Wednesday, February 22, 2017

ഉപനിഷത്തുകൾ

വേദം എന്നാൽ അറിവ് എന്നാണർത്ഥം അറിവിൻറെ കലവറയാണ് വേദങ്ങൾ. ഋഗ്വേദം യജ്ജുർവേദം സാമവേദം അഥർവ വേദം എന്നിവയാണു വേദങ്ങൾ ഇവയെ പൊതുവായി ചതുർവേദങ്ങൾ എന്നും പറയും. ശ്രുതി എന്നതു വേദങ്ങളെ സൂചിപ്പിക്കുന്ന മറ്റൊരു പദമാണ്.ചന്ദൊബദ്ധമായ വേദ മന്ത്രങ്ങൾ വായിച്ചുo ശ്രവണം ചെയ്തും മനനം ചെയ്തും പഠിക്കേണ്ടതാണ്. വേദങ്ങളെ കർമകാണ്ഡം ജ്ഞാനകാണ്ഡം എന്നിങ്ങനെ രണ്ടായി ഭാഗിക്കാം. ഇതിൽ ജ്ഞാനകാണ്ഡത്തിന്റെ ഭാഗമാണ് ഉപനിഷത്തുകൾ. വേദത്തിൻറെ അവസാനഭാഗം ആയതുകൊണ്ടും പരമോന്നത തലത്തിലുള്ളതും അന്തിമവും ആയ അറിവ് ഉൾക്കൊള്ളുന്നതു കൊണ്ടും ഉപനിഷത്തുക്കളെയും അവയുടെ വിഷയങ്ങളെയും പൊതുവായി “വേദാന്തം” എന്നു പറയുന്നു. വേദമന്ത്രങ്ങൾക്കും വാക്കുകൾക്കും സ്ഥൂലവും അതിസൂക്ഷ്മവും അതി ഗഹനവും ആയ അർത്ഥ തലങ്ങൾ ഉണ്ടെന്നും അവ മനസിലാക്കുവാൻ സാധാരണ മനുഷ്യർക്ക്‌ ഒരു ഗുരുവിൻറെ സഹായം ഇല്ലാതെ സാദ്ധ്യമല്ല എന്നും ഓർക്കുക "ഗുരുവിൻറെ അടുത്തിരുന്നു അഭ്യസിക്കപ്പെടുന്നത്" എന്നു വാചികമായി അർഥം പറയാം എങ്കിലും ഉപനിഷത്ത് എന്ന വാക്ക് അതിഗഹനമായ അർത്ഥ വൈപുല്യമുള്ള ഒരു ഗംഭീര പദമാണ്. ഏറ്റവും ഉന്നതമായ അറിവ്, ശ്രേഷ്ടമായ അറിവ്, വേദങ്ങളുടെ രഹസ്യം, പരമമായ ജ്ഞാനം എന്നെല്ലാം ഉപനിഷത്ത് എന്ന പദത്തിനു അർത്ഥം ഉണ്ടു്. ഏതു മാർഗത്തെ അവലംബിച്ചാൽ അജ്ഞാനം ഇല്ലാതാകുകയും പരമമായ ആത്മതേജസ്‌ ജ്വലിക്കുകയും ചെയ്യുമോ ആ മാർഗത്തിലുടെ സത്യാന്വേഷിയെ മുന്നോട്ടു നയിക്കുന്ന ഗ്രന്ഥങ്ങളാണ്‌ ഉപനിഷത്തുക്കൾ.ബ്രഹ്മത്തെ പ്രാപിക്കുവാനുള്ള രഹസ്യ ജ്ഞാനമാണത്. ബ്രഹ്മവിദ്യ എന്നു ആദി ശങ്കരാചാര്യർ തൻറെ ഭാഷ്യങ്ങളിൽ ഉപനിഷത്തുക്കളെ വിശേഷിപ്പിക്കുന്നു. ആധുനിക ശാസ്ത്രം ഇന്ദ്രിയാധീനവും സോപാധികവും ആയ അറിവിലേക്കു മനുഷ്യനെ നയിക്കുന്നു. എന്നാൽ ഇന്ദ്രിയാതീതവും ഉപാധിരഹിതവും ആയ ജ്ഞാനമാണ് ഉപനിഷത്തുക്കളിലുടെ ലഭ്യമാകുന്നത്. “ കസ്മിന്നു ഭാഗവോ വിജ്ഞാതെ സർവമിതം വിജ്ഞതം ഭവന്തു” ഏതൊന്നറിഞ്ഞാൽ എല്ലാം അറിഞ്ഞതായി ഭവിക്കുമോ ആ അറിവ്- അതാണ്‌ ഉപനിഷത്തുക്കളുടെ ചർച്ചാ വിഷയം. വേദങ്ങളുടെ അവസാന ഭാഗമാണ് ഉപനിഷത്തുക്കൾ എന്നു പറഞ്ഞുവല്ലോ? ഋഗ്വേദത്തിനു 21- ഉം യജുർവേദത്തിനു 109-ഉം സാമവേദത്തിനു 1000-ഉം അഥർവ വേദത്തിനു 50-ഉം അടക്കം 1180 ഉപനിഷത്തുക്കൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു .200-ൽപരം ഉപനിഷത്തുക്കൾ കണ്ടത്തിയിട്ടുണ്ട്‌ അവയിൽ 108 എണ്ണം മൗലികവും ബ്രാഹ്മണാനുബന്ധവും സംഹിതകളിൽ കാണപ്പെടുന്നതും ആണെന്നാണു പണ്ഡിതമതം. ഇവയിൽ പത്തെണ്ണം ഋഗ്വേദീയവും അൻപത്തിയൊന്നെണ്ണം യജുർവേദീയവും പതിനാറെണ്ണം സാമവേദീയവും ആണു. ശേഷിച്ച മുപ്പത്തിയൊന്നെണ്ണം അഥർവ വേദത്തിൻറെ ഭാഗമാണ്. മുഗൾ ചക്രവർത്തി ആയിരുന്ന ഷാജഹാൻറെ മൂത്ത മകൻ ദാരാ ഷിക്കൊവാണു ഉപനിഷത്തുക്കളെ ലോകത്തിനു പരിചയപ്പെടുത്തുവാൻ കാരണക്കാരനായി ഭവിച്ചത്. ഉപനിഷത്തുക്കളുടെ ഉൾക്കരുത്തു തിരിച്ചറിഞ്ഞ അദ്ദേഹം പണ്ഡിതന്മാരെ വിളിച്ചു ചേർത്തു സംസ്കൃത ഭാഷയിൽ ഉള്ള 50 ഉപനിഷത്തുക്കളെ A.D.1657-ൽ പേർഷ്യൻ ഭാഷയിലേക്കു തർജ്ജമ ചെയ്യിച്ചു. സിർ - ഇ - അക്ബർ എന്നാണു തർജ്ജമയുടെ പേർ. ."മഹാരഹസ്യം" എന്നാണു ഇതിനർത്ഥം. തുടർന്നു ദാരാ ഷിക്കൊവിനെ തടവിലാക്കുകയും വധിക്കുകയും ചെയ്തുകൊണ്ട് ഔറംഗ സീബ് മുഗൾ ചക്രവർത്തി ആയതു ചരിത്രം. "മഹാരഹസ്യം" എന്ന ഉപനിഷത്ത് തർജ്ജമ - ലത്തീൻ ഭാഷയിലേക്കും തുടർന്നു ലോകത്തിലെ വിവിധ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. ദാരാ രാജകുമാരൻറെ നിർദേശം അനുസരിച്ചു വിവർത്തനം ചെയ്യപ്പെട്ട ഉപനിഷത്തുകളുടെ കൈയെഴുത്തു പ്രതി ആങ്ക്വിട്ടിൻ ദുവേരോണ്‍ എന്ന ഫ്രഞ്ചു പണ്ഡിതൻ ലത്തീൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചു. റോവർ എന്ന പണ്ഡിതൻ 1853 -ൽ 9 ഉപനിഷത്തുകളുടെ ജർമ്മൻ പരിപാഷ ബിബ്ലിയോത്തിക്ക ഇൻഡിക്ക എന്ന ഗ്രന്ധാവലിയിലുടെ പ്രസിദ്ധീകരിച്ചു. ക്രിസ്തു മതപ്രചാരണത്തിനു ഭാരതത്തിലെത്തിയ മാക്സ് മുള്ളർ ആദ്യകാലങ്ങളിൽ പാശ്ചാത്യരുടെ പൊതു സ്വഭാവമായ അധീശാഹങ്കാരങ്ങൾ പ്രകടമാക്കിയെങ്കിലും ഉപനിഷത്തുകളുടെ അവധാനതയോടെയുള്ള പഠനം അദ്ദേഹത്തിൻറെ ജീവിതത്തെ മാറ്റിമറിച്ചു. തുടർന്നു മാക്സ്മുള്ളർ 12 ഉപനിഷത്തുകൾ 1879 , 1884 എന്നീ വർഷങ്ങളിലായി ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിച്ചു. 1897 ൽ പോൾ ഡോയ്സൻ 50 ഉപനിഷത്തുകളുടെ ജർമ്മൻ പരിപാഷ പ്രസിദ്ധീകരിച്ചു.1921-ൽ റോബർട്ട്‌ ഏർണസ്റ്റ് ഹ്യും 13 ഉപനിഷത്തുകൾ വളരെ ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ വ്യാഖ്യാനിച്ചു പ്രസിദ്ധീകർച്ചു. ജപ്പാനിലെ 27 പണ്ഡിതന്മാർ ചേർന്നു 116 ഉപനിഷത്തുകൾ 1922-24 കാലഘട്ടത്തിൽ ജാപ്പനീസ് ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ഭാരതത്തിൻറെ ഈ അമൂല്യ വൈജ്ഞാനിക സമ്പത്തിനെ സംബന്ധിച്ചു ലോകം അറിഞ്ഞു തുടങ്ങിയിട്ടു മൂന്നര ശതാബ്ദവും ഈ അമൂല്യ ജ്ഞാന ശേഖരം പുറം ലോകത്തിനു വ്യാപകമായി ലഭ്യമായിത്തുടങ്ങിയിട്ടു ഒരു നൂറ്റാണ്ടും മാത്രമേ ആയിട്ടുള്ളൂ. ആധുനിക ശാസ്ത്രം അതിൻറെ പരിമിതികൾ തിരിച്ചറിഞ്ഞ ഇരുപതാം നൂറ്റാണ്ടിൻറെ അന്ത്യ ഘട്ടത്തിൽ ഭാരതം ജ്വലിപ്പിക്കുന്ന സനാതന ധർമ്മത്തിൻറെ പ്രകാശം പാശ്ചാത്യർ വലിയ തോതിൽ തിരിച്ചറിയാൻ തുടങ്ങി. ഭാരതം ലോക ഗുരുവായി ഉയർത്തപ്പെടുന്ന അഭിമാനകരമായ ഒരു കാലഘട്ടത്തിലുടെയാണ് നാം കടന്നു പോകുന്നതു. സർവജ്ഞാനായിരുന്ന ശ്രീ. ശങ്കരാചാര്യ സ്വാമികൾ പത്തു് ഉപനിഷത്തുകൽക്കു ഭാഷ്യം രചിച്ചിട്ടുണ്ട്‌.ധിഷണാ ശാലിയായ അദ്ദേഹം ഭാഷ്യ രചനക്കു തെരഞ്ഞെടുത്തവ ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തുകളായി കണക്കാക്കപ്പെടുന്നു . അവയെ പൊതുവായി ദാശോപനിഷത്തുകൾ എന്നു പറയുന്നു. ഈശം കഠം കേനം പ്രശ്നം മുണ്ഡകം മാണ്ടൂക്യം ഐതരേയം തൈത്തരീയം ചാന്ദൊക്യം ബ്രിഹദാരന്യകം എന്നിവയാണു ദാശോപനിഷത്തുകൾ. നാം കേട്ടു പരിചയിച്ചിട്ടുള്ള പല മഹത് വചനങ്ങളും ഉപനിഷത്തുകളിൽ നിന്നും എടുത്തിട്ടുള്ളവയാണ്. ഭാരതത്തിൻറെ ദേശീയ ചിഹ്നമായ അശോകസ്തംഭത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന “സത്യമേവ ജയതേ” എന്ന ആപ്തവാക്യം മുണ്ടകോപനിഷത്തിലുള്ള ഒരു മന്ത്രത്തിന്റെ ഭാഗമാണ്. “അഹം ബ്രഹ്മാസ്മി” എന്ന മഹാവാക്യം ബ്രിഹദാരന്യക ഉപനിഷത്തിലും “തത്ത്വമസി” ചാന്ദൊക്യ ഉപനിഷത്തിലും “അയമാത്മാ ബ്രഹ്മ” എന്നതു മാണ്ടുക്യ ഉപനിഷത്തിലും “പ്രജ്ഞാനം ബ്രഹ്മ” എന്നതു ഐതരേയ ഉപനിഷത്തിലും കാണപ്പെടുന്ന സുപ്രിസിദ്ധങ്ങളായ മന്ത്ര ഭാഗങ്ങളാണ്. സത്യം വദ! ധർമ്മം ചര! മാതൃദേവോ ഭവ! പിതൃദേവോ ഭവ! ആചാര്യദേവോ ഭവ! അതിഥിദേവോ ഭവ! അസതോമ സദ്ഗമയ തമസോമ ജ്യോതിർഗമയ; മൃത്യോർമ അമൃതംഗമയ; നേതി നേതി ; ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത! സർവ്വം ഖല്വിദം ബ്രഹ്മ; യതോ വചോ നിവർത്തന്തേ അപ്രാപ്യ മനസാ സഹ; അണോരണീയാൻ മഹതോ മഹീയാൻ; ഏകം സത് വിപ്രാ ബഹുധാ വദന്തി ; ഈശാവാസ്യം ഇദം സർവം; ധ്യേന ധ്യക്തേന ഭുൻജിതാ തുടങ്ങി അനേകം ഉത്കൃഷ്ട ആശയങ്ങളുടെയും സന്ദേശങ്ങളുടെയും അക്ഷയ ഖനിയാണ് ഉപനിഷത്തുകൾ. മത പ്രചാരണം ലക്ഷ്യമാക്കി “അള്ളോപനിഷത്തു” “ക്രിസ്തീയോപനിഷത്തു” തുടങ്ങി ഋഷി പ്രോക്തം അല്ലാത്ത, വ്യാജ ഉപനിഷത്തുകളും മുഗൾ ഭരണകാലത്തും ബ്രിട്ടീഷ്‌ ഭരണകാലത്തും ഭാരതത്തിൽ പ്രസിദ്ധീകരിച്ചു. അവയൊന്നും ഭാരതീയ ഋഷിമാരുമായോ വേദങ്ങളുമായോ ഒരു ബന്ധവും ഇല്ലാത്തവയാണെന്നു തെളിയിക്കപ്പെടുകയും പണ്ഡിതലോകം അവയെ തിരസ്കരിക്കുകയും ചെയ്തു ശങ്കര ഭാഷ്യത്തെ അധികരിച്ചുള്ള ഉപനിഷദ് വ്യാഖ്യാനങ്ങൾ ഇന്നു മലയാളത്തിൽ ലഭ്യമാണ്. ഭാരതീയ പൈതൃകത്തിലെ ഈ അമൂല്യരത്നങ്ങൾ വേണ്ടവിധം ഉപയോഗിച്ചു വിദ്യാഭ്യാസകാലവും തുടർന്നുള്ള ജീവിതവും ധന്യമാക്കുവാൻ സാക്ഷര കേരളത്തിലെ എല്ലാ വ്യക്തികൾക്കും സാധ്യമാകട്ടെ എന്നാശംസിക്കുന്നു.

കടപ്പാട്‌ : പി ജി ദാമോദരൻ നായർ

No comments:

Post a Comment