന്ത്രം ഉപദേശിക്കുകയായിരുന്നു ആ അവധൂതന്‍ ചെയ്തത്. പില്‍ക്കാലത്ത് തന്റെ ശിഷ്യന്മാര്‍ക്ക് ചട്ടമ്പിസ്വാമികള്‍ ഉപദേശിച്ചുകാടുത്തതും ഈ ബാലാസുബ്രഹ്മണ്യമന്ത്രമായിരുന്നു.
കണ്ണമ്മൂലയ്ക്കടുത്തുള്ള പേട്ടയില്‍ അക്കാലത്ത് രാമന്‍പിള്ള ആശാന്‍ എന്നൊരു പണ്ഡിതന്‍ ജീവിച്ചിരുന്നു. അദ്ധ്യാപകന്‍, ഭാഷാവിദഗ്ദ്ധന്‍, കവി, പ്രാസംഗികന്‍ എന്നീ നിലകളില്‍ രാമന്‍പിള്ള ആശാന്‍ പ്രശസ്തനായിരുന്നു. ഏകമകന്‍, കുന്നുകുഴിയിലുള്ള ഒരു ആംഗ്ലോ ഇന്ത്യന്‍ യുവതിയെ വിവാഹം കഴിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതില്‍ ദുഃഖിതനുമായിരുന്നു. തിരുവനന്തപുരം പബ്ളിക് ലൈബ്രറിയില്‍ അക്കാലത്ത് നടത്തിയിരുന്ന പ്രസംഗങ്ങളില്‍ ആശാന്‍ പതിവായി പങ്കെടുത്തിരുന്നു. കേരളീയരുടെ വാണിജ്യവൈമുഖ്യത്തെപ്പറ്റിയും രാമായണ സദാചാരതത്വങ്ങളെപ്പറ്റിയും രാമന്‍പിള്ള ആശാന്‍ നടത്തിയ പ്രസംഗങ്ങള്‍ അച്ചടിച്ചിട്ടുമുണ്ട്. മലയാളലിപി പരിഷ്കരണത്തിലും രാമന്‍പിള്ള ആശാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാമന്‍പിള്ള ആശാന്റെ കോപ്പി ബുക്കുകളാണ് തിരുവിതാംകൂറിലെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗീകരിച്ചിരുന്നത്. രണ്ടുവര്‍ഷം മാത്രമാണ് രാമന്‍പിള്ള ആശാന്റെ വിദ്യാലയത്തില്‍ കുഞ്ഞന്‍ പഠിച്ചിരുന്നത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് പണിയുന്നതിന് കൂലിക്കാരെ ആവശ്യമുണ്ടെന്നറിഞ്ഞ് കുഞ്ഞന്‍ പഠിത്തം മതിയാക്കി പണിക്കു പോയി.
പിന്നീട് കൂലിപ്പണി ഉപേക്ഷിച്ച് സഹോദരതുല്യനായ കൃഷ്ണപിള്ളയുടെ കീഴില്‍ ആധാരമെഴുത്തില്‍ പരിശീലനം നേടി. നെയ്യാറ്റിന്‍കരയിലും ഭൂതപ്പാണ്ടിയിലും ആധാരമെഴുത്തുകാരനായി അല്പകാലം കഴിഞ്ഞു. ഇതിനിടയില്‍ സെക്രട്ടേറിയറ്റില്‍ ഒരു കണക്കപ്പിള്ളയായി താത്കാലിക ജോലി കിട്ടി. വിക്രമന്‍തമ്പി എന്ന മേലുദ്യോഗസ്ഥനോട് പിണങ്ങി വൈകാതെ അവിടെ നിന്നു പിരിയേണ്ടിവന്നു. ഈ വിക്രമന്‍തമ്പിയാണ് ആയില്യം തിരുനാള്‍ രാമവര്‍മ്മമഹാരാജാവിനുവേണ്ടി കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെ അറസ്റ്റുചെയ്ത് ഹരിപ്പാട്ട് കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചത്.
ജോലി നഷ്ടപ്പെട്ട കുഞ്ഞന്‍പിള്ള വീണ്ടും പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ വിദ്യാലയത്തിലെ താഴ്ന്ന ക്ളാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകനായി ചേര്‍ന്നു. താഴ്ന്ന ക്ളാസ്സിലെ വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകനെ അക്കാലത്ത് തിരുവനന്തപുരത്ത് ചട്ടമ്പി എന്നാണ് പറഞ്ഞിരുന്നത്. ചട്ടം പഠിപ്പിക്കുന്ന ആളാണ് ചട്ടമ്പി.
പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ അദ്ധ്യക്ഷതയില്‍ നടന്നുവന്നിരുന്ന ജ്ഞാനപ്രജാഗരസഭയില്‍ നടന്നിരുന്ന പ്രൌഢചര്‍ച്ചകള്‍ കുഞ്ഞന്‍പിള്ളയെ ആകര്‍ഷിച്ചിരുന്നു. സ്വാമിനാഥദേശികര്‍, പി. സുന്ദരംപിള്ള, തൈക്കാട്ട് അയ്യാവ് തുടങ്ങിയവര്‍ ഈ സഭയില്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു.
തിരുവനന്തപുരത്തെ നവരാത്രിസദസ്സില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നുവന്ന സുബ്ബജടാപാഠികളെ ഇരുപത്തിമൂന്ന‍ാംവയസ്സില്‍ കുഞ്ഞന്‍പിള്ള പരിചയപ്പെടുന്നതും ജ്ഞാനപ്രജാഗരസഭയില്‍വച്ചാണ്. സുബ്ബജടാപാഠികളുടെ പ്രഭാഷണത്തില്‍ ആകൃഷ്ടനായ കുഞ്ഞന്‍പിള്ള തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു.
ജടാപാഠികള്‍ സ്വദേശമായ കല്ലടക്കുറിച്ചിയിലേക്ക് മടങ്ങിയപ്പോള്‍ കുഞ്ഞന്‍പിള്ളയെയും കൂടെക്കൊണ്ടുപോയി. നാലുവര്‍ഷം കുഞ്ഞന്‍പിള്ള കല്ലടക്കുറിച്ചിയില്‍ താമസിച്ച് ധര്‍മ്മശാസ്ത്രവും തര്‍ക്കശാസ്ത്രവും മന്ത്രശാസ്ത്രവും വേദാന്തവും നിഷ്ഠയോടെ പഠിച്ചു.
കല്ലടക്കുറിച്ചിയില്‍ നിന്ന് കുഞ്ഞന്‍പിള്ള മടങ്ങിയത് ഷണ്‍മുഖദാസനായാണ്. ഒരു ദേശാടനത്തിനുവേണ്ടിയാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. ഇക്കാലത്ത് പരിചയപ്പെട്ട ഒരു തങ്ങളില്‍ നിന്ന് ഖുര്‍ – ആന്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചു. ഏതാനും മാസങ്ങള്‍ മരുത്വാമലയിലെ ഒരു ഗുഹയില്‍ തപസ്സനുഷ്ഠിച്ചു. ഈ ഗുഹ നേരില്‍ കാണാനും ഉപ്പുരസമുള്ള തണുത്ത കാറ്റ് ഏല്‍ക്കാനും ഈയിടെ എനിക്കും ഒരു സന്ദര്‍ഭമുണ്ടായി.
മരുത്വാമലയില്‍ തപസ്സനുഷ്ഠിക്കുമ്പോഴാണ് ആത്മാനന്ദസ്വാമികള്‍ എന്നൊരു സന്ന്യാസിയെ പരിചയപ്പെടാന്‍ ഷണ്‍മുഖദാസന് അവസരം ലഭിച്ചത്. പൂര്‍വ്വാശ്രമത്തില്‍ കുമാരവേലുനാടാര്‍ എന്ന നാമധാരിയായ ഈ സന്ന്യാസി വൈകുണ്ഠസ്വാമികളുടെ ശിഷ്യനാണെന്നു വര‍ാം. വൈകുണ്ഠസ്വാമികളുടെ ശിഷ്യന്മാര്‍ നിര്‍മ്മിച്ച ചെറിയൊരുഗുഹാക്ഷേത്രം മരുത്വാമലയില്‍ ചട്ടമ്പിസ്വാമികള്‍ തപസ്സനുഷ്ഠിച്ച ഗുഹയ്ക്കടുത്തായി കാണാനുണ്ട്.
ദേശാടനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയ ഷണ്‍മുഖദാസന്‍ തമ്പാനൂരുള്ള കല്ലുവീട്ടിലാണ് ആദ്യകാലത്ത് താമസിച്ചിരുന്നത്. അന്ന് കല്ലുവീട്ടില്‍ ഉണ്ടായിരുന്ന ഓവര്‍സിയര്‍ ഗോവിന്ദപ്പിള്ള ഷണ്‍മുഖദാസന്റെ ഒരു അകന്ന ബന്ധുകൂടിയായിരുന്നു. പൊതുമരാമത്തുവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഗോവിന്ദപ്പിള്ളയ്ക്ക് ഇടയ്ക്കിടെ സ്ഥലംമാറ്റങ്ങളുണ്ടാകും. അങ്ങനെ വാമനപുരത്തും നെടുമങ്ങാട്ടും ജോലിചെയ്യുമ്പോള്‍ ഷണ്‍മുഖദാസനും അവിടെയെല്ല‍ാം പോയി താമസിക്കുമായിരുന്നു.
തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തുണ്ടായിരുന്ന കൂപക്കരമഠത്തിലെ (എട്ടരയോഗത്തില്‍പ്പെട്ടവരാണ് കൂപക്കര പോറ്റിമാരും) ഗ്രന്ഥശാല ചട്ടമ്പിസ്വാമികള്‍ പ്രയോജനപ്പെടുത്തുന്നത് ഇക്കാലത്താണ്. കൂപക്കരയിലെ ഗ്രന്ഥശാല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മയുടെ രോഗവൃത്താന്തം ഷണ്‍മുഖദാസന്‍ അറിയുന്നത്. മകന്റെ മടിയില്‍ തലവച്ച് ദേഹംവെടിയാന്‍ അമ്മയ്ക്ക് വിധിയുണ്ടായി. അമ്മയുടെ മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞതോടെ ഷണ്‍മുഖദാസന്‍ വീണ്ടും തീര്‍ത്ഥാടനത്തിനായി തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു.
നാഗര്‍കോവിലിനടുത്ത് വടിവീശ്വരം എന്ന സ്ഥലത്തുവച്ച് കാഴ്ചയില്‍ അതിപ്രാകൃതനായ ഒരു അവധൂതനെ ഷണ്‍മുഖദാസന്‍ ഇക്കാലത്ത് കണ്ടെത്തി. യാചകനാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന ഈ പ്രാകൃതവേഷധാരി ആരോ ഉപേക്ഷിച്ച എച്ചില്‍ ഭക്ഷിക്കുകയായിരുന്നു. ഈ അവധൂതന്റെ അനുഗ്രഹശേഷമാണ് തന്റെ ആദ്ധ്യാത്മികചര്യയ്ക്ക് വ്യക്തത ലഭിച്ചതെന്ന് അദ്ദേഹം സുഹൃത്തുക്കളോടു പിന്നീട് പറഞ്ഞു.
തമ്പാനൂരുള്ള കല്ലുവീടിനു പുറമേ നന്ത്യാരുവീട്, വഞ്ചിയൂരുള്ള ചാഞ്ഞ‍ാംവീട്, മുട്ടടയ്ക്കടുത്തുള്ള ചിറ്റല്ലൂര്‍ വീട്, ശാസ്തമംഗലത്തുള്ള ശ്രീരംഗത്തുവീട് വെളുത്തേരിയുടെയും പെരുനെല്ലിയുടെയും വീടുകള്‍.. എന്നിങ്ങനെ സ്വാമി പതിവായി പോയിരുന്ന ഭവനങ്ങള്‍ തിരുവ നന്തപുരത്ത് പലതാണ്.
ജീവിതത്തിലൊരിക്കലും കാഷായം ധരിക്കാത്തതും സന്ന്യാസനാമത്തില്‍ അറിയപ്പെടാനാഗ്രഹിക്കാത്തതും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ജനങ്ങളാണ് അദ്ദേഹത്തെ ചട്ടമ്പിസ്വാമികള്‍ എന്നു വിളിച്ചത്. വെളുത്ത ഒരൊറ്റമുണ്ടുടുത്ത് തോര്‍ത്തു പുതയ്ക്കുകയാണ് അദ്ദേഹത്തിന്റെ രീതി. കഴുത്തിലൊരു രുദ്രാക്ഷമാല അണിഞ്ഞിരുന്നതായും വലതുകൈയിലെ ചൂണ്ടാണിവിരലില്‍ ഒരു ഇരുമ്പുമോതിരം ധരിച്ചതായും ജീവചരിത്രകാരന്മാര്‍. താളംപിടിക്കാനായാണ് ഇരുമ്പുമോതിരം ധരിച്ചതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രമെഴുത്ത് കെ.എം. വര്‍ഗ്ഗീസ്, ചട്ടമ്പിസ്വാമികളുടെ ബാഹ്യരൂപം വാക്കുകള്‍കൊണ്ട് വരച്ചിട്ടുണ്ട്. സ്ഥിതപ്രജ്ഞനായ ഒരു മദ്ധ്യവയസ്കനെയാണ് ചിത്രമെഴുത്ത് വര്‍ഗ്ഗീസ് അവതരിപ്പിച്ചത്.
മുകുന്ദന്‍തമ്പി എന്ന തന്റെ ഗുരുനാഥന്റെ ചിത്രീകരണശൈലിയെ ദേവവരപ്രസാദം എന്ന് ചട്ടമ്പിസ്വാമി വിശേഷിപ്പിച്ചതിനെപ്പറ്റിയും ചിത്രമെഴുത്ത് വര്‍ഗ്ഗീസ് അനുസ്മരിക്കുന്നു. പെട്ടെന്ന് കോപിക്കുകയും അതിലും പെട്ടെന്ന് കോപമോചനം നേടുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ശിഷ്യന്മാര്‍ അനുസ്മരിക്കുന്നുണ്ട്.
ചട്ടമ്പിസ്വാമികള്‍ ഷണ്‍മുഖദാസനായിരുന്ന കാലത്തെ സഹചാരികളില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരു. ഇവര്‍ തമ്മിലുള്ള ആത്മീയബന്ധത്തെപ്പറ്റി രണ്ടു ചേരിയില്‍ നിന്ന് കേരളീയര്‍ തര്‍ക്കിക്കുന്നതു കാണുമ്പോള്‍ നമ്മിലുള്ള സങ്കുചിതത്വം പുറത്തുവരാറുണ്ട്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും തമ്മിലുണ്ടായിരുന്ന ആത്മീയ ബന്ധത്തെപ്പറ്റി നടരാജഗുരു പറഞ്ഞതിനോടാണ് ഞാനും യോജിക്കുന്നത്. നാരായണഗുരുവില്‍ നിന്ന് ഗ്രഹിച്ച വിവരങ്ങളാണ് നടരാജഗുരു രേഖപ്പെടുത്തിയത്. ചട്ടമ്പിസ്വാമികളെ തന്റെ ഗുരുവായി കാണുന്നതില്‍ തെറ്റില്ലെന്ന് നാരായണഗുരു അറിയിച്ചതായാണ് നടരാജഗുരു രേഖപ്പെടുത്തുന്നത്.
ചട്ടമ്പിസ്വാമികളെ സ്നാപകയോഹന്നാനോടും ശ്രീനാരായണഗുരുവിനെ യേശുക്രിസ്തുവിനോടും തുടര്‍ന്ന് നടരാജഗുരു താരതമ്യപ്പെടുത്തി. 1883–ലാണ് ഇവര്‍തമ്മില്‍ ആദ്യമായി കണ്ടത്.
ചട്ടമ്പിസ്വാമികള്‍ക്ക് അന്ന് 27 വയസ്സും നാരായണഗുരുവിന് 24 വയസ്സും. ചെമ്പഴന്തിക്കടുത്തുള്ള അണിയൂര്‍ക്ഷേത്രത്തില്‍വച്ചാണ് ഇവര്‍ പരസ്പരം കാണുന്നത്. ജന്മാന്തരസൌഹൃദത്തിന്റെ തുടര്‍ച്ചയായാണ് ഈ ആദ്യകാഴ്ചയെയും തുടര്‍ന്നുള്ള സഹവാസത്തെയും ഇരുവരും കണ്ടത്.
സര്‍വ്വജ്ഞന്‍, ഋഷി, സദ്ഗുരു, പരിപൂര്‍ണ്ണകലാനിധി, മഹാപ്രഭു തുടങ്ങിയ വിശേഷണങ്ങള്‍കൊണ്ടാണ് ചട്ടമ്പിസ്വാമിയെ നാരായണഗുരു ചരമശ്ലോകത്തില്‍ വിശേഷിപ്പിച്ചത്. പന്മനയിലെ വായനശാലയില്‍ വച്ചു നടന്ന സമാധിവാര്‍ത്തയറിഞ്ഞ് പന്മനയിലേക്ക് ശ്രീനാരായണഗുരു പോകാത്തത് എന്തുകൊണ്ടാവ‍ാം? ഗുരുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് – ചട്ടമ്പിസ്വാമിയുടെ മാര്‍ഗ്ഗത്തില്‍ നിന്ന് – വ്യത്യസ്തമായ ഒരു ദര്‍ശനം ശിഷ്യന്‍ അപ്പോഴേക്ക് സ്വീകരിച്ചതുകൊണ്ടുതന്നെ.
നീലകണ്ഠതീര്‍ത്ഥപാദസ്വാമിയെപ്പോലെയോ തീര്‍ത്ഥപാദപരമഹംസസ്വാമിയെപ്പോലെയോ ചട്ടമ്പിസ്വാമികളുടെ തീര്‍ത്ഥപാദപരമ്പരയില്‍പ്പെട്ട ഒരു ശിഷ്യനായിരുന്നില്ല ശ്രീനാരായണഗുരു. നായര്‍, ഈഴവര്‍, പുലയര്‍, പറയര്‍ തുടങ്ങിയ കേരളീയര്‍ ദ്രാവിഡരായിരുന്നുവെന്നും ആര്യന്മാരായ ബ്രാഹ്മണര്‍ പില്‍ക്കാലത്ത് കേരളത്തിലേക്ക് കുടിയേറ്റക്കാരായി എത്തിയതാണെന്നും ചട്ടമ്പിസ്വാമികള്‍ കരുതിയിരുന്നു.
സ്വാമിനാഥദേശികര്‍, പി. സുന്ദരംപിള്ള, തൈക്കാട് അയ്യാവ് തുടങ്ങിയ ദ്രാവിഡപക്ഷപാതികളുടെ സ്വാധീനം ചട്ടമ്പിസ്വാമികളുടെ കാഴ്ചപ്പാടില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. ദ്രാവിഡഭാഷകളെപ്പറ്റി എല്ലിസ് മദ്രാസ്സില്‍ നടത്തിയ പ്രസംഗം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നതായി പ്രാചീന മലയാളം തെളിവു തരുന്നു. ഇന്തോ – ആര്യന്‍ഭാഷ സംസാരിക്കുന്നവരെല്ല‍ാം ആര്യന്മാരോ ദ്രാവിഡഭാഷ സംസാരിക്കുന്നവരെല്ല‍ാം ദ്രാവിഡരോ അല്ലെന്ന് ചട്ടമ്പിസ്വാമികള്‍ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നുവെന്ന് തോന്നുന്നില്ല.
നമ്പൂതിരിമാരുടെ ആഗമനത്തെത്തുടര്‍ന്നാണ് കേരളീയര്‍ നായരും ഈഴവരും മറ്റുമായി വേര്‍തിരിഞ്ഞതെന്നും ഇരുവരും യോജിച്ചുനില്‍ക്കണമെന്ന് സ്വാമികള്‍ ആഗ്രഹിച്ചിരുന്നതായും ശിഷ്യര്‍ രേഖപ്പെടുത്തുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടൊപ്പം ഇവിടെ വ്യാപകമായ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെ ചട്ടമ്പിസ്വാമികള്‍ ഉദാരമായി സ്വാഗതം ചെയ്യാന്‍ തയ്യാറായിരുന്നില്ല.
`മതമേതായാലും ശരി മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന വ്യത്യസ്ത സമീപനം സ്വീകരിക്കാനും അദ്ദേഹം ഒരുക്കമായിരുന്നില്ല.
മതമേതായാലും ശരി മനുഷ്യന്‍ നന്നായാല്‍ മതി എന്ന തന്റെ സന്ദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്യാതിരിക്കാന്‍വേണ്ടിക്കൂടിയാണല്ലോ ശ്രീനാരായണഗുരു പിന്നീട് കുമാരനാശാനെക്കൊണ്ട് മതപരിവര്‍ത്തന രസവാദം എഴുതിപ്പിച്ചത്.
ഏറ്റുമാനൂര്‍ പോലെയുള്ള മഹാക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുമ്പോള്‍ ‘നിങ്ങള്‍ പാപികളാണ്’ എന്ന പ്രകോപനപരമായ സംബോധനകളിലൂടെ മതപരിവര്‍ത്തനാഹ്വാനം നടത്തുന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കുള്ള മറുപടിയായിരുന്നു ചട്ടമ്പിസ്വാമികളുടെ ‘ക്രിസ്തുമതഛേദനം’ എന്ന ആദ്യകൃതി.
ഷണ്‍മുഖദാസന്‍ എന്നാണ് ഗ്രന്ഥകാരന്റെ പേരായി കൊടുത്തിട്ടുള്ളത്. ക്രിസ്തുമതഛേദനം എന്ന പുസ്തകം എഴുതുക മാത്രമല്ല അതിലെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കാളിയാങ്കണ്ഡ224ല്‍ നീലകണ്ഠപിള്ളയെയും കരുവാ കൃഷ്ണനാശാനെയും ചുമതലപ്പെടുത്തുകയും ചെയ്തു. ആദ്യത്തെയാള്‍ നായരും രണ്ടാമത്തെയാള്‍ ഈഴവസമുദായ‍ാംഗവും എന്നത് പ്രത്യേകം ശ്രദ്ധേയം.
ക്രിസ്തുമതഛേദനത്തിന്റെ ആദ്യഭാഗം ക്രിസ്തുമതസാരമാണെന്നും ഛേദനം എന്ന രണ്ട‍ാംഭാഗം സമരോത്സുകരായ അക്കാലത്തെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കുള്ള മറുപടിയാണെന്നും ഈ ഗ്രന്ഥത്തിന്റെ വിമര്‍ശകര്‍ ഓര്‍ക്കാറില്ല.
പ്രാചീന മലയാളം (1916) എന്ന ഗ്രന്ഥത്തിലൂടെ പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്നും ഇങ്ങനെ സൃഷ്ടിച്ച കേരളമാണ് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതെന്നുമുള്ള ഐതിഹ്യത്തെ ചോദ്യംചെയ്യുന്നു. ‘കേരളമാഹാത്മ്യം’ പോലുള്ള കൃതികള്‍ ദുഷ്ടലക്ഷ്യത്തോടെ എഴുതിയതാണെന്നും പ്രാചീന മലയാളം സൂചിപ്പിക്കുന്നു. നായന്മാര്‍ ശൂദ്രരല്ലെന്നും ആര്യാവര്‍ത്തത്തിലെ ചാതുര്‍വര്‍ണ്ണ്യം കേരളത്തിലുണ്ടായിരുന്നില്ലെന്നും തുടര്‍ന്നു വാദിക്കുന്നു.
1921–ല്‍ പ്രസിദ്ധപ്പെടുത്തിയ ‘വേദാധികാരനിരൂപണം’ അക്കാലത്ത് വിവാദങ്ങളുണ്ടാക്കി. വേദവും ഇതരവിജ്ഞാനങ്ങളുമെല്ല‍ാം ജാതിമതവര്‍ണ്ണവര്‍ഗ്ഗഭേദമന്യേ ആര്‍ക്കും പഠിക്കാനും പഠിപ്പിക്കാനും അവകാശപ്പെട്ടതാണെന്ന് ചട്ടമ്പിസ്വാമികള്‍ ഈ കൃതിയിലൂടെ വാദിച്ചു. ജാനശ്രുതി എന്ന ശൂദ്രന്‍ രൈക്വനില്‍ നിന്ന് വിദ്യ അഭ്യസിച്ച കഥ അദ്ദേഹം വേദാധികാര നിരൂപണത്തിലും പ്രാചീന മലയാളത്തിലും ഉദ്ധരിക്കുന്നു. ഇതേ കഥ പില്‍ക്കാലത്ത് സ്വമതസ്ഥാപനത്തിനായി അംബേദ്കറും ഉദ്ധരിച്ചിരുന്നു.
“എല്ലാവരുടെയും സ്വഭാവത്തെയും പരിശുദ്ധമാക്കേണ്ടതായ വേദത്തിനുപോലും ശൂദ്രരുടെ അദ്ധ്യയനത്താല്‍ മഹിമ കുറഞ്ഞുപോകുമെങ്കില്‍ ആ മഹിമ എത്രത്തോളം നിലനില്‍ക്കും” എന്നാണ് വേദാധികാര നിരൂപണത്തില്‍ ചട്ടമ്പിസ്വാമികള്‍ സന്ദേശരഹിതമായി ചോദിച്ചത്. ആത്മജ്ഞാനി ഇങ്ങനെ വിവാദങ്ങള്‍ സൃഷ്ടിക്കാമോ? കുട്ടിക്കാലത്ത് അച്ഛനില്‍ നിന്ന് സ്നേഹവാത്സല്യങ്ങള്‍ ലഭിക്കാത്തതും ചട്ടമ്പിസ്വാമികളുടെ പില്‍ക്കാലദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രേരണ വഹിച്ചിട്ടുണ്ടാവാം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമായി കേരളത്തില്‍ നടന്നത് മതപുനരുദ്ധാരണപ്രവര്‍ത്തനങ്ങളായിരുന്നുവെന്നും അത് സാംസ്കാരികനവോത്ഥാനത്തില്‍ ഭിന്നമായിരുന്നെന്നും ഈയിടെ പ്രശസ്ത ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെട്ടു. ചട്ടമ്പിസ്വാമികളുടെയും നാരായണഗുരുസ്വാമികളുടെയും പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും മതപുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ല.
സാംസ്കാരിക നവോത്ഥാനപ്രവര്‍ത്തനങ്ങളും മതനവോത്ഥാനപ്രവര്‍ത്തനങ്ങളും പരസ്പരം യോജിക്കാത്ത സമാന്തരരേഖകളായിരുന്നില്ല ഭാരതത്തില്‍. ബംഗാളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ അതേപോലെ ആവര്‍ത്തിച്ചില്ലല്ലോ എന്നു സന്ദേഹിക്കുന്നവര്‍ക്കു മാത്രമേ കേരളത്തിലെ സാംസ്കാരിക നവോത്ഥാനസങ്കല്പങ്ങളെ മതനവോത്ഥാനസന്ദേശങ്ങളായി കാണാന്‍ കഴിയൂ.
സമൂഹത്തിന്റെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ നൈദാനികന്‍ (ഡയഗണോസ്റ്റ്) ആയിരുന്നു ചട്ടമ്പിസ്വാമികള്‍. രോഗത്തിന് സൌമ്യചികിത്സകൂടി വിധിച്ച ഭിഷഗ്വരനായിരുന്നു ശ്രീനാരായണഗുരു. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരപൂരകമായിരുന്നുവെന്ന് തിരിച്ചറിയാന്‍ കേരളത്തിന് കഴിയേണ്ടിയിരിക്കുന്നു.
കണ്ണമ്മൂലയിലെ ഒരു ട്രാഫിക് ഐലന്‍ഡില്‍ ഒതുങ്ങിപ്പോയ ഇപ്പോഴത്തെ ചട്ടമ്പിസ്വാമി സ്മാരകം കേരളീയര്‍ക്ക് നാണക്കേടാണ്.

കടപ്പാട്  : ചട്ടമ്പി സ്വാമി