Tuesday, July 18, 2017

മോക്ഷദനായ ഗുരു – ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-17


മാനാഗ്ര്യചോദക, വിമോദക, മോക്ഷദാദി
നാനാതരം ഗുരുപരമ്പരയിങ്കലെന്നും
മാനിച്ചിടും മഹിതമോക്ഷദനായ് വിളങ്ങും
വിദ്യാധിരാജ ഭഗവന്‍ ! തവ സുപ്രഭാതം.
മാനാഗ്ര്യന്‍മാരായ (ബഹുമാനമുള്ളവരില്‍ അഗ്രേസരന്‍മാരായ- അത്യന്തം ബഹുമാനിക്കപ്പെടേണ്ടവരായ).
ചോദകന്‍ , വിമോദകന്‍ (മോദകന്‍ ) മോക്ഷദന്‍ എന്നിങ്ങനെയുള്ള സന്യാസഗുരുക്കന്‍മാരില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ മോക്ഷദനായി വിളങ്ങുന്നു എന്നര്‍ത്ഥം.
ചോദകന്‍ , മോദകന്‍ ,മോക്ഷദന്‍ എന്നു് സന്യാസഗുരുക്കന്‍മാര്‍ മൂന്നുതരത്തിലുണ്ടു്.
അദ്ധ്യാത്മ മാര്‍ഗ്ഗത്തിലേയ്ക്കു് ശിഷ്യനെ പ്രചോദിപ്പിക്കുന്ന ഗുരുവാണു് ചോദകന്‍ .
ബ്രഹ്മതത്വം ഉപദേശിച്ചു് അദ്ധ്യാത്മ മാര്‍ഗ്ഗത്തിലേയ്ക്കു് ശിഷ്യനു് സന്തോഷം ജനിപ്പിക്കുന്ന ഗുരു മോദകന്‍ .
മന്ത്രോപദേശം കൊണ്ട് ബ്രഹ്മസാക്ഷാത്കാരം ബോദ്ധ്യപ്പെടുത്തി മായാബന്ധങ്ങളില്‍ നിന്നും ശിഷ്യനെ മുക്തനാക്കുന്ന ഗുരു മോക്ഷദനും.
ശ്രീ ചട്ടമ്പിസ്വാമികള്‍ മോക്ഷദനായ ഗുരുവാണു്. ശ്രീ നാരായണഗുരു, ശ്രീനീലകണ്ഠതീര്‍ത്ഥപാദര്‍ , തീര്‍ത്ഥപാദ സ്വാമികള്‍ എന്നിവര്‍ക്കു് മോക്ഷോപദേശം നല്‍കി ഭവബന്ധവിച്ഛിരതി വരുത്തിയതു് സ്വാമി തിരുവടികളാണല്ലോ.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. ]

കടപ്പാട്  : ചട്ടമ്പി സ്വാമി

No comments:

Post a Comment