Sunday, August 13, 2017

ശ്രീരാമകഥാമൃതം ( 12 ) നാമജപത്തിന്‍റെ മാഹാത്മ്യം

ശ്രീരാമനും സീതയും ലക്ഷ്മണനും നദീതീരത്തിലൂടെ നടന്ന് യമുനാനദിയേയും കടന്ന് ചിത്രകൂട പര്‍വ്വതത്തിന്‍റെ അടുത്ത് വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. ശ്രീരാമദര്‍ശനംകൊണ്ടു സന്തുഷ്ടനായ മഹര്‍ഷി അവരെ സത്ക്കരിച്ച് സവിനയം പറഞ്ഞു, 'രാമാ, എന്‍റെ മഹത്ത്വമെല്ലാം അങ്ങയുടെ നാമം ജപിച്ചുണ്ടായതാണ്.' മഹര്‍ഷിയുടെ ചരിത്രം അറിയുവാൻ കൗതുകം പ്രകടിപ്പിച്ച രാമലക്ഷ്മണന്മാരോട് സ്വചരിതം വാല്മീകി ഇങ്ങനെ പറഞ്ഞു കേള്‍പ്പിച്ചു.
'രാമാ, ഈ ജീവിതത്തില്‍ ഞാന്‍ രത്നാകരനെന്നു പേരായ ഒരു കൊളളക്കാരനായിരുന്നു. വനാന്തരത്തില്‍കൂടി വരുന്നവരെ കൊളളയടിച്ച് ഞാന്‍ എന്‍റെ കുടുംബം പോറ്റി വന്നു. ഒരു ദിവസം സപ്തര്‍ഷിമാര്‍ ആ വഴി വന്നു. അവരെ കൊളളയടിക്കുവാന്‍ ചെന്നപ്പോൾ അവര്‍ പറഞ്ഞു: 'രത്നാകരാ, നീ ചെയ്യുന്നത് മഹാപാപമാണെന്നു നിനക്കറിയാമോ ? ഈ പാപത്തിന്‍റെ ഫലം നീ തന്നെ അനുഭവിക്കേണ്ടി വരില്ലേ ? നീ പോറ്റി വളര്‍ത്തുന്ന ഭാര്യാ പുത്രന്മാര്‍ കൂടി ഈ പാപഫലത്തില്‍ പങ്കാളികളാകുമോ എന്നറിഞ്ഞിട്ടു വരൂ. അതുവരെ ഞങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കാം.' ഇങ്ങനെ മുനിവാക്യം കേട്ട് ഞാന്‍ ചെന്ന് ചോദിച്ചപ്പോൾ താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിക്കണമെന്നും മറ്റാരും അതില്‍ പങ്കാളികളാവുകയില്ലെന്നും അവര്‍ പറഞ്ഞു. ഇതേവരെ ചെയ്ത പാപങ്ങളെ ഓര്‍ത്തു ഭയഭീതനായിത്തീര്‍ന്ന ഞാന്‍ പശ്ചാത്താപ വിവശനായി മഹര്‍ഷിമാരുടെ പാദങ്ങളില്‍ വീണ് എന്നെ ഈ പാപഭാരത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. കരുണാര്‍ദ്രചിത്തരായ അവര്‍ എന്നോട് 'മരാ മരാ' എന്നു ജപിക്കുവാനുപദേശിച്ചു. ഏകാഗ്രചിത്തനായി അത് ജപിക്കുന്നതു കൊണ്ട് എല്ലാ പാപങ്ങളും പോയി ഉത്തമ മനുഷ്യനായിത്തീരുമെന്നു പറഞ്ഞു. ഞാന്‍ മറ്റെല്ലാം മറന്ന് നാമജപം ആരംഭിച്ചു. *'മരാ' എന്നുളളത് 'രാമ' എന്നായിത്തീര്‍ന്നു.* ദേഹം മുഴുവൻ പുറ്റു വന്ന് മൂടിയതുപോലും ഞാനറിഞ്ഞില്ല. ആറുമാസം കഴിഞ്ഞ് മുനിമാർ വന്നപ്പോൾ എന്നെ വിളിച്ചുണര്‍ത്തി വാല്മീകമെല്ലാം കളഞ്ഞ് എന്നെ 'നീ സര്‍വ്വശാസ്ത്രജ്ഞനായ വാല്മീകി മഹര്‍ഷിയായിത്തീര്‍ന്നിരിക്കുന്നു' എന്നനുഗ്രഹിച്ചു. അല്ലയോ രാമാ, നിന്‍റെ നാമം ജപിച്ചതുകൊണ്ടാണ് എനിക്ക് ഈ മഹത്ത്വമെല്ലാം ഉണ്ടായത്.' അതുകേട്ട് സന്തുഷ്ടനായ രാമന്‍ മഹര്‍ഷിയുടെ നിര്‍ദ്ദേശമനുസരിച്ച് വനവാസത്തിനായി ചിത്രകൂടപര്‍വ്വതത്തിലേക്കു പോകുകയും ചെയ്തു. *തനിക്കനുഭവപ്പെട്ട രാമനാമ മാഹാത്മ്യം ലോകരെ ധരിപ്പിക്കുവാനാണ് വാല്മീകി പിന്നീട് രാമായണം രചിച്ചത്.*
*രാമമന്ത്രം താരക മന്ത്രമാണ്. സംസാരസാഗരത്തിൽ നിന്ന് മനുഷ്യരെ കരകയറ്റുവാനുളള ശക്തി ആ മന്ത്രത്തിനുണ്ട്. രാമനാമജപം കൊണ്ട് രാഗദ്വേഷമാലിന്യങ്ങളെല്ലാം പോയി ശുദ്ധമായിത്തീരുന്ന മനസ്സില്‍ ജ്ഞാനസ്വരൂപിയായ ഈശ്വരന്‍റെ സാന്നിദ്ധ്യം ഉണ്ടാകുന്നു. അതുകൊണ്ട് അതിനെ ജന്മസാഫല്യമന്ത്രമെന്നുകൂടി പറയുന്നു.* മൂഢനായ ഒരു കാട്ടാളൻ രാമനമജപം കൊണ്ട് ജ്ഞാനിയായ മഹര്‍ഷിയായിത്തീര്‍ന്ന കഥ ആശ്ചര്യത്തെ ജനിപ്പിക്കുന്നു. ഇന്ന് വാല്മീകിയെ ആദികവിയായിട്ടും രാമായണത്തെ ആദി കാവ്യമായിട്ടുമാണ് കണക്കാക്കുന്നത്. സര്‍വ്വജനാദൃതമായ രാമായണം ഇന്ന് ഭാരതത്തിലെ എല്ലാ ഭാഷകളിലേക്കും അതിമനോഹരമായി തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment