Wednesday, July 26, 2017

ശ്രീ ചട്ടമ്പി സ്വാമികള്‍ – നവോത്ഥാനത്തിന്റെ മഹാപ്രഭു

പ്രവൃത്തിയും ഗുണവുമാണ് മനുഷ്യന്റെ ജാതി നിശ്ചയിക്കുന്നതിന് അടിസ്ഥാനമെന്ന് ഓര്‍മ്മിപ്പിക്കാന്‍ നമുക്കൊരു ആത്മജ്ഞാനി 19–‍ാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു. ജാതിശ്രേഷ്ഠതയാണ് മറ്റെന്തിനെക്കാളും മീതെയെന്ന തെറ്റിദ്ധാരണയില്‍ കേരളം ഭ്രമിച്ചിരുന്ന നാളുകളിലാണ് ഈ ക്രാന്തദര്‍ശിയുടെ ജനനവും ജീവിതവും.
കേരളീയ നവോത്ഥാനത്തിന്റെ സമാരംഭകരില്‍ ഒരാളായ ചട്ടമ്പിസ്വാമികള്‍ക്ക് (1853–1924) ജന്മസ്ഥലത്ത് ഉചിതമായ ഒരു സ്മാരകം ഇനിയും ഉണ്ടാകാത്തത് എന്തുകൊണ്ടാവാം?
തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ ഉള്ളൂര്‍ക്കോട്ട് വീട് നിന്നിരുന്ന സ്ഥലത്താണ് ചട്ടമ്പിസ്വാമികള്‍ക്ക് സ്മാരകം ഉണ്ടാകേണ്ടതെന്ന് വാദിച്ചുകൊണ്ട് ഏതാനും മാസങ്ങളായി നടന്നുവരുന്ന ജനകീയപ്രക്ഷോഭണങ്ങള്‍ നേരില്‍ക്കണ്ടപ്പോള്‍ സ്വയം ചോദിച്ചുപോയി. ചട്ടമ്പിസ്വാമികള്‍ ജനിച്ചത് കണ്ണമ്മൂലയിലല്ലെന്നും മലയിന്‍കീഴിനടുത്തുള്ള മച്ചേല്‍ എന്ന ഗ്രാമത്തിലെ വേണിയത്തു വീട്ടിലാണെന്നുമാണ് ഈ സമരത്തെ എതിര്‍ക്കുന്നവര്‍ക്ക് പറയാനുള്ളത്. ചട്ടമ്പിസ്വാമികളുടെ അമ്മയുടെ തറവാട് മച്ചേലുള്ള വേണിയത്തുവീടാണെന്നും അവര്‍ വാദിക്കും. കണ്ണമ്മൂലയില്‍ തന്നെയുള്ള കുന്നിന്‍പുറത്തു വീട്ടിലാണ് (സര്‍വ്വേ നമ്പര്‍ 2300) ചട്ടമ്പിസ്വാമികള്‍ ജനിച്ചതെന്ന് പ്രശസ്ത ചരിത്രകാരനായ എ.ശ്രീധരമേനോനും മറ്റും പ്രസ്താവിച്ചിട്ടുണ്ട്.
നൂറ്റിയമ്പത്തിയഞ്ചുവര്‍ഷം മുമ്പു ജനിച്ച ഒരാത്മജ്ഞാനിയുടെ ജന്മസ്ഥലത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാകുന്നതും അതേച്ചൊല്ലി കലഹിക്കുന്നതും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മലയാളിയുടെ ഗുരുത്വമില്ലായ്മകൊണ്ടാണ്.
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്തെപ്പറ്റി ഗവേഷണം നടത്തിയ പ്രൊഫ. ജഗതി വേലായുധന്‍നായര്‍ 1853–ാമാണ്ട് ആഗസ്റ്റ് മാസം 25–‍ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭരണിനക്ഷത്രത്തില്‍ ഉള്ളൂര്‍ക്കോട് വീട്ടില്‍ നങ്ങമ്മപ്പിള്ളയുടെ മകനായി കുഞ്ഞന്‍ ജനിച്ചു എന്ന് രേഖപ്പെടുത്തുന്നു. (ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍, 1995).
കണ്ണമ്മൂല കവലയില്‍ നിന്ന് കണ്ണമ്മൂല പാലത്തിലേക്കുള്ള പ്രധാന പാതയിലൂടെ ഉദ്ദേശം ഇരുന്നൂറടി ചെല്ലുമ്പോള്‍ പാതയുടെ കിഴക്കുവശത്തായാണ് ഉള്ളൂര്‍ക്കോട് വീട് സ്ഥിതിചെയ്തിരുന്നതെന്നും ഇന്ന് ആ വീടില്ലെന്നും പ്രൊഫ. ജഗതി വേലായുധന്‍നായര്‍ അറിയിക്കുന്നു. വഞ്ചിയൂര്‍ വില്ലേജില്‍ സര്‍വ്വേ2288–ല്‍പ്പെട്ട ഈ വസ്തുവിന്റെ പ്രമാണം താന്‍ വായിച്ചതായും പ്രൊഫ. ജഗതി വേലായുധന്‍നായര്‍ അറിയിക്കുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന എട്ടരയോഗത്തില്‍പ്പെട്ട കൊല്ലൂര്‍ അത്തിയറ മഠത്തിന് ഏതാണ്ട് രണ്ടു വിളിപ്പാട് പടിഞ്ഞാറു മാറിയാണ് ഉള്ളൂര്‍ക്കോട് വീട് സ്ഥിതിചെയ്തിരുന്നതെന്നും വേലായുധന്‍നായര്‍ ഉറപ്പിക്കുന്നു.
കൊല്ലൂര്‍ അത്തിയറമഠം ഒറ്റനിലയിലുള്ള ഓലമേഞ്ഞ ഒരു നാലുകെട്ടായിരുന്നുവെന്ന് പഴയ തലമുറ ഓര്‍ക്കാറുണ്ട്. ഈ മഠത്തിനു തെക്കുവശത്തായി നിലകൊണ്ടിരുന്ന ദേവീക്ഷേത്രത്തിന് ഇപ്പോള്‍ കുറേക്കൂടി പ്രതാപമായി. ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു ചട്ടമ്പിസ്വാമികളുടെ പിതാവായ വാസുദേവശര്‍മ്മ. ഇദ്ദേഹം ഇവിടെ വരുംമുമ്പ് മലയിന്‍കീഴ് ശ്രീകൃഷ്ണക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നുവെന്നും ജീവചരിത്രകാരന്മാര്‍ അനുസ്മരിക്കുന്നു.
കുഞ്ഞന്‍ എന്നാണ് സ്വാമിക്ക് മാതാപിതാക്കള്‍ പേരിട്ടതെങ്കിലും അയ്യപ്പന്‍ എന്ന വിളിപ്പേരാണ് അദ്ദേഹത്തെ അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്. കണ്ണമ്മൂലയിലെ ദേവീക്ഷേത്രത്തിലും ശാസ്താക്ഷേത്രത്തിലും പതിവായി പോകാറുണ്ടായിരുന്ന ബാലന് അയ്യപ്പന്‍ എന്ന പേരും ഹൃദ്യമായി തോന്നിയിരിക്ക‍ാം. ജനിച്ചത് ഉള്ളൂര്‍ക്കോട്ട് വീട്ടിലാണെങ്കിലും കുഞ്ഞന്‍ വളര്‍ന്നത് കണ്ണമ്മൂലയിലെ കുന്നുംപുറത്തു വീട്ടിലായിരുന്നു. മണ്ണുകുഴച്ചുണ്ടാക്കിയ ചുമരുകളോടുകൂടിയ ഓലമേഞ്ഞ ചെറിയൊരു വീടായിരുന്നു കുന്നുംപുറത്തു വീടെന്നും ചട്ടമ്പിസ്വാമികള്‍ 16 വയസ്സുവരെ താമസിച്ചിരുന്നത് ഈ വീട്ടിലാണെന്നും ജഗതി വേലായുധന്‍നായര്‍ പ്രസ്താവിക്കുന്നു.
വീട്ടിലെ ദാരിദ്യ്രം കുഞ്ഞന്റെ വിദ്യാഭ്യാസത്തെ പലപ്പോഴും തടസ്സപ്പെടുത്തിയിരുന്നു. അയല്‍വക്കത്തുള്ള കുട്ടികള്‍ ആശാന്‍പള്ളിക്കൂടത്തില്‍ പോകുന്നത് നോക്കിനില്‍ക്കാനായിരുന്നു കുഞ്ഞന്റെ ദുര്‍വിധി. പള്ളിക്കൂടത്തില്‍ നിന്ന് മടങ്ങിവരുന്ന സമപ്രായക്കാരുടെ ഓലകള്‍ നോക്കി പഠിക്കാനായി കുഞ്ഞന്റെ പിന്നീടത്തെ പരിശ്രമങ്ങള്‍. എല്ലാവരും ‘ഹരിഃ ശ്രീ’ എന്നാദ്യം എഴുതിപ്പഠിച്ചപ്പോള്‍ ‘ഇതാവത്’ എന്ന വാക്കാണ് താന്‍ ആദ്യമായി വായിച്ചതെന്ന് പില്‍ക്കാലത്ത് ചട്ടമ്പിസ്വാമികള്‍ പറഞ്ഞിട്ടുണ്ട്.
അസാധാരണമായൊരു ജന്മാന്തരവാസനയാല്‍ എഴുത്തുവിദ്യയും കൂട്ടിവായനയും സ്വയം ശീലിക്കാന്‍ കുഞ്ഞന് കഴിഞ്ഞു. കൊല്ലൂര്‍മഠം വകയുള്ള ദേവീക്ഷേത്രത്തില്‍ മാലകെട്ടിക്കൊടുക്കുവാനും കുഞ്ഞന്‍ പതിവായി പോയിരുന്നു.
അച്ഛന്‍ അതേ ക്ഷേത്രത്തിലെ ശാന്തിക്കാരനാണെന്നതും അമ്മ ക്ഷേത്രം ഉടമസ്ഥരായ കൊല്ലൂര്‍ അത്തിയറമഠത്തിലെ അടിച്ചുതളിക്കാരിയാണെന്നതും ക്ഷേത്രവുമായി വിശേഷാല്‍ അടുപ്പമുണ്ടാക്കാന്‍ ബാലനെ പ്രേരിപ്പിച്ചിരിക്ക‍ാം. ഉച്ചപൂജ കഴിയുമ്പോള്‍ കിട്ടുന്ന നിവേദ്യച്ചോറും മറ്റൊരു ആകര്‍ഷണമായിരിക്ക‍ാം.
കൊല്ലൂര്‍മഠത്തിലെ പുറംജോലികളില്‍ പലതും കുഞ്ഞനാണ് നിര്‍വ്വഹിച്ചിരുന്നത്. പറമ്പില്‍പ്പോയി കായ്കറികള്‍ ശേഖരിക്കുക, കന്നുകാലികളെ അഴിച്ചുകെട്ടുക എന്നിവയെല്ല‍ാം കുഞ്ഞന്റെ അന്നത്തെ ജോലികളില്‍ ഉള്‍പ്പെട്ടിരുന്നു.
മഠത്തിലെ പോറ്റിക്കുട്ടികളെ സംസ്കൃതം പഠിപ്പിക്കാന്‍ ഇക്കാലത്ത് ഒരു ശാസ്ത്രികളെ പരദേശത്തുനിന്ന് കൊണ്ടുവന്നു. ശാസ്ത്രികള്‍ കുട്ടികളെ പൂമുഖത്തിരുത്തി സംസ്കൃതം പഠിപ്പിക്കുമ്പോള്‍ അടിച്ചുതളിക്കാരിയുടെ മകന് വെളിയിലിരുന്ന് കേള്‍ക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. താന്‍ പഠിപ്പിച്ച പാഠത്തില്‍നിന്ന് ശാസ്ത്രികള്‍ ചില ചോദ്യങ്ങള്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ശിഷ്യന്മാര്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ വന്നുവെന്നും എല്ല‍ാം ശ്രദ്ധിച്ച് വെളിയില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞന്‍ ശരിയായ ഉത്തരം വിളിച്ചു പറഞ്ഞുവെന്നും തുടര്‍ന്ന് ശാസ്ത്രികള്‍ അവനെക്കൂടി ഉള്ളിലിരുത്തി പഠിക്കാന്‍ അനുവദിച്ചെന്നും ജീവചരിത്രങ്ങളില്‍ കാണുന്നു.
ക്ഷേത്രാരാധനയും ജപവുമെല്ല‍ാം കുട്ടിക്കാലം മുതല്‍ കുഞ്ഞന് ഒഴിവാക്കാന്‍ വയ്യാത്ത നിഷ്ഠകളായിരുന്നു. ഭജനം ഏതു ദുഃഖത്തിനും പരിഹാരമാണെന്ന പാഠം, പെറ്റമ്മയില്‍ നിന്ന് കുഞ്ഞന്‍ പഠിച്ചിരുന്നു. കൊല്ലൂര്‍മഠത്തിനടുത്തുള്ള ശാസ്താക്ഷേത്രത്തില്‍വച്ച് അജ്ഞാതനായ ഒരവധൂതനെ കുഞ്ഞന്‍ ഇക്കാലത്ത് പരിചയപ്പെട്ടു. ഇതു ജപിച്ച് സിദ്ധി വരുത്തിക്കൊള്ളണം എന്ന ഉപദേശത്തോടെ അദ്ദേഹം കുഞ്ഞന് ബാലാസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചു.
കേരളീയരുടെ ധ്യാനമന്ത്രങ്ങളില്‍ ഉള്‍പ്പെടാത്ത ബാലാസുബ്രഹ്മണ്യമന്ത്രം (ബാലയോടുകൂടിയ അതായത് പാര്‍വതിയോടുകൂടിയ സുബ്രഹ്മണ്യന്റെ മന്ത്രം) ഉപദേശിച്ച അവധൂതന്‍ ശാക്തേയ – ഷണ്‍മുഖമതങ്ങളെ സമന്വയിപ്പിച്ച ഒരു പരദേശിയാകാനാണ് സാദ്ധ്യത. ചൂണ്ടുവിരല്‍കൊണ്ട് നെറുകയില്‍ സ്പര്‍ശിച്ചശേഷം വലതുകര്‍ണ്ണത്തില്‍ ബാലാസുബ്രഹ്മണ്യമന്ത്രം ഉപദേശിക്കുകയായിരുന്നു ആ അവധൂതന്‍ ചെയ്തത്. പില്‍ക്കാലത്ത് തന്റെ ശിഷ്യന്മാര്‍ക്ക് ചട്ടമ്പിസ്വാമികള്‍ ഉപദേശിച്ചുകാടുത്തതും ഈ ബാലാസുബ്രഹ്മണ്യമന്ത്രമായിരുന്നു.
കണ്ണമ്മൂലയ്ക്കടുത്തുള്ള പേട്ടയില്‍ അക്കാലത്ത് രാമന്‍പിള്ള ആശാന്‍ എന്നൊരു പണ്ഡിതന്‍ ജീവിച്ചിരുന്നു. അദ്ധ്യാപകന്‍, ഭാഷാവിദഗ്ദ്ധന്‍, കവി, പ്രാസംഗികന്‍ എന്നീ നിലകളില്‍ രാമന്‍പിള്ള ആശാന്‍ പ്രശസ്തനായിരുന്നു. ഏകമകന്‍, കുന്നുകുഴിയിലുള്ള ഒരു ആംഗ്ലോ ഇന്ത്യന്‍ യുവതിയെ വിവാഹം കഴിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതില്‍ ദുഃഖിതനുമായിരുന്നു. തിരുവനന്തപുരം പബ്ളിക് ലൈബ്രറിയില്‍ അക്കാലത്ത് നടത്തിയിരുന്ന പ്രസംഗങ്ങളില്‍ ആശാന്‍ പതിവായി പങ്കെടുത്തിരുന്നു. കേരളീയരുടെ വാണിജ്യവൈമുഖ്യത്തെപ്പറ്റിയും രാമായണ സദാചാരതത്വങ്ങളെപ്പറ്റിയും രാമന്‍പിള്ള ആശാന്‍ നടത്തിയ പ്രസംഗങ്ങള്‍ അച്ചടിച്ചിട്ടുമുണ്ട്. മലയാളലിപി പരിഷ്കരണത്തിലും രാമന്‍പിള്ള ആശാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാമന്‍പിള്ള ആശാന്റെ കോപ്പി ബുക്കുകളാണ് തിരുവിതാംകൂറിലെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗീകരിച്ചിരുന്നത്. രണ്ടുവര്‍ഷം മാത്രമാണ് രാമന്‍പിള്ള ആശാന്റെ വിദ്യാലയത്തില്‍ കുഞ്ഞന്‍ പഠിച്ചിരുന്നത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് പണിയുന്നതിന് കൂലിക്കാരെ ആവശ്യമുണ്ടെന്നറിഞ്ഞ് കുഞ്ഞന്‍ പഠിത്തം മതിയാക്കി പണിക്കു പോയി.
പിന്നീട് കൂലിപ്പണി ഉപേക്ഷിച്ച് സഹോദരതുല്യനായ കൃഷ്ണപിള്ളയുടെ കീഴില്‍ ആധാരമെഴുത്തില്‍ പരിശീലനം നേടി. നെയ്യാറ്റിന്‍കരയിലും ഭൂതപ്പാണ്ടിയിലും ആധാരമെഴുത്തുകാരനായി അല്പകാലം കഴിഞ്ഞു. ഇതിനിടയില്‍ സെക്രട്ടേറിയറ്റില്‍ ഒരു കണക്കപ്പിള്ളയായി താത്കാലിക ജോലി കിട്ടി. വിക്രമന്‍തമ്പി എന്ന മേലുദ്യോഗസ്ഥനോട് പിണങ്ങി വൈകാതെ അവിടെ നിന്നു പിരിയേണ്ടിവന്നു. ഈ വിക്രമന്‍തമ്പിയാണ് ആയില്യം തിരുനാള്‍ രാമവര്‍മ്മമഹാരാജാവിനുവേണ്ടി കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെ അറസ്റ്റുചെയ്ത് ഹരിപ്പാട്ട് കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചത്.
ജോലി നഷ്ടപ്പെട്ട കുഞ്ഞന്‍പിള്ള വീണ്ടും പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ വിദ്യാലയത്തിലെ താഴ്ന്ന ക്ളാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകനായി ചേര്‍ന്നു. താഴ്ന്ന ക്ളാസ്സിലെ വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകനെ അക്കാലത്ത് തിരുവനന്തപുരത്ത് ചട്ടമ്പി എന്നാണ് പറഞ്ഞിരുന്നത്. ചട്ടം പഠിപ്പിക്കുന്ന ആളാണ് ചട്ടമ്പി.
പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ അദ്ധ്യക്ഷതയില്‍ നടന്നുവന്നിരുന്ന ജ്ഞാനപ്രജാഗരസഭയില്‍ നടന്നിരുന്ന പ്രൌഢചര്‍ച്ചകള്‍ കുഞ്ഞന്‍പിള്ളയെ ആകര്‍ഷിച്ചിരുന്നു. സ്വാമിനാഥദേശികര്‍, പി. സുന്ദരംപിള്ള, തൈക്കാട്ട് അയ്യാവ് തുടങ്ങിയവര്‍ ഈ സഭയില്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു.
തിരുവനന്തപുരത്തെ നവരാത്രിസദസ്സില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നുവന്ന സുബ്ബജടാപാഠികളെ ഇരുപത്തിമൂന്ന‍ാംവയസ്സില്‍ കുഞ്ഞന്‍പിള്ള പരിചയപ്പെടുന്നതും ജ്ഞാനപ്രജാഗരസഭയില്‍വച്ചാണ്. സുബ്ബജടാപാഠികളുടെ പ്രഭാഷണത്തില്‍ ആകൃഷ്ടനായ കുഞ്ഞന്‍പിള്ള തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു.
ജടാപാഠികള്‍ സ്വദേശമായ കല്ലടക്കുറിച്ചിയിലേക്ക് മടങ്ങിയപ്പോള്‍ കുഞ്ഞന്‍പിള്ളയെയും കൂടെക്കൊണ്ടുപോയി. നാലുവര്‍ഷം കുഞ്ഞന്‍പിള്ള കല്ലടക്കുറിച്ചിയില്‍ താമസിച്ച് ധര്‍മ്മശാസ്ത്രവും തര്‍ക്കശാസ്ത്രവും മന്ത്രശാസ്ത്രവും വേദാന്തവും നിഷ്ഠയോടെ പഠിച്ചു.
കല്ലടക്കുറിച്ചിയില്‍ നിന്ന് കുഞ്ഞന്‍പിള്ള മടങ്ങിയത് ഷണ്‍മുഖദാസനായാണ്. ഒരു ദേശാടനത്തിനുവേണ്ടിയാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. ഇക്കാലത്ത് പരിചയപ്പെട്ട ഒരു തങ്ങളില്‍ നിന്ന് ഖുര്‍ – ആന്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചു. ഏതാനും മാസങ്ങള്‍ മരുത്വാമലയിലെ ഒരു ഗുഹയില്‍ തപസ്സനുഷ്ഠിച്ചു. ഈ ഗുഹ നേരില്‍ കാണാനും ഉപ്പുരസമുള്ള തണുത്ത കാറ്റ് ഏല്‍ക്കാനും ഈയിടെ എനിക്കും ഒരു സന്ദര്‍ഭമുണ്ടായി.
മരുത്വാമലയില്‍ തപസ്സനുഷ്ഠിക്കുമ്പോഴാണ് ആത്മാനന്ദസ്വാമികള്‍ എന്നൊരു സന്ന്യാസിയെ പരിചയപ്പെടാന്‍ ഷണ്‍മുഖദാസന് അവസരം ലഭിച്ചത്. പൂര്‍വ്വാശ്രമത്തില്‍ കുമാരവേലുനാടാര്‍ എന്ന നാമധാരിയായ ഈ സന്ന്യാസി വൈകുണ്ഠസ്വാമികളുടെ ശിഷ്യനാണെന്നു വര‍ാം. വൈകുണ്ഠസ്വാമികളുടെ ശിഷ്യന്മാര്‍ നിര്‍മ്മിച്ച ചെറിയൊരുഗുഹാക്ഷേത്രം മരുത്വാമലയില്‍ ചട്ടമ്പിസ്വാമികള്‍ തപസ്സനുഷ്ഠിച്ച ഗുഹയ്ക്കടുത്തായി കാണാനുണ്ട്.
ദേശാടനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയ ഷണ്‍മുഖദാസന്‍ തമ്പാനൂരുള്ള കല്ലുവീട്ടിലാണ് ആദ്യകാലത്ത് താമസിച്ചിരുന്നത്. അന്ന് കല്ലുവീട്ടില്‍ ഉണ്ടായിരുന്ന ഓവര്‍സിയര്‍ ഗോവിന്ദപ്പിള്ള ഷണ്‍മുഖദാസന്റെ ഒരു അകന്ന ബന്ധുകൂടിയായിരുന്നു. പൊതുമരാമത്തുവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഗോവിന്ദപ്പിള്ളയ്ക്ക് ഇടയ്ക്കിടെ സ്ഥലംമാറ്റങ്ങളുണ്ടാകും. അങ്ങനെ വാമനപുരത്തും നെടുമങ്ങാട്ടും ജോലിചെയ്യുമ്പോള്‍ ഷണ്‍മുഖദാസനും അവിടെയെല്ല‍ാം പോയി താമസിക്കുമായിരുന്നു.
തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തുണ്ടായിരുന്ന കൂപക്കരമഠത്തിലെ (എട്ടരയോഗത്തില്‍പ്പെട്ടവരാണ് കൂപക്കര പോറ്റിമാരും) ഗ്രന്ഥശാല ചട്ടമ്പിസ്വാമികള്‍ പ്രയോജനപ്പെടുത്തുന്നത് ഇക്കാലത്താണ്. കൂപക്കരയിലെ ഗ്രന്ഥശാല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മയുടെ രോഗവൃത്താന്തം ഷണ്‍മുഖദാസന്‍ അറിയുന്നത്. മകന്റെ മടിയില്‍ തലവച്ച് ദേഹംവെടിയാന്‍ അമ്മയ്ക്ക് വിധിയുണ്ടായി. അമ്മയുടെ മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞതോടെ ഷണ്‍മുഖദാസന്‍ വീണ്ടും തീര്‍ത്ഥാടനത്തിനായി തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു.
നാഗര്‍കോവിലിനടുത്ത് വടിവീശ്വരം എന്ന സ്ഥലത്തുവച്ച് കാഴ്ചയില്‍ അതിപ്രാകൃതനായ ഒരു അവധൂതനെ ഷണ്‍മുഖദാസന്‍ ഇക്കാലത്ത് കണ്ടെത്തി. യാചകനാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന ഈ പ്രാകൃതവേഷധാരി ആരോ ഉപേക്ഷിച്ച എച്ചില്‍ ഭക്ഷിക്കുകയായിരുന്നു. ഈ അവധൂതന്റെ അനുഗ്രഹശേഷമാണ് തന്റെ ആദ്ധ്യാത്മികചര്യയ്ക്ക് വ്യക്തത ലഭിച്ചതെന്ന് അദ്ദേഹം സുഹൃത്തുക്കളോടു പിന്നീട് പറഞ്ഞു.
തമ്പാനൂരുള്ള കല്ലുവീടിനു പുറമേ നന്ത്യാരുവീട്, വഞ്ചിയൂരുള്ള ചാഞ്ഞ‍ാംവീട്, മുട്ടടയ്ക്കടുത്തുള്ള ചിറ്റല്ലൂര്‍ വീട്, ശാസ്തമംഗലത്തുള്ള ശ്രീരംഗത്തുവീട് വെളുത്തേരിയുടെയും പെരുനെല്ലിയുടെയും വീടുകള്‍.. എന്നിങ്ങനെ സ്വാമി പതിവായി പോയിരുന്ന ഭവനങ്ങള്‍ തിരുവ നന്തപുരത്ത് പലതാണ്.
ജീവിതത്തിലൊരിക്കലും കാഷായം ധരിക്കാത്തതും സന്ന്യാസനാമത്തില്‍ അറിയപ്പെടാനാഗ്രഹിക്കാത്തതും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ജനങ്ങളാണ് അദ്ദേഹത്തെ ചട്ടമ്പിസ്വാമികള്‍ എന്നു വിളിച്ചത്. വെളുത്ത ഒരൊറ്റമുണ്ടുടുത്ത് തോര്‍ത്തു പുതയ്ക്കുകയാണ് അദ്ദേഹത്തിന്റെ രീതി. കഴുത്തിലൊരു രുദ്രാക്ഷമാല അണിഞ്ഞിരുന്നതായും വലതുകൈയിലെ ചൂണ്ടാണിവിരലില്‍ ഒരു ഇരുമ്പുമോതിരം ധരിച്ചതായും ജീവചരിത്രകാരന്മാര്‍. താളംപിടിക്കാനായാണ് ഇരുമ്പുമോതിരം ധരിച്ചതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രമെഴുത്ത് കെ.എം. വര്‍ഗ്ഗീസ്, ചട്ടമ്പിസ്വാമികളുടെ ബാഹ്യരൂപം വാക്കുകള്‍കൊണ്ട് വരച്ചിട്ടുണ്ട്. സ്ഥിതപ്രജ്ഞനായ ഒരു മദ്ധ്യവയസ്കനെയാണ് ചിത്രമെഴുത്ത് വര്‍ഗ്ഗീസ് അവതരിപ്പിച്ചത്.
മുകുന്ദന്‍തമ്പി എന്ന തന്റെ ഗുരുനാഥന്റെ ചിത്രീകരണശൈലിയെ ദേവവരപ്രസാദം എന്ന് ചട്ടമ്പിസ്വാമി വിശേഷിപ്പിച്ചതിനെപ്പറ്റിയും ചിത്രമെഴുത്ത് വര്‍ഗ്ഗീസ് അനുസ്മരിക്കുന്നു. പെട്ടെന്ന് കോപിക്കുകയും അതിലും പെട്ടെന്ന് കോപമോചനം നേടുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ശിഷ്യന്മാര്‍ അനുസ്മരിക്കുന്നുണ്ട്.
ചട്ടമ്പിസ്വാമികള്‍ ഷണ്‍മുഖദാസനായിരുന്ന കാലത്തെ സഹചാരികളില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരു. ഇവര്‍ തമ്മിലുള്ള ആത്മീയബന്ധത്തെപ്പറ്റി രണ്ടു ചേരിയില്‍ നിന്ന് കേരളീയര്‍ തര്‍ക്കിക്കുന്നതു കാണുമ്പോള്‍ നമ്മിലുള്ള സങ്കുചിതത്വം പുറത്തുവരാറുണ്ട്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും തമ്മിലുണ്ടായിരുന്ന ആത്മീയ ബന്ധത്തെപ്പറ്റി നടരാജഗുരു പറഞ്ഞതിനോടാണ് ഞാനും യോജിക്കുന്നത്. നാരായണഗുരുവില്‍ നിന്ന് ഗ്രഹിച്ച വിവരങ്ങളാണ് നടരാജഗുരു രേഖപ്പെടുത്തിയത്. ചട്ടമ്പിസ്വാമികളെ തന്റെ ഗുരുവായി കാണുന്നതില്‍ തെറ്റില്ലെന്ന് നാരായണഗുരു അറിയിച്ചതായാണ് നടരാജഗുരു രേഖപ്പെടുത്തുന്നത്.
ചട്ടമ്പിസ്വാമികളെ സ്നാപകയോഹന്നാനോടും ശ്രീനാരായണഗുരുവിനെ യേശുക്രിസ്തുവിനോടും തുടര്‍ന്ന് നടരാജഗുരു താരതമ്യപ്പെടുത്തി. 1883–ലാണ് ഇവര്‍തമ്മില്‍ ആദ്യമായി കണ്ടത്.
ചട്ടമ്പിസ്വാമികള്‍ക്ക് അന്ന് 27 വയസ്സും നാരായണഗുരുവിന് 24 വയസ്സും. ചെമ്പഴന്തിക്കടുത്തുള്ള അണിയൂര്‍ക്ഷേത്രത്തില്‍വച്ചാണ് ഇവര്‍ പരസ്പരം കാണുന്നത്. ജന്മാന്തരസൌഹൃദത്തിന്റെ തുടര്‍ച്ചയായാണ് ഈ ആദ്യകാഴ്ചയെയും തുടര്‍ന്നുള്ള സഹവാസത്തെയും ഇരുവരും കണ്ടത്.
സര്‍വ്വജ്ഞന്‍, ഋഷി, സദ്ഗുരു, പരിപൂര്‍ണ്ണകലാനിധി, മഹാപ്രഭു തുടങ്ങിയ വിശേഷണങ്ങള്‍കൊണ്ടാണ് ചട്ടമ്പിസ്വാമിയെ നാരായണഗുരു ചരമശ്ലോകത്തില്‍ വിശേഷിപ്പിച്ചത്. പന്മനയിലെ വായനശാലയില്‍ വച്ചു നടന്ന സമാധിവാര്‍ത്തയറിഞ്ഞ് പന്മനയിലേക്ക് ശ്രീനാരായണഗുരു പോകാത്തത് എന്തുകൊണ്ടാവ‍ാം? ഗുരുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് – ചട്ടമ്പിസ്വാമിയുടെ മാര്‍ഗ്ഗത്തില്‍ നിന്ന് – വ്യത്യസ്തമായ ഒരു ദര്‍ശനം ശിഷ്യന്‍ അപ്പോഴേക്ക് സ്വീകരിച്ചതുകൊണ്ടുതന്നെ.
നീലകണ്ഠതീര്‍ത്ഥപാദസ്വാമിയെപ്പോലെയോ തീര്‍ത്ഥപാദപരമഹംസസ്വാമിയെപ്പോലെയോ ചട്ടമ്പിസ്വാമികളുടെ തീര്‍ത്ഥപാദപരമ്പരയില്‍പ്പെട്ട ഒരു ശിഷ്യനായിരുന്നില്ല ശ്രീനാരായണഗുരു. നായര്‍, ഈഴവര്‍, പുലയര്‍, പറയര്‍ തുടങ്ങിയ കേരളീയര്‍ ദ്രാവിഡരായിരുന്നുവെന്നും ആര്യന്മാരായ ബ്രാഹ്മണര്‍ പില്‍ക്കാലത്ത് കേരളത്തിലേക്ക് കുടിയേറ്റക്കാരായി എത്തിയതാണെന്നും ചട്ടമ്പിസ്വാമികള്‍ കരുതിയിരുന്നു.
സ്വാമിനാഥദേശികര്‍, പി. സുന്ദരംപിള്ള, തൈക്കാട് അയ്യാവ് തുടങ്ങിയ ദ്രാവിഡപക്ഷപാതികളുടെ സ്വാധീനം ചട്ടമ്പിസ്വാമികളുടെ കാഴ്ചപ്പാടില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. ദ്രാവിഡഭാഷകളെപ്പറ്റി എല്ലിസ് മദ്രാസ്സില്‍ നടത്തിയ പ്രസംഗം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നതായി പ്രാചീന മലയാളം തെളിവു തരുന്നു. ഇന്തോ – ആര്യന്‍ഭാഷ സംസാരിക്കുന്നവരെല്ല‍ാം ആര്യന്മാരോ ദ്രാവിഡഭാഷ സംസാരിക്കുന്നവരെല്ല‍ാം ദ്രാവിഡരോ അല്ലെന്ന് ചട്ടമ്പിസ്വാമികള്‍ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നുവെന്ന് തോന്നുന്നില്ല.
നമ്പൂതിരിമാരുടെ ആഗമനത്തെത്തുടര്‍ന്നാണ് കേരളീയര്‍ നായരും ഈഴവരും മറ്റുമായി വേര്‍തിരിഞ്ഞതെന്നും ഇരുവരും യോജിച്ചുനില്‍ക്കണമെന്ന് സ്വാമികള്‍ ആഗ്രഹിച്ചിരുന്നതായും ശിഷ്യര്‍ രേഖപ്പെടുത്തുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടൊപ്പം ഇവിടെ വ്യാപകമായ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെ ചട്ടമ്പിസ്വാമികള്‍ ഉദാരമായി സ്വാഗതം ചെയ്യാന്‍ തയ്യാറായിരുന്നില്ല.
`മതമേതായാലും ശരി മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന വ്യത്യസ്ത സമീപനം സ്വീകരിക്കാനും അദ്ദേഹം ഒരുക്കമായിരുന്നില്ല.
മതമേതായാലും ശരി മനുഷ്യന്‍ നന്നായാല്‍ മതി എന്ന തന്റെ സന്ദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്യാതിരിക്കാന്‍വേണ്ടിക്കൂടിയാണല്ലോ ശ്രീനാരായണഗുരു പിന്നീട് കുമാരനാശാനെക്കൊണ്ട് മതപരിവര്‍ത്തന രസവാദം എഴുതിപ്പിച്ചത്.
ഏറ്റുമാനൂര്‍ പോലെയുള്ള മഹാക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുമ്പോള്‍ ‘നിങ്ങള്‍ പാപികളാണ്’ എന്ന പ്രകോപനപരമായ സംബോധനകളിലൂടെ മതപരിവര്‍ത്തനാഹ്വാനം നടത്തുന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കുള്ള മറുപടിയായിരുന്നു ചട്ടമ്പിസ്വാമികളുടെ ‘ക്രിസ്തുമതഛേദനം’ എന്ന ആദ്യകൃതി.
ഷണ്‍മുഖദാസന്‍ എന്നാണ് ഗ്രന്ഥകാരന്റെ പേരായി കൊടുത്തിട്ടുള്ളത്. ക്രിസ്തുമതഛേദനം എന്ന പുസ്തകം എഴുതുക മാത്രമല്ല അതിലെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കാളിയാങ്കണ്ഡ224ല്‍ നീലകണ്ഠപിള്ളയെയും കരുവാ കൃഷ്ണനാശാനെയും ചുമതലപ്പെടുത്തുകയും ചെയ്തു. ആദ്യത്തെയാള്‍ നായരും രണ്ടാമത്തെയാള്‍ ഈഴവസമുദായ‍ാംഗവും എന്നത് പ്രത്യേകം ശ്രദ്ധേയം.
ക്രിസ്തുമതഛേദനത്തിന്റെ ആദ്യഭാഗം ക്രിസ്തുമതസാരമാണെന്നും ഛേദനം എന്ന രണ്ട‍ാംഭാഗം സമരോത്സുകരായ അക്കാലത്തെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കുള്ള മറുപടിയാണെന്നും ഈ ഗ്രന്ഥത്തിന്റെ വിമര്‍ശകര്‍ ഓര്‍ക്കാറില്ല.
പ്രാചീന മലയാളം (1916) എന്ന ഗ്രന്ഥത്തിലൂടെ പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്നും ഇങ്ങനെ സൃഷ്ടിച്ച കേരളമാണ് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതെന്നുമുള്ള ഐതിഹ്യത്തെ ചോദ്യംചെയ്യുന്നു. ‘കേരളമാഹാത്മ്യം’ പോലുള്ള കൃതികള്‍ ദുഷ്ടലക്ഷ്യത്തോടെ എഴുതിയതാണെന്നും പ്രാചീന മലയാളം സൂചിപ്പിക്കുന്നു. നായന്മാര്‍ ശൂദ്രരല്ലെന്നും ആര്യാവര്‍ത്തത്തിലെ ചാതുര്‍വര്‍ണ്ണ്യം കേരളത്തിലുണ്ടായിരുന്നില്ലെന്നും തുടര്‍ന്നു വാദിക്കുന്നു.
1921–ല്‍ പ്രസിദ്ധപ്പെടുത്തിയ ‘വേദാധികാരനിരൂപണം’ അക്കാലത്ത് വിവാദങ്ങളുണ്ടാക്കി. വേദവും ഇതരവിജ്ഞാനങ്ങളുമെല്ല‍ാം ജാതിമതവര്‍ണ്ണവര്‍ഗ്ഗഭേദമന്യേ ആര്‍ക്കും പഠിക്കാനും പഠിപ്പിക്കാനും അവകാശപ്പെട്ടതാണെന്ന് ചട്ടമ്പിസ്വാമികള്‍ ഈ കൃതിയിലൂടെ വാദിച്ചു. ജാനശ്രുതി എന്ന ശൂദ്രന്‍ രൈക്വനില്‍ നിന്ന് വിദ്യ അഭ്യസിച്ച കഥ അദ്ദേഹം വേദാധികാര നിരൂപണത്തിലും പ്രാചീന മലയാളത്തിലും ഉദ്ധരിക്കുന്നു. ഇതേ കഥ പില്‍ക്കാലത്ത് സ്വമതസ്ഥാപനത്തിനായി അംബേദ്കറും ഉദ്ധരിച്ചിരുന്നു.
“എല്ലാവരുടെയും സ്വഭാവത്തെയും പരിശുദ്ധമാക്കേണ്ടതായ വേദത്തിനുപോലും ശൂദ്രരുടെ അദ്ധ്യയനത്താല്‍ മഹിമ കുറഞ്ഞുപോകുമെങ്കില്‍ ആ മഹിമ എത്രത്തോളം നിലനില്‍ക്കും” എന്നാണ് വേദാധികാര നിരൂപണത്തില്‍ ചട്ടമ്പിസ്വാമികള്‍ സന്ദേശരഹിതമായി ചോദിച്ചത്. ആത്മജ്ഞാനി ഇങ്ങനെ വിവാദങ്ങള്‍ സൃഷ്ടിക്കാമോ? കുട്ടിക്കാലത്ത് അച്ഛനില്‍ നിന്ന് സ്നേഹവാത്സല്യങ്ങള്‍ ലഭിക്കാത്തതും ചട്ടമ്പിസ്വാമികളുടെ പില്‍ക്കാലദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രേരണ വഹിച്ചിട്ടുണ്ടാവാം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമായി കേരളത്തില്‍ നടന്നത് മതപുനരുദ്ധാരണപ്രവര്‍ത്തനങ്ങളായിരുന്നുവെന്നും അത് സാംസ്കാരികനവോത്ഥാനത്തില്‍ ഭിന്നമായിരുന്നെന്നും ഈയിടെ പ്രശസ്ത ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെട്ടു. ചട്ടമ്പിസ്വാമികളുടെയും നാരായണഗുരുസ്വാമികളുടെയും പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും മതപുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ല.
സാംസ്കാരിക നവോത്ഥാനപ്രവര്‍ത്തനങ്ങളും മതനവോത്ഥാനപ്രവര്‍ത്തനങ്ങളും പരസ്പരം യോജിക്കാത്ത സമാന്തരരേഖകളായിരുന്നില്ല ഭാരതത്തില്‍. ബംഗാളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ അതേപോലെ ആവര്‍ത്തിച്ചില്ലല്ലോ എന്നു സന്ദേഹിക്കുന്നവര്‍ക്കു മാത്രമേ കേരളത്തിലെ സാംസ്കാരിക നവോത്ഥാനസങ്കല്പങ്ങളെ മതനവോത്ഥാനസന്ദേശങ്ങളായി കാണാന്‍ കഴിയൂ.
സമൂഹത്തിന്റെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ നൈദാനികന്‍ (ഡയഗണോസ്റ്റ്) ആയിരുന്നു ചട്ടമ്പിസ്വാമികള്‍. രോഗത്തിന് സൌമ്യചികിത്സകൂടി വിധിച്ച ഭിഷഗ്വരനായിരുന്നു ശ്രീനാരായണഗുരു. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരപൂരകമായിരുന്നുവെന്ന് തിരിച്ചറിയാന്‍ കേരളത്തിന് കഴിയേണ്ടിയിരിക്കുന്നു.
കണ്ണമ്മൂലയിലെ ഒരു ട്രാഫിക് ഐലന്‍ഡില്‍ ഒതുങ്ങിപ്പോയ ഇപ്പോഴത്തെ ചട്ടമ്പിസ്വാമി സ്മാരകം കേരളീയര്‍ക്ക് നാണക്കേടാണ്.

കടപ്പാട്  : ചട്ടമ്പി സ്വാമി

No comments:

Post a Comment