Saturday, May 27, 2017

സ്വയം തിരിച്ചറിയാനുള്ള മാർഗം

ദേഹാഭിമാനത്തിന്‍റെ പരിധിയിൽ നിന്ന് അകന്നുനിന്നുകൊണ്ട് അവനവനെ വീക്ഷിക്കുകയാണെങ്കിൽ മാത്രമേ തന്‍റെ യഥാർഥ അസ്ഥിത്വം  വ്യക്തമാകൂ . യഥാർഥത്തില്‍ ഞാന്‍ ആത്മാവാണെന്ന് തിരിച്ചറിയുമ്പോൾ  ആത്മാവിൽ അന്തർലീനമായിരിക്കുന്ന ഗുണങ്ങൾ ഉണരുവാനാരംഭിക്കുന്നു. ഗുണങ്ങൾ ഉണർന്ന ആത്മാവിന്‍റെ മനസ്സും ബുദ്ധിയും സംസ്ക്കാരവും ശരീരവും കൃത്യതയോടെയും മര്യാദപൂർവ്വവും പ്രവർത്തിക്കാൻ തുടങ്ങും. അതോടെ ജീവിതത്തിൽ സമാധാനം സ്ഥിരമായി അനുഭവമാകും.

ആത്മാവ്-മനസ്സ്, ബുദ്ധി, സംസ്ക്കാരം
എല്ലാ ആത്മാക്കളിലും മനസ്സ്,ബുദ്ധി,സംസ്ക്കാരം എന്നീ മൂന്നു ശക്തികളുണ്ട്. വൈദ്യുതി ഒരേ സമയം ബൾബിലൂടെ വെളിച്ചമായും ഫാനിലൂടെ കാറ്റായും ഹീറ്ററിലൂടെ താപമായും പ്രകടമാകുന്നതുപോലെ ബോധബിന്ദുവായ ആത്മാവ് ഈ മൂന്ന് ശക്തികളിലൂടെ ഒരേ സമയത്ത് വ്യത്യസ്ത തരത്തിൽ പ്രവർത്തിക്കുന്നു. ഇവയ്ക്ക് പരസ്പരം വളരെ ബന്ധവുമുണ്ട്.

മനസ്സ് 
ചിന്തകളെ രൂപീകരിക്കുന്ന ഒരു യന്ത്രമായി മനസ്സിനെ മനസ്സിലാക്കാം. മനോവികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രക്ഷുബ്ധചിന്തകളുടെയും ആധാരം മനസ്സാണ്. മനസ്സിൽ നിന്ന് ഉൽപ്പന്നമാകുന്ന ചിന്തകൾ പെട്ടെന്നു തന്നെ വാക്കുകളായോ കർമങ്ങളായോ പ്രത്യക്ഷമായേക്കാം. അതിന്‍റെ പരിണിതഫലമായി സുഖമോ ദുഃഖമോ അനുഭവിക്കേണ്ടതായി വന്നേക്കാം. പൊതുവെ ഹൃദയമാണ് മനസ്സ് എന്ന ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ അത് ഒരു ശാരീരിക അവയവം മാത്രമാണ്. മനസ്സ് ആത്മാവിന്‍റെ അവയവമാണ്.

ബുദ്ധി
ചിന്തകളെ തിരിച്ചറിയുന്നതിനുള്ള ശക്തിയെ ബുദ്ധി എന്നു വിളിക്കുന്നു. ചിന്ത വാക്കോ കർമമോ ആയി പരിണമിക്കുന്നതിനു മുൻപ് ബുദ്ധി അതിനെ വിലയിരുത്തുന്നു. നിരന്തര ആത്മീയ പഠനത്തിലൂടെയും ധ്യാനപരിശീലനത്തിലൂടെയും എപ്പോഴാണോ തന്‍റെ ബുദ്ധി സൂക്ഷമതയുള്ളതും ആഴമുള്ളതും വിശാലമുള്ളതുമായി മാറുന്നത് അപ്പോൾ അവരുടെ വാക്കുകളും കർമങ്ങളും വിശേഷതയുള്ളതായി ഭവിക്കുന്നു. പൊതുവെ നാഡീവ്യൂഹങ്ങളുടെ കേന്ദ്രസ്ഥാനമായ മസ്തിഷ്കത്തെയാണ് ബുദ്ധി എന്നു വിളിക്കുന്നത്. എന്നാൽ മസ്തിഷ്കമെന്നത് ശരീരത്തെ നിയന്ത്രിക്കുന്നവനായ ആത്മാവിന്‍റെ കൺട്രോൾ റൂം മാത്രമാണ്. സൂക്ഷമമായ ബുദ്ധിയുമായും ആത്മാവുമായും മസ്തിഷ്കത്തെ തുലനം ചെയ്യാൻ സാധിക്കില്ല.

സംസ്ക്കാരം
ഒരേ തരത്തിലുള്ള കർമങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ ആത്മാവിൽ പുതിയ സംസ്ക്കാരങ്ങൾ രൂപപ്പെടുന്നു.ഒരു സംസ്ക്കാരം രൂപപ്പെട്ടാൽ പിന്നീട് അതിനനുസരിച്ചായിരിക്കും ചിന്തകളും ആഗ്രഹങ്ങളും കർമങ്ങളും ഉരുത്തിരിയുക. ബോധപൂർവമല്ലാതെയും നമ്മളിൽ നിന്ന് ചില കർമ്മങ്ങൾ സംഭവിക്കാറുണ്ട്. അതെല്ലാം ശക്തമായ സംസ്കാരങ്ങളുടെ വേലിയേറ്റത്താലാണ് സംഭവിക്കുന്നത്. ഭൂതകാലത്തിലെ കർമ്മങ്ങളുടെ പ്രഭാവം വർത്തമാനകാലത്തിനെയും ഇപ്പോഴത്തെ കർമ്മങ്ങൾ ഭാവിയെയും ബാധിക്കുമെന്ന് പറയുന്നതിന് കാരണമിതാണ്. സംസ്കാരങ്ങളുടെയും കർമ്മങ്ങളുടെയും ചിന്താഗതികളുടെയും ആകെത്തുകയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം

No comments:

Post a Comment