Saturday, July 29, 2017

ചട്ടമ്പിസ്വാമി – വിവേകാനന്ദ സമാഗമം

വിവേകാനന്ദസ്വാമികള്‍ സ്വഗുരുവായ ഭഗവാന്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ മഹാസമാധിക്കുശേഷം ബംഗാളില്‍നിന്നും ആരംഭിച്ച പരിവ്രാജക വൃത്തിക്കിടയില്‍ ബാംഗ്ലൂരില്‍ വച്ച് കണ്ടുമുട്ടിയ ഡോ. പല്പുവാണ് സ്വാമികളെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ ബാംഗ്ലൂരില്‍ നിന്ന് ഷൊര്‍ണ്ണൂര്‍, തൃശ്ശിവപേരൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, തിരുവനന്തപുരം, ശുചീന്ദ്രം വഴി കന്യാകുമാരിയിലെത്തിയ വിവേകാനന്ദസ്വാമികള്‍ മൂന്നുദിവസം ശ്രീപാദപാറയില്‍ ധ്യാനനിമഗ്‌നനായി. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ തുടര്‍ന്നുള്ള കരുത്തുറ്റ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തത് കന്യാകുമാരിയില്‍ വച്ചാണ്.
കൊടുങ്ങല്ലൂരില്‍ നിന്ന് വഞ്ചിയില്‍ പുറപ്പെട്ട് എറണാകുളത്ത് എത്തിയ വിവേകാനന്ദസ്വാമികള്‍ അവിടെയടുത്ത് ദിവ്യനായൊരു സ്വാമി (ചട്ടമ്പിസ്വാമികള്‍) താമസിക്കുന്ന വിവരം അറിഞ്ഞ് ആ വീട്ടിലേക്ക് പുറപ്പെട്ടു. വിവേകാനന്ദസ്വാമികള്‍ പടികടന്നെത്തിയപ്പോഴേക്കും ചട്ടമ്പിസ്വാമികള്‍ ഓടിച്ചെന്ന് കെട്ടിപിടിച്ചു. അവര്‍ വീട്ടിന്റെ തെക്കുപുറത്ത് ഒരു തണല്‍മരത്തിന്റെ ചുവട്ടില്‍ വെള്ളമണലില്‍ പോയിരുന്ന് സത്‌സംഗസംവാദത്തില്‍ ഏര്‍പ്പെട്ടു.
വിവേകാനന്ദസ്വാമികളുടെ അഭിലാഷപ്രകാരം ചട്ടമ്പിസ്വാമികള്‍ ചിന്മുദ്രയുടെ തത്ത്വം വിശദമാക്കാന്‍ ശ്രമിച്ചു. ‘ഇത് എനിക്കും അറിയാം. അദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഇത് ഉപകരിക്കും എന്നാണ് അറിയേണ്ടത്’, വിവേകാനന്ദസ്വാമികള്‍ ചോദിച്ചു. കൈവിരലുകള്‍ ഒരു പ്രത്യേകരീതിയില്‍ മടക്കി യോജിപ്പിക്കുമ്പോള്‍ സിരാപടലങ്ങളിലെ പ്രാണപ്രവാഹം മസ്തിഷ്‌കത്തിലെ ഒരു പ്രത്യേക ഭാഗത്ത് പ്രതിസ്പന്ദങ്ങള്‍ ഉണ്ടാക്കുമെന്നും അതിന്റെ ഫലമായി രക്തചംക്രമണം വേഗത്തിലായി മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിക്കുമെന്നും ചട്ടമ്പിസ്വാമികള്‍ ബൃഹദാരണ്യകോപനിഷത്തിലെ പ്രസക്തഭാഗം ഉദ്ധരിച്ച് പ്രമാണസഹിതം വിവേകാനന്ദസ്വാമികള്‍ക്ക് വിവരിച്ചുകൊടുത്തു. (അവര്‍ തമ്മില്‍ സംവദിച്ചത് ഖേചരീമുദ്രയെ കുറിച്ചാണെന്നും വാദമുണ്ട്.) ചില തമിഴ് കൃതികളെ ആസ്പദമാക്കിയായിരുന്നു തമിഴില്‍ അഗാധ പണ്ഡിതനായിരുന്ന ചട്ടമ്പിസ്വാമികള്‍ സംസാരിച്ചത്. ഇരുവരും സംസ്‌കൃത ഭാഷയിലാണ് ആശയവിനിമയം നടത്തിയത്. ഇവരുടെ സമാഗമ സമയത്ത് പത്മനാഭനാചാരി എന്നൊരാളും അവിടെ സന്നിഹിതനായിരുന്നുവത്രെ.
ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു, ‘പരമഗുരുപാദരോടുകൂടി ശ്രീമന്മിത്രവും സര്‍വ്വശാസ്ത്രകുശലനും പ്രസംഗകനുമായ പദ്മനാഭനാചാരിയും ഉണ്ടായിരുന്നു. ആചാരിക്ക് ഇംഗ്ലീഷ് ഭാഷ പരിചിതമായിരുന്നതിനാല്‍ ആ ഭാഷയില്‍ സംസാരിച്ചു. പരമഗുരുപാദര്‍ ഗീര്‍വ്വാണിയിലായിരുന്നു സ്വാമികളോട് സംഭാഷണം ചെയ്തത് . . . . . അടുത്ത ദിവസം താല്പര്യപ്രകാരം പരമഗുരുപാദര്‍ തനിച്ചുചെന്ന് അദ്ദേഹത്തെ ദര്‍ശിക്കുകയുണ്ടായി’ (പുറം 62 – 63).
വിവേകാനന്ദസ്വാമികളുടെ എറണാകുളം താമസത്തെക്കുറിച്ച് ബോധേശ്വരന്‍ പറഞ്ഞ കാര്യങ്ങള്‍ ഡോ. ശങ്കരീപ്രസാദ് ബസു രേഖപ്പെടുത്തിയിട്ടുള്ളതുമാകുന്നു (Life of Swami Vivekananda Vol.I p.327). അവ യഥാര്‍ത്ഥ വസ്തുതകളിലേക്ക് വെളിച്ചം വീശുന്നവയാണ്. ബോധേശ്വരന്റെ അഭിപ്രായം ഇപ്രകാരമാകുന്നു – “വിവേകാനന്ദന് വളരെ സന്തോഷമായി. ചട്ടമ്പിസ്വാമികളുടെ കൈപിടിച്ച് സ്വന്തം തല കുനിച്ചുകൊണ്ട് വിവേകാനന്ദന്‍ പറഞ്ഞു, ‘വളരെ നന്നായി.’ വിവേകാനന്ദന്‍ സ്വന്തം ശിരസ്സില്‍ ചട്ടമ്പിസ്വാമികളുടെ കൈതൊടുവിയ്ക്കുകയാണ് ചെയ്തതെന്ന് ചിലര്‍ പറയാറുണ്ടെങ്കിലും, അതു ശരിയല്ല. കൃതജ്ഞത കാണിക്കുക മാത്രമാണ് വിവേകാനന്ദന്‍ ചെയ്തതെന്നാണ് ചട്ടമ്പിസ്വാമികള്‍ പറഞ്ഞത്. എന്നെ കാണുമ്പോഴൊക്കെ ചട്ടമ്പിസ്വാമി വിവേകാനന്ദനെക്കുറിച്ച് സംസാരിക്കുമായിരുന്നു.” (329).
രണ്ട് സ്വാമിമാരുടെയും സമാഗമത്തെക്കുറിച്ച് പി. ശേഷാദ്രി എഴുതുന്നു, “ചില രാത്രികളില്‍ മുഴുവന്‍ സമയവും വിവേകാനന്ദനും ചട്ടമ്പിസ്വാമികളും സംഭാഷണം ചെയ്തിരുന്നുവത്രെ. വിവേകാനന്ദന്‍ സ്വന്തം ഡയറിയില്‍ ചട്ടമ്പിസ്വാമികളുടെ പേരും വിലാസവും എഴുതിയെടുത്തു. ‘മലബാറില്‍ (കേരളത്തില്‍) ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു.’ എന്നവിടെ എഴുതുകയാണെന്ന് വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളോട് പറഞ്ഞു. ചട്ടമ്പിസ്വാമിക്ക് വിവേകാനന്ദനെ അങ്ങേയറ്റം ബഹുമാനമായിരുന്നു. ‘അദ്ദേഹം ഒരു ഗരുഡനാണെങ്കില്‍ ഞാനൊരു കൊതുകാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള വിത്യാസം’ എന്ന് ചട്ടമ്പിസ്വാമികള്‍ പറയാറുണ്ടായിരുന്നു.” (വിവേകാനന്ദ ശതാബ്ദ സുവനീര്‍, പുറം.168).
ചട്ടമ്പിസ്വാമികള്‍ തന്നെ, അദ്ദേഹം സമാധിയോട് അടുപ്പിച്ച് പന്മനയിലെ സി. പി. പി. സ്മാരക വായനശാലയില്‍ വിശ്രമിക്കുന്ന സമയത്ത് ശ്രീ കുമ്പളത്ത് ശങ്കുപിള്ളയോട് നേരിട്ടു പറഞ്ഞ കാര്യങ്ങള്‍ക്കൂടി അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. ”’ഞാന്‍ ബംഗാളത്തുനിന്നും ബഹുദൂരമുള്ള ഇവിടെയെത്തി. യാത്രയില്‍ പല സന്ന്യാസിമാരേയും കണ്ടു. ഈ ചോദ്യം ഞാന്‍ അവരോടെല്ലാം ചോദിച്ചതാണ്. ഇത്ര തൃപ്തികരമായ മറുപടി പറയാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചില്ല.’ ചിന്മുദ്രയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണമതായിരുന്നു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നതിനടുത്തൊരു മരക്കൊമ്പില്‍ ഒരു കുരങ്ങിരുന്ന് കളിക്കുന്നുണ്ടായിരുന്നു. അതുകണ്ട് യുവസന്ന്യാസി ഇങ്ങനെ പറഞ്ഞു, ‘അതാ, ആ മരക്കൊമ്പില്‍ മനുഷ്യചിന്ത വിളയാടുന്നു.’ ഞങ്ങള്‍ മരക്കൊമ്പിലെ ആ മനുഷ്യനെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചു. വളരെ സമയം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചെങ്കിലും സ്വാമി വിവേകാനന്ദനായിരുന്നു ആ യുവസന്ന്യാസിയെന്ന് പിന്നീട് ഒരിക്കലാണ് എനിയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. മാസങ്ങള്‍ ചിലതു കഴിഞ്ഞപ്പോള്‍ ഒരു സന്ന്യാസി ഞാന്‍ വിശ്രമിച്ചിരുന്ന ഇടപ്പള്ളിയില്‍ വന്നു. ആനന്ദജി എന്നുപേരുള്ള അദ്ദേഹം ബംഗാളത്തുകാരനായിരുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞയച്ചതാണ് എന്ന് ആ സന്ന്യാസി പറഞ്ഞു. ചട്ടമ്പി, ചട്ടമ്പി എന്ന പേരും ഉച്ചരിച്ച് എറണാകുളം മുഴുവന്‍ ചുറ്റിതിരിഞ്ഞിട്ടാണ് ഇപ്പോള്‍ അവിടെ എത്തിയതെന്നു ആനന്ദജി പറഞ്ഞു. ഞാന്‍ എറണാകുളത്തുവച്ച് കണ്ടുമുട്ടി സംസാരിച്ച യുവസന്ന്യാസി വിവേകാനന്ദനായിരുന്നു എന്ന് അങ്ങനെയാണ് മനസ്സിലായത്. ആനന്ദജി കുറെനാള്‍ എന്നോടുകൂടി അങ്ങനെ ഇടപ്പള്ളിയില്‍ താമസിക്കുകയും ചെയ്തു. നീലകണ്ഠതീര്‍ത്ഥരും അന്ന് എന്റെ കൂടെയായിരുന്നു” (കഴിഞ്ഞകാല സ്മരണകള്‍, പുറം.183). അതിനുശേഷം വിവേകാനന്ദസ്വാമികളുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും ചട്ടമ്പിസ്വാമികളുടെ സിദ്ധിവിശേഷങ്ങളെക്കുറിച്ച് മനസ്സിലാക്കിയ അമൃതാനന്ദജിയും കേരളത്തിലെത്തി സ്വാമികളെ സന്ദര്‍ശിച്ചു.
ചരിത്രത്തില്‍ സംഭവങ്ങള്‍ക്ക് മുഖ്യസ്ഥാനവും വ്യക്തികള്‍ക്ക് രണ്ടാം സ്ഥാനമേയുള്ളൂവെന്ന് ഒരു വാദഗതിയുണ്ട്. ചരിത്ര പുരുഷന്മാരെ കേന്ദ്രീകരിച്ചുകൊണ്ട് ഒരു സമൂഹത്തിന്റെ ജീവിത പരിണാമങ്ങള്‍ വിവരിക്കുമ്പോള്‍ സംഭവങ്ങളോടൊപ്പം വ്യക്തികള്‍ക്കും പ്രാധാന്യം ലഭിക്കുകയെന്നത് സ്വാഭാവികമാണ്. അതില്‍ ചരിത്രപരമായ അംശം ശാസ്ത്രീയവും വ്യക്തിപരമായ അംശം കലാത്മകവുമായിരിക്കും. മഹാകവി വെണ്ണിക്കുളം ഈ യുഗപുരുഷന്മാരുടെ സമാഗമത്തെക്കുറിച്ച് കലാത്മകമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേവലം ഭിക്ഷാദേഹി-
യെന്നപോലവിടുന്നി
കേരളഗ്രാമങ്ങളില്‍
ജീവിച്ചുപോരുംകാലം
ഭാവുകം വാരിത്തൂവാ-
നെത്തീടും മഹാത്മാവാം
ദേവദൂതനെന്നാരു-
മോര്‍ത്തതില്ലൊരുനാളും
ആ മനോഹര കല്പ-
ശാഖിയെ ചുറ്റിപ്പറ്റി
നാ, മുറുമ്പുകള്‍പോലെ
ചാലുകള്‍ കീറീടുമ്പോള്‍
പൂവിതള്‍ക്കുള്ളില്‍ പാറും
ഭൃംഗമായ് പറന്നെത്തീ
ശ്രീവിവേകാനന്ദന്റെ ലോചനം,
ലോകാരാധ്യം.

കടപ്പാട്  : ചട്ടമ്പി സ്വാമി

No comments:

Post a Comment