Tuesday, April 11, 2017

എന്താണ്‌ ക്ഷേത്രം? ക്ഷേത്രത്തിലെ ചിട്ടകള്‍ എന്തെല്ലാം?

താന്ത്രികവിധി: തന്ത്രികള്‍ ജപ-ഹോമ-മന്ത്രത്തോടെ നടത്തുന്ന പ്രതിഷ്‌ഠ. ഇപ്രകാരം പ്രതിഷ്‌ഠകള്‍ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഭക്‌തജനങ്ങള്‍ ചില ആചാരങ്ങള്‍ പാലിക്കണം.

കുളിക്കാതെ ക്ഷേത്രത്തില്‍ കടക്കരുത്‌.

ക്ഷേത്രമതില്‍ക്കകത്തു കടന്നാല്‍ വര്‍ത്തമാനം, ചിരി, കളി ഇവ അരുത്‌. ഭക്‌തിയോടെ നാമജപം (ഒച്ചയില്ലാതെ) ആകാം.

ക്ഷേത്രത്തില്‍ ദീപാരാധനസമയത്ത്‌ എനിക്ക്‌ ഏറ്റവും മുമ്പില്‍ നില്‍ക്കണമെന്ന ചിന്തയോടെ തള്ളുകയോ, തിരക്കുകൂട്ടുകയോ അരുത്‌.

ഭഗവാനോ ഭഗവതിക്കോ മുമ്പില്‍ക്കിടന്ന്‌ വഴക്കുകൂടുകയോ, ശബ്‌ദമുണ്ടാക്കുകയോ അരുത്‌.

ക്ഷേത്രത്തില്‍ നിശ്ശബ്‌ദത പാലിക്കേണ്ടത്‌ ക്ഷേത്രപരിശുദ്ധിക്ക്‌ അത്യാവശ്യം വേണ്ട കാര്യമാണ്‌.

അതേപോലെ നിവേദ്യംഅകത്തു നടക്കുമ്പോള്‍ സാധാരണക്കാരായ നാം നടയില്‍നിന്നും എത്രയുംവേഗം സ്വയം മാറിക്കൊടുക്കേണ്ടതാണ്‌.

ഭഗവാനെ പൂജിക്കുന്ന മേല്‍ശാന്തി അല്ലാതെ മറ്റാരും അങ്ങോട്ടു നോക്കാന്‍ പാടില്ല.

ക്ഷേത്രത്തില്‍ കടന്നാല്‍ ബലിക്കല്ല്‌, നന്ദിദേവന്‍, കൊടിമരം, ബിംബം എന്നിവയെ തൊട്ടുതൊഴുതാലേ ചിലര്‍ക്ക്‌ തൃപ്‌തിയാവൂ. ഇത്‌ വളരെ ദോഷമാണ്‌. ക്ഷേത്രമതില്‍ക്കകത്തുള്ള ഒരു വസ്‌തുവിലും തൊടാനോ, തൊട്ടുതൊഴാനോ പാടില്ല. എങ്ങും തൊടാതെയും ചവിട്ടാതെയും തൊഴുതു പ്രാര്‍ത്ഥിച്ച്‌ പ്രസാദവും വാങ്ങി മടങ്ങണം.

'ശിവക്ഷേത്ര'ത്തില്‍ തൊഴാന്‍ പല പ്രത്യേകതകളുമുണ്ട്‌.

'ശിവന്റെ'ഒരുവശത്ത്‌ കാണുന്ന ഓവ്‌ ഒരു കാരണവശാലും മുറിച്ച്‌ കടക്കരുത്‌. ഗംഗാദേവിയെ മറികടക്കാന്‍ പാടില്ല എന്നാണ്‌ സങ്കല്‌പം.

'ശിവന്റെ' നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ. ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്‍ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന. തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെ പോന്നാല്‍ ഭൂതഗണങ്ങള്‍ ക്ഷേത്രമതില്‍വരെ നമ്മെ പിന്‍തുടരും.

ധാരാളം പേര്‍ തൊഴാന്‍ വരുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെ നാം നേരേ പോന്നാല്‍ അവര്‍ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും. നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന്‍ അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌.

'ശിവന്റെ' നടയില്‍ ഭഗവാനു നേരേനിന്ന്‌ തൊഴാന്‍ പാടില്ല. ഭഗവാന്‍ അപസ്‌മാര ഭൂതത്തെയാണ്‌ ചവിട്ടിപ്പിടിച്ചിരിക്കുന്നത്‌. അതെപ്പോഴും മുന്നോട്ടാഞ്ഞു കൊണ്ടാണിരിക്കുന്നത്‌. ഇത്‌ നടക്കു നേരേനില്‍ക്കുന്ന വ്യക്‌തിയെ ബാധിക്കാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ടാണ്‌ നടയ്‌ക്കു നേരേ നില്‍ക്കരുതെന്നു പറയുന്നത്‌.

പ്രദക്ഷിണവഴി: ശ്രീകോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദക്ഷിണവഴി ഇതാണ്‌ സാധാരണ പ്രദക്ഷിണവഴി. അമ്പലത്തിന്റെ പുറത്തേക്കുള്ള ചുറ്റുമതില്‍വരെ ദേവചൈതന്യം വ്യാപിച്ചുകിടക്കുന്നു. അതുകൊണ്ടാണ്‌ അമ്പലത്തില്‍ കടന്നാല്‍ നിഷ്‌ഠകള്‍ പാലിക്കണമെന്നു പറയുന്നത്‌.

കുളിക്കാതെയും അലക്കിയുണക്കിയ വസ്‌ത്രങ്ങള്‍ ധരിക്കാതെയും ക്ഷേത്രത്തില്‍ കടക്കരുത്‌.

മദ്യം, മാംസം, ശവം, ലഹരിവസ്‌തുക്കള്‍ തുടങ്ങിയവയൊന്നും തന്നെ ക്ഷേത്രമതിലിനുള്ളില്‍ കടത്തരുത്‌.

പുറംമതിലിനകത്ത്‌ മൃഗങ്ങളെ കയറ്റുന്നതും ചുറ്റമ്പലത്തിനും പുറംമതിലിനും ഇടയ്‌ക്ക് ആന മുതലായ മൃഗങ്ങളുടെ വിസര്‍ജ്‌ജ്യങ്ങള്‍ വീഴുന്നതും അശുദ്ധിയായതിനാല്‍ പെട്ടെന്നുതന്നെ മാറ്റണം.

പോത്ത്‌, എരുമ, ആട്‌, എന്നീ മൃഗങ്ങളെ ഒരു കാരണവശാലും ക്ഷേത്രത്തിനകത്ത്‌ കയറ്റരുത്‌.

ആചാരപ്രകാരം പുല, വാലായ്‌മ (പുല-16-രാത്രിയും വാലായ്‌മ-7- രാത്രിയും കഴിയണം) എന്നീ അശുദ്ധിയുള്ളവരും ദേവനിലും ആചാരത്തിലും വിശ്വാസമില്ലാത്തവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌.

സ്‌ത്രീകള്‍ ആര്‍ത്തവം തുടങ്ങി 7 ദിവസം വരെയും ഗര്‍ഭിണികള്‍ 5-ാം മാസം മുതല്‍ പ്രസവശേഷം 148 ദിവസം വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല.

നവജാതശിശുക്കളെ ചോറൂണിനുശേഷമേ അമ്പലത്തില്‍ കയറ്റി ദേവനെ ദര്‍ശിപ്പിക്കാവൂ.

മംഗല്യം കഴിഞ്ഞ വധൂവരന്മാര്‍ ചുറ്റമ്പലത്തിനകത്തു കയറരുത്‌.

ആചാരപരമായി ചെരുപ്പ്‌, തലപ്പാവ്‌ എന്നിവ ധരിച്ച്‌ ദേവസന്നിധിയില്‍ കടക്കാന്‍ അനുവാദമുള്ളവര്‍ ഒഴിച്ച്‌ മറ്റാരും അങ്ങനെ കടക്കരുത്‌.

സ്‌ത്രീകള്‍ പൂര്‍ണ്ണ വസ്‌ത്രധാരികള്‍ ആയിമാത്രമേ ക്ഷേത്രത്തില്‍ കടക്കാവൂ. പുറമതില്‍ കടന്ന്‌, ബാഹ്യാകാര പ്രദക്ഷിണ വഴിയില്‍ക്കടന്ന്‌ പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍.

ശയനപ്രദക്ഷിണം ഇവിടെയാണ്‌ നടത്തേണ്ടത്‌. ക്ഷേത്രത്തിനുള്ളിലെ ബലിക്കല്ലുകള്‍ക്ക്‌ പാര്‍ഷദന്മാര്‍ എന്നു പറയുന്നു. ഇവയെ ചവിട്ടാനോ, മറികടക്കാനോ പാടില്ല. ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്‌തംഭം, (ദേവന്റെ വാതില്‍ക്കല്‍ കാണുന്ന വിളക്ക്‌) കൊടിമരം, വലിയ ബലിക്കല്ല്‌ ഇവയ്‌ക്ക് പ്രദക്ഷിണമായി വേണം അകത്തേക്കു കടക്കാന്‍. തിരുനടയില്‍ കടന്നാല്‍ നമസ്‌ക്കാരമണ്ഡപത്തിന്‌ പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍. ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണവഴിയില്‍- ബലിക്കല്ലുകള്‍, സപ്‌തമാതൃക്കല്ലുകള്‍ (തെക്കുഭാഗത്തെ 9 കല്ലുകള്‍ ഇവ നവഗ്രഹസങ്കല്‌പമാണ്‌) ചവിട്ടരുത്‌, മറികടക്കരുത്‌. ഇങ്ങനെ സഞ്ചരിച്ച്‌ തിരുനടയിലെത്തിയാല്‍ മണിയടിച്ച്‌ പ്രാര്‍ത്ഥിക്കണം.

ശ്രീകോവില്‍നട അടഞ്ഞുകിടക്കുമ്പോഴും നിവേദ്യ സമയത്തും മണിയടിക്കരുത്‌. മണിനാദം മുഴക്കിയാല്‍ അഭിവാദ്യം ചെയ്യണം. ഇത്‌ ബ്രാഹ്‌മണര്‍ക്കു മാത്രം വിധിച്ചിരിക്കുന്നു. അല്ലാത്തവര്‍ രണ്ടുകൈയും കൂട്ടി തൊഴണം.

തൊഴുന്നതിനും നിയമമുണ്ട്‌. താമരമൊട്ടുപോലെ വിരലഗ്രം കൂട്ടിമുട്ടിയും കൈപ്പടം തമ്മില്‍ മുട്ടാതെയും ഇരിക്കണം.

കൈകള്‍ തലയ്‌ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചും ഹൃദയഭാഗത്ത്‌ ചേർത്തും വയ്‌ക്കണം.

ദേവനെ തൊഴുമ്പോള്‍ ഇടത്തോട്ടോ, വലത്തോട്ടോ മാറിനിന്ന്‌ തൊഴണം. അതായത്‌ ശൈവമൂര്‍ത്തികളെ ഇടതുവശത്ത്‌ മാറിനിന്നും വൈഷ്‌ണവ മൂര്‍ത്തികളെ വലതുവശത്ത്‌ മാറിനിന്നും തൊഴണം.

ഇതിന്‌ ആദ്യം ദേവനാരെന്നു നോക്കണം.

ക്ഷേത്രം 'ഗണപതിയു'ടേതാണെങ്കില്‍ ഏത്തമിടണം. 36, 24, 16, 12, 7, 5, 3 ഈ തവണകളില്‍ ഏത്തമിടാം. ഏത്തമിടല്‍ കഴിഞ്ഞാല്‍ വിരല്‍ ഞൊട്ട ഇടുന്നത്‌ 'ഗണപതി'ക്ക്‌ പ്രീതികരമാണ്‌.

തൊഴുതുകഴിഞ്ഞാല്‍ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കേണ്ടതാണ്‌.

തീര്‍ത്ഥമെന്നു പറയുന്നത്‌ അഭിഷേക ജലവും, പ്രസാദം-ദേവന്‌ ചാര്‍ത്തിയ പൂവും ചന്ദനവുമാണ്‌.

ശ്രീപരമേശ്വരന്‌ ഭസ്‌മവും ഭദ്രകാളി, ദുര്‍ഗ്ഗാ, ശ്രീപാര്‍വ്വതിമാര്‍ക്ക്‌ രക്‌തചന്ദനം, കുങ്കുമം, മഞ്ഞള്‍പ്രസാദം ഇവയുമാണ്‌.

തീര്‍ത്ഥം മൂന്നുരു നാരായണ മന്ത്രം ജപിച്ച്‌ (അമ്മേ നാരായണ, ദേവീനാരായണ) സേവിക്കാം. ബാക്കി തലയിലും തളിക്കാം. കൈ ചുണ്ടില്‍ തൊടാതെ നാക്ക്‌ നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴ്‌ത്തണം. തീര്‍ത്ഥസേവ കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടാം. പൂ തലയില്‍, ചെവിയില്‍ വയ്‌ക്കാം. എണ്ണ തലയില്‍ തേയ്‌ക്കാം. വാകച്ചാര്‍ത്ത്‌ (ഭഗവാനെ ഒരുക്കുക) തൊഴുതു കഴിഞ്ഞാല്‍ ശ്രീകോവിലിനു പ്രദക്ഷിണം വയ്‌ക്കണം.

പ്രദക്ഷിണം:

ഗണപതിക്ക്‌ ഒരു പ്രദക്ഷിണം മതി.
മഹാവിഷ്‌ണുവിന്‌ നാലുതവണ പ്രദക്ഷിണം വയ്‌ക്കണം.

ശാസ്‌താവിന്‌ അഞ്ചും
ആദിത്യന്‌ രണ്ടും.
ശ്രീമുരുകന്‌ ആറു തവണയും
ഭഗവതിക്ക്‌ ഏഴു തവണയും.
ഇതാണ്‌ പ്രദക്ഷിണ രീതി.


ശിവന്‌: ചന്ദ്രക്കല രീതിയില്‍ വേണം പ്രദക്ഷിണം വയ്‌ക്കാന്‍. ഈ രീതി ചുറ്റമ്പലത്തിന്‌ പുറത്തു വേണ്ടാ.

ക്ഷേത്രത്തിലെത്തിയാല്‍ കൈകാല്‍ മുഖം കഴുകി ക്ഷേത്രദര്‍ശനം നടത്തണം. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചാല്‍ പ്രായച്‌ഛിത്തം ചെയ്യണം.

നമസ്‌ക്കാരം രണ്ടുവിധം:

പുരുഷന്മാര്‍ ക്ഷേത്രനടയില്‍ സാഷ്‌ടാംഗ നമസ്‌കാരം ചെയ്യണം.

കൈ, കാല്‌, തോള്‌, നെറ്റി ഈ ഭാഗങ്ങള്‍ നിലത്ത്‌ മുട്ടിയിരിക്കണം.
കൈകള്‍ തലയ്‌ക്കു നേരെ മുന്നോട്ടു നീട്ടി അഞ്‌ജലീബദ്ധനായിരിക്കണം.

നമസ്‌ക്കാരശേഷം നിലത്ത്‌ തൊട്ടുതൊഴണം. ദേവപാദം തൊട്ടുതൊഴുതു എന്നാണ്‌ സങ്കല്‌പം. എന്നാല്‍ ഈ രീതിയിലുള്ള നമസ്‌ക്കാരം സ്‌ത്രീകള്‍ക്ക്‌ പാടില്ല.

സ്‌ത്രീകള്‍ മുട്ടുമടക്കി നെഞ്ച്‌ നിലത്തുമുട്ടാതെ വേണം നമസ്‌ക്കരിക്കാന്‍. നെഞ്ച്‌ നിലത്ത്‌ മുട്ടി നമസ്‌ക്കരിക്കുന്നത്‌ ദോഷമാണ്‌. ക്ഷേത്രദര്‍ശനത്തില്‍ പലര്‍ക്കും ധാരാളം അബദ്ധങ്ങള്‍ പറ്റാറുണ്ട്‌.

 ഗുരുവായൂരില്‍ തൊഴുതുനില്‍ക്കുമ്പോള്‍ ഒരു സ്‌ത്രീ, നീണ്ടു കിടന്ന്‌ നമസ്‌ക്കരിക്കുന്നത്‌ കണ്ടു. എത്ര ദോഷമാണ്‌ ഈ പ്രവൃത്തി. നന്മയൊന്നും ചെയ്‌തില്ലെങ്കിലും വേണ്ടില്ല; ദോഷം ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഇത്‌ വ്യക്‌തി ജീവിതസുഖത്തിന്‌ അത്യാവശ്യമാണ്‌.

അര്‍ച്ചനദ്രവ്യങ്ങള്‍:

ശിവന്‌ കൂവളത്തില മൂന്ന്‌ ഇതളുള്ളത്‌.

ഗണപതി, ഭദ്രകാളി എന്നിവര്‍ക്ക്‌ ചെമ്പരത്തിപ്പൂ,

തുളസി വിഷ്‌ണുവിന്‌ മുഖ്യം.

ദേവിമാര്‍ക്ക്‌ പൊതുവില്‍ ചുവന്ന പൂക്കളാകാം. കൂടാതെ അരളി, മന്ദാരം, നന്ത്യാര്‍വട്ടം, താമര, ചെമ്പകം, പിച്ചി, മുല്ല ഇവ അതാതു ദേവന്‌ ഹിതകരമായത്‌ സമര്‍പ്പിക്കണം.

കേരളീയ ദേവാലയങ്ങളില്‍ ഏത്തപ്പഴം, ഞാലിപ്പൂവന്‍പഴം, കദളിപ്പഴം, പൂവന്‍ ഇത്യാദി പഴങ്ങള്‍ സമര്‍പ്പിക്കാം.

ഏതു ക്ഷേത്രത്തിലും ഉത്സവകാലം പരമപ്രധാനമാണ്‌.

ദേവന്മാരുടെ പ്രധാന വിശേഷങ്ങള്‍

ശിവന്‍: തിരുവാതിര, പ്രദോഷം, ശിവരാത്രി, കറുത്തപക്ഷ അഷ്‌ടമി, തിങ്കളാഴ്‌ച പ്രധാനം. ശംഖാഭിഷേകം, ജലധാര, കൂവളമാല, ഇളനീര്‍ ധാര, ക്ഷീരധാര, പുറകു വിളക്ക്‌ ഇവ പ്രധാന വഴിപാടുകള്‍.

മഹാവിഷ്‌ണു: (കൃഷ്‌ണന്‍): വ്യാഴാഴ്‌ച പ്രധാനം. തിരുവോണം, അഷ്‌ടമിരോഹിണി, അമാവാസി, പൗര്‍ണ്ണമി ഇവ ഏറ്റവും ശുഭം.

വിഷ്‌ണു: വിന് പാല്‍പ്പായസവും സഹസ്രനാമാര്‍ച്ചനയും

ശ്രീകൃഷ്‌ണന്‌: തൃക്കൈവെണ്ണ- തൃമധുരവും മുഖ്യം.

ഗണപതി: (ശുക്രനുമായി ബന്ധം) എല്ലാമാസവും ആദ്യവെള്ളി, രണ്ടു പക്ഷത്തിലേയും ചതുര്‍ത്ഥി ഇവ മുഖ്യം.വഴിപാടുകള്‍-ഉണ്ണിയപ്പം- (എണ്ണയില്‍ വറുത്തുകോരുന്നത്‌) മോതകം- (പുഴുങ്ങി എടുക്കുന്നത്‌) മണ്ഡലകാലം- വൃശ്‌ചികം ഒന്നു മുതല്‍ നാല്‌പത്തിയൊന്നു ദിവസം.മീനമാസ ഉത്രം- (ജന്മനക്ഷത്രം)നിവേദ്യമായി- അരവണ, അപ്പം, നാളികേരമുടയ്‌ക്കല്‍, നെയ്യഭിഷേകം ഇവ പ്രധാനം.

മുരുകന്‍: ഷഷ്‌ഠികളെല്ലാം പ്രധാനം. എന്നാല്‍ വെളുത്ത ഷഷ്‌ഠി മുഖ്യം. തുലാം- മകര-ഷഷ്‌ഠി പരമപ്രധാനം. (തമിഴര്‍ക്ക്‌ പ്രധാനം) പാലഭിഷേകം, പനിനീരഭിഷേകം, പഞ്ചാമൃതാഭിഷേകം, നാരങ്ങാമാല ഇവ പ്രധാനം.
ദുര്‍ഗ്ഗാഭഗവതി: എല്ലാ മാസത്തിലേയും കാര്‍ത്തിക പ്രധാനം. വൃശ്‌ചിക-കാര്‍ത്തിക ഏറെ പ്രധാനം. നവരാത്രി കാലം-ശുഭം, നെയ്‌പ്പായസം, കടുംപായസം ഇവ പ്രധാനം.

ഭദ്രകാളി: ചൊവ്വ, വെള്ളി ദിവസങ്ങളും ഭരണിനക്ഷത്രം, വിശേഷിച്ച്‌ മീന- കുംഭ- ഭരണികള്‍, മണ്ഡലകാലവും പരമപ്രധാനം. കടുംപായസം, ഗുരുതി, രക്‌തപുഷ്‌പാഞ്‌ജലി എന്നിവയും പ്രധാനം.

വസ്‌ത്രം: എല്ലാ ദേവന്മാര്‍ക്കും പട്ട്‌ വഴിപാട്‌ നടത്താം. എന്നാല്‍ ശിവന്‌- പട്ട്‌ പാടില്ല.

ഭദ്രകാളി, ദുര്‍ഗ്ഗ, ഗണപതി, മുരുകന്‍-ചുവന്നപട്ട്‌.
വിഷ്‌ണു- മഞ്ഞപ്പട്ട്‌. ഭഗവതിക്ക്‌-പച്ച, മഞ്ഞ, ഡിസൈന്‍ ഒക്കെ ആകാം. ശരീരത്തില്‍ ധരിക്കാനുള്ള ഏലസും മറ്റും ആദ്യമായി പൂജിക്കാം. എന്നാല്‍ ധരിച്ചശേഷം വീണ്ടും ക്ഷേത്രത്തില്‍ പൂജിക്കാന്‍ പാടില്ല

No comments:

Post a Comment