Saturday, February 25, 2017

കാട്ടാളനില്‍ നിന്നും മാമുനിപദത്തിലേക്ക്

രത്‌നാകരന്‍ വാല്മീകിയായിത്തീര്‍ന്ന കഥ പണ്ടെങ്ങോ സംഭവിച്ച ഒരു വ്യക്തിചരിത്രം മാത്രമല്ല. എന്നും എവിടെയും ആരിലും നടക്കാവുന്ന സംഭവമാണ്. അതാണ് ഇക്കഥയെ ആദരണീയവും പ്രതിപാദനയോഗ്യവുമാക്കിമാറ്റുന്നത്. വാല്മീകിമഹര്‍ഷി രാമകഥ ആഖ്യാനം ചെയ്തിരിക്കുന്നതും അതുകൊണ്ടാണെന്നറിഞ്ഞുകൊള്‍ക. വെറുതേ ഏതെങ്കിലും വ്യക്തികളുടെ ജീവചരിത്രം എഴുതിവയ്ക്കുന്നതിലോ സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും ചരിത്രം എഴുതിവയ്ക്കുന്നതിലോ പ്രാചീനഭാരതത്തിലെ ഋഷിമാര്‍ക്കു താല്പര്യമുണ്ടായിരുന്നില്ല. പകരം ആര്‍ക്കും മാതൃകയായി സ്വീകരിക്കാവുന്ന ആരിലും എവിടെയും ഏതുകാലത്തും സംഭവിക്കാവുന്ന ലോകകല്യാണപ്രദമായ ഉത്തമ ചരിതങ്ങള്‍മാത്രം തെരഞ്ഞെടുത്തു പറഞ്ഞുകേള്‍പ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അവ ലോകത്തിനു വ്യക്തമായ ദിശകാണിക്കും. അങ്ങനെ രൂപം കൊണ്ടവയാണു ഇതിഹാസപുരാണങ്ങള്‍. അതുകൊണ്ട് അവ പ്രപഞ്ചത്തിന്റെ ശാശ്വതസത്യങ്ങളുടെ അഥവാ വേദാര്‍ത്ഥങ്ങളുടെ വിശദീകരണങ്ങളുമായിത്തീര്‍ന്നു. ഇതിഹാസപുരാണങ്ങളുണ്ടായിരിക്കുന്നത് വേദതത്ത്വങ്ങളുടെ പ്രകാശനത്തിനുവേണ്ടിയാണല്ലോ. അദ്ധ്യാത്മരാമായണകാരന്‍ വാല്മീകിയുടെ കഥ പറഞ്ഞുവച്ചതിനു ഹേതുവും വേറൊന്നല്ല. ഹൃദയവിമലീകരണത്തിന്റെ തത്ത്വശാസ്ത്രവും പ്രായോഗികതയും ഇതില്‍കാണാം. തന്റെ പഴയപേര് രത്‌നാകരന്‍ എന്നായിരുന്നു എന്നു വാല്മീകി പറഞ്ഞിട്ടില്ല. വ്യാസഭഗവാനാണ് അക്കാര്യം പറഞ്ഞുതന്നത്. അതിന്റെ സാംഗത്യമന്വേഷിച്ചുപോയാല്‍ നാം എത്തിച്ചേരുന്നത് വേദാന്തവിദ്യയിലായിരിക്കും. സൂക്ഷ്മാമായാലോചിച്ചാല്‍ ഭൗതിക സുഖാന്വേഷികളായ ജീവജാലങ്ങളെല്ലാം രത്‌നാകരന്മാരാകുന്നു. നാമെല്ലാം രത്‌നാകരന്മാരാകുന്നു. രത്‌നാകരത്വത്തിന്റെ പല പല തട്ടുകളില്‍ നില്ക്കുന്നു എന്നേ ഭേദം കാണൂ. ആകരശബ്ദത്തിനു ഖനി എന്നാണര്‍ത്ഥം. രത്‌നാകരനെന്നാല്‍ രത്‌നത്തിനു ഖനിയായിട്ടുള്ളവന്‍ എന്നു സാരം. എന്താണു രത്‌നം? വിലപ്പെട്ടകല്ല്. അത്യന്തസൗന്ദര്യവും പ്രകാശവും ആകര്‍ഷണീയതയുമെല്ലാമുള്ള കല്ല്. അതുലഭിക്കുന്നതു ഖനിയില്‍ നിന്നാണെന്നു നമുക്കു നന്നായറിയാം. ഈ പ്രപഞ്ചത്തിലുള്ള ഏറ്റവും വിലപ്പെട്ട രത്‌നമേതാണ്? അതുലഭിക്കുന്ന ഖനിയേതാണ്? എണ്ണമില്ലാത്ത രത്‌നഖനികളും വിലപിടിപ്പുള്ള പദാര്‍ത്ഥങ്ങളുമടങ്ങിയ ഈ ലോകം മുഴുവന്‍ ഏതു രത്‌നത്തില്‍ നിന്നാണോ ഉണ്ടാകുന്നത് അതാണു ഏറ്റവും വിലയേറിയ രത്‌നം. അതാണു പരബ്രഹ്മം. അതിലും വിലപിടിപ്പുള്ള രത്‌നം വേറെയില്ല. അതിന്റെ കുഞ്ഞ്കുഞ്ഞ് അംശങ്ങള്‍ മാത്രമാണല്ലോ ഇക്കാണായ രത്‌നാദി അമൂല്യവസ്തുക്കളെല്ലാം. ഇതിഹാസപുരാണങ്ങള്‍ നീല രത്‌നമായി അതിനെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കാറുണ്ട്. ശ്രീരാമനെന്നും ശ്രീകൃഷ്ണനെന്നുമെല്ലാം വിവിധ നാമങ്ങള്‍ പ്രസ്തുതരത്‌നത്തിനു നല്‍കാറുമുണ്ട്. അനന്തത എക്കാലവും നമ്മുടെ കണ്ണുകള്‍ക്കു നീലാഭമായേ അനുഭവപ്പെടൂ. അതാണു പരബ്രഹ്മമെന്ന വിലപ്പെട്ട രത്‌നത്തെ നീലരത്‌നമായി പരിചയപ്പെടുത്തിയത്. പരമാത്മാവിലാണ് ഈ ലോകമുണ്ടായി നിലനില്ക്കുന്നത്. നാം ഓരോരുത്തരും ഉണ്ടായി നിലനില്ക്കുന്നതും പരബ്രഹ്മസ്വരൂപമായ ഈ രത്‌നത്തിലാകുന്നു. നമ്മുടെ ഉള്ളിന്റെ ഉള്ളിലിരിക്കുന്ന അനാദ്യനന്തവും അനശ്വരവുമായ രത്‌നമാണ് ബ്രഹ്മം. അതിനാല്‍ നാം പ്രസ്തുത രത്‌നത്തിന്റെ ആകരം അഥവാ ഖനിയുമായിരിക്കുന്നു. ജീവജാലങ്ങളെല്ലാം രത്‌നാകരന്മാരാണെന്നു പറഞ്ഞുവച്ചത് അതുകൊണ്ടാകുന്നു. പരമാനന്ദത്തിന്റെയും പരമൈശ്വര്യത്തിന്റെയും വിജയസമൃദ്ധികളുടെയും അക്ഷയരത്‌നം ഉള്ളിലിരിക്കവേ അതുമറന്നുകളഞ്ഞിട്ട് കൊച്ചുകൊച്ചു സുഖങ്ങള്‍ക്കായി ബാഹ്യജഗത്തില്‍ അന്വേഷിച്ച് അലഞ്ഞുതിരിയുന്നവരാണ് മനുഷ്യരിലധികവും. നീ അന്വേഷിച്ചുനടക്കുന്ന ആനന്ദം നീതന്നെയാണ് തത് ത്വം അസി – എന്ന് ഉപനിഷത്തുക്കള്‍ വിളിച്ചുപറഞ്ഞിട്ടും അവരവരുടെ ഉള്ളിലേക്കുകടന്നുനോക്കാന്‍ വേദങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടും നമ്മുടെ സുഖാന്വേഷണം വെളിയിലേക്കാണു സാധാരണ നടന്നുകൊണ്ടിരിക്കുന്നത്. അധികമാളുകളും നീതിയുക്തമായ മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കും വെളിയില്‍ സുഖാന്വേഷണം നടത്തുക. എന്നാല്‍ പലരും അധാര്‍മ്മികപ്രവൃത്തികളിലൂടെ ധനസമ്പത്തുകള്‍ നേടാന്‍ ശ്രമിക്കുന്നതോടെ ജീവരാശിക്കു വിപത്തുകള്‍ സംഭവിക്കുന്നു. ഏതാനുംപേരുടെ മദമാത്സര്യാദികള്‍ മതി ലോകത്തെ കലുഷിതമാക്കുവാന്‍. ഈ അവസ്ഥയാണു കാട്ടാളനായി നടക്കുന്ന രത്‌നാകരന്‍. ബ്രഹ്മത്തില്‍ ജനിച്ച് ബ്രഹ്മസ്വരൂപമായി നിലനില്ക്കുന്നവനാണെങ്കിലും അജ്ഞാനംമൂലം സത്യസ്ഥിതിമറന്ന് ജഡശരീരം മാത്രമാണുതാനെന്നു തെറ്റിദ്ധരിച്ച് ജഡമയമായ നേട്ടങ്ങള്‍ക്കായി ജീവിതം വ്യര്‍ത്ഥമാക്കുന്നവനാണുഅയാള്‍. ഏതുകൂരിരുട്ടിലും പ്രകാശത്തിന്റെ കിരണം കടന്നുവരും. പണ്ടെങ്ങോ ചെയ്തിട്ടുള്ള ഏതോ സത്കര്‍മ്മം ഫലരൂപമായിത്തീരുന്നതാണത്. അതാണ് സപ്തര്‍ഷിസമാഗമവും രത്‌നാകരനുണ്ടായ വിവേകോദയവും. വലിയമാറ്റങ്ങള്‍ക്കുകാരണമാകുന്ന ഇത്തരം നാടകീയ മുഹൂര്‍ത്തങ്ങള്‍ ആരുടെ ജീവിതത്തിലും സംഭവിക്കാമെന്നതേയുള്ളൂ. അതു ചിന്താപരമായ വലിയ പരിവര്‍ത്തനങ്ങള്‍ക്കു നാന്ദികുറിക്കുന്നു. അതു അതുവരെയുള്ള ജീവിതത്തെ ആകെമാറ്റിമറിക്കുന്ന പ്രവര്‍ത്തി പദ്ധതികള്‍ക്കുകാരണമായിത്തീരുന്നു. അതാണല്ലോ രത്‌നാകരന്റെ ജീവിതത്തില്‍ സംഭവിച്ചത്. ഇതിഹാസപുരാണങ്ങളിലും ഐതിഹ്യങ്ങളിലും ചരിത്രത്തിലുമെല്ലാം അത്തരം സംഭവങ്ങള്‍ ധാരാളമായികാണാം. ചുറ്റുപാടും കണ്ണോടിച്ചാലും ഇത്തരം ആന്തരിക പരിവര്‍ത്തനങ്ങളുടെ ദൃഷ്ടാന്തങ്ങള്‍ ഇഷ്ടംപോലെ തിരിച്ചറിയാം. മഹാകവികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഇത്തരം സംഭവങ്ങള്‍. ആശാന്റെ കരുണയും വള്ളത്തോളിന്റെ നാഗിലയും ഉള്ളൂരിന്റെ പിംഗളയും കുഞ്ഞിരാമന്‍നായരുടെ കളിയച്ഛനും സുഗതകുമാരിയുടെ ഗജേന്ദ്രമോക്ഷവുമെല്ലാം അത്തരം മാനസിക പരിണതികളുടെ കാവ്യാവിഷ്‌കരണങ്ങളാണ്. തെറ്റുതിരിച്ചറിഞ്ഞു. അതിന്റെ മാര്‍ഗ്ഗം അപ്പാടെ ഉപേക്ഷിച്ചു. ശരിയിലേക്കുതിരിഞ്ഞു. പക്ഷേ അതുകൊണ്ടുമാത്രം എല്ലാമാകുന്നില്ല. അതു നല്ല തുടക്കമേ ആകുന്നുള്ളൂ. പരമസത്യത്തിലെത്തിച്ചേരാന്‍ തന്റെ പരമാത്മാസ്വരൂപം അനുഭവിച്ചറിയാന്‍ ബഹുദൂരം താണ്ടേണ്ടതുണ്ട്. ജന്മജന്മാന്തരങ്ങളായി ഹൃദയത്തില്‍ അടിഞ്ഞുകൂടികിടക്കുന്ന ദുഷ്‌കര്‍മ്മവാസനകളെല്ലാം നീങ്ങേണ്ടതുണ്ട്. അജ്ഞാനത്തിന്റെ മേഘമാലകളെ ആട്ടി അകറ്റേണ്ടതുണ്ട്. അതിനുവേണ്ടിയാണു ഗുരുക്കന്മാര്‍ നല്കിയ രാമമന്ത്രോപദേശം. ഋഷിമാര്‍ രാമരാമ എന്നുപദേശിച്ചാലും അങ്ങനെതന്നെ മന്ത്രം കാതില്‍ പതിഞ്ഞാലും കേള്‍ക്കുന്ന രത്‌നാകരന്റെ മനസ്സിലെ അജ്ഞാനമയമായ വാസനകള്‍ ഒഴിഞ്ഞുപോയിട്ടില്ലാത്തതുകൊണ്ട് തല്‍ക്കാലം മരാമരാ എന്നേകേള്‍ക്കപ്പെടൂ. ഗുരുപദേശം പൂര്‍ണ്ണമായുള്‍ക്കൊള്ളാന്‍ ആ അവസ്ഥയില്‍ ശേഷി ഉണ്ടായിക്കൊള്ളണമെന്നില്ലെന്നുസാരം. പക്ഷേ അതുകൊണ്ടു നിരാശപ്പെടേണ്ട. ആവുംവിധം സാധനകള്‍ ആരംഭിച്ചുകൊള്‍ക. തടസ്സങ്ങള്‍ ഇടയ്ക്ക് ഉണ്ടായെന്നുവരാം. ഗുരുകടാക്ഷം കൊണ്ട് അതെല്ലാം ക്രമേണ നീങ്ങിപ്പോകും. അതിനാലാണു ശ്രദ്ധയോടെ നിത്യവും ജപിക്കാന്‍ ഋഷിമാര്‍ ഉപദേശിച്ചത്. അദ്ധ്യാത്മമാര്‍ഗ്ഗത്തില്‍ സാധകന്‍ ഒരിക്കലും വീണുപോകാതെ താങ്ങും തണലുമായി എപ്പോഴും കൂടെ നില്‍ക്കുന്ന ചൈതന്യമാണ് ഗുരു. എപ്പോഴും സ്ഥൂലശരീരസഹിതനായി ഗുരുകൂടെയുണ്ടായിക്കൊള്ളണമെന്നില്ല. സൂക്ഷ്മശരീരിയായിട്ടായിരിക്കും അധികസമയവും അവര്‍കൂടെ നില്ക്കുക. സാധനമുന്നേറുമ്പോള്‍ ഉള്ളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന കര്‍മ്മ വാസനകള്‍ ദുര്‍ബലപ്പെടും. അതോടെ മന്ത്രസ്വരൂപം പൂര്‍ണ്ണമായി തെളിഞ്ഞുപ്രകാശിക്കും. അതിനെയാണു രത്‌നാകരന്റെ ജപം രാമരാമ എന്നായിത്തീര്‍ന്നെന്നുപറഞ്ഞത്. അതോടെ ആദ്ധ്യാത്മിക വികാസത്തിനുവേഗതയേറും. ഞാന്‍ ശരീരമാണു മനസ്സാണു ബുദ്ധിയാണ് എന്നിങ്ങനെ അതേവരെയുണ്ടായിരുന്ന തെറ്റായ ജഡസങ്കല്പങ്ങളകലും. അതാണു പുറ്റുകൊണ്ടു ശരീരംമൂടിപ്പോയെന്നു പറഞ്ഞതിന്റെ അര്‍ത്ഥം. പുറ്റ് രത്‌നാകരനല്ലല്ലോ. അതേവിധം ശരീരാദികളും ഞാനല്ലെന്നു അയാള്‍ക്കു ഉറപ്പുവന്നുകഴിഞ്ഞിരിക്കുന്നു. ശരീരാദികളെ അദ്ദേഹം മറന്നുകഴിഞ്ഞിരിക്കുന്നു. അതോടെ ബ്രഹ്മാനുഭവമുദിക്കും. ഞാന്‍ ബ്രഹ്മംതന്നെയാണ് നേരത്തേപറഞ്ഞ ആനന്ദഘനമായ രത്‌നംതന്നെയാണെന്ന പ്രത്യക്ഷാനുഭവമുണ്ടാകും. അതോടെ അജ്ഞാനത്തിന്റെ ചിതല്‍പുറ്റുഭേദിച്ചു പുറത്തുവരാന്‍ ഗുരുവിന്റെ ആഹ്വാനം കേള്‍ക്കപ്പെടും. പരിധിയില്ലാത്ത ബ്രഹ്മാസ്വാദലബ്ദ്ധിയാണത്. അതാണു മാമുനിപദം.

കടപ്പാട്: പാഞ്ചജന്യം, ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍

No comments:

Post a Comment