Sunday, July 2, 2017

ചട്ടമ്പി – ശ്രീ വിദ്യാധിരാജ സുപ്രഭാതം ശ്ലോകം -2



ചട്ടത്തെയമ്പുമൊരു ശിഷ്യനുദേശികാഗ്ര്യന്‍
പട്ടം കൊടുത്ത പദമിങ്ങഭിദാനമായി
ചട്ടമ്പിയെന്നു ഭുവി വിശ്രുതനായി വാഴും
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം
ഈ ശ്ലോകം സ്വാമികള്‍ക്കു് ചട്ടമ്പി എന്നു പേരു കിട്ടിയതെങ്ങനെയെന്നു പറയുന്നു.
ചട്ടം = വ്യവസ്ഥ അഥവാ നിയമം.
അമ്പും = സ്നേഹിക്കുന്ന അഥവാ ആദരിക്കുന്ന.
ദേശികാഗ്ര്യന്‍ = ഗുരുനാഥനാ‍ന്‍. പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ എന്ന് ഇവിടെ അര്‍ത്ഥം.
പട്ടം = സ്ഥാനം
അഭിധാനമായി = പേരായിത്തീര്‍ന്നു.
ചട്ടമ്പി എന്ന പദത്തിന് ചട്ടത്തെ അമ്പുന്നവന്‍ എന്നര്‍ത്ഥം. അതായത് ക്ലാസിലെ മോണിട്ടര്‍. മോണിട്ടര്‍ ഇംഗ്ലീഷ് പദമാണ്. മോണിട്ടര്‍ എന്നതിന്‍റെ മലയാളരൂപമാണ് ചട്ടമ്പി. ചട്ടംപിള്ള, ചട്ടമ്പിപിള്ള എന്നും പറയും. പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് ആശാന്‍ സ്വാമികളെ ക്ലാസ്സിലെ ‘ചട്ടമ്പി’യാക്കി. ആ സ്ഥാനപ്പേര് പിന്നീട് വ്യക്തി നാമമായി മാറി. അങ്ങനെ ചട്ടമ്പിയെന്ന് അദ്ദേഹം പ്രസിദ്ധനായിത്തീരുകയും ചെയ്തു.
ഭൂവി = ഭൂമിയില്‍.
വിശ്രുതന്‍ = കീര്‍ത്തിമാന്‍.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.]

കടപ്പാട്  : ചട്ടമ്പി സ്വാമി

No comments:

Post a Comment