Friday, August 4, 2017

ശ്രീരാമകഥാമൃതം - രാമന്‍ അയോദ്ധ്യയില്‍ ( 4 )

നമോസ്തു രാമചന്ദ്രായ
രാമഭദ്രായ വേധസേരഘുനാഥായ നാഥായ സീതായ പതയേ നമഃ
സീതയുടെ സ്വയംവരവര്‍ത്തമാനം അറിഞ്ഞ് വിദേഹ രാജ്യത്ത് എല്ലാവരും സന്തോഷഭരിതരായി. ജനകരാജാവ് ഉടനെ അയോദ്ധ്യയിലേക്ക് ദൂതന്മാരെ അയച്ചു. വിവരമറിഞ്ഞ് സന്തുഷ്ടനായ ദശരഥമഹാരാജാവ് സകുടുംബം പരിവാരങ്ങളോടു കൂടി എത്തി. വിവാഹം കേമമായി ആഘോഷിക്കുവാന്‍ തീര്‍ച്ചപ്പെടുത്തി. ദശരഥൻ മറ്റു പുത്രന്മാരുടെ വിവാഹവും അതോടു കൂടി നടത്തുവാന്‍ ആലോചിച്ചു. ലക്ഷ്മണന്‍ ഊര്‍മ്മിളയേയും ഭരതനും ശത്രുഘ്നനും ജനകന്‍റെ സഹോദരനായ കുശധ്വജന്‍റെ പുത്രിമാരായ മാണ്ഡവിയേയും ശ്രുതകീര്‍ത്തിയേയും പാണിഗ്രഹണം ചെയ്തു. അങ്ങനെ നാലുപേരും അവരവരുടെ ശക്തികളോടു ചേര്‍ന്നു. ജനകന്‍ എല്ലാവര്‍ക്കും നിര്‍ല്ലോഭം ഉപഹാരങ്ങള്‍ നല്‍കി. ദശരഥൻ പുത്രന്മാരോടും സ്നുഷമാരോടും കൂടി സപരിവാരം അയോദ്ധ്യയിലേക്കു യാത്ര തിരിച്ചു.
വിശ്വാമിത്രന്‍ തന്‍റെ ആശ്രമത്തിലേക്ക് മടങ്ങിപ്പോയി. ദശരഥൻ മാര്‍ഗ്ഗമദ്ധ്യത്തില്‍ പല ദുശ്ശകുനങ്ങള്‍ കണ്ട് പരിഭ്രാന്തനായി. ദുശ്ശകുനങ്ങളും ദുര്‍നിമിത്തങ്ങളും എല്ലാവരേയും വിഷമിപ്പിക്കുമല്ലോ. അങ്ങനെ പോകുമ്പോൾ അതാ, ക്ഷത്രിയകുലാന്തകനായ *ഭാര്‍ഗ്ഗവരാമന്‍* വഴി തടഞ്ഞ് നില്‍ക്കുന്നു. താന്‍ ജനകനെ ഏല്പിച്ചിരുന്ന ശൈവചാപം ഭഞ്ജിച്ചതിന്‍റെ ശബ്ദം കേട്ട് രോഷാകുലനായി പകരം ചോദിക്കുവാനാണ് പരശുരാമന്‍ വന്നിട്ടുളളത്. ദശരഥൻ ഭയാകുലനായി നമസ്കരിച്ചപ്പോള്‍ ശ്രീരാമൻ യാതൊരു ഭയവും കൂടാതെ അദ്ദേഹത്തെ നേരിട്ടു. പരശുരാമന്‍ പറഞ്ഞു: 'രാമാ, നീ ശൈവചാപത്തെ ഭഞ്ജിച്ചു. ഇപ്പോള്‍ ഞാന്‍ തരുന്ന ഈ വൈഷ്ണവചാപം ഒന്നു കുലയ്ക്കൂ. എന്നാല്‍ ഞാന്‍ നിന്‍റെ ശക്തി സമ്മതിക്കാം. അല്ലെങ്കിൽ ദ്വന്ദ്വയുദ്ധത്തിനു തയ്യാറായിക്കൊളളുക.' ഗര്‍വ്വിഷ്ഠനായ ഭാര്‍ഗ്ഗവരാമന്‍റെ വാക്കു കേട്ട് ശ്രീരാമൻ പുഞ്ചിരിച്ചു കൊണ്ട് വൈഷ്ണവചാപം വാങ്ങി അനായാസേന കുലച്ചു. അസ്ത്രത്തിനു ലക്ഷ്യമെന്താണെന്നു ചോദിച്ചപ്പോൾ താന്‍ തപസ്സുകൊണ്ടു നേടിയിട്ടുളള ഊര്‍ധ്വാലോകങ്ങളാകട്ടെ എന്നു ഭാര്‍ഗ്ഗവരാമന്‍ സമ്മതിച്ചു. അങ്ങനെ പരാജിതനായ പരശുരാമന്‍ ശ്രീരാമൻ വിഷ്ണുവിന്‍റെ അവതാരമാണെന്നറിഞ്ഞ് തന്‍റെ ശക്തി മുഴുവൻ ദശരഥപുത്രനിലേക്കു സംക്രമിപ്പിച്ച് തപസ്സിനായി മഹേന്ദ്ര പര്‍വ്വതത്തിലേക്കു പോയി.
ദശരഥൻ പുത്രന്‍റെ വിജയത്തില്‍ അതീവ സന്തുഷ്ടനായി യാത്ര തുടര്‍ന്നു. അയോധ്യയിലെത്തി എല്ലാവരും സാമോദം വാണു. ശ്രീരാമചന്ദ്രനും യോഗമായാ സ്വരൂപിണിയായ സീതാദേവിയോടും മാതാപിതാക്കന്മാരോടും കൂടി സുഖമായി താമസിച്ചു.
അഹംഭാവത്തിന്‍റെ പരാജയമാണിവിടെ കാണുന്നത്. ഇരുപത്തിയൊന്നു വട്ടം ക്ഷത്രിയവംശം മുഴുവൻ മുടിച്ച പരശുരാമന് സര്‍വ്വേശ്വരസ്വരൂപനായ ശ്രീരാമനോടേറ്റു മുട്ടിയപ്പോള്‍ പരാജയം സമ്മതിക്കേണ്ടി വന്നു. മാത്രമല്ല, ചിരതപസ്സുകൊണ്ട് നേടിയ പുണ്യലോകങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. *അഹംഭാവം സര്‍വ്വ വിനാശകമാണ്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment