Wednesday, August 16, 2017

ശ്രീരാമകഥാമൃതം ( 15 ) - ജ്യേഷ്ഠാനുജന്മാരുടെ ത്യാഗശക്തി

ജ്യേഷ്ഠനിരിക്കെ താന്‍ രാജാവാകുകയില്ലെന്ന് ഭരതന്‍ ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ട് അച്ഛന്‍റെ ഉദകക്രിയകളെല്ലാം കഴിഞ്ഞതിനു ശേഷം രാമനെ മടക്കിക്കൊണ്ടു വരുവാനായി വനത്തിലേക്കു പുറപ്പെട്ടു. പൗരജനങ്ങളും അമ്മമാരും രാമനെ കാണാനുളള ആഗ്രഹം കൊണ്ട് ഭരതനെ അനുഗമിച്ചു. വഴിക്ക് ഗുഹനെ കണ്ട് രാമലക്ഷ്മണന്മാര്‍ ചിത്രകൂടപര്‍വ്വതത്തില്‍ താമസിക്കുന്നുണ്ടെന്നറിഞ്ഞ് എല്ലാവരും അങ്ങോട്ടു തിരിച്ചു. ദൂരെ നിന്നും സസൈന്യം വരുന്ന ഭരതനെ കണ്ട് ആക്രമണത്തിനാണ് വരുന്നതെന്ന് ലക്ഷ്മണന്‍ സംശയിച്ചെങ്കിലും ശ്രീരാമചന്ദ്രന്‍റെ സഹോദരസ്നേഹം ആ വക സംശയങ്ങളെയെല്ലാം നിരാകരിച്ചു. ഭരതന്‍ അനുചരന്മാരോടു കൂടി ആശ്രമത്തിലെത്തി രാമന്‍റെ പാദങ്ങളില്‍ വീണു. നിലത്തു കിടന്നുറങ്ങുന്ന സീതാരാമന്മാരുടെ നിലയാലോചിച്ച് എല്ലാവരും പരിതപിച്ചു.
രാമന്‍ ഭരതന്‍റെ വരവിനുളള കാരണം അന്വേഷിച്ചപ്പോഴാണ് ഭരതന്‍ അച്ഛന്‍റെ മരണ വര്‍ത്തമാനം അറിയിച്ചത്. ദുഃഖിതനായ രാമന്‍ പിതൃക്രിയകളെല്ലാം ചെയ്തു. രാജ്യത്തേക്കു മടങ്ങി വന്ന് ഭരണമേറ്റെടുക്കുവാന്‍ ഭരതന്‍ വീണ്ടും വീണ്ടും അപേക്ഷിച്ചു എങ്കിലും അച്ഛന്‍റെ പ്രതിജ്ഞ നിറവേറ്റേണ്ടത് പുത്രധര്‍മ്മമാണെന്നു പറഞ്ഞ് രാമന്‍ സമ്മതിച്ചില്ല. തനിക്ക് അച്ഛന്‍ തന്നിട്ടുളള രാജ്യം മുഴുവൻ ജ്യേഷ്ഠന്‍റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു എന്നും താനൊരിക്കലും രാജാവാകുകയില്ലെന്നും ഭരതന്‍ ഉറപ്പിച്ചു പറഞ്ഞു. എങ്കിലും രാമന്‍ സത്യത്തിൽ നിന്നും മാറുവാന്‍ സമ്മതിച്ചില്ല. ഒടുവിൽ ഭരതന്‍ രാമന്‍റെ മുന്നിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. അപ്പോഴാണ് വസിഷ്ഠന്‍ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കിയത്. 'രാമന്‍റെ സിംഹാസനത്തില്‍ അദ്ദേഹത്തിന്‍റെ പാദുകങ്ങള്‍ പ്രതീകമായിരിക്കട്ടെ! രാമന്‍റെ പ്രതിനിധിയായി പതിനാലു കൊല്ലം ഭരതന്‍ രാജ്യം ഭരിക്കുക'. ഈ വസിഷ്ഠ വചനം എല്ലാവരും സമ്മതിച്ചു. അങ്ങനെ ഭരതന്‍ രാമനെ നമസ്കരിച്ചു മെതിയടികളെക്കൊണ്ട് രാജപ്രതിനിധി എന്ന നിലയിൽ മടങ്ങിപ്പോരുകയും ചെയ്തു.
ഭാരതത്തിന്‍റെ മഹത്തായ ഒരു ആദര്‍ശമാണ് ത്യാഗം. അതിന്‍റെ ശക്തിയാണ് നാമിവിടെ കാണുന്നത്. ഭാരത ചക്രവര്‍ത്തിയുടെ കിരീടം ശിരസ്സിലണിയുവാനുളള സന്ദര്‍ഭം വന്നിട്ടും അത് അനായാസേന ത്യജിക്കുവാനുളള ത്യാഗമനോഭാവവും മനഃശക്തിയുമാണ് രാമന്‍റെ വിജയത്തിനു കാരണം. ഭരതന്‍റെ ഭ്രാതൃസ്നേഹവും അഭിനന്ദനീയമായിരിക്കുന്നു. കൈയിൽ കിട്ടുന്ന ഐശ്വര്യം ധര്‍മ്മാനുസൃതമല്ലെങ്കില്‍ അത് ഉപേക്ഷിക്കുക തന്നെ വേണം. ഇന്ന് അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി കലഹിക്കുകയും അതിന്നു എന്ത് അധര്‍മ്മവും ചെയ്യാന്‍ മടിക്കാത്തവരുമായ ജനങ്ങള്‍ രാമഭരതന്മാരുടെ ഈ ത്യാഗശക്തിയും ധര്‍മ്മപരതയും കണ്ടു പഠിക്കേണ്ടതാണ്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment