Monday, June 12, 2017

രാമനാമം

സന്ധ്യക്ക് നാമം ജപിക്കണം. 
ഏതെങ്കിലും നാമം ജപിച്ചാൽ പോരാ. സന്ധ്യാനാമജപത്തിൽ രാമനാമജപം ഒരിക്കലും ഒഴിവാക്കരുത്. 
ബാല്യകാലത്ത് അമ്മൂമ്മ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിലുണ്ട്. 
എന്തായിരിക്കാം രാമനാമജപത്തിന് ഇത്രമാത്രം പ്രാധാന്യം അമ്മൂമ്മ കൽപ്പിക്കാൻ കാരണം?

അന്ന് അതെ കുറിച്ചൊന്നും വലിയ ഗ്രാഹ്യമില്ലായിരുന്നു.അത് കൊണ്ടു തന്നെ അതേ കുറിച്ച് വലിയ ആലോചനയും അന്നില്ലായിരുന്നു. എങ്കിലും അനുസരണയോടെ അതെല്ലാം പാലിച്ചു ".ഹരേ രാമ- ഹരേ രാമ -രാമ രാമ - ഹരേ ഹരേ "എന്ന പല്ലവി അന്നു മുതൽ ദൃഡമായി ഉറച്ച പ്രാർത്ഥനയായി മനസ്സിൽ മായാതെ ഇന്നും വിളങ്ങുന്നു. ഏത് സന്നിദ്ധ ഘട്ടത്തിലും അറിയാതെ വിളിച്ചു പോകുന്ന രക്ഷാ മന്ത്രമായി അത് പരിലസിച്ചു.
ചെറുപ്രായത്തിൽ ബാല മനസ്സുകളിൽ അമ്മൂമ്മമാർ വർഷിക്കുന്ന ഉപദേശങ്ങളും, കഥകളും കീർത്തനങ്ങളും ഇങ്ങിനെ സമുഹത്തെ നേർവഴിക്ക് നയിക്കുന്ന സങ്കീർത്തനങ്ങളായി പരിണമിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വളർന്നു വലുതായപ്പോഴാണ് ബോധ്യമാകുന്നത്. അതെ 'രാമനാമം ജപിക്കുന്നതിന്റെ അർത്ഥം ഒരർത്ഥത്തിൽ ഇപ്പോഴാണ് ശരിക്കും ബോദ്ധ്യമാകുന്നത്..

"രാമ " എന്നാൽ "രാത്രി മായണം" "ഇരുട്ടകറ്റണം" "അജ്ഞാനമകലണം" എന്ന തിലുപരി നമ്മുടെ ആന്തരിക ചേതന ഉണർത്താൻ പോന്നതാണെന്ന് കൂടി ഇന്നറിയുന്നു
."രാ " എന്നക്ഷരം പരമാത്മസ്വരൂപത്തെയും മ' എന്നക്ഷരം സ്വയമാത്മസ്വരൂപത്തേയും സൂചിപ്പിക്കുന്നുവെന്നും അത് ഉപബോധമനസ്സിനെയും സ്വമനസ്സിനെയും സൂചിപ്പിക്കുന്നുവെന്നും ഇങ്ങനെ രണ്ടായ അവസ്ഥകളെ യോജിപ്പിച്ച് ഒന്നാവലാണ് രാമനാമ ജപത്തിന്റെ ഫലമെന്നും അറിയുന്നു.വായ കൊണ്ട് ജപിച്ചാൽ പോരാ മനസ്സുകൊണ്ടും .ജപിക്കണമെന്നും 'മാനസിക ജപത്താൽ മനസ്സിലെ ദുഷ്ചിന്തകൾ അകലുമെന്നും അത്തരം ചിന്തകൾ ഇല്ലാതാവലാണ് അഹന്ത ഇല്ലാതാക്കി യഥാർത്ഥ ജ്ഞാനമാർഗ്ഗമാകുന്നതെന്നും അറിയുന്നു.


ദുഷ്ചിന്തകളെ സ്വയം ഇല്ലാതാക്കൽ തന്നെയാണല്ലോ ഒരർത്ഥത്തിൽ യഥാർത്ഥ ജ്ഞാന മാർഗ്ഗമാവുന്നത്.അതെ "ആ മരം ഈ മരം " എന്ന് പറഞ്ഞ് - പറഞ്ഞ് - രാമനാമത്തിലെത്തി ജ്ഞാന മാർഗ്ഗമവലംബിച്ച കാട്ടാളനായ രത്നാകരനെ വാത്മീകി എന്ന 'ജ്ഞാനിയിലേക്ക് വളർത്തിയ അനശ്വര മന്ത്രമാണ് രാമനാമ ജപം.


അമ്മുമ്മമാരുടെ അനുഗ്രഹാശിസ്സുകൾ ഓരോന്നും നമ്മെ ആ ജ്ഞാനത്തിലേക്ക് എത്തിക്കാനുള്ള മാർഗ്ഗദീപം' കൊളുത്തിയതാണെന്നും ഇന്നറിയുന്നു.
അതെ ആ അനുഗ്രഹങ്ങളാണ് എന്നും എപ്പോഴും നമുക്ക് ഇരുട്ടകറ്റാനുള്ളപ്രകാശമായി മാറുന്നത് ജപിക്കാം -എന്നും ജപിക്കാം മരണം വരെ ജപിക്കാം
. " ഹരേ രാമ- ഹരേ രാമ -രാമ രാമ ഹരേ ഹരേ,

🙏🏽




No comments:

Post a Comment